ഹോള്‍മാര്‍ക്കിംഗ് കാലാവധി ഇനിയും നീട്ടാന്‍ പറ്റില്ലെന്ന് ബി.ഐ.എസ്
ഹോള്‍മാര്‍ക്കിംഗ് ഐ.ഡിയിലൂടെ ആഭരണത്തിന്റെ പരിശുദ്ധി, ഹോള്‍മാര്‍ക്കിംഗ് തീയതി തുടങ്ങിയവയ്‌ക്കൊപ്പം ഇനി തൂക്കവും അറിയാം
സ്വര്‍ണാഭരണങ്ങള്‍ക്ക് ആറക്ക ആല്‍ഫാ ന്യൂമറിക് ഹോള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി) ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സാവകാശം അനുവദിക്കില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) വ്യക്തമാക്കി. പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റുതീര്‍ക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് 2021 ജൂണ്‍ മുതല്‍ രണ്ടുവര്‍ഷത്തോളം സമയം നല്‍കിയതാണെന്ന് ബി.ഐ.എസ് ഡയറക്ടര്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ആറക്ക എച്ച്.യു.ഐ.ഡി പതിച്ച ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്.
ഇനി കോടതി തീരുമാനിക്കും
ആറക്ക എച്ച്.യു.ഐ.ഡി നടപ്പാക്കാന്‍ കൂടുതല്‍ സാവകാശം തേടി കേരളത്തിലെ ഒരുവിഭാഗം സ്വര്‍ണ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. കേന്ദ്രത്തിന്റെ വാദം കൂടി കേട്ടശേഷം കോടതി അന്തിമ തീരുമാനമെടുക്കും.
തൂക്കവും അറിയാം
ബി.ഐ.എസ് കെയര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ എച്ച്.യു.ഐ.ഡി നമ്പര്‍ സമര്‍പ്പിച്ചാല്‍ ആഭരണയിനം, പരിശുദ്ധിനിരക്ക്, ജുവലറിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, ഹോള്‍മാര്‍ക്കിംഗ് സെന്ററിന്റെ പേര്, ബി.ഐ.എസ് ലോഗോ, ഹോള്‍മാര്‍ക്ക് ചെയ്ത തീയതി തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം. ഇതോടൊപ്പം ആഭരണത്തിന്റെ തൂക്കം വ്യക്തമാകാത്തത് വ്യാപക പരാതികള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.
എന്നാല്‍, വൈകാതെ തൂക്കവും ഇതോടൊപ്പം ലഭ്യമാക്കുമെന്ന് ബി.ഐ.എസ് സൂചിപ്പിച്ചിട്ടുണ്ട്. വ്യാജ ഹോള്‍മാര്‍ക്കിംഗ് തടയാന്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്ന ലേസര്‍ യന്ത്രങ്ങള്‍ ബി.ഐ.എസ് മെഷീനുകളുമായും ബന്ധിപ്പിക്കും.