ഈ ഓണത്തിന് നിക്ഷേപിക്കാന്‍ 5 ഓഹരികള്‍

ഈ ഓണക്കാലത്ത് നിക്ഷേപിക്കാന്‍ ഇക്വിറ്റി ഇന്റലിജന്റ്‌സ് സാരഥിയും രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററുമായ പൊറിഞ്ചു വെളിയത്ത് ധനം വായനക്കാര്‍ക്ക് മാത്രമായി നിര്‍ദേശിക്കുന്ന അഞ്ച് ഓഹരികള്‍

Update:2022-09-08 10:00 IST

Image : File

മറ്റൊരു ഓണക്കാലം കൂടി. പ്രളയം, കോവിഡ് തുടങ്ങി ഏതാനും വര്‍ഷങ്ങളായുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം ആദ്യത്തെ 'സാധാരണ' ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാമേവരും. ഒരു വര്‍ഷമായി ഓഹരി വിപണി വളരെ പതിഞ്ഞ പ്രകടനമായിരുന്നു. കഴിഞ്ഞ 16 മാസത്തിനിടെ (ജൂലൈ വരെ) വിദേശ നിക്ഷേപകര്‍ റെക്കോര്‍ഡ് തുകയായ 56 ബില്യണ്‍ യുഎസ് ഡോളറാണ് (4.35 ലക്ഷം കോടി രൂപ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിറ്റ് പിന്‍വലിച്ചത്.

എന്നിരുന്നാലും, ഇന്ത്യയിലെ റീറ്റെയ്ല്‍ നിക്ഷേപകര്‍ അതിന് തുല്യമോ അതിലധികമോ വാങ്ങലുമായി രംഗത്തെത്തി. യുദ്ധം, കോവിഡ്, പണപ്പെരുപ്പം, ലോജിസ്റ്റിക്‌സ് രംഗത്തെ പ്രതിസന്ധി തുടങ്ങിയവ അനിശ്ചിതത്വം സൃഷ്ടിച്ചപ്പോഴും ഇന്ത്യന്‍ ഓഹരി വിപണി ശക്തമായി നിലകൊണ്ടതിന് നന്ദി പറയേണ്ടത് അവരോടാണ്.

ഓഗസ്റ്റില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിരിച്ചുവരുന്നതാണ് കണ്ടത്. ഒരു ബില്യണ്‍ ഡോളറിന്റെ വാങ്ങലാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. നിഫ്റ്റി 17,500ന് മുകളില്‍ തിരിച്ചുകയറി. നിഫ്റ്റിയുടെ സര്‍വ്വകാല റെക്കോര്‍ഡില്‍നിന്നു കുറച്ച് താഴെ മാത്രമാണിത്. കമ്പനികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു ആവേശകരമായ സമയമാണ്; പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷം കണ്ട ആഴത്തിലുള്ള തിരുത്തലിന് ശേഷം.
പതിവുപോലെ, ഈ ഓണനാളുകളിലും ധനം വായനക്കാര്‍ക്കായി നിക്ഷേപത്തിന് പരിഗണിക്കാവുന്ന അഞ്ച് ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോ ഞാന്‍ നിര്‍ദേശിക്കുന്നു. കഴിഞ്ഞവര്‍ഷം നിര്‍ദേശിച്ച ടാറ്റ കമ്മ്യൂണിക്കേഷന്‍, ടിടികെ ഹെല്‍ത്ത് കെയര്‍ എന്നിവ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് ഓഹരികളും ഇപ്പോഴും നിക്ഷേപാര്‍ഹമാണ്. ഓര്‍ക്കുക, ഈ ഓഹരികളില്‍ ഞങ്ങള്‍ക്ക് നിക്ഷേപ താല്‍പ്പര്യങ്ങളുണ്ടാകും.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ് @ 1092
ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല പ്രവര്‍ത്തിക്കുന്നത്. രാജ്യാന്തര വോയ്‌സ് ട്രാഫിക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ കാരിയറും ഇവരാണ്. കമ്പനി ഒരു പരിവര്‍ത്തനത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ആഗോള ഡാറ്റ രംഗം വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഡാറ്റ ഉപഭോഗം എമര്‍ജിംഗ് വിപണികളിലേക്ക് മാറുകയും ചെയ്യുന്ന കാലത്ത്, ഈ മേഖലയില്‍ ശക്തമായ സാന്നിധ്യമാകുകയാണ് കമ്പനി. ഉയര്‍ന്ന വളര്‍ച്ചയുള്ള ഡാറ്റ ബിസിനസില്‍ സവിശേഷ ശ്രദ്ധ നല്‍കിക്കൊണ്ട് തന്നെ ദീര്‍ഘദൂര വോയ്‌സ് സേവന ദാതാവ് എന്നതില്‍നിന്ന് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ സേവനദാതാവായി കമ്പനി മാറിയിരിക്കുന്നു.
കമ്പനിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുകടന്നതോടെ, ടാറ്റയുടെ സമ്പൂര്‍ണ ബോര്‍ഡ് നിയന്ത്രണത്തിലാവുകയും ഗ്രൂപ്പിന് എന്ത് പുനഃക്രമീകരണവും നടത്താനുള്ള സ്വാതന്ത്ര്യവും ലഭിച്ചിരുന്നു. മാത്രമല്ല ടാറ്റ ഗ്രൂപ്പിന് കീഴിലെ മറ്റ് കമ്പനികളുമായി തന്ത്രപരമായ നീക്കങ്ങള്‍ നടത്തി ദീര്‍ഘകാല വളര്‍ച്ചാലക്ഷ്യത്തോടെ മുന്നോട്ടുപോകാനുള്ള സാഹചര്യവും ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സിഇഒ, സിഎഫ്ഒ, ബോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള ഉയര്‍ന്ന തലത്തില്‍ നേതൃമാറ്റങ്ങള്‍ക്കും കമ്പനി സാക്ഷ്യംവഹിച്ചു. കമ്പനിയുടെ ബാഹ്യ ബിസിനസ് അവസരങ്ങള്‍ വളരെ വലുതാണ്. കൂടാതെ, ടോപ്പ് ലൈനില്‍ ആരോഗ്യകരമായ ഇരട്ട അക്ക വളര്‍ച്ചയുണ്ട്. 750 ഏക്കര്‍ വിസ്തീര്‍ണമുള്ള പ്രൈം ലാന്‍ഡ് ബാങ്ക് മാര്‍ജിന്‍ സുരക്ഷ വര്‍ധിപ്പിക്കുന്നു. കരുത്തുറ്റ ക്യാഷ് ഫ്‌ളോയുടെ പിന്‍ബലത്തോടെയുള്ള വളര്‍ച്ചാ പ്രതീക്ഷകളും ടാറ്റ കമ്മ്യൂണിക്കേഷന്‍സിനെ നല്ലൊരു നിക്ഷേപ നിര്‍ദേശമാക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 31,000 കോടി രൂപയാണ്. ഇതും ആകര്‍ഷകമായ ഒരു കാര്യമാണ്.
ടിടികെ ഹെല്‍ത്ത്‌കെയര്‍ @ 860
ടിടികെ ഗ്രൂപ്പിന്റെ ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് എഫ്എംസിജി വിഭാഗമാണിത്. പ്രൊട്ടക്ടീവ് ഡിവൈസസ്, ആനിമല്‍ ഫാര്‍മ, മെഡിക്കല്‍ ഡിവൈസസ്, ഫുഡ് പ്രോഡക്ട്‌സ് തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ബിസിനസുകളിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. കമ്പനി അടുത്തിടെ അതിന്റെ ഹ്യൂമന്‍ ഫാര്‍മ ഡിവിഷന്‍ 800 കോടി രൂപയ്ക്ക് വിറ്റു. നിലവില്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ ഏകദേശം 850 കോടി രൂപയുണ്ട്. രാജ്യമെമ്പാടും പരന്നുകിടക്കുന്ന ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കുള്ള കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നാല് ലക്ഷം റിെറ്റയ്ല്‍ ഔട്ട്ലെറ്റുകളിലുമെത്തുന്നു. കരുത്തുറ്റ സെയ്ല്‍സ് ടീമിന്റെ പിന്‍ബലത്താലാണിത്.
കോണ്ടം ടെക്‌നോളജിയില്‍ ആഗോള വമ്പന്മാരായ കമ്പനിക്ക് ചെന്നൈയിലും പോണ്ടിച്ചേരിയിലും അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റുകളുണ്ട്. കമ്പനിയുടെ ബയോമെഡിക്കല്‍ ഡിവൈസസ് യൂണിറ്റ് ഹാര്‍ട്ട് വാല്‍വ് പ്രോസ്‌തെസിസ്, ഓര്‍ത്തോപീഡിക് ഇംപ്ലാന്റ് എന്നിവ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നു. സ്‌കോര്‍, ഇവാ, ഗുഡ് ഹോം, വുഡ്വാര്‍ഡ്‌സ് ഗ്രൈപ്പ് വാട്ടര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളായ ടിടികെ ഹെല്‍ത്ത്‌കെയര്‍ എഫ്എംസിജി രംഗത്തെ പ്രമുഖരാണെന്ന് മാത്രമല്ല, അവരുടേതായ മേഖലകളില്‍ വിപണി നായകരുമാണ്. വെറും 350 കോടി രൂപ മാത്ര
മാണ് കമ്പനിയുടെ എന്റര്‍പ്രൈസസ് മൂല്യം. ലിസ്റ്റഡ് ബ്രാന്‍ഡുകളില്‍ ഏറ്റവും വില കുറവുള്ള എഫ്എംസിജി ബിസിനസുകളിലൊന്നായ ടിടികെ ഹെല്‍ത്ത്‌കെയര്‍ നിക്ഷേപത്തിന് വളരെ ആകര്‍ഷകമാണ്.
റെഡിംഗ്ടണ്‍ ഇന്ത്യ @ 144
1993ല്‍ എച്ച്പി പ്രിന്ററുകളുടെ സിംഗിള്‍ ബ്രാന്‍ഡ് ഡിസ്ട്രിബ്യൂട്ടറായി പ്രവര്‍ത്തനമാരംഭിച്ച റെഡിംഗ്ടണ്‍ ഇന്ന് ഐടി രംഗത്തെ മുന്‍നിര വിതരണക്കാരാണ്. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനി മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍, ഇന്റഗ്രേറ്റഡ് ഐടി ആന്റ് മൊബിലിറ്റി പ്രോഡക്ടുകള്‍, കംപ്യൂട്ടര്‍, പ്രിന്റര്‍ പോലുള്ള ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന 245 ഓളം ആഗോള ബ്രാന്‍ഡുകളുമായും കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രൊഫഷണല്‍ എന്റര്‍പ്രൈസസ്, ക്ലൗഡ് മാനേജ്ഡ്, ലോജിസ്റ്റിക്‌സ്, ത്രീഡി പ്രിന്റിംഗ് സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങളും കമ്പനി നല്‍കുന്നു. ആപ്പ്ള്‍, എച്ച്പി, ഡെല്‍, ലെനോവൊ, സാംസംഗ് തുടങ്ങിയവയുടെ വില്‍പ്പനയുടെ നേര്‍ അനുപാതത്തിലായിരിക്കും റെഡിംഗ്ടണ്‍ ഇന്ത്യയുടെ ബിസിനസ്. പ്രധാനമായും രണ്ട് കമ്പനികള്‍ക്കാണ് ഐടി ഡിസ്ട്രിബ്യൂഷന്‍ മാര്‍ക്കറ്റില്‍ ആധിപത്യമുള്ളത്, ഇതില്‍തന്നെ മികച്ച സ്ഥാനമാണ് റെഡിംഗ്ടണിനുള്ളത്. എന്‍ഡ്ടുഎന്‍ഡ് സപ്ലൈ ചെയ്ന്‍ വാഗ്ദാനം ചെയ്യുന്ന പ്രോകണക്ട് ഇന്ത്യ എന്ന അനുബന്ധ സ്ഥാപനവും കമ്പനിക്കുണ്ട്.
 Mrs. ബെക്ടേര്‍സ് ഫുഡ് @ 344
ഇന്ത്യയില്‍ നിന്ന് 64 രാജ്യങ്ങളിലേക്ക് ബിസ്ക്കറ്റ് കയറ്റുമതി ചെയ്യുന്ന ങൃ.െ ബെക്ടേഴ്‌സ് ഫുഡ് രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് കയറ്റുമതിക്കാരാണ്. രാജ്യത്തെ പ്രീമിയം, മിഡ് പ്രീമിയം ബിസ്‌ക്കറ്റുകളിലെ മുന്‍നിര കമ്പനികളിലൊന്ന് കൂടിയാണിത്. ഫ്ളാഗ്ഷിപ്പ് ബ്രാന്‍ഡായ 'മിസിസ് ബെക്ടേര്‍സ് ക്രെമിക' യുടെ കീഴിലാണ് ബിസ്‌ക്കറ്റുകള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നത്. അതിന്റെ ബേക്കറി ബ്രാന്‍ഡായ 'ഇംഗ്ലീഷ് ഓവന്‍' ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം ബേക്കറി ബ്രാന്‍ഡുകളിലൊന്നാണ്. സ്വന്തം ബ്രാന്‍ഡുകളുടെ ആ2ഇ ബേക്കറി ബിസിനസിനു പുറമെ വളരെ ശക്തവും സുസ്ഥാപിതവുമായ ആ2ആ ബിസിനസും കമ്പനിക്കുണ്ട്.
മൊണ്ടെലെസ് ഇന്ത്യയ്ക്ക് (കാഡ്ബറി) വേണ്ടി ഓറിയോ ബിസിക്കറ്റും ചോക്കോബേക്‌സും നിര്‍മ്മിക്കുന്ന കമ്പനി മക്‌ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിംഗ്, കെഎഫ്‌സി പോലെയുള്ള ക്യുഎസ്ആര്‍ ശൃംഖലകളുടെ ഏറ്റവും വലിയ ബണ്‍ വിതരണക്കാരുമാണ്.
വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗ്രേറ്റര്‍ നോയിഡ, രാജ്പുര പ്ലാന്റുകളിലൂടെ 3-4 വര്‍ഷത്തിനുള്ളില്‍ 1,500 കോടി രൂപയുടെ വരുമാനം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഐഐഎഫ്എല്‍ ഫിനാന്‍സ് @ 335
2019ല്‍ ഐഐഎഫ്എല്‍ ഹോള്‍ഡിംഗ്‌സില്‍ നിന്ന് വേര്‍പിരിഞ്ഞ ഐഐഎഫ്എല്‍ ഫിനാന്‍സ്, ഹൗസിംഗ്, ഗോള്‍ഡ് ബിസിനസ്, മൈക്രോഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ്, മൂലധന വിപണി എന്നിവയ്ക്കുള്ള വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ എന്‍ബിഎഫ്‌സിയാണ്. നിലവിലെ എയുഎമ്മായ 46,800 കോടി രൂപയില്‍നിന്ന് 2026 സാമ്പത്തിക വര്‍ഷത്തോടെ 1,00,000 കോടി രൂപയുടെ എയുഎമ്മാണ് കമ്പനി ലക്ഷ്യമിടുന്നത്.
റീറ്റെയ്ല്‍ വായ്പാ രംഗത്ത് അതീവശ്രദ്ധ കൊടുത്താണ് കമ്പനിയുടെ മുന്നേറ്റം. 90 ശതമാനവും റീറ്റെയ്ല്‍ ലോണുകളായതിനാല്‍ വായ്പാ ബുക്കിന്റെ ഗുണനിലവാരം വളരെ മികച്ചതാണ്. നിഷ്‌ക്രിയ ആസ്തിയും കുറവാണ്. 'കോ- ലെന്‍ഡിംഗ്' രംഗത്തെ പ്രമുഖരായ ഐഐഎഫ്എല്‍ ഫിനാന്‍സ് രാജ്യത്തെ മുന്‍നിര ബാങ്കുകളുമായി പങ്കാളിത്തത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് ഭാവിയിലെ ബിസിനസിന് സഹായകമാകും. അടുത്തിടെ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഐഐഎഫ്എല്‍ ഹോം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ 2,200 കോടി രൂപയ്ക്ക് അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഏറ്റെടുത്തിരുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News