ഇത് ബെയര്‍ മാര്‍ക്കറ്റല്ല! ചെറുകിട കമ്പനികളില്‍ നിന്ന് നേട്ടം കൊയ്യാം

Update: 2018-07-20 12:03 GMT

''Bull markets are born on pessimism, grown on skepticism, mature on optimism and die on euphoria"

-Sir John Templeton

നമ്മള്‍ ഇപ്പോള്‍ ഒരു ബെയര്‍ മാര്‍ക്കറ്റിലല്ല. 1989 ല്‍ ജപ്പാന്‍ ഓഹരി വിപണിയായ നിക്കി എക്കാലത്തെയും ഉയര്‍ന്ന നിലയായ 38916 ല്‍ എത്തി, മൂന്നു ദശാബ്ദങ്ങള്‍ക്കു ശേഷം ഇപ്പോഴും അത് 22000ത്തിലാണ്. അതാണ് ബെയര്‍ മാര്‍ക്കറ്റ്.

അടുത്തിടെ ഉണ്ടായ വീഴ്ചയില്‍, ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ അടിസ്ഥാനപരമായി ഒരു മാറ്റവും ഉണ്ടായില്ല. നിങ്ങളുടെ ഇഷ്ടപ്പെട്ട ഓഹരികളുടെ വിലയില്‍ ഉണ്ടായ ഒരു ഇടിവ് സത്യത്തില്‍ അത് വാങ്ങിക്കൂട്ടുവാനുള്ള അവസരമായി കരുതാം. മറ്റൊരു തലത്തില്‍ ഇത് വിലയിരുത്തലുകള്‍ക്കും ആഴത്തിലുള്ള വിശകലനങ്ങള്‍ക്കുമുള്ള സമയമാണെന്നും പറയാം.

കുറേ വര്‍ഷങ്ങളായി വിപണി കുതിച്ചുകൊണ്ടിരുന്നതിനാല്‍ നിക്ഷേപകര്‍ അലസരായി പോയി എന്നത് സ്വാഭാവികമാണ്. അഞ്ചു വര്‍ഷം കൊണ്ട് അവസാനിച്ച വന്‍തോതിലുള്ള ബുള്‍ തരംഗം സൃഷ്ടിച്ച സന്തോഷാതിരേകം ഇടത്തരം, ചെറുകിട, മിഡ് കാപ് കമ്പനികളുടെ ഓഹരികളില്‍ നിന്നു പോലും 30-50 മടങ്ങ് നേട്ടം സമ്മാനിക്കുന്നതിലേക്ക് നയിച്ചു. ഈ സമയത്ത് ഓഹരികളിലേക്കും അനുബന്ധ ആസ്തി വിഭാഗങ്ങളിലേക്കും ഉള്ള ഫണ്ടിന്റെ ഒഴുക്ക് പാരമ്യത്തിലെത്തുകയും നമ്മള്‍ അനുദിനം ഉയര്‍ന്ന അറ്റ ആസ്തി മൂല്യം കാണുകയും ചെയ്തു പോന്നു.

ഓഹരി നിക്ഷേപകര്‍ ഇപ്പോഴും രണ്ട് ശതമാനം മാത്രം

റീറ്റെയ്ല്‍ ഓഹരി നിക്ഷേപകര്‍ ഈ സമയത്തു ബുദ്ധിയും സാമാന്യ ബോധവും ഉപയോഗിച്ച് സമചിത്തതയോടെ നിക്ഷേപിക്കാന്‍ ഉള്ള ഈ നല്ല അവസരം ഉപയോഗിക്കുന്നുണ്ട്. മറ്റു ഇക്വിറ്റി ഫണ്ടുകളെ പോലെ ഇക്വിറ്റി ഇന്റലിജന്‍സും മെയ്, ജൂണ്‍ മാസങ്ങളില്‍ പുതിയ ഫണ്ടിന്റെ ഒഴുക്കിന് സാക്ഷിയാവുകയും ചെയ്തു. ഇതൊരു സ്വാഗതം ചെയ്യപ്പെടേണ്ട നല്ല പ്രവണതയാണ്. നിക്ഷേപം എന്നു പറഞ്ഞാല്‍ സ്ഥിര നിക്ഷേപം, ഭൂമിയിലെ നിക്ഷേപം എന്നിവയായിരുന്നു ഇന്ത്യക്കാരുടെ (പ്രത്യേകിച്ച് മലയാളികളുടെ) സമീപനം. പക്ഷേ കാര്യങ്ങള്‍ മാറുകയാണ്. കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക സമ്പാദ്യങ്ങളുടെ നല്ലൊരു പങ്കും ഓഹരികളിലേക്ക് മാറി. വലിയ മഞ്ഞുമലയുടെ തുമ്പ് മാത്രമാണിത്. ഇപ്പോഴും രണ്ടു ശതമാനം ഇന്ത്യക്കാര്‍ മാത്രമേ ഗൗരവതരമായി ഓഹരികളില്‍ നിക്ഷേപിക്കുന്നുള്ളൂ. മോശം സമയത്തും നല്ല സമയത്തും ഓഹരി വിപണിയില്‍ നിക്ഷേപം അച്ചടക്കത്തോടെ തുടരുന്നത് നല്ല കാര്യമാണ്. അത് കൂട്ടുപലിശയുടെ ഗുണം ലഭ്യമാക്കും.

ഇന്ത്യയുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളിലൊന്ന് പൊതു ഖജനാവിന് വരുമാനം ഇല്ല എന്നുള്ളതാണ്. ഇന്ത്യയുടെ വാര്‍ഷിക വരുമാനം 15 ലക്ഷം കോടി രൂപ മാത്രമാണ്. ഇതില്‍ നിന്ന് ഏകദേശം 5.7 ലക്ഷം കോടി രൂപ പലിശയിനത്തില്‍ നല്‍കേണ്ടി വരുന്നു. 3.5 ലക്ഷം കോടി രൂപ ശമ്പളമായും പെന്‍ഷനായും 2.7 ലക്ഷം കോടി രൂപ പ്രതിരോധ ചെലവുകള്‍ക്കായും മാറ്റി വെക്കേണ്ടി വരുന്നു. ബാക്കി ഒന്നും അവശേഷിക്കുന്നില്ല. ജിഎസ്ടി, ഐബിസി, എന്‍സിഎല്‍ടി തുടങ്ങിയ പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ ഘടനയിലും വരുമാനത്തിലും മാറ്റം വരുത്താന്‍ പ്രാപ്തമായവയാണ്.

നിലവിലെ സര്‍ക്കാരിന്റെ ഈ ശ്രമത്തിന്റെ ഫലം കിട്ടണമെങ്കില്‍ ചിലപ്പോള്‍ 10-15 വര്‍ഷം വരെ എടുത്തേക്കാം. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുല്യമായിരുന്നു നമ്മുടെയും ചൈനയുടെയും പ്രതിശീര്‍ഷ വരുമാനം. ഇന്ന് ചൈനയുടെ പ്രതിശീര്‍ഷ വരുമാനം 8500 ഡോളര്‍ ആയിരിക്കുമ്പോള്‍ ഇന്ത്യയുടേത് 1800 ഡോളറാണ്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായുള്ള കെടുകാര്യസ്ഥതയുടെ ഫലമായി ചൈനയെ പോലെ വളരാനുള്ള സുവര്‍ണാവസരം നാം നഷ്ടപ്പെടുത്തി എന്നതാണ് ദുഃഖകരമായ കാര്യം. പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ നമുക്ക് പുരോഗതി കൈവരിക്കാനും ദാരിദ്ര്യ നിര്‍മാര്‍ജനം കൈവരിക്കാനും കഴിയൂ.

50 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നതിന് ഒരേയൊരു കാരണം ദീര്‍ഘകാലത്തെ രാഷ്ട്രീയ കെടുകാര്യസ്ഥത മാത്രമാണ്. 2019 ല്‍ ഒരു 'കിച്ച്ഡി' സര്‍ക്കാരിനുള്ള സാധ്യതയുണ്ട് എന്നത് രാജ്യത്തിന് ആപത്താണ്. വിവരമുള്ളവര്‍ ഇത് മനസിലാക്കുകയും ഇത് വഴി ഉണ്ടാകുന്ന നഷ്ടസാധ്യത കാണുകയും ചെയ്യുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്വാഭാവിക വളര്‍ച്ച ഓഹരികളില്‍ നിന്നുള്ള നേട്ടത്തെ നയിക്കുന്നത് തുടരുമെന്നും ആര് ഭരിക്കുന്നു എന്നത് അതിനെ ബാധിക്കില്ലെന്നുമാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍, നിലവിലുള്ള സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൂടി തുടരുകയാണെങ്കില്‍ രാജ്യം ശരാശരി രണ്ടു ശതമാനം അധിക വേഗത്തില്‍ വളരും.

വിശാല വിപണിയിലെ വലിയ വീഴ്ചകള്‍ക്ക് ശേഷവും, ബ്ലൂ ചിപ്പ് കമ്പനികള്‍ ശക്തമായി തന്നെ നിലകൊള്ളുന്നുണ്ടെങ്കിലും സ്‌മോള്‍, മിഡ്കാപ് കമ്പനികളെ കൂടി ശ്രദ്ധിക്കേണ്ട സമയമാണിത്. 2.1 ലക്ഷം കോടി വരുന്ന ഇന്ത്യന്‍ ഓഹരി സമ്പത്തിന്റെ വലിയൊരു ഭാഗവും സൃഷ്ടിക്കപ്പെട്ടത് നിക്ഷേപകരുടെയും സംരംഭകരുടെയും ചെറുകിട കമ്പനികളിലെ നിക്ഷേപത്തിലൂടെയാണ്. ഇതുള്‍ക്കൊള്ളാതെ 'സ്‌മോള്‍ കാപ് ഓഹരികള്‍ ഒരിക്കലും വാങ്ങരുത്' എന്ന തരത്തിലുള്ള ഉപദേശങ്ങള്‍ ഇപ്പോഴും വിപണിയില്‍ ഒരു ഫാഷന്‍ തന്നെയാണ്.

പ്രധാനം ബിസിനസ് മോഡല്‍

പ്രമോട്ടര്‍മാരുടെ സത്യനിഷ്ഠയാണ് സ്‌മോള്‍- മിഡ് കാപ് ഓഹരികളുമായി ബന്ധപ്പെട്ടുള്ള നിക്ഷേപത്തിലെ ഒരു അപകടസാധ്യത. ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ മെച്ചപ്പെട്ടു വരുന്ന ഈ സാഹചര്യത്തില്‍ പ്രൊമോട്ടര്‍മാര്‍ കള്ളന്മാരായതുകൊണ്ടു മാത്രം ഒരു പ്രത്യേക കമ്പനിയുടെ ഓഹരികള്‍ വാങ്ങരുത്. പ്രൊമോട്ടറുടെ സ്വഭാവത്തിലെ മാറ്റത്തിന്റെ ലക്ഷണങ്ങളാണ് പ്രധാനം. ഉയര്‍ന്ന നിലവാരത്തിലുള്ള ബ്ലൂ ചിപ്പ് നിക്ഷേപത്തിനും അതിന്റേതായ ഗുണങ്ങളും ഉയര്‍ന്ന സുരക്ഷിതത്വവും ഉണ്ട്.എന്നാല്‍ അതില്‍ നിക്ഷേപിക്കുന്നതിന് ഫണ്ട് മാനേജരുടേയോ ഉപദേശകരുടേയോ മറ്റുള്ളവരുടേയോ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം.

മാര്‍ക്കറ്റ് കാപ് എന്നതിനപ്പുറം ഓഹരി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം കമ്പനിയുടെ ബിസിനസ് മോഡല്‍ എന്താണ് എന്നുള്ളതാണ്.

അഞ്ചു ദശാബ്ദങ്ങളായി ബ്ലൂ ചിപ്പ് കമ്പനിയായി തുടരുന്ന ഒന്നിനെ പെട്ടെന്ന് അപ്രസക്തമാക്കി മാറ്റാനുള്ള സാധ്യതകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. മാറുന്ന ഇന്ത്യയില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ 'കോര്‍പ്പറേറ്റ് ഗവേണന്‍സ് മെച്ചപ്പെടല്‍' എന്നത് ഒരു തീം ആയി തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കള്ളന്മാരായ പ്രമോട്ടര്‍മാര്‍ മാറാന്‍ നിര്‍ബന്ധിതരാകുകയോ സ്വയം മാറുകയോ ചെയ്യും. ഇതൊക്കെയാണെങ്കിലും ബിസിനസ് മൂല്യമുള്ള, അതിജീവിക്കാന്‍ കരുത്തുള്ള ബാലന്‍സ് ഷീറ്റ് ഉള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Similar News