വിരമിക്കല്‍ കാലം സുരക്ഷിതമാക്കാം, റിട്ടയര്‍മെന്റ് ഫണ്ടുകളുടെ ചിറകിലേറി
കുറഞ്ഞ നിക്ഷേപ കാലയളവ് അഞ്ചു വര്‍ഷം, റിട്ടയര്‍മെന്റ് വരെ നിക്ഷേപിക്കാം
തൊഴില്‍ ചെയ്യുന്ന കാലത്തിനത്രയും തന്നെ ദൈര്‍ഘ്യം റിട്ടയര്‍മെന്റ് ജീവിതത്തിനുമുണ്ട്. അതായത് റിട്ടയര്‍മെന്റിന് ശേഷവും ഒരാള്‍ 25-30 വര്‍ഷം വരെയൊക്കെ ജീവിക്കേണ്ടി വരും. ആ കാലമത്രയും സുഖകരമായി ജീവിക്കണമെങ്കില്‍ നല്ലൊരു തുക തന്നെ സമ്പാദ്യമായി വേണ്ടി വരും. കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലെങ്കില്‍ ഇതൊരു ദുരിതകാലമായി മാറും. അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തിയത് ഇന്ത്യയില്‍ 80 ശതമാനം പേരും റിട്ടയര്‍മെന്റ് ആസൂത്രണം നടത്തുന്നില്ലെന്നാണ്.
റിട്ടയര്‍മെന്റ് ജീവിതം ക്ലേശകരമാകാതെ സുരക്ഷിത വരുമാനം ലഭിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് റിട്ടയര്‍മെന്റ് ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ടുകളാണ് ഇത്തരം പദ്ധതികള്‍ നടത്തുന്നത്. ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപമെന്നതിനാല്‍ റിട്ടയര്‍മെന്റ് ഫണ്ടുകള്‍ക്ക് റിസ്‌ക് കൂടുതലാണെങ്കിലും ദീര്‍ഘകാല മൂലധന വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
റിട്ടയര്‍മെന്റ് കാലം വരെ നിക്ഷേപം നിലനിര്‍ത്തണമെന്ന നിബന്ധ റിട്ടയര്‍മെന്റ് ഫണ്ടുകള്‍ക്കില്ല. അഞ്ചു വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. അല്ലെങ്കില്‍ റിട്ടയര്‍മെന്റ് കാലാവധിക്ക് ശേഷം പണം പിന്‍വലിക്കാന്‍ സാധിക്കും.
പി.ജി.ഐ.എം റിട്ടയര്‍മെന്റ് ഫണ്ട്
ഇപ്പോള്‍ പി.ജി.ഐ.എം മ്യൂച്വല്‍ ഫണ്ട് പി.ജി.ഐ.എം റിട്ടയര്‍മെന്റ് ഫണ്ട് എന്ന പേരില്‍ പുതിയ റിട്ടയര്‍മെന്റ് ഫണ്ട് അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്‍പത് വരെ അപേക്ഷിക്കാം. ഓഹരികളിലും സ്ഥിര വരുമാനം ലഭിക്കുന്ന ഫണ്ടുകളിലുമാണ് നിക്ഷേപിക്കുന്നത്. 75 ശതമാനം മുതല്‍ 100 ശതമാനം വരെ ഓഹരികളിലാണ് നിക്ഷേപകരുടെ പണം വിനിയോഗിക്കുന്നത്. ഫണ്ട് ഓഫര്‍ കാലയളവില്‍ 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. എസ്&പി ബി.എസ്.ഇ 500 ടി.ആര്‍.ഐ എന്ന ഓഹരി സൂചിക അടിസ്ഥാനപ്പെടുത്തിയാണ് നിക്ഷേപം നടത്തുന്നത്.
നിലവിലെ പ്രമുഖ റിട്ടയര്‍മെന്റ് ഫണ്ടുകളും മൂന്ന് വര്‍ഷ നേട്ടവും:
1. നിപ്പോണ്‍ ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് വെല്‍ത്ത് ക്രിയേഷന്‍ സ്‌കീം-21.26%.
2. ടാറ്റ റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് മോഡറേറ്റ്-15.22%.
3. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ റിട്ടയര്‍മെന്റ് ഫണ്ട്-30.49%.
4. എസ്.ബി.ഐ റിട്ടയര്‍മെന്റ് ബെനിഫിറ്റ് ഫണ്ട് അഗ്രസീവ് പ്ലാന്‍-22.84%.
5. ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിട്ടയര്‍മെന്റ് ഫണ്ട് ഡയറക്റ്റ് ഗ്രോത്ത്-12.54%.
റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപവരെ 80 സി.സി.സി വകുപ്പ് പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും.