ദി സിംപിള്‍ കോടീശ്വരന്‍; സാം ബാങ്ക്മാന്‍
2019ല്‍ സാം ആരംഭിച്ച എഫ്ടിഎക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഇന്ന് 40 ബില്യണിലധികം മൂല്യമുള്ള കമ്പനിയാണ്
പണം എന്തിനാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഉത്തരങ്ങള്‍ പലതുണ്ടാകും. പണം കൈയ്യില്‍ വന്നാൽ അതിന് നൂറുകൂട്ടും ചെലവും കാണും. എന്നാല്‍ സാം ബാങ്ക്മാന്‍- ഫ്രൈഡ് (Sam Bankman-Fried) അങ്ങനെയല്ല. ആവശ്യത്തിലേറെ പണമുണ്ട് പക്ഷെ ,സ്വന്തമായി ആവശ്യങ്ങള്‍ ഇല്ല. പിന്നെന്തിനാണ് സമ്പാദിക്കുന്നതെന്ന് ചോദിച്ചാല്‍ സാം പറയും
"I want to get rich, not because i like money. Buut because I wanted to give that money to charity". അതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍. മട്ടിലും ഭാവത്തിലും എല്ലാം സാം ലാളിത്യം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ ഡോളറാണ് സാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. വരും വര്‍ഷങ്ങളില്‍ ഈ തുക 500 മില്യണായും അടുത്ത ദശാബ്ദത്തോടെ 10 ബില്യണിലധികമായും ഉയര്‍ത്തുകയാണ് ഡോളറും സാമിന്റെ ലക്ഷ്യം.
ഒരാഴ്ച മുമ്പ് സാമിനെ യുഎസ് സെനറ്റ് വിളിച്ചുവരുത്തിയിരുന്നു, എന്തിനാണെന്നല്ലെ,,. ക്രിപ്‌റ്റോ ആസ്ഥികളുടെ നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍. ഫോബ്‌സിന്റെ ബിറ്റ്‌കോയിനില്‍ നിന്ന് പണമുണ്ടാക്കിയവരുടെ പട്ടികയില്‍ കോയിന്‍ബേസ് സ്ഥാപകന്‍ ബ്രെയിന്‍ ആംസ്‌ട്രോങ്ങിന് പിന്നില്‍ രണ്ടാമതാണ് സാമിന്റെ സ്ഥാനം. 22.5 ബില്യണ്‍ ആസ്ഥിയുമായി അമേരിക്കന്‍ കോടീശ്വരപ്പട്ടികയില്‍ മുപ്പത്തിരണ്ടാമനാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍.
സാമും ബിറ്റ്‌കോയിനും
വാള്‍സ്ട്രീറ്റില്‍ ഒരു ബ്രോക്കറായി ജോലി ചെയ്യവെ 2017ലാണ് സാം ക്രിപ്‌റ്റോയിലേക്ക് തിരിയുന്നത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) നിന്ന് പുറത്തിറങ്ങിയ കാലം മുതല്‍ പണക്കാരനാവുക എന്നതായിരുന്നു ലക്ഷ്യം. വഴിത്തിരിവായതാകട്ടെ യുഎസിലെയും ജപ്പാനിലെയും ബിറ്റ്‌കോയിനിലുണ്ടായിരുന്ന 1000 ഡോളറിന്റെ വ്യത്യാസം.
യുഎസില്‍ നിന്ന് ബിറ്റ്‌കോയിന്‍ വാങ്ങി ജപ്പാനില്‍ വിറ്റ് സാമും സംഘവും എല്ലാ ആഴ്ചയും നേടിയത് ഒരു മില്യണ്‍ ഡോളറിന്റെ ലാഭമാണ്. ഈ മറിച്ചു വില്‍പ്പനയിലൂടെ സാം സമ്പാദിച്ചത് 20 മില്യണ്‍ ഡോളറായിരുന്നു. അവിടെ നിന്ന് സാം തുടങ്ങുകയായിരുന്നു. പിന്നീട് പൂര്‍ണ സമയ ക്രിപ്‌റ്റോ ട്രേഡറായ സാം 2019ല്‍ സുഹൃത്ത് ഗ്യാരി വാങുമായി ചേര്‍ന്ന് എഫ്ടിഎക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചു. വെറും രണ്ട് വര്‍ഷംകൊണ്ട് ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായി എഫ്ടിഎക്‌സ് മാറി. ഇന്ന് 40 ബില്യണിലധികം മൂല്യമുള്ള കമ്പനിയാണ് എഫ്ടിഎക്‌സ്.