ഓഹരി വിപണിയിൽ ഇടിവ്, എണ്ണക്കമ്പനികൾക്ക് നഷ്ടം

Update: 2019-04-22 10:42 GMT

അവധിയ്ക്ക് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യ ഓഹരി വിപണിയിൽ ഇടിവ്. ഇറാന്‍ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയുൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് യുഎസ് പിൻവലിക്കുമെന്ന ആശങ്കയാണ് ഓഹരിവിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്.

ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയിന്റോളം ഇടിഞ്ഞ് 38,645 ലെത്തി. നിഫ്റ്റി 1.35 ശതമാനം താഴ്ന്ന് 11,594 ലെത്തി. ബാങ്കുകൾ റിലയൻസ് ഇൻഡസ്ട്രീസ് എന്നിവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടി വന്നത്.

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഉപരോധം നേരിടുക എന്ന യുഎസിന്റെ മുന്നറിയിപ്പ് വന്നതോടെ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 69.88 ലെത്തിയിരുന്നു. വിദേശ നിക്ഷേപങ്ങളുടെ ഇൻഫ്‌ളോയ്ക്ക് ഭീഷണിയാണ് ഈ ട്രെൻഡ്.

ഭാരത് പെട്രോളിയം, യെസ് ബാങ്ക്, ഇന്ത്യ ഓയില്‍, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ജെറ്റ് എയര്‍വേസ് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഇന്ത്യയും ചൈനയുമാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങൾ. മേയ് 2 മുതൽ ഈ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് തീരും. ലോകത്തെ മൂന്നാമത്തെ വലിയ ഓയിൽ ഇറക്കുമതി രാജ്യമായ  ഇന്ത്യയ്ക്ക്, ഇറാനിൽ നിന്നും എണ്ണ ലഭ്യമല്ലാതായാൽ ചെലവ് ഉയരുകയും രാജ്യത്തിൻറെ നാണയപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി എന്നിവയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Similar News