ഈ കേരള കമ്പനി ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണം, വിലയും വിശാദാംശങ്ങളും അറിയാം

എസ്.എം.ഇ വിഭാഗത്തിലെത്തിയ ഐ.പി.ഒ ഓഗസ്റ്റ് 16ന് അവസാനിക്കും

Update:2024-08-14 18:41 IST

കൊല്ലം ജില്ലയിലെ പുനലൂര്‍ ആസ്ഥാനമായ ബാൽകോ എന്നറിയപ്പെടുന്ന സോള്‍വ് പ്ലാസ്റ്റിക് പ്രോഡക്ട്സ്  ലിമിറ്റഡിന്റെ (Solve plastic products) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക്(IPO) മികച്ച പ്രതികരണം. ഇന്നലെ (ഓഗസ്റ്റ് 13) ആരംഭിച്ച ഐ.പി.ഒ രണ്ട് ദിനം  പിന്നിടുമ്പോള്‍ 7.50 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടി.

റീറ്റെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ചത് 13.16 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ക്കുള്ളത് 1.85 മടങ്ങും സബ്‌സ്‌ക്രൈബ്ഡ് ആയി.
എസ്.എം.ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനിയുടെ ഐ.പി.ഒ ഓഗസ്റ്റ് 16 വരെയാണ്. എന്‍.എസ്.ഇ എക്സ്ചേഞ്ചിലാകും ലിസ്റ്റിംഗ്. ഓഗസ്റ്റ് 21നാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്.

മിനിമം നിക്ഷേപം

11.85 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഐ.പി.ഒയില്‍ 13.02 ലക്ഷം ഓഹരികളാണ് പുറത്തിറക്കുന്നത്. ഓഹരിയൊന്നിന് 91 രൂപ നിരക്കിലാണ് വില്‍പ്പന.
1,200 ഓഹരികളാണ് മിനിമം ലോട്ട് സൈസ്. തുടര്‍ന്ന് ഇതിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കണം. റീറ്റെയ്ല്‍ നിക്ഷേപകര്‍ കുറഞ്ഞത് 1,08,200 രൂപ നിക്ഷേപിക്കണം. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായും മറ്റ് മൂലധന ആവശ്യങ്ങള്‍ക്കായുമാകും ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം ചെലവഴിക്കുക.

ബാല്‍കോ ബ്രാന്‍ഡ്

1994ല്‍ ആരംഭിച്ച കമ്പനിയാണിത്. ബാല്‍കോ എന്ന ബ്രാന്‍ഡില്‍ ഇലക്ട്രിക്കല്‍ വയറിംഗ് പൈപ്പുകള്‍, പ്ലംബിംഗ് പൈപ്പുകള്‍, പി.വി.സി ഫിറ്റിംഗുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവ കമ്പനി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നു.
സുധീര്‍ കുമാര്‍, സുശീല്‍ ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. കമ്പനിക്ക് കേരളത്തില്‍ മൂന്ന് നിര്‍മാണ യൂണിറ്റുകളും തമിഴ്‌നാട്ടില്‍ ഒരെണ്ണവുമുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 47.15 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ലാഭം 1.42 കോടി രൂപയും. ഓഹരിയോന്നിന് 91 രൂപ നിരക്ക് കണക്കാക്കിയാൽ കമ്പനിയുടെ വിപണി മൂല്യം 39.75 കോടിയാകും.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള് എടുക്കുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങള് നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Tags:    

Similar News