വിപണിയിൽ ദൗർബല്യ സൂചനകൾ; ഐടി കമ്പനികൾക്കു മോശം കാലം; വിദേശികൾ വിൽപന തുടരുന്നു; മൺസൂണിൽ പ്രതീക്ഷ

ഇന്നും വ്യാപാരത്തുടക്കം തളർച്ചയോടെ യോ? ഐ ടി വമ്പന്മാർക്ക് സംഭവിക്കുന്നത് എന്ത്? തിളക്കത്തോടെ എച്ച് ഡി എഫ് സി

Update:2022-04-18 07:38 IST

വ്യാപാര ദിനങ്ങൾ കുറവായിരുന്നെങ്കിലും വിപണി കഴിഞ്ഞയാഴ്ച ദുർബലമായിരുന്നു. ആ ദൗർബല്യം ഇന്നും തുടരുന്നതിലേക്കാണ് ആഗോള സൂചനകളും സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയും വിരൽ ചൂണ്ടുന്നത്. യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണു കഴിഞ്ഞയാഴ്ച അവസാനിച്ചത്.

ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ രാജ്യങ്ങളിലെ വിപണികൾ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഉണർവിനുള്ള ഒന്നും ലഭ്യമല്ലാത്ത നിലയ്‌ക്കു വിപണിയിൽ പാർശ്വ നീക്കങ്ങൾക്കാണു നിരീക്ഷകർ സാധ്യത കാണുന്നത്. വിദേശ നിക്ഷേപകർ വിൽപന തുടരുകയും ചെയ്യുമെന്നു കരുതപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വാരാന്ത്യത്തിൽ 17,325 ലേക്കു താണിരുന്നു. ഇന്നു രാവിലെ 17,300 ലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 17,265 വരെ താഴ്ന്നിട്ട് 17,290 ലെത്തി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ ഇടിവോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ക്രൂഡ് ഓയിൽ വില വീണ്ടും 113 ഡോളറിനു മുകളിലായി. ഇനിയും ഉയരുമെന്നു വ്യാപാര മേഖല കരുതുന്നു.ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഒട്ടും ശുഭകരമല്ല കാര്യങ്ങൾ. ഡൽഹിയിൽ കോവിഡ് വർധിച്ചു വരുന്നത് ആശങ്ക വളർത്തുന്നു. ആഗോളതലത്തിൽ കോവിഡ് കുറയുകയാണെങ്കിലും ചൈനയിൽ വർധന തുടരുന്നു.
ബുധനാഴ്ച സെൻസെക്സ് 237.44 പോയിൻ്റ് (0.41%) നഷ്ടത്തിൽ 58,338.93 ലും നിഫ്റ്റി 54.65 പോയിൻ്റ് (0.31%) നഷ്ടത്തിൽ 17,475.65ലും ക്ലോസ് ചെയ്തു. ബാങ്ക്, വാഹന, ഐടി കമ്പനികൾ നഷ്ടത്തിലായിരുന്നു. ഓയിൽ - ഗ്യാസ്, മെറ്റൽ, കാപ്പിറ്റൽ ഗുഡ്സ് തുടങ്ങിയവ ഉയർന്നു.
വിദേശ നിക്ഷേപകർ 2061.04 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. കഴിഞ്ഞയാഴ്ച മൊത്തം 4518 കോടി രൂപ വിദേശികൾ ഓഹരികളിൽ നിന്നു പിൻവലിച്ചതായി ഡിപ്പോസിറ്ററികളുടെ കണക്കു കാണിക്കുന്നു.
വിപണി കൂടുതൽ ദുർബലപ്പെടുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 17,150-ലേക്കും അവിടെ നിൽക്കാനായില്ലെങ്കിൽ 16,500-16,350 മേഖലയിലേക്കും താഴുന്നതിനുള്ള സാധ്യത അവർ കാണുന്നു. നിഫ്റ്റിക്ക് 17,400-ലും 17,325 ലുമാണു സപ്പോർട്ട് കാണുന്നത്. ഉയർച്ചയിൽ 17,605-ഉം 17,740-ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 110 ഡോളറിനപ്പുറം കടന്നാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഡിമാൻഡ് സംബന്ധിച്ച നിഗമനങ്ങളും സപ്ലൈ സംബന്ധിച്ച കണക്കു കൂട്ടലുകളും തെറ്റിപ്പോയെന്നു വിപണി തെളിയിച്ചു. ഒപെക് രാജ്യങ്ങൾക്ക് ഉൽപാദനം വർധിപ്പിക്കാനുള്ള ശേഷി ഇപ്പോൾ പരിമിതമാണെന്നു ദിവസം ചെല്ലുന്തോറും മനസിലായി വരുകയാണ്.
ചൈനീസ് ഡിമാൻഡ് കുറയുമെന്ന ധാരണകളും തെറ്റായി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 111.7 ഡോളറിലാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 113.4 ഡോളറിലേക്കു കയറി. പ്രകൃതി വാതകം വാരാന്ത്യത്തിൽ 7.3 ഡോളർ ആയിരുന്നത് ഇന്നു രാവിലെ 7.55 ഡോളറായി ഉയർന്നു.
ലോഹങ്ങൾ വാരാന്ത്യത്തോടെ നേട്ടത്തിലായി. ഇരുമ്പയിര് ടണ്ണിനു 156 ഡോളറിലെത്തി. അലൂമിനിയം, നിക്കൽ തുടങ്ങിയവയും ഉയരത്തിലായി. ചൈന കൂടുതൽ നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ പ്രത്യാഘാതം ഈയാഴ്ച വിപണിയിൽ ഉണ്ടാകും.
സ്വർണം 1974- 1975 ഡോളറിലാണു വാരം ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ 1989.4 ഡോളർ വരെ കയറ്റിയ ശേഷം 1988-1989 ഡോളറിൽ വ്യാപാരം തുടരുന്നു. ഡോളർ കരുത്തു നേടുന്നതാണു സ്വർണം 2000 ഡോളറിനപ്പുറം കടക്കുന്നതിനു തടസമെന്ന് വ്യാപാരികൾ കരുതുന്നു.
കേരളത്തിൽ വ്യാഴാഴ്ച 39,640 രൂപയിലേക്കു കയറിയ പവൻ വില പിന്നീടു മാറിയില്ല. ഇന്നു വില ഉയരുമെന്നാണു സൂചന. വീണ്ടും 40,000 രൂപയിലേക്കു പവൻ വില എത്താനിടയുണ്ട്. വിലക്കയറ്റവും പലിശയും സംബന്ധിച്ച ആശങ്കകൾ ആണു രാജ്യാന്തര വിപണിയിൽ സ്വർണത്തെ കയറ്റുന്നത്. ഡോളർ സൂചിക 100.59 ലേക്കു കയറിയത് രൂപയുടെ വിനിമയ നിരക്കു വീണ്ടും താഴ്ത്തും. അതും ഇന്ത്യയിൽ സ്വർണവില കൂട്ടും.

ഐടി കമ്പനികൾക്കു ലാഭമാർജിൻ കുറയുന്നു
കമ്പനികളുടെ നാലാം പാദ ഫലങ്ങൾ ഒട്ടും ആവേശകരമല്ല; പ്രത്യേകിച്ചും ഐടി കമ്പനികളുടേത്. ഐടി വമ്പന്മാരായ ടിസിഎസിനും ഇൻഫോസിസിനും പോലും ലാഭ മാർജിൻ കുറയുകയായിരുന്നു. ചെറിയ ഐടി കമ്പനികളുടെ റിസൽറ്റ് വരുമ്പോൾ ലാഭത്തോതു വീണ്ടും കുറവാകും.
ഇൻഫോസിസ് ഓഹരിയുടെ വില ഈ മാസം ഇതു വരെ 8.3 ശതമാനം കുറഞ്ഞത് വെറുതെയല്ല. ഇൻഫിയുടെ നാലാംപാദ വരുമാനവും ലാഭവും നിരീക്ഷകർ കണക്കാക്കിയതിലും കുറവായിരുന്നു. കമ്പനിയുടെ ഓർഡർ ബുക്കിൻ്റെ വലുപ്പവും ആവേശകരമല്ല. ഐടി മേഖലയ്ക്കു ലാഭ മാർജിൻ മെച്ചപ്പെടാൻ തക്ക അന്തരീക്ഷം ഒന്നു രണ്ടു പാദങ്ങൾക്കു ശേഷമേ രൂപപ്പെടൂ എന്നാണു വിലയിരുത്തൽ.

എച്ച്ഡിഎഫ്സി ബാങ്ക് റിസൽട്ടിനു തിളക്കം

എച്ച്ഡിഎഫ്സി ബാങ്കിൻ്റെ നാലാംപാദ ഫലം പ്രതീക്ഷ പോലെ വന്നു. വരുമാനവും ലാഭവും നല്ലതുപോലെ കൂടി. കിട്ടാക്കടങ്ങൾക്കും മറ്റുമുള്ള വകയിരുത്തൽ കുറഞ്ഞു.
അറ്റ പലിശ വരുമാനവും വരുമാന മാർജിനും വർധിച്ചു. നാലാം പദത്തിൽ അറ്റാദായം 22.8 ശതമാനം വർധിച്ചപ്പോൾ വാർഷിക അറ്റാദായം 18.8 ശതമാനം കൂടി. നിഷ്ക്രിയ ആസ്തി (എൻപിഎ) കുറഞ്ഞു.
ടാറ്റാ സ്റ്റീൽ ഓഹരിയുടെ മുഖവില 10 രൂപയിൽ നിന്നു കുറയ്ക്കാനായി ഓഹരി വിഭജിക്കും. ഇതിനായി മേയ് മൂന്നിന് ഡയറക്ടർ ബോർഡ് ചേരും.

മൺസൂൺ മെച്ചമാകും എന്ന് ഐഎംഡിയും

ഇക്കൊല്ലം തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം പതിവ് അളവിൽ കിട്ടുമെന്ന് ഇന്ത്യൻ കാലവസ്ഥ വകുപ്പും (ഐഎംഡി) പ്രവചിച്ചു. ദീർഘകാല ശരാശരി മഴയുടെ 96 ശതമാനം കിട്ടുമെന്നാണു പ്രവചനം. സ്വകാര്യ ഏജൻസിയായ സ്കൈമെറ്റ് 98 ശതമാനം മഴയാണു പ്രവചിച്ചത്.
ജൂൺ - സെപ്റ്റംബർ കാലത്തു രാജ്യത്തു കിട്ടുന്ന മഴയായ കാലവർഷം സംബന്ധിച്ച പ്രവചനങ്ങൾ ഇനിയും കൃത്യത കാണിക്കുന്നില്ല എന്നതാണു വസ്തുത. 2018-ൽ ദീർഘകാല ശരാശരിയുടെ 97 ശതമാനം പ്രവചിച്ചപ്പോൾ ലഭിച്ചത് 91 ശതമാനം മാത്രം.
2019 -ൽ 96 ശതമാനം പ്രവചിച്ച സ്ഥാനത്തു കിട്ടിയത് 110 ശതമാനം മഴ. 2020ൽ പ്രവചനം 100 ശതമാനവും ലഭിച്ചത് 109 ശതമാനവുമായി. കഴിഞ്ഞ വർഷം താരതമ്യേന മെച്ചം പ്രവചനമായിരുന്നു. പ്രവചിച്ചത് 98 ശതമാനം; കിട്ടിയത് 99 ശതമാനം.
ഇതാണു പ്രവചനങ്ങളുടെ ഗതി. അതിനാൽ കാലാവസ്ഥയുടെ ദീർഘകാല പ്രവചനങ്ങൾക്ക് അധികം പ്രാധാന്യം നൽകേണ്ടതില്ല.

കൃഷിക്കും ഗ്രാമീണ വിൽപനയ്ക്കും നിർണായകം

ഇന്ത്യയുടെ കാർഷിക മേഖലയ്ക്കു വളരെ നിർണായകമാണ് കാലവർഷം. കാർഷികോൽപാദനത്തിൻ്റെ 55 ശതമാനം വരുന്ന ഖാരിഫ് (ഒന്നാം വിള അഥവാ ജൂൺ - ജൂലൈയിൽ വിതയ്ക്കുന്ന കൃഷി) പൂർണമായും കാലവർഷമഴയെ ആശ്രയിച്ചാണ്. നെല്ല്, കരിമ്പ്, പരുത്തി, ചോളം, പരുക്കൻ ധന്യങ്ങൾ, കടല ഇനങ്ങൾ, പരിപ്പ്, ഉഴുന്ന്, സോയാബീൻ തുടങ്ങിയവയുടെ പ്രധാന സീസണാണത്.
രണ്ടാം വിളയായ റാബി സീസണിലെ ജലസേചനത്തിനു വേണ്ട വെള്ളം ഡാമുകളിൽ സംഭരിക്കുന്നതും ഈ സീസണിലാണ്. മൺസൂൺ മെച്ചമായാൽ ഗ്രാമീണ വരുമാനം വർധിക്കും. ഗ്രാമങ്ങളിൽ വിൽപന വർധിക്കും. മറിച്ചായാൽ ഗ്രാമങ്ങളിൽ വിൽപന കുറയും. വാഹനങ്ങൾ മുതൽ എഫ്എംസിജി വരെയുള്ളവയുടെ വിൽപന നല്ല കാലവർഷത്തെ ആശ്രയിച്ചാണിരിക്കുന്നത്.

This section is powered by Muthoot Finance


Tags:    

Similar News