സ്ഥിരത കൈവരിക്കാൻ വിപണി; ചൈനീസ് വളർച്ച കുറഞ്ഞാൽ എന്ത്? സ്റ്റാർ ഹെൽത്ത് വാങ്ങാൻ മടിച്ചതിനു പിന്നിലെ കാരണം; വിൽപന സമ്മർദം അവസാനിച്ചിട്ടില്ല
ഇന്ത്യൻ ഓഹരി വിപണിയുടെ ഇന്നത്തെ തുടക്കം എങ്ങനെയാകും? സ്റ്റാർ ഹെൽത്ത് ഐപിഒയ്ക്കു എന്താണ് സംഭവിച്ചത്? സീ- സോണി ലയനം ഉടനെ?
വിപണികൾ സ്ഥിരത കൈവരിക്കാൻ ശ്രമിക്കുന്നു. കോവിഡ് വൈറസിൻ്റെ പുതിയ വകഭേദം കൂടുതൽ വേഗം പടരുമെങ്കിലും തീവ്രത കുറവാണെന്നത് ആശ്വാസ ഘടകമാണ്. കർണാടകത്തിൽ രണ്ടു പേർക്കു പുതിയ ഇനം ബാധിച്ചത് അമിത ആശങ്ക വളർത്താത്തത് അതുകൊണ്ടാണ്. എങ്കിലും വിപണി അതിനോടു പ്രതികരിക്കാതിരിക്കില്ല.
ഇന്നലെ ഇന്ത്യൻ വിപണി ശക്തമായ തിരിച്ചു കയറ്റം നടത്തി. തുടർച്ചയായ രണ്ടു ദിവസത്തെ കയറ്റം നിക്ഷേപക സമ്പത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ വർധന ഉണ്ടാക്കി. യൂറോപ്യൻ ഓഹരി സൂചികകൾ ഇന്നലെ താഴോട്ടു പോയി. ഒമിക്രോൺ ഭീതിയാണു കാരണം. എന്നാൽ യുഎസ് വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. ഡൗ ജോൺസ് 1.8 ശതമാനം ഉയർന്നു. പക്ഷേ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലായി. സാമ്പത്തികവളർച്ചയും പലിശയും സംബന്ധിച്ച ആശങ്കകൾ വിപണിയിലുണ്ട്. ചൈന 2022 ലെ വളർച്ച ലക്ഷ്യം അഞ്ചു ശതമാനമായി കുറയ്ക്കുന്നത് ആഗാേളവളർച്ചയ്ക്കു ക്ഷീണമാകുമെന്നു കരുതപ്പെടുന്നു. എഷ്യൻ വിപണികൾ രാവിലെ താഴ്ന്ന ശേഷം നേരിയ ഉയരത്തിലായി.
ബാങ്കുകൾ ദൗർബല്യം കാണിച്ചെങ്കിലും ഇന്ത്യൻ വിപണിയിൽ ഇന്നലെ എല്ലാ ബിസിനസ് മേഖലകളും ഉയരത്തിലേക്കു നീങ്ങി. സെൻസെക്സ് 776.5 പോയിൻ്റ് (1.35 %) ഉയർന്ന് 58,461.29 ലും നിഫ്റ്റി 234.25 പോയിൻ്റ് (1.37%) ഉയർന്ന് 17,401.65ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നല്ല നേട്ടം ഉണ്ടാക്കി.ഐടി, മെറ്റൽ, ഓയിൽ, ഓട്ടോ കമ്പനികൾ സൂചികകളെ ഉയർത്താൻ സഹായിച്ചു. റിലയൻസും എച്ച്ഡിഎഫ്സി ഇരട്ടകളും നല്ല പിന്തുണ നൽകി.
വിദേശ നിക്ഷേപകർ ഇന്നലെ 909.71 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 1372.15 കോടിയുടെ വാങ്ങലുകാരായി.
നിഫ്റ്റി 17,350 ലെ തടസം മറികടന്നതോടെ കൂടുതൽ ഉയരത്തിലേക്കു നീങ്ങാൻ കരുത്ത് ആർജിച്ചിട്ടുണ്ടെന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. 17,250-17,350 മേഖലയിലെ വിൽപന സമ്മർദം മറികടന്നതോടെ ഇനി നോക്കേണ്ടത് 17,500നു മുകളിലെ വിൽപന സമ്മർദമാണ്. വിപണിക്ക് 17,230 ഉം 17,055-ഉം താങ്ങായി കരുതാം. ഉയരത്തിൽ 17,495 ലും 17,595 ലും തടസങ്ങൾ ഉണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,469 വരെ ഉയർന്നു. ഇന്നു രാവിലെ താഴ്ന്ന് 17,387 ലാണു വ്യാപാരം തുടങ്ങിയത്. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്ന ധാരണയാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
ക്രൂഡിൽ വീണ്ടും ചാഞ്ചാട്ടം
ക്രൂഡ് ഓയിൽ വില ഇന്നലെ ഇറങ്ങിക്കയറി. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) യും അവരുടെ മിത്ര രാജ്യങ്ങൾ ഉൾപ്പെട്ട ഒപെക് പ്ലസും നേരത്തേ നിശ്ചയിച്ച ഉൽപാദന വർധന നിലനിർത്താൻ തീരുമാനിച്ചു. ഉൽപാദനം കുറയ്ക്കുമെന്നു കരുതിയവർ നിരാശരായി. ക്രൂഡ് വില താണു. എന്നാൽ മണിക്കൂറുകൾക്കകം വില തിരിച്ചു കയറി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 69.7 ഡോളറിലാണ്. ഡബ്ല്യു ടി ഐ ഇനം 67.25 ലും.
വ്യാവസായിക ലോഹങ്ങൾ ഈ ദിവസങ്ങളിൽ വലിയ കയറ്റിറക്കങ്ങൾ കാണിച്ചു. ഒരാഴ്ച കൊണ്ടു ചെമ്പ് നാലു ശതമാനവും അലൂമിനിയം 3.7 ശതമാനവും താണു. ഇരുമ്പയിര് 10 ശതമാനം ഉയർന്നിട്ട് അൽപം താണു നിൽക്കുന്നു. പുതിയ കോവിഡ് വകഭേദം സാമ്പത്തിക വളർച്ചയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക വിപണിയിൽ പ്രകടമാണ്.
സ്വർണം താഴോട്ടു നീങ്ങി. ഇന്നലെ 1782 ഡോളറിൽ നിന്ന് 1760 ഡോളറിലേക്കു താണ സ്വർണം ഇന്നു രാവിലെ 1771-1772 ഡോളറിലാണ്.
സ്റ്റാർ ഹെൽത്ത് ഐപിഒയ്ക്കു സംഭവിച്ചത്?
സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് ഐപിഒ ഞെരുങ്ങി കടന്നു കൂടി. 7250 കോടി രൂപ ലക്ഷ്യമിട്ട ഐപിഒയിൽ 79 ശതമാനം ഓഹരിക്കേ അപേക്ഷ ലഭിച്ചുള്ളു.
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിൻ്റെ വിഹിതത്തിൽ 75 ശതമാനം അപേക്ഷ ലഭിച്ചില്ലെങ്കിൽ ഐപിഒ പരാജയപ്പെടുമായിരുന്നു. അവസാന ദിവസമായ ഇന്നലെ വൈകുന്നേരത്തോടെ ആ വിഭാഗത്തിൽ 103 ശതമാനം അപേക്ഷ ഉണ്ടായി.
ചില്ലറ നിക്ഷേപകർക്കു സാധാരണ ഐപിഒകളിൽ 35 ശതമാനം ഓഹരി നീക്കി വയ്ക്കുന്നതാണ്. സ്റ്റാർ ആ വിഹിതം 10 ശതമാനമായി കുറച്ചു. 110 ശതമാനം അപേക്ഷകളാണ് ആ വിഭാഗത്തിൽ ലഭിച്ചത്. ജീവനക്കാരുടെ വിഹിതത്തിൽ 10 ശതമാനം മാത്രം അപേക്ഷയേ ഉള്ളു. ഹൈ നെറ്റ് വർത്ത് ഇൻഡിവിഡ്വൽസ് വിഭാഗത്തിൽ 19 ശതമാനം അപേക്ഷ മാത്രം. മ്യൂച്വൽ ഫണ്ടുകൾ ഐപിഒയിൽ അപേക്ഷയേ നൽകിയില്ല. സ്വദേശി ധനകാര്യ സ്ഥാപനങ്ങളും സ്റ്റാറിൽ താൽപര്യമെടുത്തില്ല.
ബിഗ് ബുൾ രാകേഷ് ജുൻജുൻ വാല നിക്ഷേപകനായ കമ്പനി അമിതവിലയിട്ടാണ് ഓഹരി വിൽക്കുന്നതെന്നാണു നിക്ഷേപകരുടെ പരാതി. ബുക്ക് വാല്യുവിൻ്റെ 10 മടങ്ങാണു വില. ഐസിഐസിഐ ലൊംബാർഡ് ബുക്ക് വാല്യുവിൻ്റെ 8.25 മടങ്ങിൽ ലഭ്യമാണ്. ജുൻജുൻ വാലയുടെ ഓഹരികൾ വിൽക്കുന്നില്ല. ശരാശരി 155 രൂപയ്ക്കാണ് അദ്ദേഹം കമ്പനിയുടെ ഓഹരികൾ നേടിയത്.
കമ്പനി 2000 കോടിയുടെ പുതിയ ഓഹരിയും ബാക്കി പഴയ ഓഹരികളും വിൽക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പഴയ ഓഹരി വിൽപന 4400 കോടിയുടേതായി കുറയ്ക്കും.
സീ- സോണി ലയനം ഉടനെ?
സീ ടിവിയും സോണിയും തമ്മിലുള്ള ലയനം ക്രിസ്മസിനു മുമ്പു നടക്കുമെന്നു സൂചന. സീ എൻ്റർടെയ്ൻമെൻറ് എൻ്റർപ്രൈസസ് സിഇഒ പുനിത് ഗോയങ്ക സോണിയുമായി ചർച്ചയ്ക്ക് ലോസ് ആഞ്ചൽസിൽ എത്തി. അമേരിക്കൻ നിക്ഷേപക ഉപദേശസ്ഥാപനമായ ഇൻവെസ്കോ ഇടപാടിനെപ്പറ്റി ഉയർത്തിയ സംശയങ്ങൾ ദൂരീകരിക്കാനും ഗോയങ്ക ഈ യാത്രയിൽ ശ്രമിക്കും.
This section is powered by Muthoot Finance