ഓഹരി വിപണിയിൽ തിരുത്തൽ എവിടെ വരെയാകാം? ഇന്ന് ആശ്വാസറാലിയുണ്ടാകുമോ? താഴ്ചയിൽ വാങ്ങി കൂട്ടാൻ തിടുക്കം വേണോ? രൂപയ്ക്കു ബലം പകരാൻ ആർബിഐ
ആശ്വാസ റാലി പ്രതീക്ഷിച്ച് ഓഹരി വിപണി; ഈ ഇടിവ് നിക്ഷേപിക്കാനുള്ള അവസരമാണോ? പുതു തലമുറ ഓഹരികൾ ക്ഷീണത്തിൽ
വലിയ താഴ്ചയ്ക്കു ശേഷം ശക്തമായ ആശ്വാസറാലി പ്രതീക്ഷിച്ചാണ് ഇന്ന് ഇന്ത്യൻ ഓഹരി വിപണി തുറക്കുക. ഇന്ത്യയിലടക്കം ഓഹരി കമ്പോളങ്ങൾ ഇന്നലെ വലിയ ഇടിവിലായിരുന്നു. പല വിപണികളും സമീപകാല ഉയരങ്ങളിൽ നിന്ന് പത്തു ശതമാനത്തിലേറെ താണു തിരുത്തൽ മേഖലയിൽ എത്തി.
ടോക്കിയോ മുതൽ ന്യൂയോർക്ക് വരെ വിപണികൾ ചുവപ്പിൽ കുളിച്ച ശേഷം ആശ്വാസ റാലി ഉണ്ടാകുന്നതിലാണ് ഇന്നു നിക്ഷേപകരുടെ ശ്രദ്ധ. താഴ്ചയിൽ വാങ്ങൽ തന്ത്രം പ്രയോഗിക്കാനുള്ള സമയം ആയിട്ടില്ലെങ്കിലും ആ തന്ത്രമാണ് ഇന്ന് ആശ്വാസ റാലിയെ നയിക്കുക. യുഎസ് ഫ്യൂച്ചേഴ്സ് അതിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് ഉയർച്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒന്നര ശതമാനത്തോളം ഉയർന്നു.
എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിൽ
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 16,746 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്ത്യയിലെ നിഫ്റ്റി ക്ലോസിംഗിനേക്കാൾ 132 പോയിൻ്റ് ഉയരത്തിൽ. ഇന്നു രാവിലെ എസ്ജി എക്സ് നിഫ്റ്റി 16,767 ലേക്കു കയറി. ഇന്ത്യൻ വിപണി നല്ല നേട്ടത്താേടെ തുടങ്ങുമെന്ന പ്രതീക്ഷയാണ് ഇതിലുള്ളത്.
ഇന്നലെ സെൻസെക്സ് 55,132.68 വരെ താണ ശേഷം 690 പോയിന്റ് തിരിച്ചു കയറി. നിഫ്റ്റി 16,410 - ലേക്കു പതിച്ച ശേഷം 204 പോയിന്റ് ഉയർന്നു. സെൻസെക്സ് 1189.73 പോയിന്റ് (2.09 ശതമാനം) നഷ്ടത്തിൽ 55,822.01 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 371 പോയിന്റ് (2.18 ശതമാനം) താണ് 16,614.2 ൽ ക്ലോസ് ചെയ്തു. സ്മോൾ, മിഡ് ക്യാപ് സൂചികകൾ മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു. എല്ലാ വ്യവസായ വിഭാഗങ്ങളും ഇന്നലെ താഴോട്ടായിരുന്നു.
പുതുതലമുറയ്ക്കു ക്ഷീണം
ആമസോണുമായുള്ള നിയമയുദ്ധത്തിൽ മേൽക്കൈ കിട്ടിയ ഫ്യൂച്ചർ ഗ്രൂപ്പിലെ കമ്പനികൾ ഇന്നലെ ഇരുപതു ശതമാനത്തോളം ഉയർന്നു. എന്നാൽ റിലയൻസിനു ക്ഷീണമായിരുന്നു. ക്രൂഡ് വിലത്തകർച്ച ഒഎൻജിസി, ഐഒസി തുടങ്ങിയവയെ വലിച്ചു താഴ്ത്തി. ചില ഫാർമ കമ്പനികൾ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. ഫിൻടെക്കുകൾ അടക്കം പുതുതലമുറ കമ്പനികളിൽ ഇന്നലെ വലിയ വിറ്റൊഴിയൽ ദൃശ്യമായി. അമേരിക്കയിലും പുതുതലമുറ ഓഹരികൾക്ക് ഈ ദിവസങ്ങളിൽ ദൗർബല്യമാണ്.
വിപണി 200 ദിന സിംപിൾ മൂവിംഗ് ആവരേജിനു താഴെ എത്തി. സാങ്കേതിക വിശകലന വിദഗ്ധർ നിഫ്റ്റിക്കു 16, 405 ലും 16,195 ലുമാണു താങ്ങു കാണുന്നത്. ഉയർച്ചയിൽ 16,835-ഉം 17,050 ഉം തടസങ്ങളാകും. നിഫ്റ്റി 16,400 -നു താഴോട്ടു നീങ്ങിയാൽ 15,800 വരെയാകും യാത്ര എന്നു ചാർട്ടുകൾ സൂചിപ്പിക്കുന്നു.
ക്രൂഡ് ഇടിഞ്ഞു
ഒമിക്രോൺ വ്യാപനം ഗതാഗത നിയന്ത്രണങ്ങൾക്കു വഴിതെളിക്കുമെന്ന ആശങ്ക ക്രൂഡ് ഓയിൽ വില ഇടിച്ചു. 75 ഡോളറിനു മുകളിൽ നിന്ന് ബ്രെൻ്റ് ഇനം 71.52 ലേക്കു താണു.
യുഎസ് അവധിക്കാലത്തിലേക്കു പ്രവേശിച്ചെങ്കിലും അവിടെ കൂടുതൽ ഉപയോഗിക്കുന്ന ഡബ്ള്യുടിഐ ഇനം 68.2 ഡോളറിലേക്ക് ഇടിഞ്ഞു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ താഴ്ചകൾ കാണിച്ചു. എന്നാൽ ചൈനീസ് ഡിമാൻഡ് വർധിച്ചതുമൂലം ഇരുമ്പയിര് വില രണ്ടു ശതമാനം ഉയർന്നു.
സ്വർണം 1800 ഡോളറിനു മുകളിൽ തുടരാൻ പറ്റാതെ താഴോട്ടു വീണു. 1790-1792 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. ഡോളറിൻ്റെ വിനിമയനിരക്കും കുറഞ്ഞതിനാൽ കേരളത്തിൽ ഇന്നു സ്വർണവില കുറയാം.
രൂപയെ ഉയർത്താൻ റിസർവ് ബാങ്ക്
രൂപയുടെ ഇടിവ് പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് ഈ ദിവസങ്ങളിൽ ഇടപെട്ടു. രൂപ ദുർബലമാകുന്നതിനെ തടസപ്പെടുത്തില്ല എന്ന നിലപാട് മാറ്റാൻ കാരണം എന്തെന്നു വ്യക്തമല്ല. ഏകദേശം 500 കോടി ഡോളർ പൊതുമേഖലാ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിലിറക്കി.
ഡോളർ 75.9 രൂപയിലേക്കു താണു. 77 രൂപയിലേക്കു നീങ്ങുകയായിരുന്ന ഡോളർ താണത് ഐടി കമ്പനികൾക്കു രൂപയിലുള്ള വരുമാനം കുറയ്ക്കും.
ബുൾ തരംഗങ്ങളുടെ ഇരകൾ
എല്ലാ ബുൾ തരംഗങ്ങളും പുതിയ നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കും. തരംഗത്തിൻ്റെ അവസാന ആഴ്ചകളിൽ ദിവസേന പുതിയ റിക്കാർഡുകൾ കുറിക്കുന്ന അവസരത്തിലാകും അവർ വിപണിയിൽ പ്രവേശിക്കുക. ദിവസവും ഉയരുന്ന വിപണിയിൽ അവർ മതിമറക്കും. ബുൾ തരംഗങ്ങൾ ശാശ്വതമല്ല; ഉയർച്ചയ്ക്കു പിന്നാലെ താഴ്ച ഉണ്ട് എന്നതൊന്നും അവരുടെ മനസിൽ ഇല്ല.
അത്തരക്കാരെ വല്ലാതെ മനം മടുപ്പിക്കുന്ന ദിവസങ്ങളിലൂടെയാണ് ഓഹരി വിപണി കടന്നു പോകുന്നത്. ഒക്ടോബർ മൂന്നാം വാരത്തിലെ സർവകാല റിക്കാർഡിൽ നിന്ന് സെൻസെക്സ് 10.32 ശതമാനവും നിഫ്റ്റി 10.7 ശതമാനവും ഇടിഞ്ഞിരിക്കുന്നു. വിപണി ഗതി കാണിക്കുന്ന ടി വി - യൂ ട്യൂബ് ചാനലുകളിലും ചുവപ്പു മാത്രം. ചുവപ്പ് ചോരയുടെ നിറമാണ്. വിപണിയിൽ ചോരപ്പുഴയാണ്.
ആദ്യമായി ഇത് അനുഭവിക്കുന്നവർ എല്ലാം മതിയാക്കി പോകാൻ തീരുമാനിക്കുന്ന നാളുകൾ. പക്ഷേ നല്ല കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ളവർ വിഷമിക്കേണ്ട കാര്യമില്ല. കാറ്റു മാറി വീശുമ്പോൾ ആ ഓഹരികൾ തിരിച്ചു കയറും.
ഇതല്ല വലിയ താഴ്ച
ഇന്ത്യൻ വിപണി ഇന്നലെ രണ്ടു ശതമാനം മാത്രമേ ഇടിഞ്ഞുള്ളു. വ്യാപാരത്തിനിടെ മൂന്നു ശതമാനം വരെ താണെങ്കിലും ഉച്ചയ്ക്കുശേഷം ഗണ്യമായി തിരിച്ചു കയറി. ദിവസം പത്തു ശതമാനമൊക്കെ ഇടിഞ്ഞ ചരിത്രം സെൻസെക്സിനും നിഫ്റ്റിക്കും ഉണ്ടെന്നത് ഇങ്ങനെയുള്ള ദിവസങ്ങളിൽ പലരും ഓർമിക്കുന്നില്ല. ഇന്നലത്തേത് ഈ വർഷത്തെ വലിയ താഴ്ചകളിൽ അഞ്ചാം സ്ഥാനത്തേ വരൂ എന്നതും പലരും മറക്കുന്നു. 3.8 ശതമാനം ഇടിവോടെ ക്ലോസ് ചെയ്തതാണ് ഈ വർഷത്തെ വലിയ തകർച്ച.
വിപണി തിരുത്തൽ മേഖലയിലേക്കു കടക്കുകയാണെന്നു ന്യായമായും കരുതാം. 2020 മാർച്ചിലെ താഴ്ചയിൽ നിന്ന് ഇരട്ടിയിലേറെ ഉയർന്ന കമ്പാേളത്തിന് ഒരു തിരുത്തൽ അനിവാര്യമാണ്. അത് 20 ശതമാനം വരെയോ 30 ശതമാനം വരെയോ ആകാം. വിപണിയിലേക്കു ധാരാളം പണം ഒഴുകി വന്നതിൻ്റെ ഫലമായുള്ള ഉയർച്ച ആ പണമൊഴുക്കു നിലയ്ക്കുമ്പോൾ താഴ്ചയായി മാറും. അതാണു കാണുന്നത്.
പലിശ കൂട്ടൽ നീട്ടിവയ്ക്കുമോ?
കോവിഡിൻ്റെ ഒമിക്രോൺ വകഭേദം പാശ്ചാത്യ രാജ്യങ്ങളിൽ അതിവേഗമാണു പടരുന്നത്. യുകെയിൽ പ്രതിദിന രോഗബാധ ഒരു ലക്ഷത്തിലേക്ക് അടുത്തു. വാക്സിനേഷൻ കഴിഞ്ഞവരെയും ഈ വകഭേദം സാരമായി ബാധിക്കുന്നുണ്ട് എന്ന പുതിയ കണ്ടെത്തൽ ആശങ്ക വളർത്തുന്നു. വീണ്ടും ലോക്ക് ഡൗണുകൾ വരുമോ എന്ന ആശങ്കയുമുണ്ട്.
കേന്ദ്ര ബാങ്കുകൾ ധനകാര്യ ഉത്തേജനം പിൻവലിക്കുന്നതിൻ്റെ വിഷമത്തോടൊപ്പമാണ് ഇത്. സാമ്പത്തിക വളർച്ച പിന്നോട്ടടിക്കാൻ കോവിഡ് വ്യാപനം കാരണമാകും എന്നാണ് ആശങ്ക.
ആശ്വാസമായി ഒരു നിഗമനമുണ്ട്. രോഗബാധ ഈ ശീതകാലത്തു നിയന്ത്രണം വിട്ടു കൂടിയാൽ പലിശ വർധന വൈകിയേക്കും. അതു വിലക്കയറ്റത്തിൻ്റെ ഗതി കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
ബൈഡൻ്റെ പദ്ധതിക്കു പാര
അമേരിക്കയിൽ അടിസ്ഥാന സൗകര്യ നവീകരണത്തിനു പ്രസിഡൻ്റ് ജോ ബൈഡൻ നിർദേശിച്ച രണ്ടു ലക്ഷം കോടി ഡോളറിന്റെ പദ്ധതിക്കു സ്വന്തം പാർട്ടിയിൽ നിന്നു തന്നെ പാര വന്നു. ജോ മാൻചിൻ എന്ന സെനറ്റർ ഇതിനെ എതിർക്കുമെന്നു പ്രഖ്യാപിച്ചു. കക്ഷിനില 50-50 ആയുള്ള സെനറ്റിൽ ഒരംഗം എതിർത്താൽ പദ്ധതി പാസാകില്ല. കാതൽ വ്യവസായങ്ങൾക്കു വലിയ നേട്ടമാകുന്നതാണു പദ്ധതി. ബൈഡൻ ഈ പ്രതിസന്ധി മറികടക്കും എന്നാണു ലോകം ശ്രദ്ധിക്കുന്നത്.
This section is powered by Muthoot Finance