കുതിച്ചുയർന്നു ബജറ്റിലേക്ക്; സർവേയിൽ ആശ്വാസം; നോട്ടം കമ്മിയിൽ; ക്രൂഡ് വീണ്ടും കയറി

ഈ രണ്ട് ഘടകങ്ങൾ ഒത്തു വന്നാൽ ഓഹരി വിപണിയിൽ സംഭവിക്കും ബുൾ റാലി; അറിയാം ജി ഡി പി കണത്തിന്റെ പിന്നിലെ കാര്യങ്ങൾ; അടുത്ത വർഷത്തെ വളർച്ച അനുമാനം കുറച്ചതിന് പിന്നിലെ ന്ത്?

Update:2022-02-01 07:50 IST

ബജറ്റ് ദിനത്തിലേക്കു വിപണി കുതിച്ചു കയറുകയായിരുന്നു. ഇന്നു രാവിലെ വീണ്ടും കുതിക്കാൻ എല്ലാ സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. ഇതു തുടരുകയും ഒരു ബുൾ തരംഗമായി മാറുകയും ചെയ്യുമോ എന്നതു നിർമല സീതാരാമൻ്റെ ബജറ്റിനെയും വിദേശ നിക്ഷേപകരുടെ സമീപനത്തെയും ആശ്രയിച്ചിരിക്കും.

വിപണിക്ക് അഹിതമായ കാര്യങ്ങൾ ചെയ്യാൻ നിർമലയോ സർക്കാരോ ഉദ്ദേശിക്കുകയില്ല. എന്നാൽ തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിൽ കൈയടിക്കും വോട്ടിനും വേണ്ടി എന്തെങ്കിലും ചെയ്യുകയും കമ്മി കുറയ്ക്കാൻ നടപടി ഇല്ലാതിരിക്കുകയും ചെയ്താൽ വിപണി വിപരീതമായി പ്രതികരിക്കും.

ഇന്നലെ ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ഓഹരി വിപണികൾ ഉണർവിലായിരുന്നു. യുഎസ് സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും വലിയ ഉയർച്ച കാണിച്ചു. രണ്ടു ദിവസം കൊണ്ടു ഡൗ ജോൺസ് സൂചിക ആയിരം പോയിൻ്റോളം ഉയർന്നു. നാസ്ഡാക് രണ്ടു ദിവസം കൊണ്ട് ആറു ശതമാനത്തിലധികം കയറി. ഇതിൻ്റെ തുടർച്ചയാകും ഇന്നു രാവിലെ ഇന്ത്യൻ വിപണിയിൽ ഉണ്ടാവുക. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് അൽപം താഴ്ന്നു.

ഏഷ്യൻ വിപണികളും രാവിലെ നല്ല കുതിപ്പിലാണ്. സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ നിഫ്റ്റി ഫ്യൂച്ചേഴ്സും നല്ല ഉയരത്തിലാണ്.

ഇന്നലെ ഇന്ത്യൻ വിപണി നല്ല ആവേശത്തിലായിരുന്നു. സെൻസെക്സ് 58,000നു മുകളിലേക്കു കയറി. സെൻസെക്സ് 813.94 പോയിൻ്റ് (1.42%) നേട്ടത്തോടെ 58,014.17 ലും നിഫ്റ്റി 237.8 പോയിൻ്റ് (1.39%) നേട്ടത്താടെ 17,339.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.57 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.13 ശതമാനവും ഉയർന്നു.

വിദേശികൾ വിൽപന കുറയ്ക്കുന്നില്ല

വിദേശ നിക്ഷേപകർ ഇന്നലെ 3624.48 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. ഇതോടെ ജനുവരി മാസത്തെ വിദേശി വിൽപ്പന 41,346.35 കോടി രൂപയായി. 2020 മാർച്ചിലെ 65,816.7 കോടി കഴിഞ്ഞാൽ ഏറ്റവും കൂടിയ വിൽപന. അന്ന് കോവിഡും ലോക്ക് ഡൗണും പശ്ചാത്തലമായി ഉണ്ടായിരുന്നു. ഇപ്പോഴത്തെ പശ്ചാത്തലം അടുത്ത മാസം യുഎസ് ഫെഡ് പലിശ കൂട്ടുന്നതാണ്. മാർച്ചിൽ ഒരു പക്ഷേ അടിസ്ഥാന പലിശ അര ശതമാനം കൂട്ടും എന്നു വിപണി കരുതുന്നു. സ്വദേശി ഫണ്ടുകൾ ഇന്നലെ 3648.65 കോടി ഓഹരികളിൽ നിക്ഷേപിച്ചു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,518 - ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 17,529 ലെത്തി. ഇന്ത്യയിൽ നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ക്രൂഡ് ഓയിൽ വില അൽപം താണിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 91.21 ഡോളറിൽ എത്തി. ഒപെക് പ്ലസ് യോഗം ഉൽപാദനം എത്ര വർധിപ്പിക്കണം എന്ന കാര്യത്തിൽ ധാരണയിൽ എത്താത്തതും വില കൂടാൻ കാരണമായി.

വ്യാവസായിക ലോഹങ്ങൾ നേരിയ ഇടിവിലാണ്. ചൈനയിലെ അവധിയും സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള ആശങ്കയുമാണു കാരണം.

സ്വർണം ഇന്നലെ നേട്ടത്തിലായി. 1800 ഡോളറിലേക്കു തിരിച്ചു കയറിയ സ്വർണം ഇന്നു രാവിലെ 1798-1799 ഡോളറിലാണ്.

പലിശക്കാര്യം മറക്കുന്നു

പലിശവർധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ അമേരിക്കൻ വിപണി തൽക്കാലം മറക്കുന്നതായാണു കാണുന്നത്. ഒരാഴ്ച മുമ്പ് ടെസ് ല ഓഹരിയെ 15 ശതമാനത്തിലേറെ താഴ്ത്തിയ വിപണി ഇന്നലെ ആ ഓഹരിയെ 10.77 ശതമാനം ഉയർത്തി. കമ്പനിക്കു വലിയ സാധ്യത കൽപിച്ച അനലിസ്റ്റ് റിപ്പോർട്ടാണു കാരണം.

ദിവസങ്ങൾ മുമ്പുവരെ ഇന്ത്യൻ വിപണിയുടെ ഓമനകൾ ആയിരുന്ന ഐടി ഓഹരികളെ കുറേ ദിവസമായി ഇടിച്ചുതാഴ്ത്തിയത് അമേരിക്കയിൽ ടെക് ഓഹരികളെ തഴഞ്ഞപ്പോഴാണ്. അവിടെ ടെക് പ്രിയമായപ്പോൾ ഇവിടെയും പ്രിയം കൂടി. ഇന്നലെ ഐടി സൂചിക മൂന്നു ശതമാനത്തിലധികം ഉയർന്നു.

അടുത്ത വർഷം കുറഞ്ഞ വളർച്ച

അടുത്ത ധനകാര്യ വർഷത്തെ ജിഡിപി വളർച്ച സംബന്ധിച്ച സാമ്പത്തിക സർവേയിലെ നിഗമനം യാഥാസ്ഥിതികമാണെന്നു പലരും ഇന്നലെ വിശേഷിപ്പിച്ചു.

എട്ടു മുതൽ എട്ടര വരെ ശതമാനം വളർച്ചയാണു സർവേ കണക്കാക്കുന്നത്. നടപ്പു വർഷം 9.2 ശതമാനം വളർച്ച എൻഎസ്ഒ (നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്) മുൻകൂർ എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

ലോകബാങ്കും ഐഎംഎഫും ഏഷ്യൻ വികസന ബാങ്കും ഒൻപതു ശതമാനം വളർച്ച പ്രവചിച്ചിരിക്കുമ്പോഴാണു ധനമന്ത്രാലയം തയാറാക്കിയ സർവേയുടെ കുറഞ്ഞ നിഗമനം. ഇക്കൊല്ലത്തേക്കു കഴിഞ്ഞ സാമ്പത്തിക സർവേയിൽ 11 ശതമാനം വളർച്ച പ്രതീക്ഷിച്ചത് അമ്പേ പാളിപ്പോയതിൻ്റെ കൂടി പശ്ചാത്തലത്തിലാകാം സർവേയിലെ കുറഞ്ഞ പ്രവചനം.

വളർച്ചത്തോതു കുറയുമ്പോൾ ജിഡിപിയുടെ തുക കുറയും. അപ്പോൾ ആളോഹരി വരുമാനം കുറയും. അത് ഉപഭാേഗം അടക്കം സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളെ മന്ദീഭവിപ്പിക്കും. തലേ വർഷം (2020-21) വളർച്ചയ്ക്കു പകരം തളർച്ച ആയിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ആണ് ഈ വർഷം ഉയർന്ന വളർച്ച.

അടുത്ത വർഷത്തെ വളർച്ചക്കണക്കിന് ഈ താഴ്ന്ന അടിത്തറയുടെ ആനുകൂല്യം ഇല്ല. വളർച്ച പ്രതീക്ഷ കുറഞ്ഞതിത് ആ സാഹചര്യവും ഉണ്ട്.

അത്രയും കുറഞ്ഞില്ലെന്ന്

കോവിഡ് മൂലം 2020-21 ലെ ജിഡിപി 7.4 ശതമാനം ചുരുങ്ങി എന്ന ആദ്യ നിഗമനം പിന്നീട് 7.3 ശതമാനം ആയി തിരുത്തിയിരുന്നു. ഇപ്പാേൾ ഒന്നാമത്തെ തിരുത്തൽ കണക്കനുസരിച്ച് അന്നത്തെ ചുരുങ്ങൽ 6.6 ശതമാനം മാത്രമാണ്.

കാര്യങ്ങൾ മുമ്പു പറഞ്ഞതിലും മെച്ചമാണെന്നു കണക്കാക്കാൻ വരട്ടെ. 2019-20-ലെ വളർച്ച നേരത്തേ പറഞ്ഞതിലും കുറവായ സാഹചര്യത്തിലാണ് ഈ തിരുത്തൽ. 2019-20 ൽ നാലു ശതമാനം വളർന്നു എന്ന പഴയ കണക്കു തിരുത്തി. അക്കൊല്ലം 3.7 ശതമാനമേ വളർന്നുള്ളു എന്ന് ഇപ്പാേൾ പറയുന്നു.

തുകയിൽ പറഞ്ഞാൽ 2019-20 ൽ 145.69 ലക്ഷം കോടി ജിഡിപി എന്നു കണക്കാക്കിയത് 145.16 ലക്ഷം കോടിയായി ചുരുങ്ങി. 2020-21ലേത് 135.12 ലക്ഷം കോടിയിൽ നിന്ന് 135.58 ലക്ഷം കോടിയിലേക്ക് വർധിച്ചു. അപ്പോൾ അക്കൊല്ലം ഇന്ത്യയുടെ ചുരുങ്ങൽ കുറച്ചേ ഉള്ളൂ എന്നു വന്നു.

വളർച്ചയും അത്രയ്ക്കില്ല

ജിഡിപി കണക്കുകൾ നാലു തവണ തിരുത്താറുണ്ട്. ധനകാര്യ വർഷം തീരും മുമ്പ് ജനുവരിയിൽ ഒരു അഡ്വാൻസ് എസ്റ്റിമേറ്റ്, വർഷം കഴിഞ്ഞു മേയ് അവസാനം താൽക്കാലിക എസ്റ്റിമേറ്റ്, പിറ്റേ ജനുവരിയിൽ ഒന്നാമത്തെ പുതുക്കിയ എസ്റ്റിമേറ്റ്, വീണ്ടും ഒരു വർഷം കഴിയുമ്പോൾ രണ്ടാമത്തെ തിരുത്തിയ കണക്ക്, ഒരു വർഷം കൂടി കഴിഞ്ഞ് മൂന്നാമത്തെ തിരുത്തിയ കണക്ക് ഇങ്ങനെയാണ് അത്. 2020-21-ലേത് ഇപ്പാേൾ ഒന്നാമത്തെപുതുക്കിയ എസ്റ്റിമേറ്റും 2019 -20 ലേത് രണ്ടാമത്തെ തിരുത്തിയ കണക്കും ആണ്.

പുതിയ തിരുത്തൽ മറ്റൊരു കാര്യം കാണിക്കുന്നു.2021-22 ലെ വളർച്ച 9.2 ശതമാനമില്ല, 8.8 ശതമാനമേ ഉള്ളൂ. 2020-21 ലെ 135.58 ലക്ഷം കോടിയിൽ നിന്നു 2021-22 ൽ 147.54 ലക്ഷം കോടിയിലേക്ക് ജിഡിപി വളർന്നു. ഇനിയും നാലു തവണ തിരുത്തേണ്ടതാണ് ഈ സംഖ്യ.

ഇപ്പോഴും ചൈനയേക്കാളും ഉയർന്ന തോതിൽ വളർന്നിട്ടുണ്ട്. ചൈന കോവിഡ് വർഷം വളർച്ച കുറഞ്ഞെങ്കിലും ജിഡിപി ചുരുങ്ങാതെ പിടിച്ചു നിന്നു.

തന്നാണ്ടു വിലയിലെ (Nominal) ജിഡിപി 2020-21 ൽ മൂന്നു ശതമാനം ചുരുങ്ങി എന്ന നിഗമനം 1.4 ശതമാനം മാത്രം ചുരുങ്ങി എന്നാക്കി. അപ്പോൾ 2021-22 ലെ വളർച്ച 17.6 ശതമാനത്തിൽ നിന്ന് 17.2 ശതമാനമായി കുറയും.

കാതൽ മേഖല തിളങ്ങിയില്ല, ജിഎസ്ടി പിരിവ് മെച്ചം

ഡിസംബറിൽ കാതൽ മേഖലയിലെ ഉൽപാദന വളർച്ച 3.8 ശതമാനമായി. നവംബറിലെ 3.4 ശതമാനത്തിലും മെച്ചമാണെങ്കിലും ഒക്ടോബറിലെ 8.4 ശതമാനത്തിൽ നിന്നു വളരെ താഴെയാണ്. ഡിസംബറിലെ വ്യവസായ ഉൽപാദന വളർച്ച രണ്ടു ശതമാനത്തിനടുത്തു മാത്രമായിരിക്കുമെന്നാണ് ഇതു നൽകുന്ന സൂചന.

ജനുവരിയിൽ ജിഎസ്ടി പിരിവ് 1.38 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഏപ്രിലിലെ റിക്കാർഡ് പിരിവായ 1.397 ലക്ഷം കോടി രൂപയുടെ തൊട്ടു പിന്നിലാണിത്. തുക വീണ്ടും കൂടിയേക്കും. തിങ്കളാഴ്ച മൂന്നു മണി വരെയുള്ള കണക്കാണിത്. പിന്നീടും നികുതി അടച്ചിട്ടുണ്ട്. 

This section is powered by Muthoot Finance


Tags:    

Similar News