വിപണിക്കു ഫേസ്ബുക്കിൻ്റെ മെറ്റാ ഇരുട്ടടി; ആവേശം ചോരുമോ?; നികുതിക്കുരുക്ക് വിദേശികളെ വിഷമിപ്പിക്കും; ഇത്രയും കടപ്പത്രം വിപണി താങ്ങുമോ?
മെറ്റാ പ്ലാറ്റ്ഫോംസ് ഓഹരി നിക്ഷേപകർക്ക് ഇന്ന് പ്രശ്നം സൃഷ്ടിക്കുമോ? വിദേശികൾ നിക്ഷേപ തന്ത്രം മാറ്റിയെഴുതുമോ? റിസർവ് ബാങ്ക് എന്തു പറയും?
തുടർച്ചയായ മൂന്നാം ദിവസവും മികച്ച നേട്ടത്തോടെ വിപണി നീങ്ങി. അതു നാലാം ദിവസവും തുടരുമെന്ന പ്രതീക്ഷയ്ക്ക് ചെറിയ മങ്ങൽ. ഇന്നലെ യു എസ് വിപണി മിതമായ നേട്ടത്തോടെ ക്ലോസ് ചെയ്ത ശേഷം ഫേസ് ബുക്ക് കുത്തനെ ഇടിഞ്ഞു. ഫേസ് ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസ് ലാഭം അപ്രതീക്ഷിതമായി കുറഞ്ഞതാണു കാരണം. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കൂടിയില്ല. ഇതോടെ വിപണി ക്ലോസ് ചെയ്ത ശേഷമുള്ള വ്യാപാരത്തിൽ ഫേസ് ബുക്ക് ഓഹരി 23 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് സാരഥി മാർക്ക് സക്കർബർഗിൻ്റെ സമ്പത്ത് 2400 കോടി ഡോളർ കണ്ട് ഇടിയാൻ ഇതു കാരണമാകും. ഡൗ ജോൺസ്, നാസ്ഡാക് ഫ്യൂച്ചേഴ്സും താഴോട്ടു നീങ്ങി. ഇതിൻ്റെ തുടർച്ച ഇന്ന് ഇന്ത്യയിലെ ഐടി കമ്പനികളുടെ വ്യാപാരത്തിലും പ്രതിഫലിക്കാം.
ഈ അപ്രതീക്ഷിത ചലനമില്ലെങ്കിൽ സെൻസെക്സ് 60,000വും നിഫ്റ്റി 18,000വും കടക്കാൻ പറ്റിയ അന്തരീക്ഷം രൂപം കൊണ്ടതാണ്. ബജറ്റിൽ നിന്നു പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെങ്കിലും വിപണി ആവേശത്തോടെ കുതിച്ചു കയറുകയായിരുന്നു. ആ കുതിപ്പിന് ഫേസ്ബുക്കിൽ നിന്നു തിരിച്ചടി കിട്ടുമോ എന്നാണ് അറിയേണ്ടത്.
ഇന്നു രാവിലെ ഓസ്ട്രേലിയയിലും ജപ്പാനിലും ഓഹരി സൂചികകൾ ഗണ്യമായ താഴ്ചയിലാണ്. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഇന്നലെ 17,854 വരെ ഉയർന്ന എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 17,761 ലേക്കു താണു. വിപണി ആവേശമില്ലാത്തതോ താഴ്ന്നതാേ ആയ തുടക്കമാകും ഉണ്ടാകുക.
ഇന്നലെ സെൻസെക്സ് 695.76 പോയിൻ്റ് (1.18%) ഉയർന്ന് 59,558.33 ലും നിഫ്റ്റി 203.15 പോയിൻ്റ് (1.16%) ഉയർന്ന് 17,780-ലും ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ കമ്പനികളാണ് ഇന്നലെ വലിയ നേട്ടമുണ്ടാക്കിയത്. ഐടി, ക്യാപ്പിറ്റൽ ഗുഡ്സ്, ഹെൽത്ത് കെയർ മേഖലകളും മുന്നേറി. സ്മോൾ ക്യാപ് സൂചിക 1.54 ശതമാനം കയറിയപ്പോൾ മിഡ് ക്യാപ് സൂചിക1.08 ശതമാനം നേടി.
വിദേശികൾക്കു നികുതിക്കുരുക്ക്
വിദേശ നിക്ഷേപകർ ഇന്നലെ 183.6 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഫ്യൂച്ചേഴ്സ്/ഓപ്ഷൻസ് വ്യാപാരത്തിലും അവർ ചുരുങ്ങിയ തോതിലേ ഇടപെട്ടുള്ളു. ബജറ്റിനു ശേഷം വിദേശ നിക്ഷേപകർ മന്ദഗതിയിലാണ്. ധനകാര്യ ബില്ലിലെ ചില നിർദേശങ്ങൾ വിദേശ നിക്ഷേപകരെയും അതിസമ്പന്ന നിക്ഷേപകരെയും വിഷമിപ്പിക്കുന്നുണ്ട്. ഡെറിവേറ്റീവ് വ്യാപാരത്തിലെ ലാഭം ക്യാഷ് വിപണിയിലെ നഷ്ടവുമായി തട്ടിക്കിഴിക്കുന്നത് അനുവദിക്കില്ല എന്ന ഭേദഗതിയാണു പ്രശ്നം. നികുതി ബാധ്യത കുറയ്ക്കാൻ ഈ സൗകര്യം ഏറെപ്പേർ ഉപയോഗിച്ചിരുന്നു. ബോണസ് ഇഷ്യു കഴിയുമ്പോഴും എക്സ് ഡിവിഡൻഡ് ആകുമ്പോഴും ഓഹരി വിറ്റ് നഷ്ടം കാണിക്കുകയും ഡെറിവേറ്റീവിലെ ലാഭവുമായി തട്ടിക്കിഴിക്കുകയും ചെയ്തിരുന്നത് ഇനി പറ്റില്ല. വിദേശികൾ ഇതേ തുടർന്നു നിക്ഷേപ തന്ത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്.
സ്വദേശി ഫണ്ടുകൾ ഇന്നലെ 425.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് ആണെന്നും നിഫ്റ്റിക്ക് ഹ്രസ്വകാല ലക്ഷ്യം 18,100 ആകാമെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,705 ലും 17,630 ലും നിഫ്റ്റിക്കു താങ്ങുകൾ ഉണ്ട്. ഉയർച്ചയിൽ 17,825-ഉം 17,870-ഉം തടസങ്ങൾ ആകാം.
ക്രൂഡിൽ ചെറിയ ചലനം
ക്രൂഡ് ഓയിൽ വില ചെറിയ മേഖലയിൽ കയറിയിറങ്ങി. റഷ്യ ഉൽപാദനം കോവിഡിനു മുമ്പത്തെ നിലയിലേക്ക് വർധിപ്പിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. യുക്രെയ്ൻ സംഘർഷനില മാറ്റമില്ലാതെ തുടരുന്നു. ഒപെക് പ്ലസ് ഉൽപാദന വർധന സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാത്തതും വിപണിയിൽ അനിശ്ചിതത്വം കൂട്ടുന്നു. ബ്രെൻ്റ് ഇനം 90.2 ഡോളറിൽ നിന്ന് 89.6 ഡോളറിലേക്കു താണു.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു തുടരുന്നു. ചെമ്പ് രണ്ടു ശതമാനം ഉയർന്ന് ടണ്ണിന് 9877 ഡോളറിലെത്തി. അലൂമിനിയം രണ്ടു ശതമാനം താണ് 2986 ഡോളർ ആയി. ഇരുമ്പയിര് വില 140 ഡോളറിലേക്കടുത്തു.
സ്വർണം വീണ്ടും ഉയർന്നു. ഇന്നലെ 1794-ൽ നിന്ന് 1811 ഡോളർ വരെ കയറി. ഇന്നു രാവിലെ 1807-1809 ഡോളറിലാണു വ്യാപാരം.
റിസർവ് ബാങ്ക് എന്തു പറയും?
വിപണി ഇനി ശ്രദ്ധിക്കുന്നത് അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി (എംപി സി) യോഗമാണ്. തിങ്കളാഴ്ച തുടങ്ങുന്ന യോഗത്തിലെ തീരുമാനം ബുധനാഴ്ച വെളിപ്പെടുത്തും. റിവേഴ്സ് റീപോ നിരക്ക് എത്ര ഉയർത്തും എന്നതാണ് ഇപ്പോഴത്തെ ചർച്ച. റീപോ നിരക്ക് നാലും റിവേഴ്സ് റീപോ നിരക്ക് 3.35-ഉം ശതമാനമാണ് ഇപ്പോൾ. സാധാരണ ഇവ തമ്മിൽ അര ശതമാനമാേ കാൽ ശതമാനമാേ ആണ് അകലം. പണലഭ്യത കൂട്ടാൻ വേണ്ടിയാണ് 2020-ൽ റിവേഴ്സ് റീപോ കൂടുതൽ താഴ്ത്തിയത്. ബാങ്കുകൾ പണം വായ്പ നൽകാതെ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്നത് ലാഭകരമല്ലാതാക്കാനാണ് ഇങ്ങനെ ചെയ്തത്. പണപ്പെരുപ്പവും വിലക്കയറ്റവും വർധിച്ചു വരുന്ന സാഹചര്യത്തിൽ പണലഭ്യത ചുരുക്കലിനാണു റിസർവ് ബാങ്ക് ഊന്നൽ നൽകുക. അതിൻ്റെ ഭാഗമായി റിവേഴ്സ് റീപോ 3.5% അല്ലെങ്കിൽ 3.75% ആക്കുമെന്നാണ് സംസാരം. അടുത്തയാഴ്ച ഇതു ചെയ്തിട്ട് മാർച്ച് ഒടുവിൽ റീപോയും റിവേഴ്സ് റീപോയും 25 ബേസിസ് പോയിൻ്റ് (കാൽ ശതമാനം) വീതം ഉയർത്താനാകും റിസർവ് ബാങ്ക് തീരുമാനിക്കുക. അതിനകം അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് നിരക്കു വർധന പ്രഖ്യാപിക്കും.
കടപ്പത്രവിൽപന പ്രശ്നമാകും
അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ വർധിപ്പിച്ചില്ലെങ്കിലും ഇന്ത്യയിൽ നിരക്ക് ഗണ്യമായി കൂടാൻ ബജറ്റ് വഴിതെളിക്കുന്നുണ്ട്. ഭീമമായ ബജറ്റ് കമ്മി നികത്താൻ 14.95 ലക്ഷം കോടി രൂപയുടെ കടപ്പത്രമാണ് അടുത്ത ധനകാര്യവർഷം ഇറക്കുന്നത്. ഇതു വിപണിയുടെ കണക്കു കൂട്ടലുകൾക്ക് അപ്പുറമാണ്. അമിതമായ കടപ്പത്രമിറക്കൽ കടപ്പത്രങ്ങളുടെ വിലയിടിക്കും. കൂടുതൽ പലിശ നൽകിയാലേ കടപ്പത്രം വിൽക്കാനാവൂ എന്നു വരും. കഴിഞ്ഞ കുറേ ആഴ്ചകളിൽ കടപ്പത്രങ്ങൾ മുഴുവൻ വിറ്റുപോകാതെ വന്ന സാഹചര്യമുണ്ട്. അണ്ടർ റൈറ്റ് ചെയ്ത ഡീലർമാർ അവ ഏറ്റെടുക്കേണ്ടി വന്നു. സംസ്ഥാനങ്ങൾക്കും കൂടുതൽ കടപ്പത്രമിറക്കാൻ ബജറ്റ് അനുമതി നൽകി. സംസ്ഥാന ജിഡിപിയുടെ 3.5 ശതമാനത്തിൽ നിന്നു നാലു ശതമാനത്തിലേക്കാണു വർധന. കേന്ദ്രവും സംസ്ഥാനങ്ങളും കൂടി ജിഡിപിയുടെ പത്തു ശതമാനത്തോളം തുകയുടെ കടപ്പത്രങ്ങൾ ഇറക്കും. ഇത്രയും ഉൾക്കൊള്ളാൻ വിപണിക്കു കഴിയുമോ എന്നതു വലിയ ചോദ്യമാണ്.
പലിശ കൂടും, ലാഭം കുറയും
കടപ്പത്രങ്ങൾ കൂടുതലാകുമ്പോൾ അവയുടെ വിപണിവില ഇടിയും. അവ വാങ്ങി വച്ചിട്ടുള്ള ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് വിലക്കുറവ് നഷ്ടമായി രേഖപ്പെടുത്തേണ്ടി വരും. ആ നഷ്ടത്തിനു പണം വകയിരുത്തുകയും വേണം. ഇപ്പാേൾ തന്നെ 6.1 ശതമാനം പലിശയുള്ള കടപ്പത്രങ്ങളുടെ വില നിക്ഷേപനേട്ടം (yield) 6.92 ശതമാനമാകുന്ന വിധം ഇടിഞ്ഞു. ഏപ്രിലോടെ ഇത് 7.25 ശതമാനത്തിലധികമാകും എന്നാണു സൂചന.
സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കൂടുമ്പോൾ പൊതു പലിശ നിലവാരവും കൂടും. കമ്പനികൾക്കു ഹ്രസ്വകാല ആവശ്യത്തിനുള്ള വായ്പകൾക്കു പലിശ ഉയരും. ഒപ്പം ബാങ്കുകളിലെ പലിശ നിലവാരവും വർധിക്കും. പലിശവർധന എപ്പോഴും കമ്പനികളുടെ ലാഭം കുറയ്ക്കും.