റിക്കാർഡ് തകർക്കാൻ ബുള്ളുകൾ; വിദേശികൾ വീണ്ടും വിൽപനയിൽ; റിസൽട്ടുകൾക്കു നല്ല തുടക്കം; വിലയും വളർച്ചയും ആശങ്ക പകരും

ഓഹരി വിപണിയുടെ ദിശ ഉയരങ്ങളിലേക്ക്; കുതിച്ചു കയറി വിലക്കയറ്റം; ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഐടി കമ്പനികൾ വൻ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു

Update: 2022-01-13 02:38 GMT

ബജറ്റിനു മുമ്പേ റിക്കാർഡ് ഉയരങ്ങളിലേക്കു മുഖ്യസൂചികകളെ എത്തിക്കാൻ ബുള്ളുകൾ ശ്രമിക്കുന്നു. വിപണിയുടെ ഉയർച്ചയ്ക്കു തടസമായ ഘടകങ്ങൾ അവഗണിച്ചു തള്ളുകയാണ് ഇതിലെ ഒരു ഘടകം. വ്യവസായ ഉൽപാദനം ഒൻപതു മാസത്തെ താഴ്ന്ന നിരക്കിലായതും ചില്ലറ വിലക്കയറ്റം ആറു മാസത്തെ ഉയർന്ന തോതിലായതും അതുകൊണ്ട് ഇന്നു വിപണിയിൽ വിപരീത പ്രതികരണം ഉണ്ടാക്കില്ല. ഐടി സേവന കമ്പനികളുടെ റിസൽട്ടിലെ ക്ഷീണവശങ്ങൾക്കും വിപണി അത്ര പ്രാധാന്യം നൽകില്ല. ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു പോകുന്നതും പ്രശ്നമാകില്ല. വീണ്ടുമൊരു കുതിപ്പിനു തയാറെടുത്താണ് ഇന്നു വിപണി നിൽക്കുന്നത്.

ഇന്നലെ ഇന്ത്യൻ വിപണി കുതിച്ചു കയറിയ ശേഷം യൂറോപ്പിലും ഓഹരി സൂചികകൾ കയറി. അമേരിക്കയിൽ ചില്ലറ വിലക്കയറ്റം 39 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ഏഴു ശതമാനത്തിലേക്കു കയറിയപ്പോൾ സൂചികകൾ തകർന്നില്ല. ഇതു പ്രതീക്ഷിച്ചതായിരുന്നു എന്നതുകൊണ്ടു വിപണിയുടെ പ്രതികരണം ദുർബലമായി. ഒടുവിൽ സൂചികകൾ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ജപ്പാനിൽ ഓഹരി വിപണി താഴോട്ടാണെങ്കിലും ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും ഉയർച്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 18,364 വരെ ഉയർന്നു. പിന്നീട് അൽപം താണു. ഇന്ത്യയിൽ ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഡെറിവേറ്റീവ് വ്യാപാരം നൽകുന്നത്.
ചാഞ്ചാട്ടങ്ങൾക്കു ശേഷം മികച്ച നേട്ടത്തോടെയാണു ബുധനാഴ്ച ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. ഉയർന്ന വിലയിൽ ലാഭമെടുത്തു മാറാൻ ഫണ്ടുകളും തുനിഞ്ഞതു രാവിലെ വിപണിയെ നേരിയ മേഖലയിൽ തളച്ചിട്ടു. പിന്നീടു ബുള്ളുകൾ നിയന്ത്രണം പിടിച്ചപ്പോൾ വിൽപന സമ്മർദം കുറഞ്ഞു.
സെൻസെക്സ് 533.15 പോയിൻ്റ് (0.88%) ഉയർന്ന് 61,150.04ലും നിഫ്റ്റി 156.6 പോയിൻ്റ് (0.87%) ഉയർന്ന് 18,212.35ലും ക്ലോസ് ചെയ്തു. മെറ്റൽ, വാഹന, ഓയിൽ, ബാങ്കിംഗ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കി. സ്‌മോൾ ക്യാപ് സൂചിക 0.7 ശതമാനവും മിഡ് ക്യാപ് സൂചിക 1.08 ശതമാനവും ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ ഐടി മേഖലയിലടക്കം വിൽപനക്കാരായി. 1001.57 കോടിയുടെ ഓഹരികളാണ് അവർ ഇന്നലെ വിറ്റത്. ഇതാടെ ജനുവരിയിൽ വിദേശികളുടെ വാങ്ങൽ 68.94 കോടി രൂപയായി ചുരുങ്ങി. സ്വദേശി ഫണ്ടുകൾ ഇന്നലെ 1332 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ദിശ ഉയരങ്ങളിലേക്കാണെങ്കിലും വ്യാപാര സൂചന ദുർബലമാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 18,150 ലും 18,090-ലും താങ്ങ് കാണുന്നു. ഉയരുമ്പോൾ 18, 250 ഉം 18,290 ഉം തടസങ്ങളാണ്.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു.84.9 ഡോളർ ആയി ബ്രെൻ്റ് ഇനം. പ്രകൃതി വാതക വില 14 ശതമാനം കൂടി 4.86 ഡോളറിലെത്തി. ഈ വർഷവും അടുത്ത വർഷവും ക്രൂഡ് വില കുറയുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (ഇഐഎ) ഒരു റിപ്പോർട്ടിൽ പറഞ്ഞെങ്കിലും വിപണി അതു കാര്യമായി എടുത്ത മട്ടില്ല.
വ്യാവസായിക ലോഹങ്ങൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു.
സ്വർണം രാജ്യാന്തര വിപണിയിൽ 1824-1826 ഡോളറിൽ വ്യാപാരം നടക്കുന്നു.
ഡോളർ സൂചിക 95 നു താഴേക്കു പോന്നത് ഇന്നു രൂപയെ സഹായിച്ചേക്കും.

വിലക്കയറ്റം കുതിച്ചു കയറി

രാജ്യത്തു ചില്ലറ വിലക്കയറ്റം ഡിസംബറിൽ 5.59 ശതമാനത്തിലേക്കു കുതിച്ചുയർന്നു. നവംബറിൽ 4.91 ശതമാനമായിരുന്നു. ഇന്ധനവിലയിൽ നേരിയ ആശ്വാസം ഉണ്ടായെങ്കിലും ഭക്ഷ്യ, ലഘു പാനീയ, വസ്ത്ര, ചെരുപ്പ് വിലകൾ പരിധി കടന്നു. ഭക്ഷ്യ എണ്ണ വിലക്കയറ്റത്തൊതിൽ കുറവില്ല. മൊത്തം ഭക്ഷ്യ വിലക്കയറ്റം 4.05 ശതമാനമാണ്. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.1 ശതമാനമായി തുടർന്നു.
ചില്ലറ വിലക്കയറ്റം ഉയർന്നു പോകുന്നതിൻ്റെ പേരിൽ റിസർവ് ബാങ്ക് പലിശ വർധനയ്ക്ക് ഉടനെ തുനിയില്ല എന്ന നിഗമനമാണു വിപണിക്കുള്ളത്. അമേരിക്കയിൽ ഡിസംബറിലെ ചില്ലറ വിലക്കയറ്റം 39 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ ഏഴു ശതമാനത്തിലെത്തി. സാധാരണ ഗതിയിൽ പലിശ കൂട്ടി വിലക്കയറ്റത്തെ ഞെരിക്കാൻ കേന്ദ്ര ബാങ്കുകൾ തുനിയേണ്ടതാണ്. എന്നാൽ കോവിഡ് വ്യാപനം എല്ലാ പരിധിയും വിട്ട് ഉയർന്നപ്പോൾ വളർച്ചയെ ബാധിക്കാവുന്ന നടപടികൾ നീട്ടിവയ്ക്കാനാണു കേന്ദ്ര ബാങ്കുകളും ഗവണ്മെൻ്റുകളും ആഗ്രഹിക്കുന്നത്. യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ ചൊവ്വാഴ്ച ഇതു പറഞ്ഞിരുന്നു.

വ്യവസായ ഉൽപാദനം വീണ്ടും താഴോട്ട്

നവംബറിലെ വ്യവസായ ഉൽപാദനം കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് 1.4 ശതമാനം ഉയർന്നു. ഒൻപതു മാസത്തിനിടയിലെ ഏറ്റവും മോശം നില. ഒക്ടോബറിൽ നാലു ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്.
പ്രധാന കാര്യം വ്യവസായ ഉൽപാദനം 2019 നവംബറിനെ അപേക്ഷിച്ചു കുറവാണ് എന്നതാണ്. കോവിഡിനു മുമ്പുള്ള കാലത്തേതിലും കുറവാണ് വ്യവസായ ഉൽപാദന സൂചിക. ഒട്ടും ആശ്വാസകരമല്ല ഇത്. ഫാക്ടറി ഉൽപാദനം, വൈദ്യുതി ഉൽപാദനം, ഖനനം എന്നിവ 2020 ഫെബ്രുവരിയിലേതിലും കുറവാണ്. യന്ത്ര നിർമാണം 3.7 ശതമാനം കുറഞ്ഞതുമൂലധന നിക്ഷേപം ഉയരുന്നതിനു പകരം കുറയുകയാണെന്നു കാണിക്കുന്നു. ഗൃഹാേപകരണങ്ങൾ അടക്കമുള്ള കൺസ്യൂമർ ഡ്യുറബിൾസ് ഉൽപാദനം 5.6 ശതമാനമാണു കുറഞ്ഞത്.
വ്യവസായ ഉൽപാദനം ഇങ്ങനെ ദുർബല വളർച്ച കാണിക്കുന്നതു മൂന്നാം പാദത്തിലെ ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകും എന്നു സൂചിപ്പിക്കുന്നു.

ഐടി വമ്പന്മാർക്കു നല്ല റിസൽട്ട്; എങ്കിലും ആവേശം പകരുന്നില്ല

ഇന്ത്യൻ ഐടി സർവീസ് കമ്പനികളിലെ മൂന്നു വമ്പന്മാർ ഒരേ ദിവസം മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ടു. ടിസിഎസും ഇൻഫോസിസും നിരീക്ഷകരുടെ പ്രതീക്ഷയേക്കാൾ മെച്ചപ്പെട്ട ഫലം കാഴ്ചവച്ചപ്പോൾ വിപ്രോയുടെ വരുമാനം പ്രതീക്ഷയിലും കുറവായി.
ടിസിഎസ് വരുമാനവളർച്ച പ്രതീക്ഷ പോലെ വന്നെങ്കിലും ലാഭ മാർജിൻ (25 ശതമാനം) പ്രതീക്ഷയിലും കുറവായി. ശമ്പളച്ചെലവ് കൂടിയതാണു കാരണം. വരുമാനം ( 48,885 കോടി രൂപ) 16.3 ശതമാനം വർധിച്ചപ്പോൾ അറ്റാദായം (9769 കോടി രൂപ) 12.2 ശതമാനം കൂടി.
ടിസിഎസ് 18,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങലും പ്രഖ്യാപിച്ചു. ഓഹരി ഒന്നിനു 4500 രൂപ നൽകും. ഇതു വിപണി വിലയേക്കാൾ 17 ശതമാനം അധികമാണ്. അഞ്ചു വർഷത്തിനുള്ളിൽ മൂന്നു തവണയായി 48,000 കോടി രൂപ ഓഹരി തിരിച്ചു വാങ്ങാൻ കമ്പനി മുടക്കിയിട്ടുണ്ട്. കമ്പനിയിൽ 72 ശതമാനം ഓഹരിയുള്ള ടാറ്റാ സൺസിനാണ് ഇതുവഴി വലിയ നേട്ടമുണ്ടാകുക.
ഇൻഫോസിസിൻ്റെ വരുമാനം (31,867 കോടി രൂപ) 22.9 ശതമാനവും അറ്റാദായം (5809 കോടി രൂപ) 11.8 ശതമാനവും വർധിച്ചു. ലാഭ മാർജിൻ 23.5 ശതമാനം.
വിപ്രോയുടെ വരുമാനം (20,314 കോടി രൂപ) 29.6 ശതമാനവും അറ്റാദായം (2969 കോടി രൂപ) 0.3 ശതമാനവുമാണു വളർന്നത്. ലാഭ മാർജിൻ 17.6 ശതമാനം മാത്രം.

കൊഴിഞ്ഞുപോക്ക് കൂടി; റിക്രൂട്ട്മെൻ്റും

മൂന്നു കമ്പനികളിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വർധിക്കുകയാണ്. ടിസിഎസിലാണ് ഏറ്റവും കുറവ്. 15.3 ശതമാനം. രണ്ടാം പാദത്തിൽ 11.9 ശതമാനമായിരുന്നു. ഏറ്റവും കൂടുതൽ ഇൻഫോസിലാണ്. 25.5 ശതമാനം. തലേ പാദത്തിൽ 20.1 ശതമാനമായിരുന്നു. വിപ്രോയിലെ കൊഴിഞ്ഞുപോക്ക് 20.5 ശതമാനത്തിൽ നിന്ന് 22.7 ശതമാനമായി.
കൊഴിഞ്ഞുപോക്കു മൂലം കമ്പനികൾ റിക്രൂട്ട്മെൻ്റ് വർധിപ്പിച്ചു. ടിസിഎസ് ഒൻപതു മാസം കൊണ്ട് 77,000 പേരെ നിയമിച്ചു. ഇൻഫോസിസ് ഈ ധനകാര്യ വർഷം 55,000 പേരെയും വിപ്രോ 30,000 പേരെയും കാമ്പസിൽ നിന്ന് എടുക്കും.


This section is powered by Muthoot Finance


Tags:    

Similar News