വിദേശികൾ വിൽപന കൂട്ടി; പലിശപ്പേടി വീണ്ടും; ലോഹങ്ങൾ തിളങ്ങി; ബാങ്കുകളിൽ നിന്നു പിന്മാറ്റം; പെന്നി സ്റ്റോക്ക് തട്ടിപ്പുകാരെ പിടിക്കാൻ സെബി

വിപണിയെ വിടാതെ പിടികൂടി പലിശ പേടി; യന്ത്ര നിർമാതക്കളിലേക്ക് കണ്ണെറിഞ്ഞ് നിക്ഷേപകർ; ടെലഗ്രാം, വാട്സാപ്പ് ഗ്രൂപ്പ് നിക്ഷേപ നിർദേശ പുലികളെ സൂക്ഷിക്കുക!

Update:2022-01-14 07:58 IST

വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപനക്കാരായി. വിപണിഗതി തിരിച്ചുവിടാൻ അവർക്കു കഴിയുമെന്നു തോന്നിച്ചു .ഒടുവിൽ ബുള്ളുകൾ വിപണി തിരിച്ചുപിടിച്ചു. ചെറിയ കയറ്റത്താേടെ വ്യാഴാഴ്ച ക്ലോസ് ചെയ്തു. എന്നാൽ വിപണിയിൽ വിൽപന സമ്മർദവും ചെറിയ പിൻ വാങ്ങലുമാണു പലരും പ്രതീക്ഷിക്കുന്നത്.

അമേരിക്കയിൽ വീണ്ടും പലിശപ്പേടി വർധിച്ചതോടെ ഇന്നലെ യുഎസ് ഓഹരി സൂചികകൾ താണു. നാസ്ഡാക് രണ്ടര ശതമാനം ഇടിഞ്ഞു.ടെസ്ല അടക്കം ടെക്നോളജി ഓഹരികൾക്കാണു വലിയ ഇടിവ്. അതിൻ്റെ ചലനം ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം. ഓസ്ട്രേലിയയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും രാവിലെ സൂചികകൾ ഒരു ശതമാനത്തിലധികം താഴ്ചയിലാണ്. പലിശ വർധന മാർച്ചിൽത്തന്നെ തുടങ്ങണമെന്ന് യുഎസ് ഫെഡിലെ മൂന്നു ഗവർണർമാർ ഇന്നലെ വ്യത്യസ്ത ചടങ്ങുകളിൽ പറഞ്ഞതാണു പലിശപ്പേടി വീണ്ടും കൊണ്ടുവന്നത്.
കോവിഡ് പ്രതിദിന രോഗബാധ ആഗാേള തലത്തിൽ 30 ലക്ഷം കടന്നു. ഇന്ത്യയിൽ പ്രതിദിന രോഗബാധ 2.6 ലക്ഷം ആയി. ഇന്ത്യയും മറ്റു രാജ്യങ്ങളും കോവിഡിൻ്റെ പേരിലുള്ള നിയന്ത്രണങ്ങൾ വർധിപ്പിച്ചു വരികയാണ്. ഇതു പല മേഖലകളിലും ഉൽപാദന തടസം സൃഷ്ടിക്കുന്നുണ്ട്.
ബാങ്കുകളും ധനകാര്യ കമ്പനികളും ഇടിയുകയും ഐടി ഓഹരികളിൽ വിൽപന സമ്മർദം ഉണ്ടാവുകയും ചെയ്ത ഇന്നലെ മെറ്റൽ ഓഹരികളാണു വിപണിയെ നേട്ടത്തിൽ നിർത്തിയത്. നിഫ്റ്റി മെറ്റൽ സൂചിക 3.86 ശതമാനം കുതിച്ചു. ചൈനയിൽ ഉൽപാദനം കുറയുമെന്ന സൂചന ലോക വിപണിയിൽ ലോഹങ്ങളുടെ വില ഉയർത്തി.ചെമ്പ് പതിനായിരം ഡോളറിനും അലൂമിനിയം 3000 ഡോളറിനും മുകളിലായി. സ്റ്റീൽ വിലയും കുതിപ്പിലായി. ഇതിൻ്റെ ഫലമായി ടാറ്റാ സ്റ്റീൽ 6.45 ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീൽ 4.69 ശതമാനവും ഉയർന്നു. അതേ സമയം റിസൽട്ട് പ്രതീക്ഷയിലും മോശമായതിൻ്റെ പേരിൽ വിപ്രോയുടെ ഓഹരി വില ഇടിഞ്ഞു.
സെൻസെക്സ് ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം 85.26 പോയിൻ്റ് (0.14 %) ഉയർന്ന് 61,235.3 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 45.45 പോയിൻ്റ് (0.25%) ഉയർന്ന് 18,257.8 ൽ ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലായിരുന്നു.
വിപണി 18,300-ൽ വലിയ സമ്മർദം നേരിടുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലാഭമെടുക്കലുകാരുടെ വിൽപനയെ തുടർന്നു സൂചിക 18,100-18,000 മേഖലയിലേക്കു വീണാലും അത്‌ഭുതമില്ലെന്ന് അവർ പറയുന്നു. നിഫ്റ്റിക്കു 18,195-ലും 18,125-ലുമാണ് താങ്ങ്. ഉയരുമ്പോൾ 18,295-ഉം 18,340-ഉം തടസ മേഖലകളാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,327 വരെ കയറി. ഇന്നു രാവിലെ താഴ്ന്ന് 18, 255 ലെത്തി. പിന്നീട് അൽപം ഉയർന്നു. രാവിലെ ചെറിയ താഴ്ചയിലാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.
വിദേശ നിക്ഷേപകർ ഇന്നലെ 1390.85 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇൻഡെക്സ് ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും അവർ വലിയ തോതിൽ വാങ്ങലുകാരായി. സ്വദേശി ഫണ്ടുകൾ 1065.32 കോടിയുടെ ഓഹരികൾ വാങ്ങി.

ലോഹങ്ങൾ കയറി

വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ തുടരുന്നു. ചൈനയിൽ ഉൽപാദനം കുറയുകയും കണ്ടെയ്നർ ക്ഷാമം തുടരുകയും ചെയ്യുന്നത് വില ഇനിയും ഉയരാൻ കാരണമാകും.
ക്രൂഡ് ഓയിൽ വില 85 ഡോളർ കടന്നിട്ടു പിൻ വാങ്ങി. ബ്രെൻ്റ് ഇനം ഇന്ന് 84.5 ഡോളറിലാണ്. അതേ സമയം പ്രകൃതിവാതക വില 12 ശതമാനം താണു 4.2 ഡോളർ ആയി.
സ്വർണം ഉയർന്ന വിലയിൽ നിന്നു വിൽപന സമ്മർദം മൂലം താണ് 1822-1824 ഡോളറിലായി.

യന്ത്രനിർമാതാക്കളിൽ നിക്ഷേപക ശ്രദ്ധ

യന്ത്ര നിർമാണ കമ്പനികളുടെ ഓഹരികളിൽ ഈയിടെ വലിയ താൽപര്യം കാണാം. അവ ഒരു ദീർഘ ബുൾ മുന്നേറ്റത്തിന് ഒരുങ്ങുകയാണെന്ന മട്ടിലാണു മാധ്യമ റിപ്പോർട്ടുകളും വിശകലനങ്ങളും. എബിബി, സീമൻസ്, എൽ ആൻഡ് ടി, തെർമാക്സ്, ഷാഫ്ളർ തുടങ്ങിയവ ഉൾപ്പെട്ടതാണു കാപ്പിറ്റൽ ഗുഡ്സ് വിഭാഗം. ഇവയിൽ ചിലതിനൊക്കെ കഴിഞ്ഞ വർഷത്തെ ഇപിഎസിൻ്റെ നൂറു മടങ്ങിലേറെയാണു വില. എബിബി ഇന്ത്യ 212 പി ഇ അനുപാതത്തിലാണ്. തെർമാക്സ് 110 പി ഇ റേഷ്യാേയിലാണ്. ബുക്ക് വാല്യുവിൻ്റെ 10 മടങ്ങിലേറെ വിലയുണ്ട് പല ഓഹരികൾക്കും. നിക്ഷേപകർ കരുതലോടെ നീങ്ങണം എന്നു ചുരുക്കം.രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനമടക്കം മൂലധന നിക്ഷേപം വലിയ തോതിൽ വർധിക്കും എന്നതു കണക്കാക്കിയാണ് യന്ത്രനിർമാതാക്കളിലും പ്രോജക്റ്റ് നടപ്പാക്കൽ കമ്പനികളിലും വലിയ താൽപര്യം ഉണ്ടാകുന്നത്.

പെന്നി സ്‌റ്റോക്ക് തട്ടിപ്പ് പിടിക്കാൻ സെബി

വില കുറഞ്ഞ (പെന്നി) ഓഹരികളിൽ കൃത്രിമം നടത്തി നിക്ഷേപകരെ കബളിപ്പിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകൾക്കു കടിഞ്ഞാണിടാൻ സെബി ഒരുങ്ങുന്നതായി റിപ്പോർട്ട്. കാര്യമായ വ്യാപാരമില്ലാതെ കിടക്കുന്ന പെന്നി ഓഹരികൾ വാങ്ങിക്കൂട്ടിയിട്ടു കൃത്രിമമായി വില കൂട്ടുകയും വിലക്കയറ്റം കാണിച്ചു സാദാ നിക്ഷേപകർക്ക് അവ വിറ്റ് ലാഭമെടുക്കുകയുമാണ് ഇവർ ചെയ്യുന്നത്. വാട്സാപ്, ടെലഗ്രാം, ഫേസ് ബുക്ക് തുടങ്ങിയവയിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നിക്ഷേപകർക്ക് ഉപദേശം നൽകുകയാണ് ഇവരുടെ രീതി. ഉപദേശം കേട്ട് ഓഹരി വാങ്ങുന്നവർ പിന്നീട് അവയ്ക്ക് ആവശ്യക്കാർ ഇല്ലെന്നു കാണുമ്പോഴാണു ചതിയിൽ പെട്ടെന്നു മനസിലാക്കുക. ഇത്തരം കൂട്ടായ്മകളെയും അതിനു പിന്നിലെ തട്ടിപ്പുകാരെയും കണ്ടെത്താൻ സെഞ്ചി പ്രത്യേക സംഘത്തെ നിയോഗിച്ചു.


This section is powered by Muthoot Finance
Tags:    

Similar News