മനോഭാവം ബുളളിഷ്; പക്ഷേ ഹ്രസ്വകാല തിരിച്ചടി പ്രതീക്ഷിക്കാം; ചുക്കാൻ പിടിക്കുന്നതു ചില്ലറ നിക്ഷേപകർ; ക്രൂഡ് ഓയിൽ മുന്നോട്ട്

ഓഹരി സൂചികകൾ എങ്ങോട്ട്? ഉടൻ വരുന്നു, എൽ ഐ സി ഐ പി ഒ; പലിശയുടെ ഗതി എവിടേക്ക്?

Update: 2022-01-17 02:30 GMT

തുടർച്ചയായ നാലാമത്തെ ആഴ്ചയും മുഖ്യസൂചികകൾ നേട്ടത്തിൽ. ബജറ്റിലേക്ക് ഇനി രണ്ടാഴ്ച മാത്രം. മൂന്നാം പാദ റിസൽട്ടുകളുടെ മുഖ്യ ഭാഗം വരാനിരിക്കുന്നതേ ഉള്ളൂ. ക്രൂഡ് ഓയിൽ വില 86 ഡോളർ കടന്നു മുന്നേറാൻ ഒരുങ്ങുന്നു. കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു.

വെള്ളിയാഴ്ച മുഖ്യ സൂചികകൾ നാമമാത്ര താഴ്ച കാണിച്ചു. എന്നാൽ അന്ന് വ്യാപാരം തുടങ്ങിയ നിലയിൽ നിന്നു ഗണ്യമായി ഉയർന്നായിരുന്നു ക്ലോസിംഗ് എന്നതിനാൽ ബുളളിഷ് മനോഭാവം വിപണി നിലനിർത്തുന്നു എന്നാണു വിശകലനം. 18,300-നു സമീപം നിഫ്റ്റിയിൽ വിൽപന സമ്മർദം തുടരുകയും ചെയ്യുന്നു. ബജറ്റിനു മുന്നാേടിയായ ഒരു റാലിയാണ് എല്ലാവരും കാത്തിരിക്കുന്നത്. 18,604 എന്ന റിക്കാർഡ് മറികടന്നു പോകാൻ നിഫ്റ്റിക്ക് ഈയാഴ്ച കഴിയുമോ എന്നു പലരും ചോദിക്കുന്നു.
റിയൽറ്റി, ഐടി, കൺസ്യൂമർ ഡ്യുറബിൾസ് എന്നിവ ഒഴികെ എല്ലാ മേഖലാ സൂചികകളും വെള്ളിയാഴ്ച നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 12.27 പോയിൻ്റ് താണ് 61,223.03 ലും നിഫ്റ്റി 2.05 പോയിൻ്റ് താണ് 18,255.75 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ 1598.2 കോടി രൂപയുടെ ഓഹരികൾ കാഷ് വിപണിയിൽ വിറ്റു. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 2920.11 കോടി രൂപ ആയി. സ്വദേശി ഫണ്ടുകൾ 371.4 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
വെള്ളിയാഴ്ച അമേരിക്കൻ ഓഹരി സൂചികകളിൽ ഡൗ ജോൺസ് താഴോട്ടു പോയി. പ്രമുഖ ബാങ്കുകളുടെ റിസൽട്ട് പ്രതീക്ഷയിലും മോശമായതാണു കാരണം. എസ് ആൻഡ് പിയും നാസ്ഡാകും ചെറുതായി ഉയർന്നു. ഇന്നു യുഎസ് വിപണി അവധിയിലാണ്. യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ ഉയർച്ച കാണിച്ചു. ജാപ്പനീസ്, ഓസ്ട്രേലിയൻ വിപണികൾ രാവിലെ നല്ല നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി കഴിഞ്ഞ ദിവസം 18,274 വരെ എത്തിയിട്ട് 18,236 ലേക്കു താണു. ഇന്നു രാവിലെ 18,200നു താഴെ എത്തിയിട്ടു കയറി. ഇന്ത്യൻ വിപണി താഴ്ചയോടെ തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
വിപണി ഇന്നു 18,080- നു മുകളിൽ നിന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ 18,600-ഉം കടന്നു 18,800 വരെ കയറാമെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. എന്നാൽ 18,080- നു താഴോട്ടു പോയാൽ ഹ്രസ്വകാല താഴ്ച പ്രതീക്ഷിക്കാം. നിഫ്റ്റിക്കു 18,155-ഉം 18,055 ഉം താങ്ങുകളാണ്.18,320-ഉം 18,390- ഉം തടസ മേഖലകളാകും.
ക്രൂഡ് ഓയിൽ വില നവംബറിലെ റിക്കാർഡ് മറികടക്കാനുള്ള ശ്രമത്തിലാണ്. ബ്രെൻ്റ് ഇനം 86.59 ഡോളർ വരെ കയറിയിട്ട് അൽപം താണു. ഡബ്ല്യുടിഐ ഇനം 84.3 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു.
സ്വർണം വെള്ളിയാഴ്ച 1830 ഡോളറിൽ നിന്ന് 1814 ഡോളറിലേക്കു വീണു. ഇന്നു രാവിലെ 1813-1815 ഡോളറിലാണു വ്യാപാരം.

വിപണിയെ ഉയർത്തുന്നത്ചില്ലറ നിക്ഷേപകർ

കഴിഞ്ഞയാഴ്ച സെൻസെക്സ് 2.47 ശതമാനവും നിഫ്റ്റി 2.49 ശതമാനവും ഉയർന്നു. പുതിയ വർഷത്തിൽ ഇതിനകം അഞ്ചു ശതമാനമായി ഉയർച്ച. വിദേശ നിക്ഷേപകർ വിൽപന വർധിപ്പിച്ചിട്ടും വിപണി ഉയരുന്നത് സ്വദേശി ഫണ്ടുകളിലൂടെയും നേരിട്ടും നിക്ഷേപകർ വലിയ തോതിൽ പണം വിപണിയിലേക്ക് ഒഴുക്കുന്നതു മൂലമാണ്. മുൻകാല ബുൾ റാലികൾ വിദേശിയും സ്വദേശിയുമായ ഫണ്ടുകളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപ ഫലമായിരുന്നു. ഇപ്പോഴാകട്ടെ റീട്ടെയിൽ നിക്ഷേപകർ വിപണിയുടെ ചുക്കാൻ പിടിക്കുന്നു.

എൽഐസി ഐപിഒ വൈകില്ല

എൽഐസിയുടെ ഐപിഒ മാർച്ച് അവസാനത്തിനു മുമ്പു നടക്കുമെന്നാണ് ഏറ്റവും ഒടുവിലെ സൂചന. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആകും അത്. 15 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം ആണു ഗവണ്മെൻ്റ് പ്രതീക്ഷിക്കുന്നത്. പത്തു ശതമാനം ഓഹരി വിറ്റാൽ ഒന്നര ലക്ഷം കോടി രൂപ ഗവണ്മെൻ്റിനു ലഭിക്കും. ഈ ധനകാര്യ വർഷത്തെ ഓഹരി വിൽപന ലക്ഷ്യമായ 1.75 ലക്ഷം കോടി രൂപ നേടാൻ ഇതു വഴിതെളിക്കും. ബജറ്റിലെ ധനകമ്മി ലക്ഷ്യവും ഇതുവഴി പാലിക്കാനാവും.
ഗോൾഡ്മാൻ സാക്സ്, സിറ്റി ഗ്രൂപ്പ്, നൊമുറ, എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സ്, ജെഎം ഫിനാൻഷ്യൽ, ആക്സിസ് കാപ്പിറ്റൽ, ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ, ഐസിഐസിഐ സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ എന്നിവയാണ് എൽഐസി ഐപിഒയുടെ മർച്ചൻ്റ് ബാങ്കർമാർ.

ചൈനീസ് ജിഡിപി ഇന്നറിയാം

ആഗാേള സൂചനകൾ വിപണിയെ പ്രത്യേകം ഉണർത്തുകയോ തളർത്തുകയോ ചെയ്യുന്നില്ല. ചൈനയുടെ 2021ലെ ജിഡിപി വളർച്ചയുടെ കണക്ക് ഇന്നു പുറത്തുവരും. എട്ടു ശതമാനം വളർച്ചയാണു ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയ്ക്കു നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാകും അത്.
എല്ലാവരും ശ്രദ്ധിക്കുന്നത് ഈ വർഷത്തെ വളർച്ച സംബന്ധിച്ച നിഗമനമാണ്. ഔദ്യാേഗിക ചൈനീസ് നിഗമനം അടുത്ത മാസമേ പുറത്തു വരൂ. ഈ വർഷത്തേക്കാൾ കുറയാത്ത വളർച്ചയാണു പ്രതീക്ഷയെങ്കിൽ ആഗാേള വളർച്ചയ്ക്ക് അത് ഉത്തേജനമാകും. മറിച്ച് താഴ്ന്ന നിരക്കാണു പ്രതീക്ഷിക്കുന്നതെങ്കിൽ ആഗോള വളർച്ചയിലും അതിനനുസരിച്ച ഇടിവ് ഉണ്ടാകും.

പലിശഗതി മേലോട്ടു തന്നെ

അമേരിക്കൻ ഫെഡ് മാർച്ചിൽ പലിശ വർധന തുടങ്ങുമെന്നതിൽ മാറ്റം ഇല്ലെന്നാണ് ഇതുവരെയുള്ള സൂചന. വിലക്കയറ്റത്തെയാണു നേരിടേണ്ടത് എന്നു പറയുന്നവരും പലിശ ഉയർത്തിയേ അതു സാധിക്കൂ എന്ന നിലപാടിലാണ്. കോവിഡ് വ്യാപനം പ്രതിദിനം 30 ലക്ഷം രോഗബാധയിലേക്കു കയറിയെങ്കിലും സാമ്പത്തിക വളർച്ചയെ ബാധിക്കുന്ന സാഹചര്യമില്ലെന്നാണു പുതിയ വിലയിരുത്തൽ. വ്യാപകമായ ഫാക്ടറി അടച്ചിടലുകൾ ഇല്ല. ആ നിലയ്ക്കു വ്യാവസായിക ഉത്പാദനത്തിൽ വലിയ കുറവ് പ്രതീക്ഷിക്കുന്നില്ല. ആളുകൾ കൂട്ടം ചേരുന്നതിനുള്ള നിയന്ത്രണങ്ങൾ ചുരുക്കം മേഖലകളെയേ ബാധിക്കുന്നുള്ളൂ. ഇതാണ് വിപണി ഇപ്പോൾ കണക്കാക്കുന്നത്.


Tags:    

Similar News