ക്രൂഡും പലിശയും ആശങ്ക തന്നെ; വിപണിയെ ഉയർത്താൻ സർക്കാരിനും ആഗ്രഹം; ചൈനീസ് വളർച്ച എത്ര കാലത്തേക്ക്?
ഇന്ന് ഓഹരി വിപണിയുടെ തുടക്കം താഴ്ചയോടെ ആകുമോ? ജനം കുറയുമ്പോൾ ചൈന എന്തുചെയ്യും? എൽ ഐ സി ഐ പി ഒ വരുമ്പോൾ സർക്കാരിന്റെ ഉള്ളിലിരുപ്പ് എന്ത്?
ഉയരുന്ന ക്രൂഡ് ഓയിൽ വില ആശങ്കകൾ വളർത്തുന്നു. ഒപ്പം പലിശവർധനയുടെ ഭീതിയും. തിങ്കളാഴ്ച ഇന്ത്യയിൽ 10 വർഷ സർക്കാർ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞതു വെറുതെയല്ല. 6.64 ശതമാനം നിക്ഷേപനേട്ടം (Yield) കിട്ടാവുന്ന വിധമാണു വില ഇടിഞ്ഞത്.കഴിഞ്ഞ വെള്ളിയാഴ്ച 6.57 ശതമാനമായിരുന്നു നിക്ഷേപം നേട്ടം. പലിശ നിരക്ക് ഉയരുമ്പോഴാണു കടപ്പത്ര വില താഴുന്നതും നിക്ഷപനേട്ടം ഉയരുന്നതും. മാർച്ചോടെ ഔദ്യോഗികമായി പലിശ നിരക്ക് വർധിക്കും. ഇപ്പാേൾ തന്നെ സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങൾക്ക് ഏഴു ശതമാനത്തിലധികം പലിശ നൽകേണ്ട നില ആയിട്ടുണ്ട്.
പലിശവർധന ഒരിക്കലും വിപണിക്ക് ഇഷ്ടമല്ല.പ്രവർത്തന മൂലധനത്തിനു കൂടുതൽ പലിശ നൽകണം. ദീർഘകാല വായ്പയ്ക്കും കുടുതൽ പലിശ വേണ്ടി വരും. ലാഭ മാർജിൻ കൂടുതൽ ഉള്ള കാര്യങ്ങളേ ചെയ്യാൻ പറ്റൂ. പലിശ കൂടുന്നതോടൊപ്പം പണലഭ്യത കുറയുക കൂടി ചെയ്യുന്ന സാഹചര്യമാണു വരാൻ പോകുന്നത്. യുഎസ് ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും ഉദാരമായ പണനയം മാറ്റും. വിപണിയിലേക്കു പണമൊഴുക്കുന്നതു കുറയ്ക്കും. ഇത്തരം ഹ്രസ്വകാല ആശങ്കകൾ അവഗണിച്ചു തള്ളിയാണു വിപണികൾ ഇപ്പാേൾ നീങ്ങുന്നത്.
തിങ്കളാഴ്ച ചാഞ്ചാട്ടത്തിലായിരുന്ന ഇന്ത്യൻ വിപണിയിലെ മുഖ്യസൂചികകൾ നേരിയ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 85.88 പോയിൻ്റ് (0.14%) ഉയർന്ന് 61,308.91 ലും നിഫ്റ്റി 52.35 പോയിൻ്റ് (0.29%) കയറി 18,308.11 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 855.47 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 115.31 കോടിയുടെ വിൽപനക്കാരായി.
വിപണി ബുളളിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഉയർന്ന വിലയിലെ ലാഭമെടുക്കലാണു കുതിപ്പിനു തടസം. നിഫ്റ്റിക്ക് 18,250- ലും 18,195ലും താങ്ങുണ്ട്. 18,345 ലും 18,380 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,312-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,332 വരെ കയറിയിട്ട് 18,320 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നേരിയ താഴ്ചയിൽ തുടങ്ങുമെന്നാണു സൂചന.
ഇന്നലെ യൂറോപ്യൻ ഓഹരികൾ ഉയർന്നു ക്ലാേസ് ചെയ്തു. യുഎസ് വിപണികൾ അവധിയിലായിരുന്നു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ നല്ല നേട്ടത്തിലാണ്.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. 86.48 ഡോളറിലാണ് ബ്രെൻ്റ് ഇനം.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. ലഭ്യത കുറയുമെന്ന ആശങ്കയിൽ അലൂമിനിയം 3000 ഡോളറിനടുത്തെത്തി. ചെമ്പ് അൽപം താണു.
സ്വർണം ഇന്നലെ 1817-1824 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1819- 1821 ഡോളറിലാണു സ്വർണം.
വിപണി ഉയർത്താൻ സർക്കാരും
വിപണി ബുള്ളുകളുടെ ആവേശം അതേപടി ഉൾക്കൊള്ളാൻ തയാറല്ല. മൂന്നാം പാദത്തിലെ റിസൽട്ടുകൾ എന്താകുമെന്ന ആശങ്കയാണു കാരണം. അതേസമയം ബജറ്റിനു മുമ്പു നല്ലൊരു കുതിപ്പ് വേണമെന്ന മോഹവും വിപണിയിലുണ്ട്. എൽഐസി ഐപിഒ മാർച്ചിൽ നടത്താനാഗ്രഹിക്കുന്ന ഗവണ്മെൻ്റും വിപണി ഉയർന്നു നിൽക്കണമെന്നാണ് അഭിലഷിക്കുന്നത്. വിപണി ഉയർന്നു നിന്നാലേ എൽഐസി ഓഹരിക്കു നല്ല മൂല്യനിർണയം കിട്ടൂ.
ചൈനീസ് വളർച്ച 8.1 ശതമാനം
ചൈനയുടെ ജിഡിപി 2021-ൽ 8.1 ശതമാനം വളർന്നതായി ഔദ്യോഗിക കണക്ക്. ഇതാടെ ചൈനീസ് ജിഡിപി ( 8 ലക്ഷം കോടി ഡോളറിൻ്റേതായി. ഇന്ത്യ 2021-22 ൽ 9.2 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്.
കോവിഡ് മൂലം 2020ൽ ചൈനീസ് വളർച്ച കേവലം 2.2 ശതമാനമായി താണിരുന്നു. 1977 നു ശേഷമുള്ള ഏറ്റവും താണ വളർച്ച. 2021-ലേതു 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ്.
ജനം കുറയുമ്പോൾ ചൈന എന്തുചെയ്യും?
വളർച്ചക്കണക്കിലെ നല്ല വശങ്ങളെ ഇല്ലാതാക്കുന്ന ആശങ്കാജനകമായ ഒരു കാര്യം ചൈനീസ് ജനസംഖ്യയുടെ വളർച്ചത്തോതു തീർത്തും കുറവായതാണ്. കഴിഞ്ഞ വർഷം ജനസംഖ്യയിൽ ഉണ്ടായ വർധന 4.8 ലക്ഷം മാത്രം. വർധന 0.34 ശതമാനം മാത്രം. 141 കോടി ജനങ്ങളുള്ള രാജ്യത്ത് കഴിഞ്ഞ വർഷം ജനിച്ചത് 1.06 കോടി. 2020ൽ 1.2 കോടി ജനനം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം മരണം 1.01 കോടി.
ചൈന ജനസംഖ്യ ചുരുങ്ങുന്ന കാലത്തേക്ക് നീങ്ങുകയാണെന്നു വേണം കരുതാൻ. 40 വർഷത്തെ ഒറ്റക്കുട്ടി നയം മാറ്റി മൂന്നു കുട്ടികൾ വരെ ആകാമെന്ന് സർക്കാർ അനുവദിച്ചെങ്കിലും ദമ്പതികൾ ആ നിലപാടിലേക്കു മാറിയിട്ടില്ല. 2010 മുതൽ ജനസംഖ്യ കുറയുന്ന ജപ്പാൻ്റെ നിലയിലേക്കാണു ചൈന പോകുന്നത്. വികസിത രാജ്യമാകും മുമ്പേ ജനസംഖ്യ കുറയുകയും വൃദ്ധജനസംഖ്യ വർധിക്കുകയും ചെയ്യുന്നതു ചൈനയുടെ ഭാവി വളർച്ചയ്ക്കു മുന്നിൽ ചോദ്യചിഹ്നങ്ങൾ ഉയർത്തും. അധ്യാനിക്കുന്നവരുടെ എണ്ണം കുറയുമ്പോൾ ഉൽപാദനം കുറയും. അത് ആഗോള വളർച്ചയെയും ബാധിക്കും.
This section is powered by Muthoot Finance