അനിശ്ചിതത്വം തുടരുമ്പോഴും വിപണിയിൽ ആവേശം; ജിഡിപി വളർച്ച കുറഞ്ഞതു ചിന്താവിഷയം; വിദേശികൾ വിൽപന തുടരുന്നു
വിദേശികൾ വിൽപന തുടരുന്നു; വളർച്ചയുടെ വേഗം കുറയുന്നു; പിടിവിട്ട് വിലക്കയറ്റം
അനിശ്ചിതത്വം മാറുന്നില്ല. ഇന്നു ശിവരാത്രി പ്രമാണിച്ച് അവധിയിലുള്ള വിപണി നാളെ തുറക്കുമ്പോൾ യുക്രെയ്ൻ പ്രതിസന്ധിയും ജിഡിപി വളർച്ചയിലെ ഇടിവുമാകും പ്രധാന വിഷയങ്ങൾ.
തിങ്കളാഴ്ച വലിയ താഴ്ചയിൽ നിന്നു ശക്തമായി തിരിച്ചു കയറിയാണ് ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് താഴ്ചയിൽ നിന്ന് 1491 പോയിൻ്റ് ഉയർന്നു. നിഫ്റ്റി താഴ്ന്ന നിലയിൽ നിന്നു 460 പോയിൻ്റ് തിരിച്ചു കയറി. റഷ്യ - യുക്രെയ്ൻ ചർച്ച ആരംഭിച്ചതാണ് കാരണം.
രാവിലെ താഴ്ചയിലായിരുന്ന ഏഷ്യൻ വിപണികളും ഒടുവിൽ നേട്ടത്തിലായിരുന്നു. യൂറോപ്യൻ വിപണികൾ തുടക്കത്തിൽ നേട്ടം കാണിച്ചെങ്കിലും പിന്നീടു തകർച്ചയിലായി. യുഎസ് വിപണികൾ താഴ്ചയിൽ തുടങ്ങിയിട്ട് തിരിച്ചു കയറിയെങ്കിലും ഒടുവിൽ ചെറിയ താഴ്ചയിലാണ് അവസാനിച്ചത്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റം കാണിച്ചില്ല. എന്നാൽ ഏഷ്യൻ വിപണികൾ നല്ല നേട്ടത്തോടെ തുടങ്ങി. സിംഗപ്പുർ എക്സ്ചേഞ്ചിലെ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 16,930-നു മുകളിലേക്കു കയറി.
ഇന്നലെ സെൻസെക്സ് 388.76 പോയിൻ്റ് (0.7%) നേട്ടത്തിൽ 56,247.28 ലും നിഫ്റ്റി 135.5 പോയിൻ്റ് (0.81%) നേട്ടത്തിൽ 16,793.9 ലും ക്ലോസ് ചെയ്തു. മെറ്റൽ കമ്പനികളുടെ കുതിപ്പാണു വിപണിയെ ഉയർത്തിയത്. നിഫ്റ്റി മെറ്റൽ സൂചിക 5.95 ശതമാനം ഉയർന്നു.
വിദേശികൾ വിൽപന തുടരുകയാണ്. 3948.47 കോടി രൂപയുടെ ഓഹരികളാണു തിങ്കളാഴ്ച ക്യാഷ് വിപണിയിൽ അവർ വിറ്റത്. സ്വദേശി ഫണ്ടുകൾ 4142.82 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില കയറിയിറങ്ങുന്നു. ഇന്നലെ ബ്രെൻ്റ് ഇനം 104 ഡോളർ വരെ കയറിയിട്ട് 100.99 ഡോളറിലേക്കു താണു. ഇന്നു രാവിലെ 101.6 ഡോളറിലേക്കു കയറി. റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റ് നെറ്റ് വർക്കിൽ നിന്നു വിലക്കിയാൽ ഇന്ധന-ഉൽപന്ന വിലകൾ കുതിച്ചു കയറും. ക്രൂഡ്, പ്രകൃതി വാതക ഇടപാടുകൾക്കു സ്വിഫ്റ്റ് സൗകര്യം ഇതുവരെ നിഷേധിച്ചിട്ടില്ല.
വ്യാവസായിക ലോഹങ്ങൾക്കെല്ലാം വില വർധിക്കുകയാണ്. റഷ്യയിൽ നിന്നുള്ള കയറ്റുമതി തടസപ്പെടും എന്ന ഭീതിയാണു കാരണം.
സ്വർണം 1918 ഡോളർ വരെ കയറിയിട്ടു താഴ്ന്നു. ഇന്നു രാവിലെ 1904-1906 ഡോളറിലാണു വ്യാപാരം.
വളർച്ചയുടെ വേഗം കുറയുന്നു
ഗവണ്മെൻ്റിൻ്റെ അവകാശവാദങ്ങൾ തെറ്റിച്ചുകൊണ്ടാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച സംബന്ധിച്ച നിഗമനം ഇന്നലെ പുറത്തുവിട്ടത്. പത്തു ശതമാനത്തിലധികം വളർച്ച ഉറപ്പാണെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പലവട്ടം പറഞ്ഞിരുന്നു.
പക്ഷേ ഒന്നാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ച 9.2 ശതമാനം വളർച്ച പോലും കൈവരിക്കില്ല എന്നു വ്യക്തമായി. ഇന്നലെ രണ്ടാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റ് 2021- 22-ലേക്ക് 8.9 ശതമാനം ജിഡിപി വളർച്ചയാണു പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ -ഡിസംബർ ത്രൈമാസത്തിലെ വളർച്ച 5.4 ശതമാനം മാത്രമാകുമെന്ന് എൻഎസ്ഒ കണക്കാക്കി. റിസർവ് ബാങ്കും ഗവണ്മെൻ്റും ആറു ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്. ഒന്നാം പാദത്തിൽ 20.3 ശതമാനവും രണ്ടാം പാദത്തിൽ 8.5 ശതമാനവും ആയിരുന്നു വളർച്ച.
മൂന്നാം പാദ വളർച്ച 5.4 ശതമാനമായിരിക്കെ നാലാംപാദത്തിൽ 4.8 ശതമാനം വളർച്ച ഉണ്ടായാലേ വാർഷിക വളർച്ച 8.9 ശതമാനം വരൂ. കോവിഡും യുക്രെയ്ൻ പ്രതിസന്ധിയും ഈ വളർച്ച പ്രതീക്ഷയ്ക്കു മങ്ങൽ ഏൽപ്പിക്കുന്നുണ്ട്. 8.9 ശതമാനത്തിലും താഴെയേ വളർച്ച വരൂ എന്നു പല ധനശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷത്തെ വളർച്ച പുതുക്കി നിശ്ചയിച്ചതു മൂലമാണ് ഇക്കൊല്ലത്തെ വളർച്ചപ്രതീക്ഷ കുറഞ്ഞത് എന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. 2020-21-ൽ 7.3 ശതമാനം ചുരുങ്ങി എന്നു കണക്കാക്കിയത് 6.6 ശതമാനം മാത്രമാക്കി. പക്ഷേ ഈ മാറ്റം ജനുവരിയിലെ ഒന്നാം അഡ്വാൻസ് എസ്റ്റിമേറ്റിൽ തന്നെ വരുത്തിയിരുന്നു.
നഷ്ട വർഷങ്ങൾ
2008-19-ൽ സ്ഥിര വിലയിലെ ജിഡിപി 139.93 ലക്ഷം കോടി രൂപ ആയിരുന്നത് 2019-20ൽ 145.16 ലക്ഷം കോടിയായി. വളർച്ച 3.7 ശതമാനം. കോവിഡ് വർഷമായ 2020-21 -ൽ ഇത് 135.58 ലക്ഷം കോടി രൂപയായി കുറഞ്ഞു. 6.6 ശതമാനം ഇടിവ്. അവിടെ നിന്ന് 147.72 ലക്ഷം കോടി രൂപയിലേക്കു 202l - 22 ലെ ജിഡിപി കയറുന്നു എന്നാണ് രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റ് പറയുന്നത്.
ശരാശരി അഞ്ചു ശതമാനം വളർച്ച 2019 -20 മുതൽ ഉണ്ടായിരുന്നെങ്കിൽ ഇക്കൊല്ലം 162 ലക്ഷം കോടി രൂപയുടെ ജിഡിപി ഉണ്ടാകേണ്ടിയിരുന്നതാണ്. അതിൽ നിന്നു 15 ലക്ഷം കാേടി കുറവാണ് ഇപ്പാേൾ പ്രതീക്ഷിക്കുന്ന ജിഡിപി. കോവിഡിനു മുമ്പേ തുടങ്ങിയ തളർച്ചയും കോവിഡും കൂടി ഇന്ത്യൻ സമ്പദ്ഘടനയിൽ വരുത്തിയ നഷ്ടത്തിൻ്റെ ചിത്രമാണിത്.
പിടിവിട്ട വിലക്കയറ്റം
തന്നാണ്ടു വിലയിൽ ജിഡിപി 2020-21 ലെ 198.01 ലക്ഷം കോടി രൂപയിൽ നിന്ന് 236.44 ലക്ഷം കോടിയായി ഉയരും. 19.4 ശതമാനമാണു വളർച്ച. ഈ വളർച്ചക്കണക്ക് ശരിയാണെങ്കിൽ രാജ്യത്തെ വിലക്കയറ്റത്തോത് 10 ശതമാനത്തിൽ കൂടുതലാണ്.
ചില്ലറ വിലക്കയറ്റം ആറു ശതമാനവും മൊത്ത വിലക്കയറ്റം 13 ശതമാനവും ആണു രേഖപ്പെടുത്തുന്നത്. അതേ സമയം എൻഎസ്‌ഒ 10.5 ശതമാനം പണപ്പെരുപ്പം കണക്കിലെടുത്തു. യാഥാർഥ്യവുമായി കുറച്ചു കൂടി അടുത്തു നിൽക്കുന്നതാണ് ഈ സംഖ്യ.
മൂന്നാം പാദത്തിലെ കാർഷിക ജിഡിപി 2.6 ശതമാനമേ ഉണ്ടാകൂ എന്നാണ് എൻഎസ്ഒ പറയുന്നത്.കഴിഞ്ഞവർഷം 4.1 ശതമാനമായിരുന്നു.
കാർഷിക ഉൽപാദന വളർച്ച കുറേ വർഷങ്ങളായി മൂന്നു നാലു ശതമാനത്തിൽ നിൽക്കുകയാണ്. ആ രംഗത്തു ശ്രദ്ധേയമായ വളർച്ചയ്ക്കു നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് ഇതു നൽകുന്ന സൂചന.
മൂലധന നിക്ഷേപം വീണ്ടും കുറയുന്നു
മൂലധന നിക്ഷേപം ഇപ്പോഴും താഴ്ന്നു നിൽക്കുകയാണ്. മൂന്നാം പാദത്തിലെ ഗ്രോസ് ഫിക്സഡ് കാപ്പിറ്റൽ ഫോർമേഷൻ 26.1 ശതമാനം മാത്രമാണ്.
സർക്കാർ മൂലധന നിക്ഷേപം കൂട്ടിയെങ്കിലും സ്വകാര്യ മേഖല അനങ്ങിത്തുടങ്ങിയിട്ടില്ല. മൂന്നാം പാദത്തിലെ സർക്കാർ ചെലവും കുറവായിരുന്നു.
മൂലധന നിക്ഷേപവും സർക്കാർ ചെലവും കുറഞ്ഞതുമൂലം സ്വകാര്യ ഉപഭോഗം ശതമാനക്കണക്കിൽ വർധിച്ചു. ജിഡിപിയുടെ 62.9 ശതമാനം ഉപഭോഗമായത് ഉപഭോഗത്തോത് വർധിച്ചിട്ടല്ല.
ജനുവരിയിൽ എട്ടു കാതൽ മേഖലാ വ്യവസായങ്ങളുടെ വളർച്ച 3.7 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ 4.1 ശതമാനം വളർന്നതാണ്. ജനുവരിയിലെ വ്യവസായ വളർച്ച ഡിസംബറിലെ 0.4 ശതമാനത്തേക്കാൾ ഗണ്യമായി മെച്ചപ്പെടും എന്നാണ് ഇതിലെ സൂചന.
കൽക്കരി, സ്റ്റീൽ മേഖലകൾ ഡിസംബറിലേക്കാൾ മെച്ചപ്പെട്ട വളർച്ച കാണിച്ചു. സിമൻറ് ഉൽപാദനം 13.6 ശതമാനം കൂടിയെങ്കിലും തലേമാസത്തേക്കാൾ കുറവായിരുന്നു വർധന. രാസവള ഉൽപാദനം കുറഞ്ഞു. ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ നിരന്തരമായ കുറവു കാണുന്നത് ആശങ്കാജനകമാണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി.
This section is powered by Muthoot Finance