തിരുത്തൽ തുടരുന്നു; യുദ്ധം വിലകൾ കൂട്ടും, വളർച്ച കുറയ്ക്കും; ക്രൂഡ് ഓയിൽ 130 ഡാേളറിലേക്ക്; തെരഞ്ഞെടുപ്പു ഫലവും നിർണായകം

ഈയാഴ്ചയും ഇന്ത്യൻ ഓഹരി വിപണി താഴേയ്ക്കു തന്നെ?; ഗീത ഗോപിനാഥിന്റെ അനുമാനം ശ്രദ്ധിക്കണം; സ്വർണ്ണം മുന്നോട്ട്

Update:2022-03-07 07:47 IST

വീണ്ടും വീഴ്ചയോടെ പുതിയ ആഴ്ച തുടങ്ങാൻ വിപണി ഒരുങ്ങുന്നു. യുക്രെയ്നിലെ റഷ്യൻ ആക്രമണം 12-ാം ദിവസത്തിലേക്കു കടന്നു. അപ്രതീക്ഷിതമായ ചെറുത്തു നിൽപ് തകർക്കാൻ റഷ്യൻ ആക്രമണം ഈയാഴ്ച രൂക്ഷമായേക്കും. നാറ്റോ സഖ്യത്തിലെ പോളണ്ട് യുക്രെയ്നു യുദ്ധവിമാനങ്ങൾ നൽകിയാൽ യുദ്ധം കൂടുതൽ വ്യാപകമാകുമോ എന്ന് ആശങ്കയുണ്ട്. ഇതേ സമയം റഷ്യയുടെ ക്രൂഡ് ഓയിലിനും ഉപരോധം പ്രഖ്യാപിക്കാൻ പാശ്ചാത്യശക്തികൾ ആലോചിക്കുന്നു. ഈ ആശങ്കകളെല്ലാം ഓഹരികളെ താഴ്ത്തുന്നു; ക്രൂഡ് ഓയിൽ വില 130 ഡോളറിലേക്ക് ഉയർത്തുന്നു; സ്വർണവില 2000 ഡോളറിലേക്കു കയറന്നു.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൻ്റെ ഫലം വ്യാഴാഴ്ച അറിയാം. ബിജെപിക്കു ക്ഷീണം നേരിട്ടാൽ വിപണിയിലെ മനോഭാവം വീണ്ടും ഇരുണ്ടതാകും. ഉത്തർ പ്രദേശിൽ മത്സരം വളരെ കടുത്തതാണെന്നാണു റിപ്പോർട്ടുകൾ. ഇന്ന് അവസാന വട്ട വോട്ടിംഗ് കഴിഞ്ഞാൽ എക്സിറ്റ് പോൾ ഫലങ്ങൾ വരും.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ആഴ്ചയുടെ തുടക്കം വലിയ ഇടിവോടെയാകും എന്നാണു യുഎസ് ഫ്യൂച്ചേഴ്സും സിംഗപ്പുർ എക്സ്ചേഞ്ചിലെ എസ്ജി എക്സ് നിഫ്റ്റിയും നൽകുന്ന സൂചന. എസ്ജി എക്സ് നിഫ്റ്റി 15,834 വരെ താഴ്ന്നിട്ട് അൽപം കയറി. യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഒന്നു മുതൽ ഒന്നര വരെ ശതമാനം ഇടിവിലാണ്. രാവിലെ ജപ്പാനിലെ നിക്കൈ സൂചിക മൂന്നു ശതമാനം വരെ താഴ്ന്നു.
കഴിഞ്ഞയാഴ്ച എല്ലായിടത്തും വിപണികൾ തകർച്ചയിലായി. ഇന്ത്യയിലെ മുഖ്യസൂചികകൾ രണ്ടര ശതമാനത്തോളം ഇടിഞ്ഞു. യുഎസിലും യൂറോപ്പിലുമെല്ലാം വലിയ ഇടിവായിരുന്നു. യൂറോപ്യൻ സൂചികകൾ നാലു ശതമാനം വരെ ഇടിഞ്ഞു. യുഎസ് സൂചികകൾ താരതമ്യേന കുറച്ചേ താണുള്ളു.
വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിറ്റിയും രണ്ടര ശതമാനം വരെ ഇടിഞ്ഞിട്ടു കുറേ തിരിച്ചു കയറി. സെൻസെക്സ് 768.87 പോയിൻ്റ് (1.4%) ഇടിവോടെ 54,333.81ലും നിഫ്റ്റി 252.7 പോയിൻ്റ് (1.53%) നഷ്ടത്തോടെ 16,245.35ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.08 ശതമാനവും സ്‌മാേൾ ക്യാപ് സൂചിക 1.78 ശതമാനവും ഇടിഞ്ഞു. വാഹന, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, മെറ്റൽ ഓഹരികൾ ആണു വലിയ ഇടിവു നേരിട്ടത്.

വിദേശികൾ വിൽപന കൂട്ടി

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 7631.02 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ മാർച്ചിലെ മൂന്നു ദിവസം കൊണ്ട് അവരുടെ വിൽപന 18,614.61 കോടി രൂപയായി. ഒക്ടോബർ മുതൽ വിദേശികൾ രണ്ടു ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ട്. വിൽപന ഇനിയും തുടരുമെന്നാണു സൂചന. വെള്ളിയാഴ്ച സ്വദേശി ഫണ്ടുകൾ 4738.99 കോടിയുടെ ഓഹരികൾ വാങ്ങി. ഈ മാസം ഇതു വരെ അവർ 12,600 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
വിപണി കരടികളുടെ പിടിയിലാണ്. നിഫ്റ്റിയും സെൻസെക്സും സർവകാല ഉയരത്തിൽ നിന്ന് 13 ശതമാനം താഴ്ചയിലാണ്. ഇനിയും താഴ്ന്നുള്ള തിരുത്തൽ പ്രതീക്ഷിക്കാം എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. ചാർട്ടുകൾ ആധാരമാക്കിയുള്ള സപ്പോർട്ടും പ്രതിരോധവും അപ്രസക്തമാകുന്ന നിലയിലാണു കാര്യങ്ങൾ.

130 ഡോളർ കടക്കാൻ ക്രൂഡ്

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച 118.11 ഡോളറിൽ ക്ലോസ് ചെയ്തതു തിങ്കളാഴ്ച രാവിലെ 128.9 ഡോളറിലേക്കു കുതിച്ചു കയറി. സ്പോട്ട് വിപണിയിൽ വില 131 ഡോളറിനു മുകളിലെത്തി. പിന്നീട് അൽപം താണു. റഷ്യയുടെ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്താൻ നീക്കം എന്ന റിപ്പോർട്ടാണു കാരണം. ഉപരോധം വന്നാൽ ലോക വിപണിയിൽ ക്രൂഡ് ലഭ്യത വല്ലാതെ കുറയും. ഉപരോധം ഇല്ലെങ്കിലും റഷ്യൻ ക്രൂഡ് ഇപ്പോൾ പല രാജ്യങ്ങളും വാങ്ങുന്നില്ല. റഷ്യ 20 മുതൽ 25 വരെ ശതമാനം വില താഴ്ത്തി ക്രൂഡ് നൽകാൻ തയാറായിട്ടുണ്ട്. പക്ഷേ പണമിടപാട് എളുപ്പമല്ലാത്തതിനാൽ വാങ്ങാൻ ആരും താൽപര്യമെടുക്കുന്നില്ല. ഇന്ത്യക്കു രൂപ - റൂബിൾ വ്യാപാരം പുനരാരംഭിക്കാമെന്ന ഓഫർ റഷ്യ നൽകിയിട്ടുണ്ട്. ഇന്ത്യ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാന തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ ഇന്ത്യയിൽ ഇന്ധനവില ഗണ്യമായി കൂട്ടും എന്നാണു സൂചന.

അലൂമിനിയം, നിക്കൽ കുതിക്കുന്നു

വ്യാവസായിക ലോഹങ്ങൾ വലിയ കുതിപ്പിലാണ്. റഷ്യയിൽ നിന്ന് ഉൽപന്നം കിട്ടാത്തതിൻ്റെ പേരിൽ അലൂമിനിയവും യുക്രെയ്നിൽ നിന്നു ചരക്കു വരില്ല എന്നതു കൊണ്ട് നിക്കലും അസാധാരണമായി ഉയർന്നു.വെള്ളിയാഴ്ച അലൂമിനിയം വില ഒൻപതു ശതമാനം കൂടി ടണ്ണിന് 3849 ഡോളർ ആയി. നിക്കലിനു 10 ശതമാനം വർധിച്ച് 29,775 ഡോളർ എത്തി. വില വർധന തുടരും എന്നാണു വിലയിരുത്തൽ. ചെമ്പ് വില 10,466 ഡാേളർ കടന്നു. സ്റ്റീൽ വില കഴിഞ്ഞയാഴ്ച 10 ശതമാനം കൂടി. ഇന്ത്യയിൽ സ്റ്റീൽ കമ്പനികൾ ടണ്ണിന് 5000 രൂപ വർധിപ്പിച്ചു.

സ്വർണം ലക്ഷ്യം 2150 ഡോളർ

സ്വർണം ഔൺസിനു 2000 ഡോളറിലേക്കു നീങ്ങുകയാണ്. വെള്ളിയാഴ്ച 1972-1974 ഡോളറിൽ എത്തിയ സ്വർണം ഇന്നു രാവിലെ 1996 ഡോളറിലേക്കു കുതിച്ചു. സുരക്ഷിത നിക്ഷേപം എന്ന സ്വർണത്തിൻ്റെ പദവി വീണ്ടും ഉറച്ചു. റഷ്യയിൽ നിന്നു സ്വർണം ഉടനെ ലഭിക്കില്ല എന്നതും വില കുതിക്കാൻ കാരണമായി. പ്രതിവർഷം 300 ടൺ സ്വർണം റഷ്യ ഖനനം ചെയ്ത് എടുക്കുന്നുണ്ട്. സ്വർണവില 10 ശതമാനം ഉയർന്ന് ഔൺസിന് 2150 ഡോളറിൽ എത്തുമെന്നാണു വ്യാപാര മേഖലയുടെ നിഗമനം. കേരളത്തിൽ പവൻ വില ശനിയാഴ്ച 560 രൂപ വർധിച്ച് 38,720 രൂപ ആയിരുന്നു. ഇന്നു വീണ്ടും വില വർധിക്കും.
സുരക്ഷിത കറൻസി എന്ന പരിഗണന തിരിച്ചു കിട്ടിയതോടെ ഡോളർ വില ഉയരുകയാണ്. ഡോളർ സൂചിക 98.89 ലേക്കു കയറി. ഇന്ത്യൻ രൂപയ്ക്ക് ഇതു ക്ഷീണമാകും. വെള്ളിയാഴ്ച 76.16 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഇന്നു വീണ്ടും ഡോളർ ഉയർന്നേക്കും.
കഴിഞ്ഞയാഴ്ച ഉയർന്ന ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ ഇടിഞ്ഞു. ബിറ്റ് കോയിൻ 39,000 ഡോളറിനു താഴെയായി.

ഇരട്ട ആക്രമണം

ക്രൂഡ് ഓയിലിന് ഒരാഴ്ച കൊണ്ട് 25 ശതമാനം വില വർധിച്ചു. രണ്ടര മാസം കൊണ്ട് 68 ശതമാനമാണു ക്രൂഡ് വില വർധന. ഗോതമ്പ്, ചോളം, ഭക്ഷ്യ എണ്ണകൾ എന്നിവയ്ക്കെല്ലാം വിലകൾ സർവകാല റിക്കാർഡായി. വ്യാവസായിക ലോഹങ്ങളും അപൂർവ ലോഹങ്ങളും കുതിച്ചു കയറുകയാണ്. ലോകം വലിയ വിലക്കയറ്റത്തിൻ്റെയും സാമ്പത്തിക മാന്ദ്യത്തിൻ്റെയും ഇരട്ട ആക്രമണമാണു നേരിടാൻ പോകുന്നതെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ് മുന്നറിയിപ്പ് നൽകി. ഭക്ഷ്യ-ഊർജ വിലകൾ ഉപഭോക്തൃ ബജറ്റിൻ്റെ 30 മുതൽ 50 വരെ ശതമാനമാണ്. ദരിദ്ര രാജ്യങ്ങളിൽ ഈ രണ്ടിനം ചെലവുകൾ കുടുംബ ബജറ്റിൻ്റെ 50 ശതമാനം വരും. അസാധാരണമായ വിലക്കയറ്റം നീണ്ടു നിന്നാൽ സാമ്പത്തിക വളർച്ച മുരടിക്കും. 1972-ലെ ഓയിൽ ഷോക്ക് പോലെ നിരവധി മാനങ്ങളുള്ള അസ്വസ്ഥതകളിലേക്കു രാജ്യങ്ങൾ വഴുതി വീഴും.

This section is powered by Muthoot Finance

Tags:    

Similar News