ദീപാവലി ആഴ്ചയിൽ ഓഹരി വിപണിയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങൾ ഇതൊക്കെ; ഇനി വരാനിരിക്കുന്നത് ആഴത്തിലുള്ള തിരുത്തലോ? ഫെഡ് തീരുമാനം നിക്ഷേപകർ എന്തുകൊണ്ട് ഉറ്റുനോക്കണം?

ശക്തിയോടെയുള്ള തിരിച്ചു വരവ് ഓഹരി വിപണിയിൽ ഉണ്ടാവുമോ? ആഗോള സൂചനകൾ അനുകൂലം, വിദേശികൾ വിൽപന കൂട്ടി; ഫെഡ് തീരുമാനം നിർണായകമാകും

Update:2021-11-01 07:57 IST

വിപണി സൂചികകൾ കരടി വലയത്തിൽ നിന്ന് കരകയറുമോ? ദീപാവലി ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ വിപണിയിലെ ചോദ്യം അതാണ്.

ഈയാഴ്ച മൂന്നു ദിവസമേ വിപണിയുടെ സാധാരണ പ്രവർത്തനമുള്ളൂ. വ്യാഴാഴ്ച വൈകുന്നേരം മുഹൂർത്തവ്യാപാരം മാത്രം. വെള്ളിയാഴ്ചയും അവധി.
കഴിഞ്ഞ ആഴ്ച സെൻസെക്സ് 2.49 ശതമാനവും നിഫ്റ്റി 2.45 ശതമാനവും താഴ്ന്നു. തലേ ആഴ്ചയിലെ നഷ്ടം കുറേ നികത്തിക്കൊണ്ടാണു വാരം തുടങ്ങിയത്. എന്നാൽ ബുധനാഴ്ച മുതൽ വലിയ ഇടിവ് നടന്നു. വെള്ളിയാഴ്ച സെൻസെക്സ് 677.77 പോയിൻ്റ് (1.13 ശതമാനം) താണ് 59,306.93 ലും നിഫ്റ്റി 185.6 പോയിൻ്റ് (1.04 %) താണ് 17,671.65ലും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് കഴിഞ്ഞയാഴ്ച പുതിയ റിക്കാർഡ് ഇട്ട ശേഷം മൂന്നു ശതമാനം ഇടിഞ്ഞു. ധനകാര്യ കമ്പനികളും ഐടി മേഖലയും കഴിഞ്ഞയാഴ്ച വലിയ താഴ്ച കണ്ടു.

പുൾ ബാക്ക് റാലി കാത്ത് വിപണി

വിപണി ഈ ദിവസങ്ങളിൽ ഒരു പുൾ ബാക്ക്റാലി നടത്തുമെന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നത്. ആഗോള വിപണികളിലെ കുതിപ്പും അതിനു സഹായിക്കും. നിഫ്റ്റി ഉയർന്ന നിലയിൽ നിന്ന് ആയിരത്തോളം പോയിൻറ് ഇതിനകം താണിട്ടുണ്ട്. ഇതു സ്വാഭാവികമായും ഒരു ആശ്വാസ റാലിക്കു പ്രേരണയാണ്. നിഫ്റ്റിക്ക് 17,550 ലും 17,430 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,855 - ഉം 17,920-ഉം തടസങ്ങളാണ്. ഗണ്യമായ ഉയർച്ച ഇന്നു സാധ്യമായില്ലെങ്കിൽ 17,500-17,400 മേഖലയിലേക്കു താഴുന്നതിനാണു വഴിയൊരുങ്ങുക. അതു 17,100-16,950 മേഖലയിലേക്കു നിഫ്റ്റിയെ വലിച്ചു താഴ്ത്തും.

വിദേശികൾ വിൽപന കൂട്ടി

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 5142.63 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റഴിച്ചു. നവംബർ സീരീസിൽ രണ്ടു ദിവസം കൊണ്ട് 8961 കോടിയാണ് അവർ വിറ്റത്. ഒക്ടോബർ സീരീസിൽ 25,572 കോടിയുടെ ഓഹരികൾ അവർ വിറ്റിരുന്നു. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 4342.51 കോടിയുടെ ഓഹരികൾ വാങ്ങി.
വെള്ളിയാഴ്ച യൂറോപ്യൻ വിപണികളിൽ ചെറിയ കയറ്റിറക്കങ്ങളാണുണ്ടായത്. അമേരിക്കൻ വിപണി തുടക്കത്തിലെ വലിയ ഉത്സാഹം കഴിഞ്ഞിട്ടു ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. മുഖ്യസൂചികകൾ റിക്കാർഡ് കുറിച്ചാണു വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലാണ്.

ഏഷ്യയിൽ കുതിപ്പ്; എസ് ജി എക്സ് നിഫ്റ്റിയും കയറി

ജപ്പാനിൽ ഭരണ സഖ്യത്തിനു വീണ്ടും ഭൂരിപക്ഷം ലഭിച്ചത് ജാപ്പനീസ് വിപണിയെ ഉയർത്തി. നിക്കെെ സൂചിക രണ്ടര ശതമാനം കുതിപ്പ് നടത്തി. മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഉണർവാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ് ജി എക്സ് നിഫ്റ്റി 17,814 എന്ന നിലയിലേക്ക് ഉയർന്നു.പിന്നീട് 17,775 ലേക്കു താണു. ഇന്നു നല്ല ഉയർച്ചയോടെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരം കാണിക്കുന്നത്.

ക്രൂഡ് താണു; ഇരുമ്പയിരിന് ഇടിവ്

ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങളുടെ മേൽ യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ സമ്മർദം ചെലുത്തുന്നതായി റിപ്പാേർട്ട് ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ ക്രൂഡ് ഓയിൽ വില താഴ്ത്തി. ബ്രെൻ്റ് ഇനം 83.51 ഡോളറായി കുറഞ്ഞു. എന്നാൽ യുഎസ് വിപണിയുടെ മുഖ്യസൂചികയായ ഡബ്ള്യുടിഐ ഇനത്തിനു വില 83.22 ഡോളറായി ഉയർന്നു. ബ്രെൻറും ഡബ്ള്യുടിഐയും തമ്മിൽ ഇത്രയും അടുക്കുന്നത് സമീപവർഷങ്ങളിൽ ആദ്യമാണ്.
ചൈനീസ് സ്റ്റീൽ ഉൽപാദനം കഴിഞ്ഞ മാസം ഗണ്യമായി കുറഞ്ഞത് ഇരുമ്പയിര് വില 15.26 ശതമാനം ഇടിയാൻ കാരണമായി. വെള്ളിയാഴ്ച ടണ്ണിനു 105.18 ഡോളറായി വില. ഇന്നു വീണ്ടും വില താഴ്ന്നേക്കും. ഇരുമ്പയിര് കയറ്റുമതി നടത്തുന്ന എൻഎംഡിസിയുടെ ഓഹരിവിലയും താഴ്ന്നേക്കും. അലൂമിനിയം, നിക്കൽ തുടങ്ങിയവയ്ക്കും വില താഴ്ന്നു. മറ്റു വ്യാവസായിക ലോഹങ്ങൾ ഉയർന്നു.
സ്വർണം 1800 ഡോളറിൽ നിന്നു താണ് 1781-1783 ഡോളറിലെത്തി. സ്വർണ ഫണ്ടുകളിൽ നിക്ഷേപം വർധിക്കുന്നതു വില അധികം താഴില്ലെന്ന സൂചന നൽകുന്നു.

ഐആർസിടിസിയിലെ വങ്കത്തം തിരുത്തി

ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ്റെ (ഐആർസിടിസി) മുഖ്യ വരുമാനമായ കൺവീനിയൻസ്‌ ഫീസ് റെയിൽവേ മന്ത്രാലയവുമായി പങ്കു വയ്ക്കണമെന്നു വ്യാഴാഴ്ച നൽകിയ നിർദേശം കേന്ദ്ര സർക്കാർ വെളളിയാഴ്ച പിൻവലിച്ചു. അതിനു മുമ്പ് വിപണിയിൽ ഐആർസിടിസി ഓഹരി വില 26 ശതമാനം ഇടിഞ്ഞിരുന്നു. സർക്കാർ തീരുമാനം പിൻവലിച്ചെങ്കിലും ഓഹരി ഏഴു ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്.

വിശ്വസ്തൻ തുടരും

റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസിൻ്റെ കാലാവധി മൂന്നു വർഷം കൂടി നീട്ടിയത് അദ്ദേഹത്തിൻ്റെ നിലപാടുകളിലും നടപടികളിലും കേന്ദ്ര സർക്കാരിനുള്ള വിശ്വാസത്തെ കാണിക്കുന്നു. വളർച്ചയ്ക്കു സഹായകമെന്നു സർക്കാർ കരുതുന്ന നയങ്ങളാണ് ദാസിൻ്റേത്. സർക്കാരിൻ്റെ ഹിതങ്ങൾ സംരക്ഷിക്കാനും അദ്ദേഹം ശ്രമിക്കുന്നു. വിവാദങ്ങൾക്കു തിരികൊളുത്താതെ കാര്യങ്ങൾ നടത്താനും ദാസ് ശ്രമിച്ചു.

ആഴത്തിലുള്ള തിരുത്തൽ ഉണ്ടാകാം

ഇപ്പോൾ ഉയർന്നാലും കുറേക്കൂടി ആഴത്തിലുള്ള തിരുത്തലിലേക്കു വിപണി നീങ്ങും എന്നാണു പരിചയ സമ്പന്നരായ നിക്ഷേപ വിദഗ്ധർ കരുതുന്നത്. അമേരിക്ക ധനകാര്യ ഉത്തേജനം പിൻവലിക്കാൻ തുടങ്ങുമ്പോൾ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഉണ്ടാകും. അതിനു ബദലാകാൻ തക്ക പണം ആഭ്യന്തരമായി വരാനിടയില്ല. സ്വാഭാവികമായും വിപണിയുടെ ഇപ്പോഴത്തെ ഉയർന്ന നിലവാരം പിടിച്ചു നിർത്താനാകില്ല എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
ഈ വർഷങ്ങളിൽ റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം അസാധാരണമായി വർധിച്ചത് വിദേശികൾക്കു സ്വദേശിബദൽ ഉണ്ടെന്നു കാണിക്കുന്നതായി മറ്റൊരു പക്ഷം ഉണ്ട്. വിദേശികളുടെ പിന്മാറ്റത്തിലെ വലിയ പങ്ക് ഇതിനകം നടന്നെന്നും അവർക്കഭിപ്രായമുണ്ട്. കൂടുതൽ വളർച്ച സാധ്യതയുള്ള ഇന്ത്യൻ വിപണിയെ വിദേശ നിക്ഷേപ ഫണ്ടുകൾ തഴയുമെന്ന ധാരണയും അവർക്കില്ല.

ഫെഡ് തീരുമാനം കാത്തു വിപണി

അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡിൻ്റെ ഫെഡ് ഓപ്പൺ മാർക്കറ്റ് സ് കമ്മിറ്റി (എഫ്ഒ എം സി ) യുടെ തീരുമാനം ബുധനാഴ്ച രാത്രി പുറത്തുവരും. അതിൻ്റെ പ്രതിഫലനം വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന മുഹൂർത്തവ്യാപാരത്തിൽ ഉണ്ടാകും. എങ്കിലും കൂടുതൽ ചിന്തിച്ചുള്ള പ്രതികരണം അടുത്ത തിങ്കളാഴ്ച മുതലേ ഉണ്ടാകൂ.
പ്രതിമാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ വാങ്ങുന്ന പരിപാടി കുറയ്ക്കും എന്നു നേരത്തേ പറഞ്ഞിരുന്നു. അടുത്ത ജൂണോടെ അത് അവസാനിപ്പിക്കും എന്നും വ്യക്തമാക്കിയിരുന്നു. എങ്കിലും അതിൻ്റെ കൃത്യമായ സമയ പട്ടിക വരുമ്പോൾ വിപണിയിൽ ചില്ലറയല്ലാത്ത ചലനം ഉണ്ടാകും.
അമേരിക്കയിലെ ധനകാര്യ വിപണിയിൽ പണലഭ്യത ഗണ്യമായി കുറയ്ക്കുന്ന ഫെഡ് തീരുമാനം ഇന്ത്യയിലെ വിപണിയെയും കാര്യമായി ബാധിക്കും. വിദേശ നിക്ഷേപകർ പണം പിൻവലിക്കൽ കൂടുതൽ വേഗത്തിലാക്കും എന്നതാണു കാര്യം. ഒക്ടോബർ സീരീസിലെ വ്യാപാരത്തിൽ 25,572.19 കോടി രൂപ വിദേശികൾ ക്യാഷ് വിപണിയിൽ നിന്നു പിൻവലിച്ചിരുന്നു. അതിനു ശേഷം നവംബർ സീരീസിലെ രണ്ടു ദിവസം കൊണ്ടു വേറൊരു 8961.18 കോടി രൂപയും പിൻവലിച്ചു. ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നതാകും ഫെഡ് തീരുമാനം എന്നാണു കരുതപ്പെടുന്നത്.

ഓഹരി താഴും, ഡോളർ കയറും

ഓഹരികൾ താഴാനും രൂപയുടെ വിനിമയ നിരക്ക് ഇടിയാനും ഇതു വഴിവയ്ക്കും. വർഷാവസാനത്തോടെ ഡോളർ 80 രൂപയിലേക്കു കയറുമെന്നാണു പൊതു നിഗമനം. ഇന്ത്യയിലെ കയറ്റുമതി മേഖലയ്ക്കു രൂപയുടെ താഴ്ച നേട്ടമാണെങ്കിലും ഇറക്കുമതിയെ ആശ്രയിക്കുന്ന പെട്രോളിയം അടക്കമുള്ള മേഖലകൾക്കു ക്ഷീണമാകും. രാജ്യത്തു വിലക്കയറ്റം കൂടുകയും ചെയ്യും.

This section is powered by Muthoot Finance


Tags:    

Similar News