അമേരിക്കയിലേക്കു കണ്ണുനട്ട് വിപണി; നാളെ മുഹൂർത്ത വ്യാപാരം; ക്രൂഡിനും ലോഹങ്ങൾക്കും ഇടിവ്
ഇന്ത്യൻ ഓഹരി വിപണി ഇന്ന് ക്ലോസ് ചെയ്ത ശേഷം എന്തു സംഭവിക്കും? എണ്ണ - ലോഹ വിലകൾ താഴേക്ക്, സ്വർണ്ണ വില ഇന്നും താഴുമോ?
മുഖ്യസൂചികകൾ നഷ്ടം കാണിച്ചെങ്കിലും ഇന്ത്യൻ വിപണിയുടെ ഇന്നലത്തെ പ്രവണത പോസിറ്റീവ് ആയിരുന്നു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നു. ഒട്ടുമിക്ക വ്യവസായ മേഖലകളിലും ഉണർവ് കാണപ്പെട്ടു. യഥാർഥത്തിൽ വിപണി അനിശ്ചിതത്വത്തിലാണ്. അമേരിക്കൻ ഫെഡ് എന്നു തീരുമാനിക്കും, അതനുസരിച്ച് വിദേശ നിക്ഷേപകർ എന്തു ചെയ്യും എന്നൊക്കെയുള്ള ചോദ്യങ്ങളാണു വിപണിയെ ഉലയ്ക്കുന്നത്. ഈ ആശങ്കകൾക്കിടയിലും യൂറോപ്യൻ, യുഎസ് വിപണികൾ പുതിയ ഉയരങ്ങളിലേക്കു കയറി. പ്രതീക്ഷയിലും മികച്ച റിസൽട്ട് കമ്പനികൾ പ്രസിദ്ധീകരിച്ചതാണ് ഇതിനു കാരണം.
ഇന്ന് ഇന്ത്യൻ വിപണി അടച്ചശേഷമേ യുഎസ് ഫെഡിൻ്റെ തീരുമാനം വരൂ. നാളെ വിപണിക്ക് അവധിയാണ്. വൈകുന്നേരം ഒരു മണിക്കൂർ മുഹൂർത്തവ്യാപാരം നടക്കും. വെള്ളിയും വിപണിക്ക് അവധിയാണ്. ഫെഡ് തീരുമാനത്തോടുള്ള പ്രതികരണം അടുത്ത തിങ്കളാഴ്ചയേ വ്യക്തമാകൂ.
ഇന്നലെ ഇന്ത്യൻ വിപണി ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും അതു നിലനിർത്താനായില്ല. സെൻസെക്സ് 109.4 പോയിൻ്റ് (0.18 ശതമാനം) താണ് 60,029.06 ലും നിഫ്റ്റി 40.7 പോയിൻ്റ് (0.23%) താണ് 17,888.95 ലും ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി ഉയർച്ചയിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.83 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.02 ശതമാനവും ഉയർന്നു. ബാങ്ക് നിഫ്റ്റിയും ഉയർന്നാണു ക്ലോസ് ചെയ്തത്.
ഇന്നലെ വിദേശ നിക്ഷേപകർ 244.87 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വാങ്ങി. ആഴ്ചകൾക്കുശേഷമാണ് വിദേശികൾ വാങ്ങലുകാരായത്. സ്വദേശി ഫണ്ടുകൾ ആറു കോടി രൂപയുടെ വിൽപന നടത്തി.
വിപണി ബെയറിഷ് സമീപനത്തോടെയാണു നിൽക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 17,820 ലും പിന്നീട് 17,750ലുമാണ് അവർ സപ്പോർട്ട് കാണുന്നത്. ഉയരത്തിൽ 17,985 - ഉം 18,080-ഉം തടസ മേഖലകളാണ്.
ഇന്നലെയും യൂറോപ്യൻ വിപണികൾ ചെറിയ കയറ്റിറക്കങ്ങൾ നടത്തി. യുഎസ് വിപണി പുതിയ റിക്കാർഡിലേക്കു കയറി. ഡൗ ജോൺസ് ആദ്യമായി 36,000 കടന്നു ക്ലോസ് ചെയ്തു.
ഇന്നു രാവിലെ ഏഷ്യൻ വിപണി ചെറിയ ഉണർവോടെ തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ്
വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,960 വരെ ഉയർന്നു. ഇന്ത്യയിൽ വിപണി ഉയർന്നു തുടങ്ങുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വ്യാപാരം.
ക്രൂഡും ലോഹങ്ങളും താഴോട്ട്
ക്രൂഡ് ഓയിൽ വില കുറഞ്ഞു. ഉൽപാദനം കൂട്ടാൻ ഒപെക് തയാറാകുമെന്ന സൂചനയും വളർച്ച നിരക്കു കുറയുമെന്ന ചൈനീസ് പ്രധാനമന്ത്രിയുടെ പ്രസ്താവനയുമാണു കാരണം.അമേരിക്കയിൽ ക്രൂഡ് സ്റ്റോക്ക് പ്രതീക്ഷയേക്കാൾ വർധിക്കുകയും ചെയ്തു. ബ്രെൻ്റ് ഇനം ക്രൂഡ് 83.76 ഡോളറിലേക്കു താണു.
വ്യാവസായിക ലോഹങ്ങൾക്കു വില വീണ്ടും കുറഞ്ഞു. ചൈനീസ് സാമ്പത്തിക വളർച്ച പ്രതീക്ഷയിലും കുറവാകുമെന്ന് പ്രധാനമന്ത്രി ലി കെചിയാംഗ് പറഞ്ഞതു വിപണിയെ സ്വാധീനിച്ചു. ഇരുമ്പയിര് വില മാസങ്ങൾക്കു ശേഷം 100 ഡോളറിനു താഴെയായി.
സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങി. 1796 ഡോളർ വരെ കയറിയ ശേഷം താണ് 1786 ഡോളറിലാണ് ഇന്നു രാവിലെ. കുറേക്കൂടി താഴുമെന്നാണു സൂചന.
ഡോളർ സൂചിക ഇന്നു കയറി. 94.14 ലാണ് രാവിലെ സൂചിക. ഫെഡ് നിലപാട് ഡോളറിനു കരുത്തു കൂട്ടും എന്ന നിഗമനത്തിലാണു വിപണി. ഇന്നലെ 74.68 രൂപയിലേക്കു താണ ഡോളർ ഇന്നു തിരിച്ചുകയറുമെന്നു സൂചനയുണ്ട്.
കടപ്പത്രം വാങ്ങൽ കുറയ്ക്കും
അമേരിക്കൻ കേന്ദ്ര ബാങ്ക് മാസം തോറും 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ വാങ്ങിയിരുന്നത് അവസാനിപ്പിക്കുന്ന തീരുമാനമാണു ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) ഇന്നു രാത്രി പ്രഖ്യാപിക്കുക. അടുത്ത വർഷം പകുതിയോടെ വാങ്ങൽ അവസാനിപ്പിക്കുകയാകും ലക്ഷ്യം. മാസം 1500 കോടി ഡോളർ വീതം കുറയ്ക്കും എന്നാണു വിപണിയുടെ നിഗമനം. 1000 കോടി സർക്കാർ കടപ്പത്രവും 500 കോടി ബാങ്കുകളുടെ കടപ്പത്രങ്ങളും.
പലിശ നിരക്കും വിലക്കയറ്റവും സംബന്ധിച്ചു ഫെഡ് ചെയർമാൻ ജെറോം പവൽ എന്തു പറയും എന്നതും വിപണി ഉറ്റുനോക്കുന്ന കാര്യമാണ്. ഉയർന്ന വിലക്കയറ്റം താൽക്കാലികമാണെന്നാണ് ഇതുവരെ പവൽ പറഞ്ഞിരുന്നത്. പലിശ വർധനയെപ്പറ്റി ആലോചിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടുകളിൽ എന്തെങ്കിലും മാറ്റം വരുമോ എന്നാണു വിപണി ശ്രദ്ധിക്കുക. പലിശ വർധന അടുത്ത ജൂണിലാേ അതിനു ശേഷമോ തുടങ്ങും എന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ വിപണി. അതിനു മുമ്പേ പലിശ കൂട്ടും എന്ന സൂചന ഉണ്ടായാൽ വിപണിയിൽ കോളിളക്കമുണ്ടാകും. വിലക്കയറ്റം താൽക്കാലികമല്ല, ഘടനാപരമാണ് എന്ന സൂചന ഉണ്ടായാലും വിപണി ഉലയും.
വിദേശനിക്ഷേപത്തെ നയിച്ചതു പണലഭ്യത
വിശേ നിക്ഷേപകർ ഇവിടത്തെ നിക്ഷേപം പിൻവലിക്കുന്നതിൻ്റെ തോത് കൂടുമോ എന്ന ആശങ്കയും ഇന്ത്യക്കുണ്ട്. യുഎസ് പലിശ നിരക്ക് കൂടുമ്പോൾ ഇവിടെ നിന്നു പണം മടങ്ങാൻ തുടങ്ങും. അത് എത്ര വൈകുന്നുവാേ അത്ര നാളേക്ക് വിദേശ നിക്ഷേപകർ ഇവിടെ നിക്ഷേപം തുടരും. ഫെഡ് കടപ്പത്രം വാങ്ങൽ കുറയ്ക്കുമ്പോൾ അമേരിക്കൻ ധനകാര്യ മേഖലയിലെ പണലഭ്യത (Liquidity) കുറയും. നാമമാത്ര പലിശയ്ക്ക് ഇഷ്ടം പോലെ പണം. ഈ അമിത പണലഭ്യതയാണ് ഓഹരി -ഉൽപന്ന കമ്പോളങ്ങളിലെ വർധിച്ച നിക്ഷേപത്തിന് ആധാരമായിരുന്നത്. അതു കുറയുമ്പോൾ വിപണികളിൽ ഇടിവുണ്ടാവുക സ്വാഭാവികമാണ്.
This section is powered by Muthoot Finance