അമേരിക്കൻ വിലക്കയറ്റവും ഓഹരി വിപണിയും തമ്മിലെന്ത്? പുതിയ ചോദ്യം പലിശ എന്നു കൂടും? നൈകയുടെ തിളക്കത്തിൻ്റെ മറുവശം; പേടിഎമ്മിനെ ഫണ്ടുകൾക്കു പേടി?
ഉൾക്കരുത്ത് കാട്ടി ഇന്ത്യൻ ഓഹരി വിപണി; ജെറോം പവൽ ഡിസംബറിൽ എന്തു പറയും; ഇവിടെ പലിശ എന്നു കൂടും?
താഴ്ന്നു തുടങ്ങി; വീണ്ടും താഴ്ന്നു; താഴ്ചയുടെ ആഴം കുറച്ചു കൊണ്ട് ക്ലോസ് ചെയ്തു. ബുധനാഴ്ച ഇന്ത്യൻ വിപണി ഉൾക്കരുത്ത് കാണിച്ചു. തുടക്കത്തിലേക്കാൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു എന്നത് പോസിറ്റീവ് സൂചനയായി കാണാം. പക്ഷേ, ആഗാേള സൂചനകൾ ഇന്നത്തെ വ്യാപാരം താഴ്ചയിലേക്ക് ആകുമെന്നു സൂചിപ്പിക്കുന്നു.
യൂറോപ്യൻ ഓഹരികൾ ചെറിയ നേട്ടത്തോടെയാണ് ഇന്നലെ ക്ലോസ് ചെയ്തത്. എന്നാൽ ചില്ലറ വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കു കയറിയത് യുഎസ് ഓഹരികളെ കുത്തനെ താഴ്ത്തി. ഡൗ ജോൺസ് 0.8 ശതമാനം താണു. ടെസ്ല ഓഹരി ഇടിഞ്ഞതോടെ നാസ്ഡാ ക് രണ്ടു ശതമാനത്തോളം താണു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലാണ്. ജപ്പാൻ ഒഴികെയുള്ളഏഷ്യൻ വിപണികളുടെ തുടക്കവും താഴ്ചയിലായി. ജപ്പാനിൽ പ്രധാനമന്ത്രി കിഷിഡ പുതിയ ഉത്തേജന പദ്ധതി പ്രഖ്യാപിക്കുന്നതിൻ്റെ ആവേശം പ്രകടമായി.
യുഎസ് ഡോളർ കൂടുതൽ കരുത്തു കാണിച്ചപ്പോൾ ക്രൂഡ് ഓയിൽ വില താഴ്ന്നു. പലിശ നിരക്ക് കയറുമെന്ന ആശങ്കയാണു കാരണം. ഇതേ ആശങ്ക സ്വർണ വിലയെ 1850 ഡോളറിനു മുകളിലെത്തിച്ചു.
സെൻസെക്സ് ഇന്നലെ 80.63 പോയിൻ്റ് (0.13 ശതമാനം) കുറഞ്ഞ് 60,352.82ലും നിഫ്റ്റി 27.05 പോയിൻ്റ് (0.15%) കുറഞ്ഞ് 18,017.2 ലും ക്ലോസ് ചെയ്തു. വാഹന, ഹെൽത്ത് കെയർ, ഫാർമ, ഓയിൽ കമ്പനികൾ ആണു കാര്യമായ നേട്ടമുണ്ടാക്കിയത്. പൊതുമേഖലാ ബാങ്കുകൾ മുൻ ദിവസങ്ങളിലെ നേട്ടങ്ങൾ കൈവിട്ട് നഷ്ടത്തിലായി. മെറ്റൽ കമ്പനികളും റിയൽറ്റിയും താഴോട്ടു നീങ്ങി. മിഡ് ക്യാപ്, സ്മോൾ ക്യാപ് കമ്പനികളും ഇന്നലെ താഴ്ചയിലായി.
വിദേശ നിക്ഷേപകരുടെ വിൽപന ഇന്നലെ അൽപം കുറവായിരുന്നു. 469.5 കോടിയുടെ ഓഹരികളാണ് അവർ വിറ്റത്. സ്വദേശി ഫണ്ടുകൾ 766.95 കോടിയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു.
തുടക്കത്തിലേക്കാൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തതു ബുള്ളിഷ് സൂചനയാണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ ഇന്നു വ്യാപാരത്തിൽ ബുളളിഷ് പ്രവണത അവർ പ്രതീക്ഷിക്കുന്നില്ല. നിഫ്റ്റി 18,000 നു താഴേക്കു വീണ്ടും താണാൽ 17,600 വരെ പോകാനുള്ള സാധ്യത അവർ തള്ളിക്കളയുന്നില്ല. 17,935-ലും 17,850- ലുമാണു നിഫ്റ്റിക്കു സപ്പോർട്ട് ഉള്ളത്. ഉയർച്ചയിൽ 18,080-ഉം 18,140-ഉം തടസങ്ങളാകും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,960 ലേക്കു താണു. ഇന്നു രാവിലെ 17,900 ലാണു വ്യാപാരം. ഇന്ത്യൻ വിപണി താഴ്ചയോടെ തുടങ്ങുമെന്ന സൂചനയാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്നത്.
ക്രൂഡ് താണു, സ്വർണം കുതിച്ചു
ക്രൂഡ് ഓയിൽ വില ഇന്നലെ മൂന്നു ശതമാനം താണു. വിലക്കയറ്റം കൂടിയത് യുഎസ് പലിശ നിരക്കു വർധന നേരത്തേ ആക്കുമെന്ന ഭീതിയാണ് വിലയിടിവിലേക്കു നയിച്ചത്. ബ്രെൻ്റ്, ഇനം 82.80 ഡോളറിലേക്കു താഴ്ന്നു.
അലൂമിനിയം ഒഴിച്ചുള്ള വ്യാവസായിക ലോഹങ്ങൾക്കും വില ഇടിഞ്ഞു. ചെമ്പ്, ഈയം, സിങ്ക് എന്നിവ രണ്ടു ശതമാനം താണു.
സ്വർണവില കുതിച്ചു. ഔൺസിന് 1866 ഡോളർ വരെ കുതിച്ച ശേഷം ഇന്നു രാവിലെ 1850-1852 ഡോളർ മേഖലയിലാണ്.
ഡോളർ ഇന്നലെയും കരുത്തു കാണിച്ചപ്പോൾ രൂപ ദുർബലമായി. 32 പൈസ ഉയർന്ന് 74.37 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്.
വിലക്കയറ്റം പുതിയ ഉയരത്തിൽ
ഒക്ടോബറിലെ യുഎസ് ചില്ലറ വിലക്കയറ്റം 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. ഒക്ടോബറിലെ മാത്രം വർധന 0.9 ശതമാനമാണ്. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 4.6 ശതമാനമായി. ചൈനയിൽ മൊത്ത വിലക്കയറ്റം 26 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
വിലക്കയറ്റം താൽക്കാലികമാണ്, സപ്ലൈ ചെയിനിലെ തടസങ്ങളാണു കാരണം എന്നൊക്കെയാണു യുഎസ് കേന്ദ്ര ബാങ്ക് ആയ ഫെഡ് മുതൽ ഇന്ത്യയുടെ റിസർവ് ബാങ്ക് വരെ പറഞ്ഞിരുന്നത്. പുതിയ കണക്കുകൾ ആ വാദങ്ങളെ നിരർഥകമാക്കുന്നു. വിലക്കയറ്റം ഗുരുതരമാണെന്നു യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇന്നലെ പറഞ്ഞു. അടിസ്ഥാന പലിശനിരക്കു പൂജ്യത്തിനടുത്തു നിർത്തുന്ന ഫെഡ് നയം തിരുത്താൻ രാഷ്ട്രീയ സമ്മർദം ഉണ്ടാകും. കാലാവധി തീരാൻ പോകുന്ന ഫെഡ് ചെയർമാൻ ജെറോം പവൽ ഡിസംബറിലെ ഫെഡ് യോഗത്തിൽ നയം മാറ്റം സൂചിപ്പിക്കുമോ എന്നാണ് ഇനി എല്ലാവരും ശ്രദ്ധിക്കുക. 2022 ഒടുവിൽ പലിശനിരക്കു കൂട്ടുമെന്ന നിഗമനം തിരുത്തേണ്ടി വരും. ഒരു പക്ഷേ 2022 ആദ്യ പാദത്തിൽ പലിശയിലെ ആദ്യ വർധന ഉണ്ടായാലും ആശ്ചര്യമില്ല. പലിശ കൂടുമെന്ന നിഗമനത്തിൽ യു എസ് സർക്കാരിൻ്റെ 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (Yield) 1.56 ശതമാനത്തിലേക്ക് ഉയർന്നു. ഡോളർ സൂചിക 11 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 94.85ലെത്തി.
ഇവിടെയും കൂടും പലിശ
അമേരിക്ക പലിശ കൂട്ടിയാൽ മറ്റു രാജ്യങ്ങളും പലിശ കൂട്ടാൻ നിർബന്ധിതമാകും. അല്ലെങ്കിൽ മൂലധനം യുഎസിലേക്ക് ഒഴുകുകയും കറൻസികൾ ഇടിയുകയും ചെയ്യും. അമേരിക്കൻ ഫെഡ് കടപ്പത്രം വാങ്ങൽ നിർത്താൻ തുടങ്ങിയപ്പോൾ തന്നെ ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും ഓഹരി - കടപ്പത്ര നിക്ഷേപങ്ങൾ വിറ്റ് പണം മടക്കിക്കൊണ്ടു പോകുകയാണ് യുഎസ് പെൻഷൻ ഫണ്ടുകളും മറ്റും. ഇന്ത്യൻ ഓഹരി - കടപ്പത്ര വിപണികൾക്കും രൂപയ്ക്കും പരീക്ഷണ നാളുകളാണു വരാനിരിക്കുന്നത്.
നൈക തിളങ്ങി
ഫൽഗുനി നയാറും കുടുംബവും പ്രൊമോട്ട് ചെയ്ത ബ്യൂട്ടി -ഫാഷൻ ഇ കൊമേഴ്സ് സ്ഥാപനം നൈക ഐപിഒ വിലയേക്കാൾ 80 ശതമാനം ഉയർന്ന വിലയ്ക്ക് ഇന്നലെ ലിസ്റ്റ് ചെയ്തു. കൊട്ടക് മഹീന്ദ്ര കാപ്പിറ്റലിൽ ദീർഘകാലം പ്രവർത്തിച്ച ശേഷം 2012 - ലാണു ഫൽഗുനി സംരംഭകയായത്. ലിസ്റ്റിംഗോടെ നൈകയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. നയാർ കുടുംബത്തിൻ്റെ സമ്പത്ത് അരലക്ഷം കോടി രൂപയ്ക്കു മുകളിലായി. ഒ.പി. ജിൻഡൽ ഗ്രൂപ്പിൻ്റെ സാവിത്രി ജിൻഡൽ കഴിഞ്ഞാൽ ഏറ്റവും സമ്പന്ന വനിതയായി ഗുജറാത്തിയായ ഫൽഗുനി. കെകെആർ എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിൻ്റെ ചെയർമാൻ സഞ്ജയ് നയാർ ആണു ഫൽഗുനിയുടെ ഭർത്താവ്.
പിഇ അനുപാതം 1600 !
അത്യാവേശകരമായ തുടക്കം കുറിച്ച നൈക (നായിക എന്ന സംസ്കൃത വാക്കിൽ നിന്നാണ് ഈ പേര്) കഴിഞ്ഞ വർഷം 2453 കോടി രൂപ വിറ്റുവരവിൽ 61.96 കോടി രൂപയാണു ലാഭമുണ്ടാക്കിയത്. പ്രതി ഓഹരി ലാഭത്തിൻ്റെ 1600 മടങ്ങാണ് ഇന്നലെ ഓഹരിവില. ഇങ്ങനെയൊരു പിഇ അനുപാതം വിപണി മുമ്പു കണ്ടിട്ടില്ല.
നഷ്ടത്തിലോടുന്ന സ്റ്റാർട്ടപ്പുകൾ ഓഹരിവില കണക്കാക്കുന്നത് വിറ്റുവരവിൻ്റെ ഇത്ര മടങ്ങ് എന്ന രീതിയിലാണ്. നൈക ഓഹരി ഇന്നലെ കഴിഞ്ഞ വർഷത്തെ വിറ്റുവരവിൻ്റെ 39 മടങ്ങ് വിലയിലാണ്. ഈയിടെ ലിസ്റ്റ് ചെയ്ത ഫുഡ് ഇ കൊമേഴ്സ് സംരംഭം സൊമാറ്റോ വിറ്റുവരവിൻ്റെ 54 മടങ്ങ് വിലയിലാണ്. സൊമാറ്റോ ഇപ്പാേഴും നഷ്ടത്തിലാണ്. രണ്ടാം പാദത്തിൽ 1024 കോടി രൂപ വിറ്റുവരവിൽ 435 കോടിയാണു നഷ്ടം.
പേടിഎം കടന്നുകൂടി
സ്റ്റാർട്ടപ് ആയി തുടങ്ങിയ പേടിഎം ഐപിഒ ഇന്നലെ കഷ്ടിച്ചു കടന്നു കൂടി. സൊമാറ്റോയ്ക്കും നൈകയ്ക്കും റിക്കാർഡ് അപേക്ഷകർ ഉണ്ടായിരുന്നു. ചൈനീസ് കമ്പനികൾക്കു പങ്കാളിത്തമുള്ള പേടിഎം വിറ്റുവരവിൻ്റെ 50 മടങ്ങ് വിലയിലാണ് ഐപിഒ നടത്തുന്നത്. മ്യൂച്വൽ ഫണ്ടുകൾ പേടിഎം ഓഹരിയിൽ താൽപര്യം കാണിച്ചില്ല. പേമെൻ്റ് കമ്പനിയായി തുടങ്ങി അതിൽ വിജയിക്കാതെ വന്നപ്പോൾ മറ്റു പല ബിസിനസുകളും തുടങ്ങി വച്ച പേടിഎം ഇതു വരെ ലാഭമുണ്ടാക്കിയിട്ടില്ല.
This section is powered by Muthoot Finance