അനിശ്ചിതത്വത്തിനിടയിലും ഉയർച്ച കാത്തു വിപണി; പലിശയും വിലയും ചിന്താവിഷയങ്ങൾ; ഉപഭോക്താക്കൾ എന്തു ചെയ്യുമെന്ന് ആശങ്ക

വിലക്കയറ്റ-പലിശ ഭീതികളാണു വിപണികളെ ഉലയ്ക്കുന്നു; ഉച്ചകോടിയിലേക്കു നോട്ടം; ലിസ്റ്റിംഗിൽ നഷ്ടവും റിക്കാർഡ് നേട്ടവും

Update:2021-11-16 08:08 IST

വിപണിയിൽ വീണ്ടും അനിശ്ചിതത്വം കടന്നു വന്നിരിക്കുന്നു. മികച്ച തുടക്കത്തിനു ശേഷം വ്യാപാരാന്ത്യത്തിൽ അതെല്ലാം നഷ്ടമാക്കി ക്ലോസ് ചെയ്തത് ഇന്ത്യൻ വിപണി മാത്രമല്ല. യുഎസ് വിപണിയും ഇതേ പാതയിലാണ് ഇന്നലെ സഞ്ചരിച്ചത്. ഇന്ത്യയിൽ മുഖ്യസൂചികകൾ നാമമാത്ര നേട്ടത്തിൽ വ്യാപാരം നിർത്തിയപ്പോൾ യുഎസ് വിപണിയിൽ സൂചികകൾ നാമമാത്ര നഷ്ടത്തിലായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യൻ വിപണി ഉയർന്നു തുടങ്ങുമെന്ന് എസ്ജിഎക്സ് നിഫ്റ്റിയിലെ ഉയർച്ച സൂചിപ്പിക്കുന്നു.

ഉപഭോക്താക്കൾ എന്തു ചിന്തിക്കുന്നു?

വിലക്കയറ്റ-പലിശ ഭീതികളാണു വിപണികളെ ഉലയ്ക്കുന്നത്. ഉപഭോക്താക്കൾ വീണ്ടും പിന്മാറുന്നു എന്ന ആശങ്ക എങ്ങുമുണ്ട്. ഇന്ത്യയിൽ ഉപഭോക്തൃ മനാേഭാവം താഴ്ന്ന നിലവാരത്തിലാണെന്ന് സിഎംഐഇ (സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി) സർവേ കാണിക്കുന്നു. ഉപഭോക്താക്കൾ ചെലവ് ചെയ്യാൻ മടിക്കുന്നു എന്നാണ് ഇതിനർഥം. വില കൂടുതലാകുന്നതും വരുമാനഭദ്രത ഉറപ്പില്ലാതാകുന്നതുമാണു കാരണം. ഇങ്ങനെ വരുമ്പോൾ കമ്പനികൾക്കു പ്രതീക്ഷ പോലെ വരുമാന വർധന ഉണ്ടാകില്ല.
അമേരിക്കയിൽ ഉപഭോക്താക്കൾ എങ്ങനെ ചിന്തിക്കുന്നു എന്നതിൻ്റെ പ്രതിമാസ സർവേ ഫലം ഇന്നു വരും. ഈയാഴ്ച തന്നെ അവിടെ പ്രമുഖ റീട്ടെയിൽ ശൃംഖലകളുടെ (വാൾമാർട്ട്, ടാർഗറ്റ്, ഹോം ഡിപ്പോ, മേസീസ്) പാദ റിസൽട്ടും പുറത്തുവരും. റിക്കാർഡ് വിലക്കയറ്റം എങ്ങനെയാണു വ്യാപാരത്തെ ബാധിച്ചതെന്ന് അപ്പോൾ അറിയാം.

പലിശപ്പേടി കൂടുന്നു

അമേരിക്കയിൽ പലിശ വർധന നേരത്തേ ആകുമെന്ന കണക്കുകൂട്ടൽ പ്രബലമായി വരികയാണ്. 10 വർഷ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം (Yield) 1.627 ശതമാനത്തിലേക്ക് ഉയർന്നതിലെ സൂചനയതാണ്. അമേരിക്ക പലിശ കൂട്ടുമ്പോൾ വികസ്വര രാജ്യങ്ങളും പലിശ കൂട്ടേണ്ടി വരും. പലിശ കൂടുന്നതു കമ്പനികളുടെ ലാഭത്താേതു കുറയ്ക്കും. അതു കൊണ്ടാണു 2022-ൽ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ കമ്പനികളുടെ ലാഭ വർധന കുറയുമെന്നു മോർഗൻ സ്റ്റാൻലി പറയുന്നത്. വികസ്വര രാജ്യങ്ങളിലെ ഓഹരികളിൽ അധികം നിക്ഷേപം വേണ്ട എന്നാണ് അവരുടെ ഉപദേശം.

ചാഞ്ചാടി വിപണി

സെൻസെക്സ് ഇന്നലെ 61,036.56 വരെ കയറുകയും 60,597.36 വരെ താഴുകയും ചെയ്തു. ഒടുവിൽ 32.02 പോയിൻ്റ് (0.05%) ഉയർന്ന് 60,718.71-ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയും ഇതേപോലെ കയറിയിറങ്ങിയിട്ട് 6.7 പോയിൻ്റ് (0.04%) നേട്ടത്തോടെ 18,109.45 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.33 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.25% ശതമാനം താഴ്ന്നു. ഹെൽത്ത് കെയർ, ഫാർമ, ഐടി, എഫ്എംസിജി കമ്പനികളുടെ ഉയർച്ചയാണു വിപണിയെ ഇന്നലെ ഉയർത്തി നിർത്തിയത്. അപ്പോളോ ഹോസ്പിറ്റൽസും മെട്രോപ്പോലിസും ലോറസ് ലാബും എട്ടു ശതമാനത്തിലേറെ ഉയർന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും മെറ്റൽ കമ്പനികളും സൂചികയെ താഴോട്ടു വലിച്ചു. മണപ്പുറം ജനറൽ ഫിനാൻസ് 9.77 ശതമാനവും എം ആൻഡ് എം ഫിനാൻസ് 5.97 ശതമാനവും താണു.

ഉച്ചകോടിയിലേക്കു നോട്ടം

ഇന്നലെ യൂറോപ്യൻ വിപണിയിൽ സമ്മിശ്ര ചിത്രമാണ് ഉണ്ടായത്. അമേരിക്കൻ വിപണി ഉയർന്നു തുടങ്ങിയിട്ടു നേരിയ താഴ്ചയിൽ അവസാനിച്ചു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണു നീങ്ങുന്നത്. രാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിംഗും നടത്തിയ വർച്വൽ ഉച്ചകോടിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. വാണിജ്യ-രാഷ്ട്രീയ ഭിന്നതകളിൽ എന്തെങ്കിലും കുറവുണ്ടാക്കാൻ ഉച്ചകോടിക്കു കഴിഞ്ഞാൽ വിപണികൾ ഉത്സാഹത്തിലാകും.

സമ്മർദമേഖല കടക്കണം

വിപണിയിലെ അനിശ്ചിതത്വം മാറി ഉയർച്ചയിലാകണമെങ്കിൽ രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ടു നിഫ്റ്റി 18,210 കടക്കണമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 18,150-18,210 മേഖലയിൽ വലിയ വിൽപന സമ്മർദമാണുള്ളത്. അവിടം കടന്നാൽ 18,190-ലും 18,270 ലും ശക്തമായ തടസം ഉണ്ടാകാം. 18,050-ഉം 17,990- ഉം നിഫ്റ്റിക്കു സപ്പോർട്ട് നൽകുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,160-ൽ ക്ലോസ് ചെയതു. ഇന്നു രാവിലെ 18,190 ലേക്കു കയറി. ഇന്ന് ഇന്ത്യയിൽ ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.

ക്രൂഡ് താഴുന്നു; ഗ്യാസ് ഉയരുന്നു

ക്രൂഡ് ഓയിൽ വില നേരിയ തോതിൽ താണു. വിലക്കയറ്റം നിയന്ത്രിക്കാൻ യു എസ് പെട്രാേളിയം റിസർവിൽ നിന്നു വിൽപന നടത്തുമെന്ന് പലരും പറയുന്നുണ്ട്. ബ്രെൻ്റ് ഇനം ക്രൂഡ് 82.05 ഡോളറിലേക്ക് താണു. എന്നാൽ പ്രകൃതിവാതക വില അഞ്ചു ശതമാനം ഉയർന്ന് അഞ്ചു ഡോളറിനു മുകളിലായി. യൂറോപ്പിൽ വാതക ലഭ്യത പ്രശ്നത്തിലായതാണു കാരണം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴോട്ടു നീങ്ങി. ടെക്നിക്കൽ കറക്ഷൻ മാത്രമാണതെന്നു നിക്ഷേപകർ പറയുന്നു.
സ്വർണം ചെറിയ കയറ്റിറക്കങ്ങളോടെ തുടരുന്നു. 1864-1866 ഡോളർ മേഖലയിലാണ് ഇന്നു രാവിലെ സ്വർണവില.

വിലക്കയറ്റത്തിൻ്റെ കുതിപ്പ് തുടരുന്നു

വിലക്കയറ്റം പെട്ടെന്നു മാറുന്നതല്ലെന്നു മൊത്ത വിലക്കയറ്റം കാണിക്കുന്നു. ഒക്ടോബറിലെ വിലക്കയറ്റം 12.54 ശതമാനം. തലേമാസം 10.66 ശതമാനമായിരുന്നു. തുടർച്ചയായ ഏഴാമത്തെ മാസമാണ് വിലക്കയറ്റം 10 ശതമാനത്തിലധികമാകുന്നത്. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 11.9 ശതമാനമുണ്ട്. ഇതു റിക്കാർഡ് നിലയാണ്.
ഇന്ധന-ഊർജ വിഭാഗത്തിലെ വിലക്കയറ്റം 37.2 ശതമാനമുണ്ട്. തലേ മാസം ഇത് 24.81 ശതമാനമായിരുന്നു. വൈദ്യുതിക്കു 19 ശതമാനമാണു വർധന. ഇന്ധന നികുതി കുറച്ചത് നവംബറിൽ ചെറിയ ആശ്വാസം നൽകിയേക്കും.
ഭക്ഷ്യവിലക്കയറ്റം വീണ്ടും വർധിച്ചു. സെപ്റ്റംബറിലെ 1.14 ൽ നിന്ന് 3.06 ശതമാനത്തിലേക്ക്. നവംബറിലും ഭക്ഷ്യ വിലക്കയറ്റം വർധിക്കുമെന്നാണു നിലവിലെ സൂചന.
ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം 12.04 ശതമാനത്തിലേക്കു കയറി. ഇതു വരും ആഴ്ചകളിൽ ചില്ലറ വിലക്കയറ്റം വർധിപ്പിക്കും.

ലിസ്റ്റിംഗിൽ നഷ്ടവും റിക്കാർഡ് നേട്ടവും

ഇന്നലെ ലിസ്റ്റ് ചെയ്ത മൂന്നു പുതിയ ഇഷ്യു ക ളിൽ ഒരെണ്ണം (എസ്ജെഎസ് എൻ്റർപ്രൈസസ്) ആറു ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. അതേ സമയം ലിസ്റ്റിംഗിലെ നേട്ടത്തിൽ റിക്കാർഡ് കുറിക്കാൻ സിഗാച്ചി ഇൻഡസ്ട്രീസിനു കഴിഞ്ഞു. ഇഷ്യു വിലയുടെ 3.7 മടങ്ങായ ലിസ്റ്റിംഗ് വില. ഔഷധ മേഖലയ്ക്കു വേണ്ട മോണോ ക്രിസ്റ്റലൈൻ സെല്ലുലോസും അതിൻ്റെ മൂല്യവർധിത വകഭേദങ്ങളും നിർമിക്കുന്ന കമ്പനിക്ക് ആന്ധ്രയിലും ഗുജറാത്തിലും ഫാക്ടറികൾ ഉണ്ട്.
ഓൺലൈൻ ഇൻഷ്വറൻസ് വിൽപന കമ്പനിയായ പോളിസി ബസാറിൻ്റെ ഉടമകളായ പിബി ഫിൻടെക് 23 ശതമാനം നേട്ടത്തോടെ ലിസ്റ്റ് ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 54,000 കോടിക്കു മുകളിലാണ്. കഴിഞ്ഞ വർഷം 950 കോടിയുടെ വിറ്റുവരവിൽ 150 കോടി നഷ്ടമുണ്ടാക്കിയതാണു കമ്പനി. വിറ്റുവരവിൻ്റെ 57 മടങ്ങാണ് വിപണിമൂല്യം. വിപണിമൂല്യത്തിൽ ആദ്യ 50 കമ്പനികളിലൊന്നായി.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ നടത്തിയ പേടിഎം വ്യാഴാഴ്ച ലിസ്റ്റ് ചെയ്യും. 18,300 കോടിയാണ് ആ കമ്പനി സമാഹരിച്ചത്.


This section is powered by Muthoot Finance


Tags:    

Similar News