നിക്ഷേപകർ ഈ താഴ്ചയിൽ ഓഹരികൾ വാങ്ങണോ? റിലയൻസിന്റെ താഴ്ചയ്ക്കു പിന്നിൽ അദാനിയുടെ പങ്കെന്ത്? ഓഹരി വിപണികളെ ഉലയ്ക്കുന്നതെന്ത്?

വിലക്കയറ്റ ഭീഷണിയിൽ വിപണികൾ; കൂടുതൽ നൽകുന്നത് വിൽക്കാനുള്ള ഉപദേശം; റിലയൻസിൻ്റെ താഴ്ചയ്ക്കു പിന്നിൽ ഇക്കാര്യങ്ങൾ

Update:2021-11-18 08:08 IST

വിലക്കയറ്റം കമ്പനികളുടെ വരുമാനം ചോർത്തുമെന്ന ബോധ്യവും പലിശവർധന വൈകില്ലെന്ന നിഗമനവും ഓഹരി വിപണികളെ ഗ്രസിച്ചു. തുടർച്ചയായി രണ്ടു ദിവസം താഴാേട്ടു നീങ്ങിയ ഇന്ത്യൻ വിപണിക്കു പിന്നാലെ ഇന്നലെ യൂറോപ്യൻ - യു എസ് വിപണികളും തകർച്ചയിലായി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴാേട്ടു നീങ്ങുന്നു. കുറേക്കൂടി താണിട്ടേ ഇന്ത്യൻ വിപണി ബുൾ കുതിപ്പിലേക്കു തിരിച്ചു വരികയുള്ളു എന്നാണു സൂചന. താഴ്ചയിൽ വാങ്ങാനുള്ള ഉപദേശങ്ങളേക്കാൾ ഉയർച്ചയിൽ വിൽക്കാനുള്ള ഉപദേശങ്ങളാണു ബ്രോക്കർമാർ നൽകുന്നത്.

ബുധനാഴ്ച നേട്ടത്തിലേക്കു തിരിച്ചു കയറാനുള്ള ഓരോ ശ്രമത്തിലും വിപണി വിൽപ്പന സമ്മർദം നേരിടുകയായിരുന്നു. റിലയൻസും റിയൽറ്റിയും ഫാർമയും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഊർജ മേഖലയും മുഖ്യ സൂചികകളെ വലിച്ചു താഴ്ത്തി. തുടക്കത്തിലെ താഴ്ചയിൽ നിന്ന് മാറിയെന്ന് ഒരവസരത്തിൽ തോന്നിച്ചെങ്കിലും യൂറോപ്യൻ വിപണി താഴ്ന്നു തുടങ്ങിയതോടെ ഇടിവ് വർധിച്ചു. സെൻസെക്സ് 314.04 പോയിൻ്റ് (0.52 ശതമാനം) താണ് 60,008.33 ലും നിഫ്റ്റി 100.55 പോയിൻ്റ് (0.56%) താണ് 17,898.65ലും ക്ലാേസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.67 ശതമാനം താണപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.13 ശതമാനം ഉയർന്നു.
റിയൽറ്റി (1.64 %), ഫാർമ (1.28%), ബാങ്കുകൾ (0.69%), ഓയിൽ - ഗ്യാസ് (1.46%) തുടങ്ങിയ മേഖലകൾ വലിയ താഴ്ച കാണിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 344.35 കോടിയുടെ ഓഹരികൾ വിറ്റപ്പോൾ സ്വദേശി ഫണ്ടുകൾ 61.14 കോടിയുടെ ഓഹരികൾ കൈയൊഴിഞ്ഞു.
വിപണി താഴോട്ടാണു നീങ്ങുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഹ്രസ്വ കാലത്തിൽ 17,750 വരെ നിഫ്റ്റി താഴാമെന്നാണ് അവരുടെ വിലയിരുത്തൽ. 17,845 ലും 17,790 ലും സപ്പോർട്ട് ഉണ്ട്. ഉയർന്നാൽ 17,990ലും 18,080 ലും തടസങ്ങൾ നേരിടും.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ താഴ്ചയിലാണ്. പലിശ ഉയർത്തൽ നേരത്തേ നടത്താൻ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് തീരുമാനിക്കുമെന്ന ഭീതി വിപണിയിലുണ്ട്. ഇപ്പോഴത്തെ ഫെഡ് നേതൃത്വം മാറുമെന്നും കരുതപ്പെടുന്നു. യുഎസിനു പുറമെ യൂറോപ്പിലും കഴിഞ്ഞ മാസം വിലക്കയറ്റം നാലു ശതമാനത്തിനു മുകളിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,855 ലായിരുന്നു. ഇന്നു രാവിലെ 17,870 ലേക്കു കയറി. ഇന്ത്യൻ വിപണി ചെറിയ താഴ്ച യോടെ തുടങ്ങുമെന്ന സൂചനയാണിതിലുള്ളത്.

ക്രൂഡ് താണു, സ്വർണം കയറി

ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടു നീങ്ങി. ക്രൂഡ് റിസർവ് ഉപയോഗിച്ചു വില നിയന്ത്രിക്കാൻ അമേരിക്കയും ചൈനയും സഹകരിക്കുമെന്ന സൂചനയാണു കാരണം. ബ്രെൻ്റ് ഇനം 80.21 ഡോളർ വരെ താണു. ഡബ്ള്യുടിഐ ഇനം 78 ഡോളറിലേക്ക് ഇടിഞ്ഞു. പ്രകൃതി വാതക വില 4.84 ഡോളറിലേക്ക് താണു.
വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ചെമ്പും ലെഡും ഗണ്യമായി താണപ്പോൾ അലൂമിനിയവും ഇരുമ്പയിരും ഉയർന്നു.
സ്വർണം ഇന്നലെ വലിയ തിരിച്ചു കയറ്റം നടത്തി. താഴ്ചയിൽ വാങ്ങിയ ബുള്ളുകൾ ഔൺസിന് 1870 ഡോളറിലേക്ക് വില ഉയർത്തി. രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1869-1870 മേഖലയിലാണ് സ്വർണം. സ്വർണം ഉയർന്ന നിലവാരത്തിലേക്കു നീങ്ങുകയാണെന്ന് നിക്ഷേപ ബാങ്കർമാർ അഭിപ്രായപ്പെടുന്നു.

റിലയൻസിൽ സംഭവിക്കുന്നത്?

റിലയൻസ് ഇൻഡസ്ട്രീസ് ഈയാഴ്ച ഇതുവരെ അഞ്ചു ശതമാനം താഴോട്ടു പോയി. റിലയൻസിൻ്റെ വീഴ്ച്ചയാണു മുഖ്യസൂചികകളുടെ ഇടിവിൽ വലിയ പങ്കു വഹിച്ചത്. ആഗാേള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ത്താൻ വൻ ശക്തികൾ ഒരുമിക്കുന്നതായ സൂചനകളാണു റിലയൻസിനെതിരായ വലിയ ഘടകം.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിംഗും തമ്മിലുള്ള ഉച്ചകോടിയിലെ ഒരു പ്രധാന വിഷയം ഇന്ധനവില ആയിരുന്നു. അമേരിക്കയ്ക്കും ചൈനയ്ക്കും വളരെ വലിയ ക്രൂഡ് ഓയിൽ റിസർവുകൾ ഉണ്ട്. കൂട്ടായി ആലോചിച്ച് വിപണിയിൽ ഇടപെട്ടാൽ വില നിയന്ത്രിച്ചു നിർത്താൻ കഴിയും.
അത്തരമൊരു ധാരണ ഇരുവരും ഉണ്ടാക്കിയെന്ന സൂചന വിപണിയിലുണ്ട്. ഈ ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില നാലു ശതമാനത്തോളം താഴ്ന്നത് ഇതിൻ്റെ ഫലമാണ്. സൗദി അറേബ്യയും മറ്റും ഡിസംബർ കോൺട്രാക്റ്റുകൾക്കു വില കൂട്ടുന്നതിനിടെയാണ് ഈ ഇടിവ്.

മുഖ്യബിസിനസ് പെട്രോ കെമിക്കൽസ്

എല്ലാ വൈവിധ്യവൽക്കരണങ്ങൾക്കു ശേഷവും റിലയൻസിൻ്റെ വരുമാനത്തിൽ 70 ശതമാനം ക്രൂഡ് ഓയിൽ മുതൽ പെട്രോ കെമിക്കലുകൾ വരെയുള്ള ഒ-ടു-സി വിഭാഗത്തിൽ നിന്നാണ്. കമ്പനി ചെയർമാൻ ഓഹരിയുടമകളുടെ യോഗത്തിൽ പറഞ്ഞത് ഈ വിഭാഗത്തിൽ നിന്ന് 52,200 കോടി രൂപയുടെ ലാഭം ഇക്കൊല്ലം ഉണ്ടാകുമെന്നാണ്. ഗോൾഡ്മാൻ സാക്സ് കഴിഞ്ഞ മാസം വിലയിരുത്തിയത് ഈ വിഭാഗത്തിൽ നിന്ന് 69,000 കോടി രൂപ (910 കോടി ഡോളർ) ലാഭം ഉണ്ടാകുമെന്നത്രെ. കഴിഞ്ഞ വർഷം ഒരു വീപ്പ ക്രൂഡിൽ നിന്നു 10 ഡാേളർ ലാഭമുണ്ടാക്കിയത് ഇത്തവണ 18 ഡോളർ ആകുമെന്നും അവർ കണക്കാക്കി.
ക്രൂഡ് വില ഇടിയുമ്പോൾ അതിൽ നിന്നുള്ള ഇന്ധനങ്ങൾക്കും പെട്രോ കെമിക്കലുകൾക്കും വിലയിടിയും. അതു ലാഭം കുറയ്ക്കും. കൃത്രിമ റബർ മുതൽ പിവിസി റെസീൻ വരെയും പോളിസ്റ്റർ നൂൽ മുതൽ അലക്കു പൊടിയിൽ വേണ്ട രാസവസ്തുക്കൾ വരെയും പോകുന്നു റിലയൻസിൻ്റെ ഉൽപന്നശ്രേണി. ഇവയിലെല്ലാം തന്നെ രാജ്യത്തെ ഏറ്റവും വലിയ ഉൽപാദകരും റിലയൻസാണ്.
ക്രൂഡ് വില താഴുന്നത് ഈ വമ്പൻ കമ്പനിയുടെ ലാഭ മാർജിൻ കുറയ്ക്കും എന്നത് വിപണിയെ അലട്ടുന്ന പ്രത്യക്ഷ വിഷയമാണ്.

പെട്രോ കെമിക്കലിലും അദാനി വളർന്നാൽ?

മറ്റൊന്നുള്ളത് ഗൗതം അദാനിയുടെ ഉയർച്ചയും പെട്രോ കെമിക്കൽ ബിസിനസിലേക്കുള്ള അവരുടെ കാൽവയ്പുമാണ്. സമ്പത്തിൽ തൻ്റെ തൊട്ടുപിന്നിൽ എത്തിയ അദാനി പെട്രോ കെമിക്കൽസിൽ ചെറിയ ലക്ഷ്യങ്ങളല്ല ഇടുന്നത് എന്നു മുകേഷ് അംബാനിയും മനസിലാക്കുന്നു. ഇപ്പാേൾ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി നഗര വാതക വിതരണത്തിൽ സഖ്യം ഉള്ള അദാനി ഭാവിയിൽ ആ സഖ്യം കൂടുതൽ വലിയ തലങ്ങളിലേക്കു നയിച്ചേക്കാം. എണ്ണ കമ്പനികൾ സ്വകാര്യവൽക്കരിക്കുമ്പോൾ വാങ്ങാനും അദാനി ശ്രമിക്കാതിരിക്കില്ല. റിലയൻസിന് മുഖ്യ ബിസിനസിൽ വലിയ വെല്ലുവിളി വരുന്നു എന്നു ചുരുക്കം. റിലയൻസ് ഓഹരിയുടെ കുതിപ്പ് തടസപ്പെട്ടതിന് ഈ പശ്ചാത്തലവും ഉണ്ട്.


This section is powered by Muthoot Finance

Tags:    

Similar News