മുഹൂർത്ത വ്യാപാരത്തിൽ സംഭവിച്ചത് ഇതാണ്; ഓഹരി വിപണിയിൽ തിരുത്തലിന്റെ സമയം അതിക്രമിച്ചോ? ചെറുകിട നിക്ഷേപകർ എന്തു ചെയ്യണം? ഓട്ടോ കമ്പനികളുടെ ഓഹരി വില ഉയർന്നതെന്തുകൊണ്ട്?

മുഹൂർത്തത്തിൽ ആവേശത്തുടക്കം; വിപണിയിൽ കരുതലോടെ നീങ്ങാം; ഇന്ധനവിലയിലെ ആശ്വാസം നീളുമാേ?

Update:2021-11-05 08:07 IST

മുഹൂർത്തവ്യാപാരം പ്രതീക്ഷപോലെ തന്നെ ഉയർന്ന നിലവാരത്തിൽ നടന്നു. തുടക്കത്തിലെ അമിതാവേശം പിന്നീടു നിലനിന്നില്ല എങ്കിലും വിപണി മനോഭാവം പോസിറ്റീവ് ആയിരുന്നു.

സെൻസെക്സും നിഫ്റ്റിയും 0.5 ശതമാനം വീതം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.8 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.3 ശതമാനവും ഉയർന്നു. മുൻ വർഷത്തേക്കാൾ 21 ശതമാനം അധികം ടേണോവർ ഇത്തവണ മുഹൂർത്തവ്യാപാരത്തിൽ ഉണ്ടായി.
സെൻസെക്സ് 295.7 പോയിൻ്റ് ഉയർന്ന് 10,067.62 ലും നിഫ്റ്റി 87.6 പോയിൻ്റ് കയറി 17,916.8 ലും ക്ലോസ് ചെയ്തു. എല്ലാ ബിസിനസ് വിഭാഗങ്ങളും മുഹൂർത്തവ്യാപാരത്തിൽ ഉയർന്നു.
ഇന്നലെ ഏഷ്യൻ വിപണികൾ ഉയർന്നു; യൂറോപ്പും ഉയർച്ചയിലായിരുന്നു. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക നേരിയ താഴ്ചയിൽ അവസാനിച്ചെങ്കിലും മറ്റു സൂചികകളെല്ലാം ഉയർന്നു ക്ലാേസ് ചെയ്തു.
ഇന്നു രാവിലെ ഏഷ്യൻ വിപണികളെല്ലാം ഗണ്യമായ താഴ്ചയിലാണു തുടങ്ങിയത്. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി 17,930 ലാണ്. തിങ്കളാഴ്ച ഇന്ത്യൻ വിപണി എങ്ങനെ തുടങ്ങുമെന്നതിനെപ്പറ്റി അവ്യക്തതയാണ് ഡെറിവേറ്റീവ് വ്യാപാരത്തിൽ പ്രതിഫലിക്കുന്നത്.

ബെയറിഷ് സൂചന

നിഫ്റ്റി ബെയറിഷ് സൂചന നൽകുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻ ദിവസത്തെ ഉയർന്ന പരിധി മറികടക്കാൻ പറ്റാത്തതും ക്ലോസിംഗ് നിരക്ക് താഴ്ന്നു നിന്നതുമൊക്കെ നല്ല സൂചനയല്ലെന്ന് അവർ കരുതുന്നു. ഈയിടെ കണ്ട തിരുത്തൽ തുടർന്ന് 17,450 വരെയും ചിലപ്പോൾ 17,000 വരെയും നിഫ്റ്റി പോകാമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. 18,000-18,100 മേഖലയ്ക്കു മുകളിൽ സൂചിക എത്തിയാലേ വീണ്ടും കുതിപ്പിൻ്റെ പാതയിലാണെന്നു പറയാനാകൂ എന്ന് നിക്ഷേപ വിദഗ്ധർ പറയുന്നു. വിപണിയിൽ ഒരു തിരുത്തലിൻ്റെ സമയം അതിക്രമിച്ചു. നല്ല ഓഹരികൾക്കൊപ്പം ധാരാളം പതിരും ഉയർന്നു നിൽക്കുന്നുണ്ട്. അവയെ പറത്തിക്കളയാൻ തിരുത്തൽ അനിവാര്യമാണ്. അതു വിപണിയുടെ തകർച്ചയല്ല. ആനുകാലികമായി നടക്കേണ്ട കാര്യമാണ്.

ഇന്ധനവിലയിലെ ആശ്വാസം നീളുമാേ?

ഇന്ധനവില കുറച്ചതിനോടു വിപണി ആവേശപൂർവം പ്രതികരിച്ചു. വാഹന കമ്പനികൾക്കു പ്രിയം കൂടി. നിഫ്റ്റി ഓട്ടാേ സൂചിക 1.6 ശതമാനം കയറി. മികച്ച റിസൽട്ട് പുറത്തിറക്കിയ ഐഷർ മോട്ടോഴ്സ് ആറു ശതമാനത്തോളം ഉയർന്നു. ചരക്കുനീക്കത്തിലുള്ള കമ്പനികൾക്കും നല്ല കയറ്റrമുണ്ടായി. വിആർഎൽ ലോജിസ്റ്റിക്സ്, ഓൾ കാർഗോ, കണ്ടെയനർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ രണ്ടു മുതൽ ഏഴുവരെ ശതമാനം ഉയർന്നു. പെട്രോളിന് ആറു ശതമാനവും ഡീസലിന് 12 ശതമാനവുമാണു കുറഞ്ഞത്. ചില സംസ്ഥാനങ്ങളിൽ വാറ്റ് ഗണ്യമായി കുറച്ചതിനാൽ ഡീസൽവിലയിലെ കുറവ് 15 ശതമാനത്തിലധികമായി. ചരക്കുകൂലി കുറയ്ക്കാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.
ഇന്ത്യ ഇന്ധനവില കുറച്ചെങ്കിലും ലോകവിപണിയിൽ വില കുറയുന്ന മട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന ഒപെക് പ്ലസ് യോഗം ഉൽപാദനം വർധിപ്പിക്കണമെന്ന യു എസ് നിർദേശം തള്ളി. മുൻ നിശ്ചയമനുസരിച്ചുള്ള വർധന മാത്രമേ ഡിസംബറിൽ ഉണ്ടാകൂ. ഇതേ തുടർന്നു ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 80.41 ഡോളർ വരെ താണത് ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 81.46 ഡോളർ വരെ കയറി. 79 ഡോളറിലേക്കു നീങ്ങിയിരുന്ന ഡബ്ല്യുടിഐ ഇനം വീണ്ടും 80 ഡോളറിനു മുകളിലായി. ഒരാഴ്ച മുമ്പ് ബ്രെൻ്റ് ഇനം 86 ഡോളറിലെത്തിയതാണ്. പിന്നീടു ശൈത്യം കഠിനമാകില്ലെന്ന പ്രവചനങ്ങളും ഉൽപാദനം കൂട്ടിയേക്കുമെന്ന പ്രതീക്ഷയും ഉയർന്ന സ്റ്റാേക്ക് നിലയും വില താഴാനിടയാക്കി. പുതിയ സാഹചര്യത്തിൽ വില വീണ്ടും ഗണ്യമായി കൂടുമെന്നു കരുതുന്നവരാണ് ഏറെ. ചൈനീസ് ഡിമാൻഡ് കുറയുന്ന സൂചന ഉണ്ടായിരുന്നെങ്കിലും അതു താൽക്കാലികമാണെന്നാണു വിപണി കരുതുന്നത്.

ലോഹങ്ങൾ താഴുന്നു

വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും താഴ്ന്നു. അലൂമിനിയം ഇന്നലെ 3.6 ശതമാനം ഇടിഞ്ഞു. വില ടണ്ണിന് 2500 ഡോളറിൽ താഴെയാകുമെന്നു കരുതപ്പെടുന്നു. ചെമ്പ്, നിക്കൽ, ഇരുമ്പയിര് തുടങ്ങിയവയെല്ലാം താഴോട്ടാണ്.
അമേരിക്കൻ ഫെഡ് പലിശ നിരക്ക് 2022 അവസാനമേ വർധിപ്പിക്കൂ എന്ന സൂചന സ്വർണ വിലയ്ക്കു നേട്ടമായി. ഔൺസിന് 1790-1792 ഡോളറിലേക്കു വില ഉയർന്നു. 1800 ഡോളറിൽ സ്പർശിച്ചിട്ടു താഴ്ന്നതാണ്. അടുത്തയാഴ്ച 1800-നു മുകളിലേക്കു വില കയറുമെന്നു സ്വർണ ബുള്ളുകൾ കരുതുന്നു.

This section is powered by Muthoot Finance


Tags:    

Similar News