റിയൽറ്റി ഓഹരികളിൽ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? എങ്കിൽ സൂക്ഷിച്ച് വേണം; കുതിപ്പിനു വഴിതേടി വിപണി; ക്രൂഡ് വീണ്ടും കയറ്റത്തിൽ; ഷി തുടർന്നാൽ വിപണിക്ക് എന്ത്?
ആഗാേള സൂചനകൾ പോസിറ്റീവ്; വിദേശികൾ കളം മാറ്റിച്ചവിട്ടുന്നു; ചൈനയിലെ സംഭവ വികാസങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം
സംവത് 2078 ൻ്റെ മുഹൂർത്തവ്യാപാരം ആവേശത്തോടെ തുടങ്ങി, ആവേശത്തോടെ സമാപിച്ചു. എന്നാൽ വിപണിയുടെ നില മാറ്റമില്ലാതെ തുടരുന്നു. 18,000-ൻ്റെ തടസം മറികടക്കാൻ പറ്റാതെ നിഫ്റ്റി നിൽക്കുന്നു. കുതിപ്പിനു തക്ക പ്രേരകങ്ങൾ ഒന്നുമില്ല. പെട്രോൾ, ഡീസൽ വില കുറച്ചതു വിലക്കയറ്റം അൽപം കുറയ്ക്കുമെന്നു പ്രതീക്ഷയുണ്ട്. എന്നാൽ വിദേശികളുടെ പിന്മാറ്റം വിപണിയെ പിന്നോട്ടു വലിക്കുകയാണ്.
ആഗാേള സൂചനകൾ വിപണിക്കു തടസമൊന്നും ഉയർത്തുന്നില്ല.
സാമ്പത്തിക ചലനങ്ങളെപ്പറ്റി ആശങ്കപ്പെടാൻ സാഹചര്യവുമില്ല. വെള്ളിയാഴ്ച വൈകുന്നരമേ ചില്ലറ വിലക്കയറ്റത്തിൻ്റെയും വ്യവസായ വളർച്ചയുടെയും കണക്കുകൾ പുറത്തു വരൂ. അമേരിക്കൻ ഫെഡ് കടപ്പത്രം വാങ്ങൽ ചുരുക്കുന്നതിൻ്റെ സമയവിവരം ഈയാഴ്ച പുറത്തുവിടും. എന്നാൽ വിപണിയെ ബാധിക്കാവുന്ന വിവരമൊന്നും അതിൽ ഉണ്ടാകാനില്ല.
കഴിഞ്ഞയാഴ്ച സെൻസെക്സും നിഫ്റ്റിയും ഗണ്യമായ നേട്ടമുണ്ടാക്കി. സെൻസെക്സ് 1.28 ശതമാനം ഉയർന്ന് 60,067.62-ലും നിഫ്റ്റി 1.39 ശതമാനം ഉയർന്ന് 17,916.8 ലും ക്ലോസ് ചെയ്തു. സ്മോൾ- മിഡ് ക്യാപ് സൂചികകളും നല്ല നേട്ടത്തിലാണ്. എല്ലാ ബിസിനസ് മേഖലകളിലും ഉണർവുണ്ട്. റിയൽറ്റി സൂചിക കഴിഞ്ഞയാഴ്ച 9.53 ശതമാനം ഉയർന്നു.
ആഗോള വിപണികളും കഴിഞ്ഞയാഴ്ച നേട്ടമുണ്ടാക്കി. യുഎസ് സൂചികകളെല്ലാം റിക്കാർഡ് കുറിച്ചു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 17,998-ലാണ് ശനിയാഴ്ച ക്ലോസ് ചെയ്തത്. 18,016 വരെ കയറിയതാണ്. ഇന്നു രാവിലെ 17,990-ൽ വ്യാപാരം തുടങ്ങി. ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിപണി ഇപ്പോഴും ഉയരത്തിനു പഴുതു കാണുന്നില്ല. 18,000-നു മുകളിലേക്കു ശക്തമായ ഒരു കുതിപ്പാണു നിഫ്റ്റിക്കു വേണ്ടത്. അതുണ്ടായില്ലെങ്കിൽ 17,600-17,400 മേഖലയിലേക്കു വീണ്ടും ഇറങ്ങി
വരുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,900- വും 17,875-ഉം വിപണിക്ക് ഇന്നു സപ്പോർട്ടാകും. 17,945-ലും 17,970 ലും തടസവും പ്രതീക്ഷിക്കാം.
വിദേശികൾ വിൽപന തുടരും
വിദേശ നിക്ഷേപകർ വിപണിയിൽ നിന്നു പിൻവലിയുകയാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 245 കോടി ഡോളർ (18,375 കോടി രൂപ) അവർ ഓഹരികളിൽ നിന്നു പിൻവലിച്ചു. മുഹൂർത്തവ്യാപാരത്തിനിടയിലും അവർ 328 കോടിയുടെ ഓഹരികൾ വിറ്റു. വിദേശികളുടെ വിൽപന തുടർന്നാൽ സൂചികകളും വിപണിയും താഴോട്ടു പോകും. സ്വദേശി നിക്ഷേപകർ സജീവമായി രംഗത്തുണ്ടെങ്കിലും വിദേശികൾ കൂട്ടമായി പിൻവലിക്കുമ്പോൾ അതിനു പകരം നിൽക്കാൻ പറ്റിയെന്നു വരില്ല.
റിയൽറ്റി നിക്ഷേപം സൂക്ഷിച്ചു വേണം
കഴിഞ്ഞയാഴ്ച വലിയ നേട്ടം കുറിച്ച റിയൽറ്റി കമ്പനികൾ ഇനിയും ഉയരുമെന്നാണു സൂചന. വിൽപന വർധിക്കുന്നതും കടത്തിൻ്റെ തോതു കുറവുള്ളതുമായ കമ്പനികളിൽ മാത്രം നിക്ഷേപം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
ഗൃഹോപകരണ കമ്പനികൾ പ്രതീക്ഷിച്ചത്ര വിൽപന വർധന ദീപാവലി കാലത്ത് ഉണ്ടായിട്ടില്ല. വിപണിയിൽ ഇതിൻ്റെ പ്രതിഫലനം ഉണ്ടാകാം.
ബാങ്ക്, ധനകാര്യ ഓഹരികളിൽ വിദേശ ഫണ്ടുകൾ വലിയ വിൽപന കഴിഞ്ഞയാഴ്ചകളിൽ നടത്തിയിരുന്നു. ഈയാഴ്ചയും അതു പ്രതീക്ഷിക്കാം. എന്നാൽ സ്വദേശി ഫണ്ടുകളും ചില്ലറ നിക്ഷേപകരും ബാങ്ക് - ധനകാര്യ ഓഹരികളിൽ വലിയ താൽപര്യമെടുക്കുന്നുണ്ട്.ഐടി മേഖലയിൽ നിന്നു വിദേശികൾ പിന്മാറുന്ന പ്രവണതയ്ക്കു കഴിഞ്ഞയാഴ്ച ചെറിയ മാറ്റം കണ്ടു.
പെട്രോൾ, ഡീസൽ വില കുറച്ചതു രാജ്യത്ത് ഉപഭോഗം വർധിപ്പിക്കും. ഇന്ധനച്ചെലവ് കുറയുന്നത് മറ്റു ചെലവുകൾ വർധിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. എന്നാൽ സർക്കാരുകളുടെ വരുമാനനഷ്ടം ധനകമ്മിയായി മാറും. കേന്ദ്രത്തിനു നികുതി വരുമാനം അപ്രതീക്ഷിതമായി വർധിച്ചതിനാൽ വലിയ പ്രശ്നമില്ല. പക്ഷേ സംസ്ഥാനങ്ങൾ വിഷമത്തിലാകും. കടമെടുപ്പ് കൂട്ടേണ്ടി വരും.
ക്രൂഡ് വീണ്ടും കയറുന്നു
ക്രൂഡ് ഓയിൽ വില വീണ്ടും ഉയർച്ചയിലാണ്. ഉൽപാദനം കൂട്ടാൻ പ്രമുഖ കയറ്റുമതി രാജ്യങ്ങൾ തയാറല്ല. ഇന്ധന ആവശ്യം കുറഞ്ഞിട്ടുമില്ല. ഉത്തരാർധഗോളത്തിലെ ശീതകാലം കടുത്തതാകുമോ എന്നാണു വിപണി നോക്കുന്നത്. കഴിഞ്ഞയാഴ്ച വീപ്പയ്ക്ക് 80 ഡോളറിനു താഴെയെത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 82.95 ഡോളറിലാണ്. വില അൽപം കൂടി ഉയരുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞയാഴ്ച താഴോട്ടു നീങ്ങി. ശരാശരി അഞ്ചു ശതമാനം വിലയിടിവ് മിക്ക ലോഹങ്ങൾക്കും ഉണ്ടായി. ചെമ്പ് ടണ്ണിന് 9740 ഡോളറിനും അലൂമിനിയം 2555 ഡോളറിനും താഴെയെത്തി. ഇരുമ്പയിര് 95 ഡോളറിനു താഴോട്ടു നീങ്ങി. പൊതുവിലക്കയറ്റത്തിനു ചെറിയ ആശ്വാസമാകും ഈ വിലയിടിവ്.
സ്വർണം കയറി, പക്ഷേ...
അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുകയും തൊഴിലവസരങ്ങളിൽ റിക്കാർഡ് വർധന ഉണ്ടാവുകയും ചെയ്തെങ്കിലും പലിശ നിരക്കു കൂട്ടാനുള്ള സാധ്യത വിദൂരത്താണെെന്ന നിഗമനം വെള്ളിയാഴ്ച സ്വർണ വിലയിൽ ഗണ്യമായ കയറ്റത്തിനു കാരണമായി. ഔൺസിന്
1819 ഡോളറിലേക്കു സ്വർണം കയറി. രണ്ടു മാസത്തിനിടെ മുമ്പ് മൂന്നു തവണ 1800 കടന്നിട്ടും സ്വർണത്തിനു പിടിച്ചു നിൽക്കാൻ പറ്റിയിരുന്നില്ല. ഇത്തവണ എന്താകുമെന്ന് ഇന്നത്തെ വ്യാപാരം കാണിക്കും. ഇന്നു രാവിലെ 1818 ഡോളറിൽ തുടങ്ങിയ വ്യാപാരം ഒരു മണിക്കൂറിനകം 1813-1814 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ശനിയാഴ്ച പവൻ വില 320 രൂപ കൂടി 36,080 രൂപയിൽ എത്തിയിരുന്നു.
ചൈനയിൽ കുതിപ്പും കിതപ്പും
ചൈനയിൽ എവർഗ്രാൻഡെയുടെ തകർച്ചയുടെ തുടർച്ചയായി കൂടുതൽ റിയൽറ്റി സ്ഥാപനങ്ങൾ കടം തിരിച്ചടയ്ക്കാൻ പറ്റാതെ വിഷമിക്കുന്നുണ്ട്. കമ്പനികളും അവയുടെ ഉടമസ്ഥരും സ്വന്തം ചെയ്തികളുടെ ഫലം അനുഭവിക്കുക എന്ന നിലപാടാണു ഭരണകൂടം എടുത്തിട്ടുള്ളത്. സമ്പദ്ഘടനയെ ഉലയ്ക്കാവുന്ന വിധം ഈ പ്രശ്നം വഷളാവുകയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
ചൈനയുടെ ഒക്ടോബറിലെ കയറ്റുമതി പ്രതീക്ഷയിലധികം മെച്ചപ്പെട്ടു. വാണിജ്യ മിച്ചം റിക്കാർഡായി. എന്നാൽ ചൈനീസ് സമ്പദ്ഘടനയുടെ വളർച്ച ത്തോത് കുറയുകയാണ്. ലോഹങ്ങളുടെയും ഇന്ധനങ്ങളുടെയും വില താഴ്ന്നു നിൽക്കുന്നത് അതിൻ്റെ ഫലമാണ്. കഴിഞ്ഞ മാസം ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറവായിരുന്നു.
ഷിയുടെ കാലാവധിക്കു പരിധി നീക്കുന്നു
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ സമ്പൂർണ യോഗം ഈയാഴ്ച നടക്കും. യോഗം ചരിത്രപ്രധാനമായ ഒരു നയരേഖ അംഗീകരിക്കുമെന്നാണു സൂചന. 1951-ൽ മാവോ സേ ദൂംഗ് സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞതും 1978-ൽ ഡെങ് സിയാവോ പിംഗ് സാംസ്കാരിക വിപ്ളവത്തെ നിരാകരിക്കുകയും കമ്പോള സമ്പദ് ഘടനയെ ആശ്ലേഷിക്കുകയും ചെയ്തതുമാണു മുമ്പുണ്ടായിട്ടുള്ള ചരിത്രപ്രധാനമായ രണ്ടു തീരുമാനങ്ങൾ. ഇത്തവണ കമ്പോള സമ്പദ്ഘടനയെ പൊതുസമൃദ്ധി (Common Prosperity) ആശയത്തോടു പൊരുത്തപ്പെടുത്തുന്ന ഒരു നയം സ്വീകരിക്കുന്നതാകും ചരിത്രപ്രധാന തീരുമാനം എന്നാണു സൂചന. പ്രസിഡൻറും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാനുമായ ഷി ചിൻപിംഗിന് ആയുഷ്കാലം ഈ പദവികളിൽ തുടരാനുള്ള അനുമതിയും സമ്മേളനം നൽകിയേക്കും. രണ്ടു തവണ മാത്രമേ പദവികൾ വഹിക്കാവൂ എന്ന വ്യവസ്ഥ ഷിയുടെ കാര്യത്തിൽ ഒഴിവാക്കും. ഈ തീരുമാനങ്ങൾ അടുത്ത വർഷം ചേരുന്ന പാർട്ടി കോൺഗ്രസ് അംഗീകരിക്കും. 68 വയസിൽ പദവി ഒഴിയുന്നതാണു നാലു ദശകമായി ചൈനീസ് ഭരണ നേതൃത്വം ചെയ്തിരുന്നത്.
ഷി തുടരുന്നത് രാജ്യാന്തര സംഘർഷങ്ങൾ കുറയ്ക്കില്ലെന്നും ചൈനീസ് സാമ്പത്തിക വളർച്ചത്തോത് താഴ്ത്തി നിർത്തുമെന്നും വിദേശ നിക്ഷേപകർക്കു ക്ഷീണമാകുമെന്നും ആശങ്കയുണ്ട്
This section is powered by Muthoot Finance