മോർഗൻ സ്റ്റാൻലി ഇന്ത്യൻ വിപണിയെ പ്രഹരിച്ചതിനു പിന്നിലെ കാര്യം; ഇന്ന് ആശ്വാസറാലി സാധ്യമോ? വിദേശികളുടെ വിപണിതന്ത്രം ഇങ്ങനെ
ഓഹരി വിപണിയിലെ ഇന്നലത്തെ തകർച്ച നിക്ഷേപകരോട് പറയുന്നത് ഇതാണ്; മോർഗൻ സ്റ്റാൻലി ഇന്ത്യൻ വിപണിയെ കുറിച്ച് പറഞ്ഞ വാക്കുകളുടെ പ്രത്യാഘാതം എന്താകും? യുഎസ് ജിഡിപി കുറഞ്ഞതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
ആറു മാസത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയാണു വിപണി ഇന്നലെ കണ്ടത്. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കഥ ഇതു തന്നെയായിരുന്നു.എന്നാൽ യൂറോപ്പ് ചെറിയ താഴ്ചയിൽ ഒതുങ്ങി. അമേരിക്ക നല്ല നേട്ടത്തോടെ സൂചികകളെ പുതിയ റിക്കാർഡിൽ എത്തിച്ചു.
ഇതു ബുൾ തരംഗത്തിനിടയിലെ ചെറിയ തിരുത്തൽ മാത്രമാണെന്നും വിപണിയുടെ മധ്യകാല മുന്നേറ്റത്തിനു തടസമില്ലെന്നും ബ്രോക്കറേജുകൾ പറയുന്നു. ഒക്ടോബർ 19 ലെത്തിയ സർവകാല റിക്കാർഡായ 62,245.43-ൽ നിന്നു കേവലം 3.63 ശതമാനം താഴേക്കേ ഇന്നലെ സെൻസെക്സ് എത്തിയിട്ടുള്ളു എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ചില പാർശ്വ നീക്കങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടാകും. ദുർബലമായ കുറേ ഓഹരികൾ തിരുത്തലിലേക്കു മാറും. അതേ സമയം മുഖ്യ സൂചികകളും വിശാല വിപണിയും വീണ്ടും ഉയർച്ചയുടെ വഴിയിലെത്തും. ഇതാണു ബുള്ളുകൾ പറയുന്നത്.
ഇന്നു നല്ലൊരു ആശ്വാസ റാലി കുറേ ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നുണ്ട്. യുഎസ് വിപണിയുടെ ഉയർച്ചയും ചൈനയിൽ എവർഗ്രാൻഡെ ഗ്രൂപ്പ് കടപ്പത്ര പലിശ വീഴ്ച കൂടാതെ അടച്ചതും അതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നു എന്നാണ് അവരുടെ പക്ഷം. താഴ്ചയിൽ വാങ്ങുക എന്ന തന്ത്രം വിജയമന്ത്രമായി കാണുന്ന നിക്ഷേപകർ ആവേശത്തോടെ വിപണിയിൽ എത്തുമെന്നും പ്രതീക്ഷയുണ്ട്. സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചനയും അതാണ്. കരുതലോടെ മാത്രം നീങ്ങണമെന്നാണു പരിചയസമ്പന്നരായ നിക്ഷേപ വിദഗ്ധർ പറയുന്നത്.
തകർച്ച എല്ലാ മേഖലകളിലും
ഇന്നലെ സെൻസെക്സ് 1158.63 പോയിൻ്റ് (1.89 ശതമാനം) ഇടിഞ്ഞ് 59,984.7 ലും നിഫ്റ്റി 353.7 പോയിൻ്റ് (1.94 ശതമാനം) തകർന്ന് 17,857.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.96 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.85 ശതമാനവും ഇടിഞ്ഞു. ബാങ്ക് മേഖലയിലായിരുന്നു ഏറ്റവും വലിയ വീഴ്ച. ബാങ്ക് നിഫ്റ്റി 1365.35 പോയിൻ്റ് (3.34%) താഴ്ന്ന് 39,508.95-ൽ 6 ക്ലാസ് ചെയ്തു. എല്ലാ വ്യവസായ മേഖലകളിലും ഇന്നലെ തകർച്ചയായി രുന്നു.
ഇന്നു നിഫ്റ്റി 17,870 നു മുകളിൽ നിൽക്കുകയും അടുത്ത യാഴ്ച 17,940നു മുകളിലേക്കു കടക്കുകയും ചെയ്താൽ തിരിച്ചു കയറ്റം വേഗത്തിലാകുമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. അതല്ലെങ്കിൽ 17,590/17,550 നിലവാരത്തിലേക്കു വീഴാം. ഇപ്പോഴത്തെ നിലയിൽ 17,710- ലും 17,560 ലുമാണു സപ്പോർട്ട് ഉള്ളത്. 18,040/18,100 തടസം മേഖലകളാണ്.
ഏഷ്യൻ തളർച്ച തുടരുന്നു
ഇന്നലെ ചൈനയിലടക്കം ഏഷ്യൻ വിപണികളിൽ ഓഹരി സൂചികകൾ താഴോട്ടായിരുന്നു.ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് 1.23 ശതമാനവും ഇന്തോനേഷ്യയിലെ ജക്കാർത്ത കോംപസിറ്റ് 1.18 ശതമാനവും മലേഷ്യയിലെ ബുർസ 1.08 ശതമാനവും ജപ്പാനിലെ നിക്കൈ 0.96 ശതമാനവും താണു.\
യൂറോപ്യൻ സൂചികകൾ ചെറിയ താഴ്ചയോടെ ക്ലോസ് ചെയ്തു. അമേരിക്കയിൽ എല്ലാ സൂചികകളും ഉയർന്നു പുതിയ റിക്കാർഡിലെത്തി. ടെക്നോളജി ഭീമന്മാരുടെ നല്ല റിസൽട്ടിനെപ്പറ്റിയുള്ള പ്രതീക്ഷയും മെർക്ക്, ഫോഡ് തുടങ്ങിയവ പ്രതീക്ഷയേക്കാൾ മികച്ച ലാഭം നേടിയതുമാണ് ഉയർച്ചയ്ക്കു കാരണം.. എന്നാൽ ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ടെക് കമ്പനികളുടെ റിസൽട്ട് പ്രതീക്ഷയിലും മോശമായതാണു കാരണം.
ജപ്പാനിലടക്കം ഏഷ്യൻ വിപണികൾ ഇന്നു വീണ്ടും താണു. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 17,951 വരെ ഉയർന്നിട്ട് 17,880 വരെ താണു. ഇന്നു രാവിലെ 17,896-ലേക്കു കയറി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ പ്രതീക്ഷ.
ക്രൂഡ് ഓയിൽ ഇറങ്ങിക്കയറി
ക്രൂഡ് ഓയിൽ വിപണി താഴ്ചയിൽ നിന്നു കുറേ കയറി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 84.45 ഡോളറിൽ വ്യാപാരം നടക്കുന്നു. ഇന്നലെ 82.1 ഡോളർ വരെ താഴ്ന്നതാണ്. ശീതകാലത്തിൻ്റെ തീവ്രത സംബന്ധിച്ച പ്രവചനങ്ങളെ ആശ്രയിച്ചിരിക്കും ക്രൂഡിൻ്റെ വരും ദിവസങ്ങളിലെ നീക്കം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ആശ്വാസ റാലി നടത്തി. എങ്കിലും വിപണി തുടർ കുതിപ്പിനു പുതിയ പ്രേരക ഘടകങ്ങൾ കാത്തിരിക്കുകയാണ്. ചെമ്പ് വില രണ്ടു ശതമാനത്തോളം ഉയർന്നെങ്കിലും 10,000 ഡോളറിലേക്ക് തിരിച്ചെത്താനായില്ല. അലൂമിനിയം മൂന്നു ശതമാനത്തോളം ഉയർന്നു.
സ്വർണം വീണ്ടും 1800 ഡോളറിനു മുകളിൽ കയറിയെങ്കിലും അവിടെ നിലയുറപ്പിക്കാൻ പറ്റുന്നില്ല. ഇന്നലെ 1807 ഡോളർ വരെ എത്തിയിട്ടു താണു. ഇന്നു രാവിലെ 1797-1800 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക താണതും സ്വർണത്തിനു ചെറിയ സഹായമായി.
വിദേശികൾ വിൽപനത്തോതു കൂട്ടി
ഇന്ത്യൻ ഓഹരി വിപണിയുടെ ഇന്നലത്തെ തളർച്ചയ്ക്കു പ്രധാന കാരണം വിദേശ ബ്രോക്കറേജുകളും നിക്ഷേപ ബാങ്കുകളും ഇന്ത്യൻ ഓഹരി വിലകൾ വളരെ കൂടുതലാണെന്നു വിലയിരുത്തിയതാണ്. മോർഗൻ സ്റ്റാൻലി, യുബിഎസ്, നൊമുറ, എച്ച്എസ്ബിസി, ജെഫെറീസ് തുടങ്ങിയവയെല്ലാം ഇന്ത്യൻ വിപണി അമിതവിലയിലാണെന്നു റിപ്പോർട്ടുകളിൽ പറഞ്ഞു. ഇതിൻ്റെ പ്രതിഫലനം ഇന്നലെ വിദേശ നിക്ഷേപകരുടെ ഇടപാടുകളിൽ കണ്ടു. ക്യാഷ് വിപണിയിൽ വിദേശികൾ 3818.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസത്തെ അവരുടെ വിൽപന 20,430 കോടി രൂപയായി. സമീപമാസങ്ങളിലൊന്നും അവർ ഇത്ര വലിയ പിന്മാറ്റം നടത്തിയിട്ടില്ല. ഡെറിവേറ്റീവ് വിപണിയിൽ അവർ പുട്ട് ഓപ്ഷനുകൾ വഴി വില താഴ്ത്തുകയാണ്.
മോർഗൻ സ്റ്റാൻലി നൽകിയ പ്രഹരം
ഇന്ത്യൻ ഓഹരികൾ മെച്ചപ്പെട്ട ആദായം അടുത്ത രണ്ടു പാദങ്ങളിൽ നൽകാൻ പറ്റാത്ത വിധം ഉയർന്ന വിലയിലാണെന്നു മോർഗൻ സ്റ്റാൻലി കരുതുന്നു. കമ്പനികൾ അടുത്ത വർഷം പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാന (ഇപിഎസ്) ത്തിൻ്റെ 24 മടങ്ങ് വിലയിൽ ഓടുന്നത് അസ്വീകാര്യമായി അവർ കണക്കാക്കി.അതിനാൽ ഓവർ വെയ്റ്റ് എന്നതിൽ നിന്ന് ഈക്വൽവെയ്റ്റ് എന്നതിലേക്ക് ഇന്ത്യൻ ഓഹരികളെ അവർ താഴ്ത്തി. മോർഗൻ സ്റ്റാൻലിയുടെ ഉപദേശം പിന്തുടരുന്ന ഫണ്ടുകൾ ഇന്ത്യൻ ഓഹരികളിലെ നിക്ഷേപം കുറയ്ക്കാൻ ഇതു കാരണമാകും.
യുഎസ് ഫെഡ് കടപ്പത്രം വാങ്ങൽ നിർത്തുകയും റിസർവ് ബാങ്ക് ഫെബ്രുവരിയോടെ പലിശ നിരക്കു കൂട്ടുകയും ഉയർന്ന ഇന്ധന വില വിലക്കയറ്റം ഉയർത്തുകയും ചെയ്യുന്നതാേടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ തിരുത്തൽ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നു.
ഇന്തോനേഷ്യയെ അവർ ഉയർത്തി. ചൈനയെ ഈക്വൽ വെയ്റ്റിൽ നിലനിർത്തി.
പി ഇ അനുപാത താരതമ്യത്തിൽ ഇന്ത്യക്കു തിരിച്ചടി
ലോകത്തിലെ 500 പ്രമുഖ കമ്പനികളുടെ പി ഇ (വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള) അനുപാതത്തിൽ ഇന്ത്യയുടെ നിലയാണ് ഏറ്റവും കൂടിയത്. 500 കമ്പനികളുടെ പി ഇ അനുപാതം 22.5. അതിൽ ഉള്ള 13 ഇന്ത്യൻ കമ്പനികളുടെ പി ഇ അനുപാതം 37. അമേരിക്കൻ കമ്പനികളുടേത് 28. യൂറോപ്യൻ കമ്പനികളുടേത് 22. ചൈനീസ് കമ്പനികളുടേത് 15.4.
ഈ താരതമ്യത്തിലാണ് ഇന്ത്യൻ ഓഹരികളുടെ വില അമിതമാണെന്ന വിലയിരുത്തൽ. ജപ്പാനും ചൈനയും മറ്റു വികസ്വര രാജ്യങ്ങളും കൂടുതൽ ലാഭകരമായ നിക്ഷേപ സ്ഥലങ്ങളായി വിദേശ നിക്ഷേപകർക്കു ബ്രോക്കറേജുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു. വിദേശികൾ ഇന്ത്യയിലെ ഓഹരികൾ വിറ്റു മാറുന്നു.
യുഎസ് ജിഡിപി കുറഞ്ഞതിൽ ആശങ്കയില്ല
അമേരിക്കൻ ജിഡിപി സെപ്റ്റംബറിലവസാനിച്ച മൂന്നാം പാദത്തിൽ രണ്ടു ശതമാനമേ വളർന്നുള്ളു. തലേ പാദത്തിൽ 6.7 ശതമാനം വളർന്നതാണ്. കോവിഡും ഉൽപന്നങ്ങളുടെ ലഭ്യതയിലുണ്ടായ വലിയ തടസങ്ങളുമാണ് വളർച്ച കുറച്ചത്. തലേ പാദത്തിൽ സ്വകാര്യ ഉപഭോഗം 12 ശതമാനം കൂടിയത് ഇത്തവണ 1.6 ശതമാനമായി താണു. 2.6 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും യുഎസ് വിപണി താഴോട്ടു പോയില്ല. തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞതു നല്ല സൂചനയായി വിപണി വിലയിരുത്തി. യുഎസ് ഫെഡ് കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കുന്നതിൻ്റെ സമയക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും എന്നതിൽ മാറ്റമുണ്ടാകില്ലെന്നും വിപണി കരുതുന്നു.
This section is powered by Muthoot Finance