വിപണിക്ക് ആലസ്യം; കുതിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും മാസഗോണും, മിന്നിച്ച് മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം

നിക്ഷേപക സമ്പത്തില്‍ 1.80 ലക്ഷം കോടിയുടെ വര്‍ധന; വണ്ടര്‍ല, ജിയോജിത്, നിറ്റ ജെലാറ്റിന്‍ ഓഹരികളിലും മികവ്; സൗത്ത് ഇന്ത്യന്‍ ബാങ്കും തിളങ്ങി, രൂപയ്ക്ക് റെക്കോഡ് താഴ്ച

Update:2024-04-03 17:59 IST
ഉയര്‍ന്ന പലിശഭാരം എന്നുമുതല്‍ കുറഞ്ഞുതുടങ്ങും? ഇന്ത്യന്‍ ഓഹരി വിപണികളെ ഇന്ന് ആലസ്യത്തിലേക്ക് തള്ളിവിട്ട മുഖ്യകാരണം ഇതായിരുന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് ഉടനെയൊന്നും കുറയ്ക്കില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.
ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകനത്തിന് ഇന്ന് തുടക്കമായി. മറ്റന്നാള്‍ ധനനയം പ്രഖ്യാപിക്കും. പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തില്‍ കടപ്പത്രങ്ങളുടെ ആദായനിരക്ക് (Bond Yield) കൂടിയ പശ്ചാത്തലത്തിലാണ് ഇന്ന് ഓഹരി വിപണി ആലസ്യത്തിലേക്ക് വീണത്. അതേസമയം, കടപ്പത്രങ്ങളുടെ യീല്‍ഡ് കൂടുന്നുവെന്നത് ബാങ്കുകളുടെ ഓഹരികളെ നേട്ടത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

സെന്‍സെക്‌സ് 27.09 പോയിന്റ് (-0.04%) താഴ്ന്ന് 73,876.82ലും നിഫ്റ്റി 18.65 പോയിന്റ് (-0.08%) നഷ്ടവുമായി 22,434.65ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തോടെ തുടങ്ങുകയും പിന്നീട് കൂടുതല്‍ നഷ്ടത്തിലേക്ക് വീഴുകയും ചെയ്താണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയത്. ഉച്ചയോടെ നേട്ടത്തിലേറിയെങ്കിലും പിന്നീട് വീണ്ടും താഴുകയായിരുന്നു.
കിതച്ചവരും കുതിച്ചവരും
സെന്‍സെക്‌സില്‍ നെസ്‌ലെ, കോട്ടക് ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. നെസ്‌ലെ 2.6 ശതമാനം ഇടിഞ്ഞു. മാക്രോടെക്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ഡി.എല്‍.എഫ്., ടൊറന്റ് ഫാര്‍മ, ഡിക്‌സോണ്‍ ടെക്‌നോളജീസ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ 

 

സെന്‍സെക്‌സില്‍ എന്‍.ടി.പി.സി., ടി.സി.എസ്., ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തില്‍ മുന്നിലെത്തിയ പ്രമുഖരാണ്. മാസഗോണ്‍ ഡോക്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജെ.എസ്.ഡബ്ല്യു എനര്‍ജി, ലോറസ് ലാബ്‌സ്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചവര്‍.
മാസഗോണ്‍ ഡോക്ക് ഓഹരി 11.93 ശതമാനം കുതിച്ചുകയറി. കഴിഞ്ഞപാദത്തില്‍ മികച്ച പ്രകടനം നടത്താനായെന്നും ഓര്‍ഡര്‍ ബുക്കില്‍ ശ്രദ്ധേയ വളര്‍ച്ചയുണ്ടെന്നുമുള്ള വിലയിരുത്തലുകളാണ് മാസഗോണ്‍ ഡോക്കിന് കരുത്തായത്. ഇതേ കാരണങ്ങള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടക്കം മറ്റ് കപ്പല്‍ശാല ഓഹരികള്‍ക്കും ഊര്‍ജമായി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

യോഗ്യരായ നിക്ഷേപകര്‍ക്ക് (QIP) ഓഹരികള്‍ വിറ്റ് 5,000 കോടി രൂപ സമാഹരിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇന്ന് ജെ.എസ്.ഡബ്ല്യു എനര്‍ജി ഓഹരി 52-ആഴ്ചത്തെ ഉയരവുമായി 7.15 ശതമാനം കുതിച്ചത്.
പലിശനിരക്ക് ഉടനെയൊന്നും കുറയില്ലെന്ന വിലയിരുത്തല്‍ കേന്ദ്രസര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡ് രണ്ടുവര്‍ഷത്തെ ഉയരത്തിലെത്താന്‍ ഇന്ന് കളമൊരുക്കി. ഇത് ബാങ്കോഹരികളെ ആഘോഷത്തിലാഴ്ത്തുകയായിരുന്നു. 7.34 ശതമാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്കോഹരികളുടെ മുന്നേറ്റം.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി50ല്‍ ഇന്ന് 20 ഓഹരികള്‍ നേട്ടത്തിലും 30 എണ്ണം നഷ്ടത്തിലുമായിരുന്നു. ശ്രീറാം ഫിനാന്‍സ് 3.65 ശതമാനം ഉയര്‍ന്ന് നേട്ടത്തിലും നെസ്‌ലെ 2.60 ശതമാനം താഴ്ന്ന് നഷ്ടത്തിലും മുന്നിലെത്തി. ശ്രീറാം ഫിനാന്‍സിന് 84.82 ശതമാനം ഓഹരി പങ്കാളിത്തമുള്ള ശ്രീറാം ഹൗസിംഗ് ഫിനാന്‍സിന്റെ മുഖ്യ ഓഹരി പങ്കാളിത്തം നേടാന്‍ വാര്‍ബര്‍ഗ് പിന്‍കസ് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബി.എസ്.ഇയില്‍ ഇന്ന് 2,777 ഓഹരികള്‍ നേട്ടത്തിലും 1,083 എണ്ണം നഷ്ടത്തിലുമായിരുന്നു. 105 ഓഹരികളുടെ വില മാറിയില്ല. 194 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 17 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. രണ്ട് കമ്പനികളാണ് ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നത്. ഓഹരി വിപണി നഷ്ടത്തിലായിരുന്നെങ്കിലും ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപകമൂല്യം ഇന്ന് 1.8 ലക്ഷം കോടി രൂപ വര്‍ധിച്ച് 397.35 ലക്ഷം കോടി രൂപയായി.
വിശാല വിപണിയില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക ഇന്ന് 2.58 ശതമാനം താഴ്ന്നു. സ്വകാര്യബാങ്ക്, ഓട്ടോ, എഫ്.എം.സി.ജി സൂചികകളും നഷ്ടത്തിലായിരുന്നു. പി.എസ്.യു ബാങ്ക് സൂചിക 1.78 ശതമാനം മുന്നേറി. നിഫ്റ്റി ബാങ്ക് 0.17 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 0.52 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.16 ശതമാനവും നേട്ടത്തിലാണുള്ളത്.
മിന്നിത്തിളങ്ങി കേരള ഓഹരികള്‍
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ നിരവധിപേര്‍ ഇന്ന് കാഴ്ചവച്ചത് മികച്ച പ്രകടനമാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി 8.97 ശതമാനം കുതിച്ചു. ഓഹരി വില റെക്കോഡ് ഉയരമായ 1085 രൂപവരെ എത്തിയിരുന്നു ഇന്ന്.
സ്വര്‍ണവില റെക്കോഡ് തകര്‍ത്ത് മുന്നേറുന്ന പശ്ചാത്തലത്തില്‍, സ്വര്‍ണപ്പണയ രംഗത്തെ പ്രമുഖരായ മുത്തൂറ്റ് ഫിനാന്‍സ് 4.37 ശതമാനവും മണപ്പുറം ഫിനാന്‍സ് 5.61 ശതമാനവും ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും തിളങ്ങി; ഓഹരി 5 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ഇന്നലെ ക്ഷീണം നേരിട്ട സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്ന് 3.12 ശതമാനം തിരിച്ചുകയറി. ഫാക്ട് 3.01 ശതമാനം, ജിയോജിത് 2.15 ശതമാനം, കിറ്റെക്‌സ് 4.49 ശതമാനം, നിറ്റ ജെലാറ്റിന്‍ 6.4 ശതമാനം എന്നിങ്ങനെയും നേട്ടത്തിലേറി.
പോപ്പുലര്‍ വെഹിക്കിള്‍സ് 4.05 ശതമാനം, വണ്ടര്‍ല 5.17 ശതമാനം, വെര്‍ട്ടെക്‌സ് 5 ശതമാനം എന്നിങ്ങനെയും നേട്ടത്തിലാണുള്ളത്. കിംഗ്‌സ് ഇന്‍ഫ്ര, വി-ഗാര്‍ഡ്, ഇന്‍ഡിട്രേഡ്, സി.എസ്.ബി ബാങ്ക് എന്നിവ നഷ്ടത്തിലേക്ക് വീണ പ്രമുഖരാണ്.
രൂപയ്ക്ക് റെക്കോഡ് താഴ്ച
പലിശനിരക്ക് ഉടനൊന്നും താഴില്ലെന്ന വിലയിരുത്തല്‍ ഡോളറിനെ ഇന്ന് പൊതുവേ ശക്തമാക്കി. പ്രമുഖ ഏഷ്യന്‍ കറന്‍സികളെല്ലാം താഴ്ന്നപ്പോള്‍ ഡോളറിന് മുന്നില്‍ രൂപയ്ക്കും പിടിച്ചുനില്‍ക്കാനായില്ല.
രൂപയുടെ മൂല്യം ഡോളറിനെതിരെ ഇന്ന് 0.06 ശതമാനം താഴ്ന്ന് 83.43ലെത്തി. റെക്കോഡ് ക്ലോസിംഗ് പോയിന്റാണിത്. കഴിഞ്ഞവാരം കുറിച്ച 83.45 ആണ് ഡോളറിനെതിരെ രൂപയുടെ എക്കാലത്തെയും മോശം മൂല്യം. പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയ്ക്ക് ഇന്ന് തിരിച്ചടിയായി.
Tags:    

Similar News