ആര്‍.ബി.ഐയുടെ ബാലന്‍സിംഗ് ഏറ്റില്ല, വാരാന്ത്യം വിപണിക്ക് വീഴ്ച; വന്‍ മുന്നേറ്റത്തില്‍ 3 കേരള ഓഹരികള്‍

കരുത്തോടെ മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍

Update:2024-12-06 18:13 IST

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവച്ചെങ്കിലും വാരാന്ത്യം നഷ്ടത്തിലവസാനിപ്പിച്ച് വിപണി. ഇതോടെ അഞ്ച് ദിവസത്തെ തുടര്‍ച്ചയായ നേട്ടക്കഥയ്ക്കാണ് വിപണി ഇന്ന് ഫുള്‍സ്റ്റോപ്പിട്ടത്.

തുടര്‍ച്ചയായ ഏഴാമത് മീറ്റിംഗിലും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിറുത്തിയ റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം (CRR) അര ശതമാനം കുറച്ചുകൊണ്ട് അത് ബാലന്‍സ് ചെയ്യാന്‍ ശ്രമം നടത്തി. നിക്ഷേപകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന തീരുമാനമായിരുന്നതു കൊണ്ട് തന്നെ ഇത് ചെറിയ അനക്കമുണ്ടാക്കിയെങ്കിലും വിപണിയെ നേട്ടത്തില്‍ നിലനിറുത്താനുള്ള പാങ്ങുണ്ടായില്ല.
ബാങ്കിംഗ് വ്യവസ്ഥയില്‍ ലിക്വിഡിറ്റികൊണ്ടു വരാന്‍ സി.ആര്‍.ആര്‍ കുറയ്ക്കുന്നതു വഴി സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകള്‍ വിപണിയില്‍ ശക്തമായി നിഴലിച്ചു.
റിസര്‍വ് ബാങ്ക് ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ 7.2 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറയ്ക്കുകയും പണപ്പെരുപ്പ പ്രതീക്ഷ 4.5 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ത്തുകയും ചെയ്തതാണ് നിക്ഷേപകരുടെ ആശങ്ക ഉയര്‍ത്തിയത്.
നിഫ്റ്റി ഇന്ന് 0.12 ശതമാനത്തിന്റെ നേരിയ നഷ്ടത്തില്‍ 24,677 പോയിന്റിലും സെന്‍സെക്‌സ് 0.07 ശതമാനം താഴ്ന്ന് 81,709ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളും ഈ വാരം രണ്ട് ശതമാനത്തിലധികം നേട്ടം കൈവരിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും നേട്ടം രേഖപ്പെടുത്താന്‍ സൂചികകള്‍ക്ക് സാധിച്ചു.


അതേസമയം നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കരുത്തുറ്റ പ്രകടനം തുടരുകയാണ്. ഇന്ന് നിഫ്റ്റി മിഡ്ക്യാപ് 0.45 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഈ ആഴ്ചയിലെ സൂചികയുടെ നേട്ടം 4.10 ശതമാനമായി. നിഫ്റ്റി സ്‌മോള്‍ ക്യാപ് സൂചിക ഇന്ന് 0.82 ശതമാനം ഉയര്‍ച്ച കാഴ്ചവച്ചതോടെ ഈ വാരത്തിലെ നേട്ടം 4.511 ശതമാനവുമായി.
വിവിധ സെക്ടറുകളെടുത്താല്‍ നേട്ടത്തില്‍ മുന്നില്‍ മെറ്റല്‍ സൂചികയാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ, പി.എസ്.യു ബാങ്ക് എന്നിവയും നേട്ടത്തിലായി.
ഐ.ടി സൂചിക അഞ്ച് ദിവസം നീണ്ടു നിന്ന നേട്ടക്കുതിപ്പിന് ഇന്ന് വിടപറഞ്ഞു. നേരിയ നഷ്ടത്തിലാണ് സൂചിക ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ ആദ്യമായി ഐ.ടി. സൂചിക  45,000 എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

നേട്ടത്തിൽ ഇവർ 

ഡല്‍ഹിവെറിയും വേദാന്തയുമാണ് ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ച നിഫ്റ്റി 200 ഓഹരികള്‍. വേദാന്ത ഓഹരികളുടെ ബാധ്യതകള്‍ ഒഴിവാക്കിയതായുള്ള പ്രഖ്യാപനമാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്.

നേട്ടത്തിലിവര്‍

പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരി വില ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്ന് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 990.90 രൂപയിലെത്തി. പിന്നീട് വില 972.20 രൂപയായി കുറഞ്ഞു. ഈ വര്‍ഷം ഇതു വരെ ഓഹരി വില 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയത്.
ജപ്പാനിലെ പേപേ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 250 മില്യണ്‍ ഡോളറിന് സോഫ്റ്റ് ബാങ്കിന് വിറ്റഴിക്കുന്നെന്ന വാര്‍ത്തകളാണ് ഓഹരിയെ ഉയര്‍ത്തിയത്. സ്‌റ്റോക്ക് എക്‌സ്‌
ചേ
ഞ്ചുകളില്‍ ഇതില്‍ പേയ്ടിഎമ്മിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹന വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഓഹരി വിപണികളെ അറിയിച്ചത് ഇന്ന് മാരുതി സുസുക്കി ഓഹരികളെ നാല് ശതമാനം ഉയര്‍ത്തി. അതേസമയം വില ഉയര്‍ത്തല്‍ പ്രഖ്യാപനം ഹ്യുണ്ടായി ഓഹരികളെ ഒരു ശതമാനം ഇടിവിലേക്കും നയിച്ചു.
ബി.എസ്.ഇ ഓഹരികള്‍ രണ്ടാമത്തെ ദിവസവും റെക്കോഡ് ഭേദിച്ചു. ഇന്ന് നാല് ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.

നഷ്ടത്തിലിവര്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫീനിക്‌സ് മില്‍സ്, ആല്‍കെം ലബോറട്ടറീസ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ ഇന്ന് രണ്ട് ശതമാനത്തിലധികം നഷ്ടത്തിലാണ്.

10 ശതമാനത്തിലധികം മുന്നേറി 3 കേരള ഓഹരികള്‍

കേരള ഓഹരികളില്‍ മൂന്നെണ്ണം ഇന്ന് അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ആഡ്‌ടെക് സിസ്റ്റംസ് ഓഹരി വില 94.92 രൂപയില്‍ നിന്ന് 20 ശതമാനം അപ്പര്‍സര്‍ക്യൂട്ടായ 113.90 രൂപ വരെ എത്തി. പിന്നീട് നേട്ടം 9.57 ശതമാനമായി കുറച്ചു.
ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി ഓഹരി വില ഇന്ന് 14.13 ശതമാനം ഉയര്‍ന്നു. റബ്ഫില ഇന്റര്‍നാഷണലാണ് 10 ശതമാനത്തിലധികം നേട്ട കൊയ്ത മറ്റൊരു ഓഹരി. 10 ശതമാനം നേട്ടത്തിലാണ് ബ്ഫില.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം


ടി.സി.എം, വെര്‍ട്ടെക്‌സ്, നിറ്റ ജെലാറ്റിന്‍, വി-ഗാര്‍ഡ് എന്നിവയാണ് മികച്ച നേട്ടം കാഴ്ചവച്ച മറ്റ് കേരള ഓഹരികള്‍.
പ്രൈമ ഇന്‍ഡസ്ട്രീസ്, സ്‌കൂബി ഡേ, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവ രണ്ട് ശതമാനത്തിലധികം നഷ്ടത്തിലാണ്.
Tags:    

Similar News