മാന്ദ്യ ഭീതി അകന്നു, കരുത്തുകാട്ടി ഇന്ത്യന്‍ സൂചികകള്‍; ടെക്‌സ്‌റ്റൈല്‍ കരുത്തില്‍ കിറ്റെക്‌സും സ്‌കൂബിഡേയും
മിഡ്, സ്‌മോള്‍ ക്യാപ്പുകളും കസറി; ആസ്റ്ററിനും വി-ഗാര്‍ഡിനും മുന്നേറ്റം
അമേരിക്കന്‍ മാന്ദ്യ ഭീതിയും പശ്ചിമേഷ്യന്‍ സംഘര്‍ഷവും മൂലം ആഗോള വിപണികളിലുണ്ടായ വീഴ്ചയില്‍ അടിപതറിയ ഇന്ത്യന്‍ ഓഹരി വിപണികള്‍ രണ്ടു ദിവസത്തെ കനത്ത നിരാശയില്‍ നിന്ന് ഇന്ന് കരകയറി. വലിയ ആവേശത്തില്‍ തുടങ്ങിയ വിപണികള്‍ പിന്നീട് നേട്ടം കുറച്ച് കൈവിട്ടുവെങ്കിലും കരുത്തോടെ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
മാന്ദ്യഭീതി അകന്നതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ പോസിറ്റീവ് മൂഡിലായതാണ് ഇന്ത്യന്‍ വിപണിയെയും ഉയര്‍ത്തിയത്. വിപണി അസ്ഥിരമായിരിക്കുന്ന സമയത്ത് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് ബാങ്ക് ഓഫ് ജപ്പാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഷിനിചി ഉചിദ പറഞ്ഞിരുന്നു. ഇത് ഏഷ്യന്‍ വിപണികളിലും സ്ഥിരതയുണ്ടാക്കി. ജപ്പാന്റെ നിക്കീ ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്നു. ദക്ഷിണ കൊറിയയുടെ കൊസ്പി 1.7 ശതമാനവും ഹോംങ് കോങ്ങിന്റെ ഹാങ് സെങ് 1.7 ശതമാനവും ഓസ്‌ട്രേലിയയുടെ എ.എസ്.എക്‌സ് 0.4 ശതമാനവും ചൈനയുടെ ഷാങ്ഹായി കോംപോസിറ്റ് 0.3 ശതമാനവും നേട്ടത്തിലായിരുന്നു.
രാവിലെ 1,000 പോയിന്റ് ഉയര്‍ന്നാണ് സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയത്. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സ് 874.94 പോയിന്റ് നേട്ടത്തോടെ 79,468.01 ലും നിഫ്റ്റി 304.96 പോയിന്റ് മുന്നേറി 24,297.50ലുമാണുള്ളത്.
അദാനി പോര്‍ട്‌സും പവര്‍ ഗ്രിഡും ജെ.എസ്.ഡബ്ല്യു സ്റ്റീലുമാണ് സെന്‍സെക്‌സിന് ഊര്‍ജ്ജമായത്. ടൈറ്റന്‍, ടെക്മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവ സൂചികകളെ പിന്നോട്ടു വലിച്ചു.
നിഫ്റ്റിയില്‍ ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് എന്നിവ 7 ശതമാനത്തോളം ഉയര്‍ന്നു.
പച്ചപുതച്ച് സൂചികകള്‍
ഇന്ന് വിശാല വിപണിയില്‍ ശക്തമായ തേരോട്ടമായിരുന്നു. പ്രധാന സൂചികകളെല്ലാം പച്ചപുതച്ചു നിന്നു.
ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയാണ് മൂന്ന് ശതമാനത്തിലധികം നേട്ടവുമായി വിവിധ സൂചികകൾക്ക് കരുത്തു പകര്‍ന്നത്. മീഡിയ, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ രണ്ട് ശതമാനത്തിനു മുകളിലും ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചിക ഒഴികെയുള്ളവ ഒരു ശതമാനത്തിനു മേലും ഉയര്‍ന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നിയമത്തില്‍ അയവു വരുത്തിയത് ഇന്ന് റിയല്‍റ്റി സൂചികകളില്‍ വലിയ മുന്നേറ്റമുണ്ടാക്കി. രണ്ട് ശതമാനത്തോളമാണ് സൂചികയുടെ മുന്നേറ്റം.
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്ന് അരങ്ങു വാഴുന്ന കാഴ്ചയാണുണ്ടായത്. യഥാക്രമം 2.45 ശതമാനം, 2.86 ശതമാനം എന്നിങ്ങനെയാണ് മുന്നേറ്റം.
ബി.എസ്.ഇയില്‍ ഇന്ന് 4,031 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,986 ഓഹരികളുടെ വില ഉയര്‍ന്നു. 947 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 98 ഓഹരികളുടെ വില മാറിയില്ല.
196 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 24 ഓഹരികള്‍ താഴ്ന്ന വിലയിലുമായി. ഇന്ന് നാല് ഓഹരികളെയാണ് അപ്പര്‍ സര്‍ക്യൂട്ടില്‍ കണ്ടത്. ലോവര്‍ സര്‍ക്യൂട്ടില്‍ മൂന്ന് ഓഹരികളുണ്ട്.
ഇന്ന് നിക്ഷേപകരുടെ സമ്പത്തിൽ ഏകദേശം 9.18 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.
ഓഹരികളിലെ കുതിപ്പും കിതപ്പും
ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ഓഹരികള്‍ ഇന്ന് 8 ശതമാനത്തോളം ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉത്പാദന ലക്ഷ്യം കമ്പനി ഉയര്‍ത്തിയതാണ് ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയത്.
ക്രൂഡ് ഓയില്‍ ഉത്പാദനം 12 ശതമാനവും വാതക ഉത്പാദനം 27 ശതമാനവും വളര്‍ച്ച പ്രാപിക്കുമെന്നാണ് കമ്പനി കരുതുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കെജി-98/2വില്‍ വാതക ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കോള്‍ ഇന്ത്യയും ആറ് ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിയല്‍റ്റി ഓഹരികളില്‍ ഒമാക്‌സ് അഞ്ച് ശതമാനവും ഒബ്‌റോയി റിയല്‍റ്റി 3.22 ശതമാനവും ഡി.എല്‍.എഫ് 3.11 ശതമാനവും അന്‍സാല്‍ പ്രോപ്പര്‍ട്ടീസ് 2.31 ശതമാനനും ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് 1.74 ശതമാനവും ഉയര്‍ന്നു.
മികച്ച പാദഫലങ്ങളെ തുടര്‍ന്ന് വെങ്കീസ് ഇന്ത്യ, വാഡിലാല്‍ എന്റര്‍പ്രൈസസ് തുടങ്ങിയവയുടെ ഓഹരികള്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലായി.
ഓഗസ്റ്റ് 14ന് സ്‌റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന ജിന്‍ഡാല്‍ ഓഹരികള്‍ ഇന്ന് 8 ശതമാനം ഉയര്‍ന്നു.
സുസ്‌ലോണ്‍ എനര്‍ജി 620 കോടി രൂപയുടെ ഏറ്റെടുക്കല്‍ നടത്തിയതിനു ശേഷം ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
ഒന്നാം പാദത്തില്‍ മികച്ച വളര്‍ച്ച നേടിയത് കുമ്മിന്‍സ് ഓഹരികളെയും ഇന്ന് ആറ് ശതമാനത്തോളം ഉയര്‍ത്തി.
ഓയില്‍ ഇന്ത്യയാണ് ഇന്ന് നിഫ്റ്റി 200ല്‍ 7.74 ശതമാനം നേട്ടവുമായി മുന്നിലെത്തിയത്. ഒ.എന്‍.ജി.സി 7.45 ശതമാനം ഉയര്‍ന്ന് തൊട്ടു പിന്നിലുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓഹരികൾ 6.78 ശതമാനം ഉയര്‍ച്ചയിലാണ്.
റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള ധനകാര്യ കമ്പനിയായ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി 6.31 ശതമാനം ഉയര്‍ന്നു.
ശ്രീ സിമന്റാണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍. ഓഹരി വില 4.06 ശതമാനം ഇടിഞ്ഞു. ഗ്ലാന്‍ഡ് ഫാര്‍മ (3.76 ശതമാനം), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (2.45 ശതമാനം), എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് (2.10 ശതമാനം), ഫോര്‍ട്ടീസ് ഹെല്‍ത്ത്‌കെയര്‍ (2.01 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍.
ടെക്‌സ്റ്റൈല്‍ മുന്നേറ്റം കേരളത്തിലും
വിപണിയുടെ മൊത്തത്തിലുള്ള മുന്നേറ്റം ഇന്ന് കേരള കമ്പനികളിലും പ്രതിഫലിച്ചു. ആറ് ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്ടം രുചിച്ചത്.
ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് ഗുണകരമാകുമെന്ന സൂചനകള്‍ ഇന്നും ഈ മേഖലയിലെ ഓഹരികളില്‍ കുതിപ്പുണ്ടാക്കിയിരുന്നു. കേരളം ആസ്ഥാനമായുള്ള കിറ്റെക്‌സ് ഇന്ന് 10 ശതമാനം വരെ ഉയര്‍ന്നെങ്കിലും പിന്നീട് നേട്ടം കുറച്ചു. വ്യാപാരാന്ത്യത്തില്‍ വെറും 3.65 ശതമാനമാണ് നേട്ടം. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് ഓഹരികളും 5.63 ശതമാനം ഉയര്‍ച്ചയിലാണ്. ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് ഓഹരി വില ഇന്ന് 19.27 ശതമാനം ഉയര്‍ന്നു.
റബ്ഫില ഇന്റര്‍നാഷണല്‍ 11.12 ശതമാനം ഉയര്‍ന്ന് കേരള കമ്പനി ഓഹരികളില്‍ നേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്തി.
ആസ്റ്റര്‍ ഓഹരികള്‍ ഇന്നും മുന്നേറ്റത്തിലാണ്. ഇന്നലെയും ഇന്നുമായി ആറ് ശതമാനത്തിലധികമാണ് ഓഹരി വില ഉയര്‍ന്നത്. ഓഹരി വില 393.9 രൂപയിലെത്തി. ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലുമായി ലയിക്കുന്നുവെന്ന വാര്‍ത്തകളാണ് ഓഹരിയെ ഉയര്‍ത്തിയത്.
ഇന്നലെ അഞ്ച് ശതമാനം താഴ്ന്ന് ലോവര്‍ സര്‍ക്യൂട്ടിലെത്തിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് 2.46 ശതമാനം നേട്ടത്തിലാണ്. നാളെ കമ്പനിയുടെ പാദഫല റിപ്പോര്‍ട്ട് പുറത്തു വരും. മികച്ച റിസള്‍ട്ട് പ്രതീക്ഷകളാണ് ഓഹരിയെ ഉയര്‍ത്തിയതെന്ന് കരുതുന്നു.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്ന് 3.49 ശതമാനം ഉയര്‍ച്ചയിലാണ്. വെസ്‌റ്റേണ്‍ പ്ലൈവുഡ്‌സ്, ഫാക്ട്, ഹാരിസണ്‍സ് മലയാളം, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളില്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.
ആഡ്‌ടെക് സിസ്റ്റംസ്, ആസ്പിന്‍വാള്‍, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കേരള ആയുര്‍വേദ, മുത്തൂറ്റ് മൈക്രോഫിന്‍, സഫ സിസ്റ്റംസ് എന്നിവയാണ് വിപണിയുടെ മുന്നേറ്റത്തിലും കാലിടറിയ കേരള ഓഹരികള്‍.