എഫ്.എം.സി.ജി ഷോക്കില്‍ വിപണി, കല്യാണിന് വീണ്ടും പൊന്‍പ്രഭ, കിറ്റെക്‌സിനും മുന്നേറ്റം
റിലയന്‍സ് അടക്കമുള്ള വമ്പന്‍ ഓഹരികള്‍ക്കും ക്ഷീണം
ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് പുതിയ വാരത്തില്‍ നിരാശ തുടക്കം. എഫ്.എം.സി.ജി ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള വമ്പന്‍ ഓഹരികളുമാണ് ഇന്ന് വിപണിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കും ഐ.ടി ഓഹരികളും വിപണിക്ക് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും അത് സൂചികകളെ ഉയര്‍ത്താന്‍ മാത്രം പര്യാപ്തമായിരുന്നില്ല.
കഴിഞ്ഞാഴ്ചത്തെ റാലിക്ക് ശേഷം നിക്ഷേപകരുടെ ഉത്സാഹത്തില്‍ കാര്യമായ കുറവു വന്നതാണ് വിപണിയെ ബാധിച്ചത്. ഈ ആഴ്ചയിലെ വ്യാവസായിക ഉത്പാദന കണക്കുകളിലും പണപ്പെരുപ്പ വിവരങ്ങളിലുമാണ് വിപണിയുടെ ശ്രദ്ധ. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതാണ് നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന്റെ വിമുഖതക്ക് കാരണം.
ആഗോള നിക്ഷേപകര്‍ ഈ ആഴ്ച പുറത്തു വരുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ്. ഡിസംബറില്‍ നിരക്കുകുറയ്ക്കുന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണക്കുകള്‍. സൗത്ത് കൊറിയന്‍ പ്രശ്‌നങ്ങള്‍ അയയാതെ നില്‍ക്കുന്നതും നിക്ഷേപകരുടെ സെന്റിമെന്റ്‌സിനെ ബാധിക്കുന്നുണ്ട്.
എഫ്.എം.സി.ജി ഓഹരികളാണ് ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ടത്. നിഫ്റ്റി എഫ്.എം.സി.ജി സൂചികയില്‍ ഉള്‍പ്പെട്ട റാഡികോ ഖെയ്താന്‍ ഒഴികെയുള്ള എല്ലാ ഓഹരികളും ഇന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തി. രണ്ടര ശതമാനം നഷ്ടമാണ് എഫ്.എം.സി.ജി സൂചിക ഇന്ന് നേരിട്ടത്.
കുതിപ്പിലേക്കു തിരിച്ചെത്തി കിറ്റെക്‌സും കല്യാണും
കേരള ഓഹരികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. ആഡ്‌ടെക് സിസ്റ്റംസ് 10 ശതമാനത്തോളം ഉയര്‍ന്ന് നേട്ടപട്ടികയില്‍ ആദ്യ സ്ഥാനം പിടിച്ചു.
ചെറിയ ഇടവേളയ്ക്കു ശേഷം കല്യാണ്‍ ഓഹരികള്‍ 6.37 ശതമാനം മുന്നേറി. അടുത്ത ആഴ്ചകളില്‍ കല്യാണ്‍ ജുവലേഴ്‌സ് മിഡില്‍ ഈസ്റ്റില്‍ നിക്ഷേപക മീറ്റ് വിളിച്ചതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. പുഷ്പ 2വിന്റെ റിലീസിനോടനുബന്ധിച്ച് കല്യാണ്‍ ജുവലേഴ്‌സ് പുഷ്പ എന്ന എക്‌സ്‌ക്ലൂസീവ് ആഭരണകളക്ഷനും അവതരിപ്പിച്ചിട്ടുണ്ട്.
കിറ്റെക്‌സ്, ജിയോജിത്, ഹാരിസണ്‍സ് മലയാളം, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവ ഇന്ന് അഞ്ച് ശതമാനത്തോളം ഉയർന്നു നേട്ടത്തിൽ മുന്നിലെത്തി.