അവസാന മണിക്കൂറില്‍ തിരിച്ചുകയറി സെന്‍സെക്‌സ്, നിഫ്റ്റിയും ഉയര്‍ച്ചയില്‍, താരമായി നൈക
മുത്തൂറ്റ് ക്യാപിറ്റല്‍, ഇന്‍ഡിട്രേഡ്, ഹാരിസണ്‍സ് മുന്നേറ്റത്തില്‍
രാവിലത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടം തിരിച്ചു പിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍. സെന്‍സെക്‌സ് 102.44 പോയിന്റ് ഉയര്‍ന്ന് 80,905.30ലും നിഫ്റ്റി 71.35 പോയിന്റ് നേട്ടത്തോടെ 24,770.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്.എം.സി.ജി, ഐ.ടി മേഖലയിലെ വമ്പന്‍ ഓഹരികളായ ഐ.ടി.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടി.സി.എസ് തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് ഇന്ത്യന്‍ സൂചികകള്‍ക്ക് ഗുണമായത്.
അമേരിക്കയില്‍ സെപ്റ്റംബര്‍ മുതല്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആഗോള വിപണികള്‍. നാളെമുതല്‍ ഓഗസ്റ്റ് 24 വരെ നടക്കുന്ന ജാക്‌സണ്‍ ഹോള്‍ ഇക്കണോമിക് സിംപോസിയത്തിലാണ് രാജ്യാന്തര നിക്ഷേപകരുടെ ശ്രദ്ധ. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഉള്‍പ്പെടെയുള്ള ആഗോള കേന്ദ്ര ബാങ്ക് നേതാക്കള്‍ ഇവിടെ സംസാരിക്കും. മോണിറ്ററി പോളിസിയില്‍ അയവുവരുത്തുന്നതിനെ കുറിച്ച് വെള്ളിയാഴ്ച വ്യക്തമായ സൂചന നല്‍കിയേക്കുമെന്നതാണ് പ്രതീക്ഷകള്‍. കൂടാതെ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ മീറ്റിംഗിന്റെ മിനിറ്റ്‌സ് ഇന്ന് പുറത്തു വരുന്നതും വിപണിക്ക് നിര്‍ണായകമാണ്.
വിവിധ സെക്ടറുകളുടെ പ്രകടനം
സെക്ടറുകളെടുത്താല്‍ 1.41 ശതമാനം ഉയര്‍ന്ന നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സാണ് മുന്നില്‍. എഫ്.എം.സി.ിജിമീഡിയ എന്നിവയും ഒരു ശതമാനത്തോളം ഉയര്‍ന്നു. 1.31 ശതമാനം ഇടിവുമായി റിയല്‍റ്റി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. നിഫ്റ്റി ബാങ്ക്, ഓട്ടോ, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവയും നഷ്ടത്തിലാണ്.
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചികകള്‍ 1.21 ശതമാനം ഉയര്‍ന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ചു. മിഡ്‌ക്യാപ് സൂചികകള്‍ 0.34 ശതമാനം നേട്ടത്തിലായി.
ബി.എസ്.ഇയില്‍ ഇന്ന് 4,038 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,607 ഓഹരികളുടെ വില ഉയര്‍ന്നു. 1,345 ഓഹരികളുടെ വില താഴേക്ക് പോയി. 86 ഓഹരികളുടെ വിലകള്‍ക്ക് മാറ്റമില്ല.
325 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 17 ഓഹരികള്‍ താഴ്ന്നവിലയും കണ്ടു. നാല് ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുണ്ട്. രണ്ട് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
നിക്ഷേപകരുടെ ആസ്തിയില്‍ ഇന്ന് 2.41 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
സെന്‍സെക്‌സില്‍ ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.യു.എല്‍, നെസ്‌ലെ, ഐ.ടി.സി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
കുതിച്ച് നൈക
ഫാഷന്‍ ബ്രാന്‍ഡായ നൈകയാണ് ഇന്ന് വിപണിയിലെ താരം. ഓഹരി വില 19 ശതമാനം കുതിച്ചുയര്‍ന്ന് എക്കാലത്തെയും ഉയരം തൊട്ടു. 2022 നവംബറിനു ശേഷമുള്ള ഓഹരിയുടെ ഏറ്റവും വലിയ നേട്ടമാണിത്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ വീഴ്ചയ്ക്ക് ശേഷമാണ് നൈകയുടെ ഗംഭീര തിരിച്ചു വരവ്. ഈ വര്‍ഷം ഇതു വരെ ഓഹരി വില 23 ശതമാനം ഉയര്‍ന്നു.
പ്രതിരോധ ഓഹരികള്‍ ഇന്ന് മുന്നേറ്റത്തിലായത് മസഗണ്‍ ഡോക്ക് ഓഹരിക്കും ഗുണമായി. ഓഹരി വില 5.22 ശതമാനം ഉയര്‍ന്ന് 4,524 രൂപയിലെത്തി.
പതഞ്ജലി ഫുഡ്‌സ് ഓഹരി വിലയും ഇന്ന് 4.29 ശതമാനം ഉയര്‍ന്ന് പുതിയ റെക്കോഡിട്ടു. സിസ്റ്റമാറ്റിക്‌സില്‍ നിന്ന് ഓഹരിക്ക് 'ബൈ' റേറ്റിംഗ് ലഭിച്ചിരുന്നു. 2,259 രൂപ ലക്ഷ്യത്തില്‍ ഓഹരി വാങ്ങാനാണ് ശിപാര്‍ശ. അതായത് ഇന്നലത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 27 ശതമാനം വര്‍ധന.
വരുണ്‍ ബിവറേജസാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ മുന്നേറ്റം കാണിച്ച മറ്റൊരു ഓഹരി. പെപ്‌സികോയുടെ ഫ്രാഞ്ചൈസ്പാര്‍ടണറായ വരുൺ ബീവറേജ്‌സ് 3.78 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് 'ബൈ' റേറ്റിംഗ് ഓഹരിക്ക് നല്‍കിയതാണ് വില ഉയര്‍ത്തിയത്. 1,840 രൂപ ലക്ഷ്യത്തില്‍ നിക്ഷേപിക്കാനാണ് ശിപാര്‍ശ. ഇന്ന് വില 1,548 രൂപയാണ്.
ഡിവീസ് ലബോറട്ടറീസ് ഓഹരി വില ഇന്ന് 3.70 ശതമാനം ഉയര്‍ന്ന് 4,898 രൂപയിലെത്തി.
വ്യക്തിഗത ഓഹരികളില്‍ യു.ബി.എല്‍ ഓഹരികള്‍ ഇന്ന് നാല് ശതമാനം ഉയര്‍ന്നു. കര്‍ണാടക വിപണിയില്‍ ഹൈനകന്‍ (HEINEKEN) സില്‍വര്‍, ഹൈനകന്‍ ഒറിജിനല്‍ അവതരിപ്പിച്ചിതിനു പിന്നാലെയാണ് കയറ്റം.
പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 10 ശതമാനം ഉയര്‍ന്നിരുന്നു. ജനറല്‍ അറ്റ്‌ലാന്റികിന്റെ കൈവശമുള്ള 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്ന വാര്‍ത്തകള്‍ക്കിടിയിലാണ് ഓഹരിയുടെ ഉയര്‍ച്ച.
നഷ്ടത്തിലിവര്‍
ടൊറന്റ് പവറാണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ വീഴ്ചക്കാര്‍. 4.08 ശതമാനം ഇടിഞ്ഞ് ഓഹരി വില 1,724 രൂപയിലെത്തി.
മാന്‍കൈന്‍ഡ് ഫാര്‍മ 3.14 ശതമാനം നഷ്ടവുമായി രണ്ടാം സ്ഥാനത്തുണ്ട്. വിദേശ നിക്ഷേപകര്‍ നിക്ഷേപം കൂട്ടിയ ഓഹരികളിലൊന്നാണിത്.
സോന ബിഎല്‍.ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് ഓഹരി വില 2.27 ശതമാനം താഴ്ന്ന് 683.75 രൂപയിലെത്തി. ഡല്‍ഹിവെറി (1.94 ശതമാനം), ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് (1.77 ശതമാനം) എന്നിവയാണ് കൂടുതല്‍ ഇടിവ് നേരിട്ട മറ്റ് ഓഹരികള്‍.
ആവേശമില്ലാതെ കേരള ഓഹരികള്‍
കേരള കമ്പനി ഓഹരികളില്‍ ഇന്ന് സമ്മിശ്രപ്രകടനമായിരുന്നു. മുത്തൂറ്റ് ക്യാപിറ്റല്‍ ഓഹരി 5.86 ശതമാനം ഉയര്‍ച്ചയുമായി നേട്ടത്തില്‍ മുന്നിലെത്തി. ഇന്‍ഡിട്രേഡ്, ഹാരിസണ്‍സ് മലയാളം, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി എന്നിവ നാല് ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
കല്യാണ്‍ ജുവലേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പോപ്പുലര്‍ വെഹിക്കിള്‍സ് തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഒരു ശതമാനത്തോളം ഉയര്‍ച്ചയിലാണ്.
സഫ സിസ്റ്റംസാണ് കേരള ഓഹരികളിലെ മുഖ്യ വീഴ്ചക്കാര്‍. അഞ്ച് ശതമാനത്തോളം ഇടിവാണ് ഓഹരിയിലുണ്ടായത്. കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ് ഓഹരി വില 3.24 ശതമാനം താഴ്ന്നു.