അമേരിക്കന്‍ കണക്കുകളില്‍ ഉയര്‍ന്ന് വിപണി; കല്യാണ്‍ ഓഹരികള്‍ക്കിന്ന് പത്തരമാറ്റ്, കുതിച്ചുയര്‍ന്ന് കിറ്റെക്‌സും ഫാക്ടും
മുത്തൂറ്റ് ക്യാപിറ്റലിനും മുന്നേറ്റം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ക്ഷീണത്തില്‍
അമേരിക്കന്‍ കണക്കുകളില്‍ ആശ്വാസം കണ്ടെത്തി ഇന്ത്യന്‍ സൂചികകള്‍ ഇന്ന് നേട്ടത്തില്‍ അവസാനിപ്പിച്ചു. ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ മീറ്റിംഗിന്റെ മിനിറ്റ്‌സ് ഇന്നലെ പുറത്തുവന്നിരുന്നു. പണപ്പെരുപ്പ കണക്കുകളും മറ്റും പ്രതീക്ഷിച്ചതുപോലെ തുടര്‍ന്നാല്‍ അടുത്ത മീറ്റിംഗില്‍ നിരക്ക് കുറയ്ക്കുമെന്നാണ് ഇതില്‍ സൂചിപ്പിക്കുന്നത്. വിപണി പ്രതീക്ഷിക്കുന്നതും ഇതാണ്. 2023 ജൂലൈയിക്ക് ശേഷം ഇതുവരെ മാറ്റമില്ലാതെ തുടരുകയായിരുന്നു പലിശ നിരക്കുകള്‍. നാളെ നടക്കുന്ന ജാക്‌സണ്‍ഹോള്‍ ഉച്ചകോടിയില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ഇതേകുറിച്ച് സൂചന നല്‍കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
ദിവസം മുഴുവന്‍ റേഞ്ച് ബൗണ്ടായി നീങ്ങിയ ശേഷം സെന്‍സെക്‌സ് ഇന്ന് 147.89 ശതമാനം ഉയര്‍ന്ന് 81,053ലും നിഫ്റ്റി 40.70 പോയിന്റ് ഉയര്‍ന്ന് 24,810ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ സൂചികകളുടെ പ്രകടനം
ബി.എസ്.ഇയില്‍ ഇന്ന് 4,053 ഓഹരികളാണ് വ്യാപാരം നടത്തിയത്. അതില്‍ 2,451 ഓഹരികളും നേട്ടത്തിലേറി. 1,513 ഓഹരികള്‍ താഴേക്ക് പോയി. 89 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. അശോക് ലൈലാന്‍ഡ്, എസ്.ബി.ഐ ലൈഫ്, ടി.വി.എസ് മോട്ടോര്‍ എന്നിവ ഉള്‍പ്പെടെ 342 ഓഹരികളആണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 15 ഓഹരികള്‍ താഴ്ന്ന വില കണ്ടു.15 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുണ്ട്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 459.2 ലക്ഷം കോടി രൂപയില്‍ നിന്ന് 460.5 ലക്ഷം കോടിയായി. നിക്ഷേപകരുടെ സമ്പത്തിലുണ്ടായത് ഒരു ലക്ഷം കോടി രൂപയുടെ വര്‍ധന.
ബി.എസ്.ഇയിലെ രജിസ്‌ട്രേഡ് നിക്ഷേപകരുടെ എണ്ണം 18.7 കോടിയായി മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 33 ശതമാനമായി. മുന്‍പാദത്തേക്കാള്‍ 8 ശതമാനവും വര്‍ധിച്ചു.
ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ടൈറ്റന്‍ കമ്പനി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന് കരുത്തു പകര്‍ന്നത്. അതേസമയം വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, എന്‍.ടി.പി.സി, ഡോ.റെഡ്ഡീസ് ലാബ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടി.സി.എസ്, ഒ.എന്‍.ജി.സി എന്നിവ വില്‍പ്പന സമ്മര്‍ദ്ദത്തിലായി.
നിഫ്റ്റിക്ക് തിളക്കമായി കല്യാണും ഫാക്ടും
കല്യാണ്‍ ജുവലേഴ്‌സ് ആണ് ഇന്ന് നിഫ്റ്റി 200ല്‍ നേട്ടത്തിൽ ഒന്നാമത്. ഓഹരി വില 10.71 ശതമാനം ഉയര്‍ന്ന് 602 രൂപയിലെത്തി. എക്കാലത്തെയും ഉയര്‍ന്ന വിലയ്ക്കടുത്താണ് ഓഹരി ഇപ്പോള്‍.
ഓഹരികളിലെ കുതിപ്പും കിതപ്പും
കേരള ഓഹരികളിൽ കിറ്റെക്‌സും മുത്തൂറ്റും
കേരള ഓഹരികളില്‍ കല്യാണ്‍ കഴിഞ്ഞാല്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളാണ്. കുഞ്ഞുടുപ്പ് നിര്‍മാതാക്കളായ കിറ്റെക്‌സിന്റെ ഓഹരി ഇന്ന് 7.18 ശതമാനം ഉയര്‍ന്നു. ടെക്‌സ്‌റ്റൈല്‍ കമ്പനിയായ സ്‌കൂബി ഡേ ഇന്ന് രണ്ട് ശതമാനത്തോളം നേട്ടത്തിലാണ്. അതേസമയം ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് ഓഹരി നേരിയ ഇടിവിലാണ്.