5-ാം നാളിലും ഓഹരികളില്‍ കണ്ണീര്‍; നഷ്ടം 15 ലക്ഷം കോടി

നിഫ്റ്റി 19,074 വരെ കൂപ്പുകുത്തി, സെന്‍സെക്‌സ് 522 പോയിന്റ് ഇടിഞ്ഞു, പിടിച്ചുനിന്ന് മെറ്റല്‍ ഓഹരികള്‍; മുന്നേറി ആസ്റ്റര്‍, വണ്ടര്‍ല ഓഹരികള്‍

Update:2023-10-25 17:42 IST

തുടര്‍ച്ചയായ അഞ്ചാംനാളിലും കനത്ത നഷ്ടം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി 19,074 വരെയാണ് ഇന്ന് കൂപ്പുകുത്തിയത്. വ്യാപാരാന്ത്യത്തില്‍ 160 പോയിന്റിടിഞ്ഞ്, 19,330 എന്ന സപ്പോര്‍ട്ടിംഗ് ലെവലിനും താഴെ 19,122ലാണ് നിഫ്റ്റിയുള്ളത്. ഇത് വൈകാതെ നിഫ്റ്റിയെ 18,800 നിലവാരത്തിലേക്ക് വീഴ്ത്തിയേക്കാമെന്നാണ് റിസര്‍ച്ച് അനലിസ്റ്റുകളുടെ വാദം.

നിഫ്റ്റി 50യില്‍ ഇന്ന് 40 കമ്പനികളും ചുവന്നു. നേട്ടം കുറിച്ചത് 10 കമ്പനികള്‍ മാത്രം. സെന്‍സെക്‌സ് 522 പോയിന്റ് താഴ്ന്ന് 64,049ലാണുള്ളത്. ഇന്നൊരുവേള സെന്‍സെക്‌സ് 63,912 വരെയും ഇടിഞ്ഞിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

ബി.എസ്.ഇയില്‍ ഇന്ന് കരടികളുടെ കടന്നാക്രമണമായിരുന്നു. 2,464 കമ്പനികള്‍ നഷ്ടത്തിലേക്ക് വീണപ്പോള്‍ നേട്ടത്തിലേറിയത് 1,223 എണ്ണം മാത്രം. 108 ഓഹരികളുടെ വില മാറിയില്ല. 105 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 65 എണ്ണം താഴ്ചയിലുമായിരുന്നു. 14 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും മൂന്നെണ്ണം ലോവര്‍-സര്‍കീട്ടിലുമായിരുന്നു.
കഴിഞ്ഞ സെഷനില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FII) 252 കോടി രൂപയുടെയും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (DII) 1,112 കോടി രൂപയുടെയും ഓഹരികള്‍ വാങ്ങിയിരുന്നു. അതായത്, നിലവിലെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത് റീട്ടെയില്‍ നിക്ഷേപകരാണ് വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതെന്നാണ്.
പിടിച്ചുനിന്ന് ലോഹം, പൊതുമേഖലാ ബാങ്കുകള്‍
വിശാല വിപണിയില്‍ (Broader Market) പിടിച്ചുനിന്നത് ലോഹം (Metal), പൊതുമേഖലാ ബാങ്ക് ഓഹരികളാണ്. നിഫ്റ്റി മെറ്റല്‍ സൂചിക 0.15 ശതമാനവും പി.എസ്.യു ബാങ്ക് 0.17 ശതമാനവും നേട്ടമുണ്ടാക്കി.
ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റത്തിനായി ചൈനീസ് സര്‍ക്കാര്‍ ഒരുലക്ഷം കോടി യുവാന്റെ ബോണ്ടുകള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നതാണ് ലോഹ ഓഹരികള്‍ക്ക് കരുത്തായത്. അടിസ്ഥാന സൗകര്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും ഈ രക്ഷാപ്പാക്കേജ് എന്നതാണ് ലോഹ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമായത്.
ഐ.ടിയിലും വാഹന ഓഹരികളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി ഓട്ടോ 0.41 ശതമാനവും ഐ.ടി 1.03 ശതമാനവും സ്വകാര്യബാങ്ക് 0.99 ശതമാനവും റിയല്‍റ്റി 0.96 ശതമാനവും ഇടിഞ്ഞത് നിഫ്റ്റിയെ ഉലച്ചു.
നിഫ്റ്റി ധനകാര്യ സേവനം 0.93 ശതമാനം, എഫ്.എം.സി.ജി 0.40 ശതമാനം, മീഡിയ 1.66 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 0.98 ശതമാനം, ഓയില്‍ 0.53 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണ്.
നിഫ്റ്റി ബാങ്ക് 0.74 ശതമാനം താഴ്ന്ന് 42,832ലെത്തി. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.24 ശതമാനവും മിഡ്ക്യാപ്പ് 0.65 ശതമാനവും താഴ്ന്നു.
നഷ്ടത്തിലേക്ക് വീണവരും നേട്ടത്തിലേറിയവരും
ഇന്‍ഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി., സിപ്ല, ബജാജ് ഫിനാന്‍സ്, ഗ്രാസിം, ബജാജ് ഓട്ടോ, എന്‍.ടി.പി.സി., അദാനി എന്റര്‍പ്രൈസസ്, എസ്.ബി.ഐ ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട മുന്‍നിര ഓഹരികളാണ്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത് മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരികളാണ്; 4.28 ശതമാനം. ഭാരത് ഡൈനാമിക്‌സ്, റെയില്‍ വികാസ് നിഗം (RVNL), ബജാജ് ഹോള്‍ഡിംഗ്‌സ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയും നഷ്ടത്തില്‍ മുന്നിലെത്തി.
ടാറ്റാ എല്‍ക്‌സി, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ടൊറന്റ് ഫാര്‍മ, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, അവന്യൂ സൂപ്പര്‍മാര്‍ട്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയവര്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഷെയര്‍ഖാനില്‍ നിന്നുള്ള 'വാങ്ങല്‍' (BUY) സ്റ്റാറ്റസിന്റെ ബലത്തിലാണ് ടാറ്റാ എല്‍ക്‌സി ഓഹരികളുടെ നേട്ടം. മികച്ച സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലത്തിന്റെ പിന്‍ബലത്തില്‍ ടൊറന്റ് ഓഹരികളും മുന്നേറി.
വീഴ്ചയ്ക്ക് പിന്നില്‍
പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
1) അമേരിക്കന്‍ ബോണ്ട് : അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി യീല്‍ഡ് 2007ന് ശേഷം ആദ്യമായി 5 ശതമാനത്തിലെത്തി. കടപ്പത്രം (ബോണ്ട്) നല്‍കുന്ന നേട്ടമാണ് യീല്‍ഡ്. ഓഹരികളില്‍ നിന്ന് പണം പിന്‍വലിച്ച് ഇപ്പോള്‍ ബോണ്ടിലേക്ക് ഒഴുക്കുകയാണ് നിക്ഷേപകര്‍.
2) ഇസ്രായേല്‍-ഹമാസ് പോര് : യുദ്ധത്തിന് ശമനമില്ലെന്ന് മാത്രമല്ല ദിവസം ചെല്ലുന്തോറും കൂടുതല്‍ വഷളാകുന്നത് ആഗോളതലത്തില്‍ ഓഹരി നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ക്രൂഡോയില്‍ വില അല്‍പം താഴ്‌ന്നെങ്കിലും താരതമ്യേന മുന്‍മാസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തലത്തില്‍ തുടരുന്നതും തിരിച്ചടിയാണ്.
യൂറോപ്യന്‍, അമേരിക്കന്‍ ഓഹരികള്‍ നഷ്ടത്തില്‍ തുടരുന്നതും ഇന്ത്യന്‍ ഓഹരി വിപണികളെ സ്വാധീനിക്കുന്നു.
3) മോശം പ്രവര്‍ത്തനഫലം : ചില കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രതീക്ഷിച്ചതിലും മോശം സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടത് നിക്ഷേപകരെ തളര്‍ത്തിയിട്ടുണ്ട്; പ്രത്യേകിച്ച് ഐ.ടി കമ്പനികള്‍. ഇത് ഒട്ടുമിക്ക ഓഹരി വിഭാഗങ്ങളിലും വില്‍പന സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്.
5 ദിവസം, നഷ്ടം 15 ലക്ഷം കോടി
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് വീണത്. 5 ദിവസത്തിനിടെ ബി.എസ്.ഇയിലെ കമ്പനികളുടെ നിക്ഷേപകരുടെ കീശയില്‍ നിന്ന് കൊഴിഞ്ഞത് 14.60 ലക്ഷം കോടി രൂപയാണ്. 323.82 ലക്ഷം കോടി രൂപയില്‍ നിന്ന് 309.22 ലക്ഷം കോടി രൂപയിലേക്കാണ് നിക്ഷേപക മൂല്യം താഴ്ന്നത്. ഇന്നത്തെ മാത്രം നഷ്ടം 2.08 ലക്ഷം കോടി രൂപയാണ്.
ആസ്റ്ററും വണ്ടര്‍ലയും തിളങ്ങി
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്ന് ഏറ്റവുമധികം തിളങ്ങിയത് ആസ്റ്ററും വണ്ടര്‍ലയുമാണ്. ഉയര്‍ന്ന ഓഹരി കൈമാറ്റത്തിന്റെ ബലത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി 8.71 ശതമാനം നേട്ടമുണ്ടാക്കി.
ചെന്നൈയ്ക്കടുത്ത് പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി കിട്ടിയ പശ്ചാത്തലത്തില്‍ വണ്ടര്‍ല ഓഹരി 6.69 ശതമാനം ഉയര്‍ന്നു.
ഇന്ന് കേരള ഓഹരികൾ കാഴ്ചവച്ച പ്രകടനം 

 

ധനലക്ഷ്മി ബാങ്ക് ഓഹരി ആദ്യ സെഷനില്‍ 8 ശതമാനം കുതിച്ചെങ്കിലും പിന്നീട് നേട്ടം 2.83 ശതമാനമായി കുറഞ്ഞു. ഫാക്ട് (രണ്ട് ശതമാനം), ഇന്‍ഡിട്രേഡ് (4.71 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (2.31 ശതമാനം) എന്നിവയും തിളങ്ങി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 5 ശതമാനം താഴ്ന്നു. സി.എസ്.ബി ബാങ്ക് (3 ശതമാനം), കെ.എസ്.ഇ (4.69 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.41 ശതമാനം), റബ്ഫില (3.54 ശതമാനം) എന്നിവയാണ് കൂടുതല്‍ നിരാശപ്പെടുത്തിയ പ്രമുഖര്‍.
Tags:    

Similar News