സെന്‍സെക്‌സും നിഫ്റ്റിയും താഴേക്ക്; വലച്ച് അമേരിക്ക, ഇടിഞ്ഞ് വിദേശ നിക്ഷേപം

സെന്‍സെക്‌സ് 106 പോയിന്റ് നഷ്ടത്തില്‍, ബാങ്ക് നിഫ്റ്റി 0.46% ഇടിഞ്ഞു; വണ്ടര്‍ല പുതിയ ഉയരത്തില്‍

Update:2023-07-28 17:42 IST

ഈ വാരത്തിന്റെ തുടക്കം വരെ, അനുദിനം റെക്കോഡ് തിരുത്തി കഴിഞ്ഞ നാലാഴ്ചയോളം നടത്തിയ മുന്നേറ്റമൊക്കെ മറന്ന് തുടര്‍ച്ചയായി നഷ്ടത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇന്ന് രാവിലെ അല്‍പ്പം നേട്ടം കുറിച്ചെങ്കിലും പിന്നീട് സൂചികകള്‍ ഇടിയുന്ന കാഴ്ചയാണ് കണ്ടത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ 66,351.22 വരെ ഉയര്‍ന്ന സെന്‍സെക്‌സ് ഒരുവേള 65,878.65 വരെ കൂപ്പുകുത്തി. തുടര്‍ന്ന് നഷ്ടം നിജപ്പെടുത്തി 106.32 പോയിന്റ് (0.16%) താഴ്ന്ന് 66,120.20ല്‍ വ്യാപാരം അവസാനിപ്പിച്ചു.


 

13.82 പോയിന്റ് (0.07%) നഷ്ടവുമായി 19,646.05ലാണ് നിഫ്റ്റിയുള്ളത്. ഇന്നൊരുവേള നിഫ്റ്റി 19,695.90 വരെ ഉയരുകയും പിന്നീട് 19,562.10 വരെ താഴുകയും ചെയ്തിരുന്നു.
നഷ്ടത്തില്‍ ചാഞ്ചാട്ടം
വ്യാപാരത്തിന്റെ തുടക്കത്തില്‍ നല്‍കിയ നേരിയ പ്രതീക്ഷ മാറ്റിവച്ചാല്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് മുഴുവന്‍ നഷ്ടത്തിനുള്ളില്‍ വീണ് ചാഞ്ചാടുകയായിരുന്നു.
അമേരിക്കന്‍ ജി.ഡി.പി വളര്‍ച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടത് നല്ല കാര്യമാണെങ്കിലും ഇത് പലിശനിരക്ക് തുടര്‍ച്ചയായി കൂട്ടാന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന് ലഭിച്ച വടിയാണെന്ന വിലയിരുത്തല്‍ ശക്തമാണ്. കഴിഞ്ഞ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കൂട്ടുകയും ചെയ്തിരുന്നു. മാത്രമല്ല, അടുത്ത യോഗത്തിലും പലിശനിരക്ക് കൂട്ടുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.
ഇതില്‍ ആശങ്കപ്പെട്ട്, അമേരിക്കന്‍ ഓഹരികള്‍ കാഴ്ചവയ്ക്കുന്ന മോശം പ്രകടനം ആഗോളതലത്തില്‍ നിരാശപടര്‍ത്തിയിട്ടുണ്ട്. അതേസമയം, ഫെഡറല്‍ റിസര്‍വിന്റെ നിലപാടിന് കടകവിരുദ്ധമായി ജാപ്പനീസ് കേന്ദ്രബാങ്ക് പലിശനിരക്ക് നിലനിറുത്തിയതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്.
സ്‌മോള്‍ക്യാപ്പും മിഡ്ക്യാപ്പും മുന്നേറി
ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലേക്ക് വീണെങ്കിലും നിഫ്റ്റി മിഡ്ക്യാപ്പ് ഇന്ന് 0.55 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.19 ശതമാനവും നേട്ടമുണ്ടാക്കി.
ബാങ്ക് നിഫ്റ്റി 0.46 ശതമാനം ഇടിഞ്ഞ് 45,468.10ലാണുള്ളത്. ഇന്നലെ ക്ലോസ് ചെയ്തത് 45,679.30ല്‍ ആയിരുന്നു. നിഫ്റ്റിയില്‍ ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐ.ടി., സ്വകാര്യബാങ്ക് എന്നിവ 0.22-0.86 ശതമാനം നിരക്കില്‍ ഇടിഞ്ഞു.
ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചവർ 

 

റിയല്‍റ്റി 1.83 ശതമാനം കുതിച്ചു. ആഡംബര പാര്‍പ്പിട പദ്ധതികളുടെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് റിയല്‍റ്റി ഓഹരികള്‍ക്ക് ആവേശമായത്. മീഡിയ ഓഹരികള്‍ 1.38 ശതമാനവും മുന്നേറി. 0.90 ശതമാനം നേട്ടമാണ് നിഫ്റ്റി മെറ്റല്‍ സൂചിക കുറിച്ചത്.
കുതിച്ചവരും കിതച്ചവരും
സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫൈനാന്‍സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, എന്‍.ടി.പി.സി എന്നിവ നേട്ടം കുറിച്ചെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ്., എച്ച്.സി.എല്‍ ടെക്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലേക്ക് വീണത് തിരിച്ചടിയാവുകയായിരുന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

അമേരിക്കന്‍ ഓഹരികളുടെ വീഴ്ചയാണ് ഐ.ടി കമ്പനികളെ വലയ്ക്കുന്നത്. വിദേശ നിക്ഷേപത്തിലെ ഇടിവും ഇന്ത്യന്‍ ഓഹരികളെ നിരാശപ്പെടുത്തുന്നുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇപ്പോള്‍ ആ ഓഹരികള്‍ വിറ്റൊഴിയാന്‍ മത്സരിക്കുന്നതാണ് കാഴ്ച.
നിഫ്റ്റിയില്‍ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ടാറ്റാ പവര്‍, ടൊറന്റ് പവര്‍, ടാറ്റാ കെമിക്കല്‍സ്, ഇന്ത്യന്‍ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഏറ്റവുമധികം നിരാശപ്പെടുത്തിയത് മാന്‍കൈന്‍ഡ് ഫാര്‍മ, സോന ബി.എല്‍.ഡബ്ല്യു, ഹിന്ദുസ്ഥാന്‍ പെട്രോളിയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍ഷ്യല്‍, സംവര്‍ദ്ധന മദേഴ്‌സണ്‍ എന്നിവയാണ്.
വണ്ടര്‍ലയ്ക്ക് പുതിയ ഉയരം
സെല്ല സ്‌പേസാണ് കേരള ഓഹരികളില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കുറിച്ചത്; 4.45 ശതമാനം. കഴിഞ്ഞവാരങ്ങളില്‍ നിരാശപ്പെടുത്തിയ സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് രണ്ടുദിവസമായി നേട്ടത്തിന്റെ ട്രാക്കിലാണ്. ഇന്ന് 3.47 ശഥമാനം ഉയര്‍ന്നു. ബി.പി.എല്‍ (2.35%), കൊച്ചിന്‍ മിനറല്‍സ് (2.30%), കേരള ആയുര്‍വേദ (2.27%) എന്നിവയാണ് ഏറ്റവുമധികം മുന്നേറിയ മറ്റ് ഓഹരികള്‍.
കേരള ഓഹരികളുടെ നിലവാരം 

 

വണ്ടര്‍ല ഹോളിഡേയ്‌സ് ഇന്നൊരുവേള 634 രൂപവരെ ഉയര്‍ന്ന് പുതിയ ഉയരം തൊട്ടു. വ്യാപാരാന്ത്യം വില 627.3 രൂപയാണ്; നേട്ടം 0.44 ശതമാനം. പ്രൈമ ഇന്‍ഡസ്ട്രീസ് (4.91%), ടി.സി.എം (3.55%), ആസ്പിന്‍വോള്‍ (3.26%), ആസ്റ്റര്‍ ഡി.എം (2.96%), വെര്‍ട്ടെക്‌സ് (2.71%) എന്നിവയാണ് ഏറ്റവുമധികം നഷ്ടം കുറിച്ചത്.
രൂപയും ദുര്‍ബലം
അമേരിക്ക പലിശ കൂട്ടിയതിനെ തുടര്‍ന്ന് ആവേശക്കുതിപ്പിലാണ് ഡോളര്‍. ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയാനും തുടങ്ങിയതോടെ രൂപ കനത്ത ക്ഷീണത്തിലാണ്. ഇന്ന് ഡോളറിനെതിരെ 82.24ലാണ് രൂപയുള്ളത്. ഇന്നലെ മൂല്യം 81.93 ആയിരുന്നു. രണ്ടാഴ്ചക്കാലത്തെ നേട്ടത്തിന് വിരാമമിട്ടാണ് രൂപയും തളര്‍ച്ചയുടെ പാതയിലേറിയത്.
Tags:    

Similar News