റെക്കോഡില്‍ നിന്നിറങ്ങി സൂചികകള്‍, പുതിയ നേട്ടത്തില്‍ മുത്തമിട്ട് റിലയന്‍സും കല്യാൺ ജുവലേഴ്സും

നാല് ദിവസത്തെ നേട്ടത്തിനാണ് ഇന്ന് വിപണി വിരാമമിട്ടത്,

Update:2024-06-28 18:25 IST

ദിനവും പുതുറെക്കോഡുകള്‍ കുറിക്കുക സൂചികകളുടെ പുതിയ ശീലമായി കഴിഞ്ഞു. ഇന്നും രാവിലെ സെന്‍സെക്‌സും നിഫ്റ്റിയും കുതിച്ചു പാഞ്ഞ് റെക്കോഡില്‍ തൊട്ടു. തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിക്കുന്നത്. സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്ന് 79,500 വരെയെത്തി. നിഫ്റ്റി 24,124.25 എന്ന പുതിയ ഉയരത്തിലും. ബ്ലൂ ചിപ് ഓഹരികളിലെ മികച്ച വാങ്ങലാണ് പുതിയ നേട്ടം കുറിക്കാന്‍ ഇന്ന് വിപണികളെ സഹായിച്ചത്.

പക്ഷെ വില്‍പ്പന സമ്മര്‍ദ്ദം പിടിമുറുക്കിയതോടെ ഈ നേട്ടം നിലനിറുത്താന്‍ സൂചികകള്‍ക്ക് സാധിച്ചില്ല. സെന്‍സെക്‌സ് 210 പോയിന്റ് നഷ്ടത്തോടെ 79,032.73 ലും നിഫ്റ്റി 34 പോയിന്റ് നഷ്ടത്തോടെ 24,010.60ലും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ നാല് ദിവസത്തെ മുന്നേറ്റത്തിനാണ് വിപണി വിടപറഞ്ഞത്. ബാങ്കിംഗ് ഓഹരികളിലാണ് ഇന്ന് കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് വിപണിയെ രാവിലെ റെക്കോഡ് നേട്ടത്തിലേക്ക് ഉയര്‍ത്തിയത്.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്കാണ് 1.24 ശതമാനം ഇടിവുമായി നഷ്ടത്തില്‍ മുന്നില്‍. ബാങ്ക് സൂചിക 0.89 ശതമാനം ഇടിഞ്ഞു. അതേസമയം, ഫാര്‍മ ഓഹരി ഇന്ന് 1.11 ശതമാനം നേട്ടവുമായി മുന്നിലെത്തി.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ് സൂചിക ഇന്ന് 0.56 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.84 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.
ബി.എസ്.ഇയില്‍ ഇന്ന് 4,012 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,180 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,725 ഓഹരികള്‍ നഷ്ടത്തിലായി. 107 ഓഹരികളുടെ വില മാറിയില്ല.
267 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില സ്വന്തമാക്കി. 21 ഓഹരികള്‍ താഴ്ന്ന വിലയിലേക്ക് പോയി.
എട്ട് ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. അഞ്ച് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 438 ലക്ഷം കോടി രൂപയില്‍ നിന്ന് 439 ലക്ഷം കോടി രൂപയായി. ഒരു ലക്ഷം കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്.
താരിഫില്‍ കുതിച്ച് റിലയന്‍സ്
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് 21 ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ശക്തമായ മുന്നേറ്റമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കാഴ്ചവച്ചത്. ഇന്ന് ഓഹരി വില എക്കാലത്തെയും റെക്കോഡായ 3,129.85 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസം കൊണ്ട് 8.50 ശതമാനമാണ് റിലയന്‍സ് ഓഹരി ഉയര്‍ന്നത്. മാത്രമല്ല കഴിഞ്ഞ് മൂന്ന് ദിവസമായി തുടര്‍ച്ചയായി റെക്കോഡ്  വില മറികടക്കുകയും ചെയ്തിരുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതാണ് ഓഹരികള്‍ക്ക് അനുകൂലമായത്. കമ്പനിയുടെ ലാഭക്ഷമത ഉയരാന്‍ ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റൊരു ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലും താരിഫ് ഉയര്‍ത്തിയിരുന്നു. എയര്‍ടെല്‍ ഓഹരി ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്നിരുന്നു.

നേട്ടത്തിലിവര്‍

പെഴ്‌സിസ്റ്റന്റ് സിസ്റ്റംസാണ് 6.04 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ മുന്നില്‍. കല്യാൺ ജുവലേഴ്സ്, പതഞ്ജലി ഫുഡ്‌സ് 5.39 ശതമാനവും അപ്പോളോ ടയേഴ്‌സ് 4.86 ശതമാനവും കെ.പി.ഐ.ടി ടെക്‌നോളജീസ് 4.73 ശതമാനവും നേട്ടമായി തൊട്ടു പിന്നിലുണ്ട്.

കുതിച്ചും കിതച്ചും 
ടയര്‍ കമ്പനി ഓഹരികളിന്ന് 12 ശതമാനം വരെ ഉയര്‍ന്നു. ടയര്‍ ഡിമാന്‍ഡ് മെച്ചപ്പെടുന്നതാണ് ഓഹരികള്‍ക്ക് ഗുണമായത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതു മൂലം ജൂലൈ ഒന്നു മുതല്‍ ടയര്‍ വിലയില്‍ ഒരു ശതമാനം മുതല്‍ 2.5 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ ആഭ്യന്തര ടയര്‍ നിര്‍മാതാക്കള്‍ തീരുമാനമെടുത്തിരുന്നു.
സിയറ്റ് ഓഹരി വില ഇന്ന് 12 ശതമാനം ഉയര്‍ന്ന് 2,918 രൂപയിലെത്തി, ജെ.കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് 9 ശതമാനം ഉയര്‍ന്ന് 429.60 രൂപയിലും ടി.വി.എസ് ശ്രീചക്ര 7 ശതമാനം ഉയര്‍ന്ന് 4,400 രൂപയിലും എത്തി. ഗുഡ് ഇയര്‍, അപ്പോളോ ടയേഴ്‌സ്, എം.ആര്‍.എഫ്, എന്നിവയും 4-5 ശതമാനം ഉയര്‍ന്നു.
ഗെയിമിംഗ് കമ്പനിയായ നസാറ ടെക്‌നോളജീസ് ഫ്രീക്ക്‌സ് 4 യു ഗെയിമിംഗിനെ 271 കോടി രൂപയ്ക്ക് ഏറ്റടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഓഹരി ഇന്ന് 9 ശതമാനം കുതിച്ചു.
എന്‍.സി.ഡി വഴി 2,500 കോടി രൂപ സമാഹരിച്ച വേദാന്ത ഓഹരി 4 ശതമാനം ഉയര്‍ന്നു.
ബ്ലോക്ക് ഡീല്‍ ഡീല്‍ വഴി പ്രമോട്ടര്‍മാര്‍ 2 ശതമാനം ഓഹരി വിറ്റഴിച്ച പോളിക്യാബ് ഓഹരി ഇന്ന് 5.3 ശതമാനം താഴേക്ക് പോയി.

നഷ്ടത്തിലിവര്‍

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ഓഹരിയാണ് ഇന്ന് 3.82 ശതമാനം ഇടിവുമായി നിഫ്റ്റി 200ലെ നഷ്ടക്കാരുടെ പട്ടികയില്‍ ആദ്യമെത്തിയത്. സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍, പോളിക്യാബ് ഇന്ത്യ, കുമ്മിന്‍സ്, വോഡഫോണ്‍ ഐഡിയ എന്നിവയാണ് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍.

മൂല്യ തിളക്കത്തില്‍ കല്യാണ്‍

കേരളത്തില്‍ നിന്നുള്ള ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരി ഇന്നും മുന്നേറി. ഇന്നലെ അഞ്ച് ശതമാനം നേട്ടത്തിലായിരുന്ന കല്യാണ്‍ ഓഹരി ഇന്ന് 15 ശതമാനത്തോളം ഉയര്‍ന്നു. ഓഹരി വില 546 രൂപ തൊട്ടതോടെ കല്യാണിന്റെ വിപണി മൂല്യം ആദ്യമായി 50,000 കോടി രൂപയെന്ന നേട്ടവും കൈവരിച്ചു. വിപണി മൂല്യത്തില്‍ കേരള കമ്പനികളില്‍ നാലാം സ്ഥാനത്താണ് കല്യാണ്‍. 70,005 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സ് ആണ് ഒന്നാം സ്ഥാനത്ത്.  ഫാക്ട് (66,990 കോടി രൂപ), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (57,438 കോടി രൂപ) എന്നിവയാണ് കല്യാണിന് മുമ്പിലുള്ള മറ്റ് കമ്പനികൾ. വിപണി വ്യാപാരം അവസാനിക്കുമ്പോൾ പക്ഷെ കല്യാണിന്റെ വിപണി മൂല്യം 49,894കോടി രൂപയിലേക്ക് താഴ്ന്നു.

കേരള കമ്പനികളില്‍ 10 ശതമാനത്തിനു മേല്‍ നേട്ടവുമായി ഇസ്റ്റേണ്‍ ട്രെഡ്‌സ് ഒന്നാമതെത്തി. പ്രൈമ ആഗ്രോ 5.61 ശതമാനം നേട്ടമുണ്ടാക്കി. ആഡ്‌ടെക് സിസ്റ്റംസ്, പോപ്പീസ് കെയര്‍ തുടങ്ങിയവയാണ് നേട്ടത്തില്‍ ആദ്യ അഞ്ചിലെത്തിയ മറ്റ് കേരള കമ്പനി ഓഹരികള്‍.
സി.എസ്.ബി ബാങ്ക് ഓഹരി രാവിലെ അഞ്ച് ശതമാനത്തോളം ഉയര്‍ന്നിരുന്നു. വ്യാപാരാന്ത്യത്തില്‍ 3.51 ശതമാനം ഉയര്‍ച്ചയോടെ ഓഹരി വില 379 രൂപയിലെത്തി. അപ്പോളോ ഓഹരി 4.86 ശതമാനവും ഫാക്ട് ഓഹരി 2.48 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ കേരള ഓഹരി. മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ഫിനാന്‍സ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് എന്നിവയും ഇന്ന് നഷ്ടം രേഖപ്പെടുത്തിയവരില്‍ മുന്നിലാണ്.
Tags:    

Similar News