ബജാജ് ഇരട്ടകളും ബാങ്കുകളും കസറി; ഓഹരികളില്‍ ആവേശക്കുതിപ്പ്, നിക്ഷേപകര്‍ക്ക് നേട്ടം 3.33 ലക്ഷം കോടി

നടപ്പുവര്‍ഷത്തെ അവസാന വ്യാപാരസെഷന്‍ ആഘോഷമാക്കി ഓഹരികള്‍; മികവോടെ കല്യാണ്‍ ജുവലേഴ്‌സും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സുസ്‌ലോണും

Update:2024-03-28 17:41 IST
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന രണ്ട് വ്യാപാര സെഷനുകളും ആഘോഷങ്ങളുടേതാക്കി മാറ്റി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് ഇന്നൊരുവേള 1,200 പോയിന്റോളമാണ് കുതിച്ചുയര്‍ന്നത്. വ്യാപാരാന്ത്യത്തില്‍ 655 പോയിന്റ് (+0.90%) നേട്ടവുമായി 73,651.35ലാണ് സെന്‍സെക്‌സുള്ളത്.
73,149ല്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഇന്നൊരുവേള 74,000 ഭേദിച്ച് 74,190 വരെ എത്തിയിരുന്നു. ഈ മാസം 7ന് കുറിച്ച 74,245 ആണ് സെന്‍സെക്‌സിന്റെ എക്കാലത്തെയും ഉയരം. 22,163ല്‍ തുടങ്ങി 22,516 വരെ ഉയര്‍ന്ന നിഫ്റ്റിയുള്ളത് 203.25 പോയിന്റ് (+0.92%) നേട്ടവുമായി 22,326.90ലാണ് നിഫ്റ്റിയുമുള്ളത്. ഇന്നലെയും മികച്ച നേട്ടത്തിലാണ് ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രില്‍ ഒന്നിനാണ് ഇനി ഓഹരി വിപണി വീണ്ടും പ്രവര്‍ത്തിക്കുക. ദുഃഖവെള്ളി പ്രമാണിച്ച് നാളെ അവധിയാണ്. ഹോളി പ്രമാണിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയും (March 25) ഓഹരി വിപണിക്ക് അവധിയായിരുന്നു.
നേട്ടത്തിന്റെ കാരണങ്ങള്‍
ആഗോള, ആഭ്യന്തരതലങ്ങളില്‍ പോസിറ്റീവ് കാറ്റുകള്‍ ആഞ്ഞുവീശിയതാണ് ഇന്ന് ഇന്ത്യന്‍ ഓഹരികളെ ഊര്‍ജംകൊള്ളിച്ചത്. അമേരിക്കയുടെ കഴിഞ്ഞമാസത്തെ ഉപഭോക്തൃച്ചെലവ് സംബന്ധിച്ച നിര്‍ണായക കണക്കുകള്‍ നാളെ വരാനിരിക്കേ, അമേരിക്കന്‍ ഓഹരിവിപണികള്‍ കാഴ്ചവച്ച മുന്നേറ്റം ഇന്ത്യന്‍ സൂചികകള്‍ക്കും വലിയ ആവേശമായി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

ഡൗ ജോണ്‍സ് 1.22 ശതമാനം, എസ് ആന്‍ഡ് പി 500 0.86 ശതമാനം, നാസ്ഡാക്ക് 0.51 ശതമാനം എന്നിങ്ങനെ കുതിച്ചു. ഏഷ്യയില്‍ ജപ്പാന്റെ നിക്കേയ് (-1.2%) ഒഴികെ മറ്റ് പ്രമുഖ ഓഹരി വിപണികള്‍ കാഴ്ചവച്ച തിളക്കവും കരുത്തായി. ഹോങ്കോംഗ് 1.1 ശതമാനവും ഷാങ്ഹായ് 1.2 ശതമാനവും ഓസ്‌ട്രേലിയ 0.9 ശതമാനവും മുന്നേറി.
റിസര്‍വ് ബാങ്കിന്റെ തലോടലും ധനകാര്യ ഓഹരികളുടെ കുതിപ്പും
ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ് (AIF) വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചത് ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും വലിയ ആശ്വാസമായിട്ടുണ്ട്. ഒട്ടുമിക്ക ബാങ്കിംഗ്, എന്‍.ബി.എഫ്.സി ഓഹരികളും ഇന്ന് മിന്നിത്തിളങ്ങി. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ 4 ശതമാനത്തിലധികം ഉയര്‍ന്നു. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയും മുന്നേറ്റമുണ്ടാക്കി.
നിലവില്‍ വായ്പ നല്‍കിയിട്ടുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കുന്ന ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ് ചട്ടത്തിലാണ് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ചട്ടപ്രകാരം ഇത്തരം വായ്പകളിന്മേല്‍ ബാങ്കുകള്‍/എന്‍.ബി.എഫ്.സികള്‍ 100 ശതമാനം പ്രൊവിഷന്‍സ് തുക (കിട്ടാക്കടമായാല്‍ തരണം ചെയ്യാനുള്ള തുക) കരുതിവയ്ക്കണമായിരുന്നു. എന്നാല്‍, പുതുക്കിയ നിബന്ധനപ്രകാരം അധികമായി നല്‍കുന്ന വായ്പയ്ക്ക് മാത്രം പ്രൊവിഷന്‍സ് തുക കരുതിയാല്‍ മതി.
നേട്ടങ്ങളുടെ വര്‍ഷം
2023-24ലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് ഓഹരി വിപണിക്ക് തിളക്കമുള്ള നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചാണ്. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യത്തില്‍ ഈ വര്‍ഷമുണ്ടായ വളര്‍ച്ച 125 ലക്ഷം കോടി രൂപയാണ്. നിഫ്റ്റി 50 ഇക്കാലയളവില്‍ 27 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 250 സൂചിക 63 ശതമാനവും ഉയര്‍ന്നു. ബി.എസ്.ഇ സ്‌മോള്‍ക്യാപ്പ് ഇന്‍ഡെക്‌സ് (1000) ഈ വര്‍ഷം നിക്ഷേപകമൂല്യത്തില്‍ കുറിച്ച വളര്‍ച്ച 26 ലക്ഷം കോടി രൂപയുമാണ്. 66 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയര്‍ന്നത്.
നേട്ടത്തിലേറിയവരും നിരാശപ്പെടുത്തിയവരും
ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, നെസ്‌ലെ, പവര്‍ ഗ്രിഡ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍. ഉപസ്ഥാപനമായ ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ഇന്ന് ബജാജ് ഫിനാന്‍സ് ഓഹരികളില്‍ കുതിപ്പിന് വഴിവച്ചു.
ഇന്ന് കൂടുതൽ തിളങ്ങിയവർ 

 

ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്ന് 'വാങ്ങല്‍' (buy) റേറ്റിംഗ് കിട്ടിയ വി.ഐ.പി ഇന്‍ഡസ്ട്രീസ് ഓഹരി 15 ശതമാനം കുതിച്ചുയര്‍ന്നു. ഹിന്ദുജ ഗ്രൂപ്പിന് കീഴിലെ ജി.ഒ.സി.എല്‍ കമ്പനിയുടെ ഓഹരി 20 ശതമാനം മുന്നേറി അപ്പര്‍-സര്‍കീട്ടിലെത്തി. ഹൈദരാബാദിലെ 264.50 ഏക്കര്‍ഭൂമി വിറ്റ് 3,402 കോടി രൂപ നേടാനുള്ള നീക്കമാണ് ഓഹരികളില്‍ ആവേശം വിതറിയത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, സുസ്‌ലോണ്‍ എനര്‍ജി, കല്യാണ്‍ ജുവലേഴ്‌സ്, ഇന്ത്യന്‍ ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ക്രിസില്‍, ആനന്ദ് രഥി എന്നീ റേറ്റിംഗ് ഏജന്‍സികളില്‍ നിന്ന് മികച്ച റേറ്റിംഗ് കിട്ടിയ പശ്ചാത്തലത്തിലാണ് സുസ്‌ലോണ്‍ ഓഹരികള്‍ ഇന്ന് മിന്നിയത്; ഓഹരി 5 ശതമാനം മുന്നേറി.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നിരാശപ്പെടുത്തിയ പ്രമുഖര്‍. നിഫ്റ്റി 200ല്‍ ടൊറന്റ് പവര്‍, ഡെല്‍ഹിവെറി, ഒബ്‌റോയ് റിയല്‍റ്റി, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ഫാക്ട് എന്നിവ 2.5 മുതല്‍ 3.85 ശതമാനം വരെ ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നിലെത്തി.
വിപണിയുടെ ട്രെന്‍ഡ്
കാളകള്‍ അരങ്ങുവാണ കാഴ്ചയാണ് ഇന്ന് നിഫ്റ്റി 50ല്‍ കണ്ടത്. 45 ഓഹരികളും പച്ചപ്പണിഞ്ഞപ്പോള്‍ ചുവന്നത് 5 ഓഹരികള്‍ മാത്രം.
4.42 ശതമാനം നേട്ടവുമായി ഗ്രാസിം ഇന്‍ഡസ്ട്രീസ് കൂടുതല്‍ തിളങ്ങി. 4.07 ശതമാനം ഉയര്‍ന്ന ബജാജ് ഫിന്‍സെര്‍വ് തൊട്ടടുത്തുണ്ട്. 1.10 ശതമാനം താഴ്ന്ന ശ്രീറാം ഫിനാന്‍സാണ് നഷ്ടത്തില്‍ മുന്നില്‍.
സെന്‍സെക്‌സില്‍ 1,793 ഓഹരികള്‍ നേട്ടത്തിലും 2,042 എണ്ണം നഷ്ടത്തിലുമായിരുന്നു. 103 ഓഹരികളുടെ വില മാറിയില്ല. 137 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 161 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയെക്കണ്ടു.
ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 3.33 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 386.97 ലക്ഷം കോടി രൂപയിലുമെത്തി.
വിശാലവിപണിയിലെ ഒറ്റയാന്‍ നിരാശ!
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി മീഡിയ സൂചിക 0.70 ശതമാനം താഴ്ന്നത് മാറ്റിവച്ചാല്‍, മറ്റെല്ലാവരും തന്നെ പച്ചപുതച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 2.62 ശതമാനവും ധനകാര്യസേവനം 0.95 ശതമാനവും ബാങ്ക് നിഫ്റ്റി 0.72 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി ഓട്ടോ 1.29 ശതമാനം, മെറ്റല്‍ 1.25 ശതമാനം, ഫാര്‍മ 1.21 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 1.39 ശതമാനം, എഫ്.എം.സി.ജി 0.76 ശതമാനം, റിയല്‍റ്റി 0.55 ശതമാനം, ഐ.ടി 0.44 ശതമാനം എന്നിങ്ങനെയും ഉയര്‍ന്ന് പിന്തുണ നല്‍കി. നിഫ്റ്റി മിഡ്ക്യാപ്പ് 0.50 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.04 ശതമാനവും നേട്ടത്തിലാണുള്ളത്.
കേരള താരങ്ങളായി വണ്ടര്‍ലായും കല്യാണും
ബംഗളൂരുവില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥാപിക്കുന്ന പ്രാരംഭ നടപടികളിലേക്ക് കടന്ന വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി ഇന്ന് 8.37 ശതമാനം മുന്നേറി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാഴ്ചവയ്ക്കുന്ന മുന്നേറ്റം കല്യാണ്‍ ജുവലേഴ്‌സ് ഇന്നും തുടര്‍ന്നു; ഓഹരി 3.03 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

എ.വി.ടി., ധനലക്ഷ്മി ബാങ്ക്, ഇസാഫ് ബാങ്ക്, ഹാരിസണ്‍സ് മലയാളം, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, സഫ സിസ്റ്റംസ് എന്നിവയാണ് ഇന്ന് ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.
വെര്‍ട്ടെക്‌സ്, യൂണിറോയല്‍, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവ 4.3-5 ശതമാനം താഴ്ന്നു. ആസ്പിന്‍വോള്‍ 3.55 ശതമാനം, ഫാക്ട് 2.32 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 1.03 ശതമാനം, മുത്തൂറ്റ് മൈക്രോഫിന്‍ 1.43 ശതമാനം, പോപ്പുലര്‍ 1.76 ശതമാനം, നിറ്റ ജെലാറ്റിന്‍ 1.22 ശതമാനം എന്നിങ്ങനെ താഴ്ന്നു. സ്‌കൂബിഡേ 2.76 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.62 ശതമാനം, ഡബ്ല്യു.ഐ.പി.എല്‍ 1.35 ശതമാനം എന്നിങ്ങനെയും താഴേക്കുപോയി.
Tags:    

Similar News