ആറാംനാള്‍ നേട്ടത്തിലേറി വിപണി, ആവേശക്കുതിപ്പില്‍ അദാനി ഓഹരികള്‍, കയറിയിറങ്ങി മുത്തൂറ്റ്

പാദഫലത്തില്‍ ഉയര്‍ന്ന് ഇന്‍ഡിട്രേഡ്, തിരിച്ചുകയറി ടാറ്റ സ്റ്റീല്‍

Update:2024-05-31 17:45 IST

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നാളെ വരാനിരിക്കെ വിപണി ഇന്ന് അങ്ങേയറ്റം ചാഞ്ചാട്ടത്തിലായിരുന്നു. ആഗോള വിപണികളില്‍ നിന്നുള്ള വാര്‍ത്തകള്‍ സമ്മിശ്രമായിരുന്നെങ്കിലും ഇന്ത്യന്‍ വിപണി പോസിറ്റീവായാണ് തുടങ്ങിയത്. പിന്നീട് വലിയ വ്യതിയാനങ്ങളിലേക്ക് പോയ വിപണി പക്ഷെ അഞ്ച് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തെ മറികടന്ന് നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 75.71 പോയിന്റ് ഉയര്‍ന്ന് 73,961.31ലും നിഫ്റ്റി 42 പോയിന്റുയര്‍ന്ന് 22,530.70ത്തിലുമെത്തി.

ഇന്ന് പുറത്തു വരുന്ന ജി.ഡി.പി കണക്കുകളിലേക്കായിരിന്നു നിക്ഷേപകരുടെ ശ്രദ്ധ. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരിക്കും ജി.ഡി.പി വളര്‍ച്ചയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള ആശങ്ക വിപണിയില്‍ നല്ല രീതിയിലുണ്ട്. ബി.ജെ.പിയുടെ നേത്വത്തിലുള്ള എന്‍.ഡി.എ മികച്ച വിജയം നേടുമെന്നാണ് മിക്ക ബ്രോക്കറേജുകളും പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം നില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നത് വിപണിയില്‍ സമ്മര്‍ദ്ദത്തി
നി
ടയാക്കി. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ മാറ്റം വന്നതും വിപണികള്‍ക്ക് തിരിച്ചടിയായി. രൂപയിന്ന് ഡോളറിനെതിരെ 83.32ലെത്തി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

വിവിധ വിഭാഗങ്ങളുടെ പ്രകടനം
സെന്‍സെക്‌സിലിന്ന് 3,915 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,732 ഓഹരികള്‍ നേട്ടത്തിലായി, 2,099 ഓഹരികള്‍ താഴ്ചയിലായി. 84 ഓഹരികളുടെ വില മാറിയില്ല. ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരി പോലുമുണ്ടായില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ ഒരോഹരിയെ കണ്ടു. 131 ഓഹരികളുടെ വില ഇന്ന് ഒരു വര്‍ഷത്തെ ഉയരം തൊട്ടപ്പോള്‍ 79 ഓഹരികള്‍ താഴ്ന്ന വിലയിലേക്ക് പോയി.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ശ്രീറാം ഫിനാന്‍സ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 50യില്‍ മുന്നിലെത്തിയത്. ഡിവിസ് ലാബ്, നെസ്‌ലെ ഇന്ത്യ, എല്‍.ടി.ഐ മൈന്‍ഡ് ട്രീ, മാരുതി സുസുക്കി, ടി.സി.എസ് എന്നിവ ഇന്ന് നിഫ്റ്റിയിലെ നഷ്ടക്കാരുമായി.
സെക്ടറുകളെടുത്താല്‍ മെറ്റല്‍, പവര്‍, ടെലികോം, റിയല്‍റ്റി തുടങ്ങിയവ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ മുന്നേറി. അതേസമയം മീഡിയ, എഫ്.എം.സി.ജി, ഹെല്‍ത്ത്‌കെയര്‍, ഐ.ടി സൂചികകള്‍ 0.3 മുതല്‍ ഒരു ശതമാനം വരെ താഴേക്ക് പോയി.
ബി.എസ്.ഇ മിഡ്ക്യാപ് സൂചിക നേരിയ നേട്ടത്തിലവസാനിപ്പിച്ചപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.8 ശതമാനം ഉയര്‍ന്നു. ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 1.84 ലക്ഷം കോടി രൂപ വര്‍ധിച്ച് 412.2 ലക്ഷം കോടിയായി.
തിളങ്ങി അദാനിക്കമ്പനികള്‍
അദാനി ഗ്രൂപ്പ് ഓഹരികളായിരുന്നു ഇന്ന് വിപണിയിലെ താരം. മികച്ച വാങ്ങലുണ്ടായതാണ് ഇന്ന് ഓഹരികളെ ഉയര്‍ത്തിയത്. അദാനി പവര്‍ ഇന്ന് 13 ശതമാനം ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന വിലയായ 791.95 രൂപയിലെത്തി. അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ഏഴ് ശതമാനം ഉയര്‍ന്ന് 3,421 രൂപയിലെത്തി. അദാനി എന്റര്‍പ്രൈസസിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം കടബാധ്യത മുന്‍ വര്‍ഷത്തെ 3.3 മടങ്ങില്‍ നിന്ന് 2.2 മടങ്ങായി കുറഞ്ഞു. ഇത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് കണക്കാക്കുന്നു.
അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണ്‍ നാല് ശതമാനം ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗ്യാസ് 10 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സ് മൂന്ന് ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 4.4 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. അദാനി വില്‍മര്‍, അംബുജ

സിമന്റ്‌സ്, എ.സി.സി എന്നിവ യഥാക്രമം 3.6 ശതമാനം 2 ശതമാനം, രണ്ട് ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു. എന്‍.ഡി.ടി.വിയുടെ ഉയര്‍ച്ച ഇന്ന് 9 ശതമാനമാണ്.

അദാനി ഓഹരികള്‍ ഇന്ന് ഒറ്റ ദിവസം കൊണ്ട് 84,283 കോടി രൂപയാണ് വിപണി മൂല്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. മൂന്നാം തവണയും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന വിപണിയുടെ പൊതു മനോഭാവമാണ് അദാനി ഓഹരികളെയും ഉയര്‍ത്തിയത്.
നേട്ടമുണ്ടാക്കിയവര്‍
നിഫ്റ്റി200ലെ ആദ്യ അഞ്ചില്‍ മൂന്നും ഇന്ന് അദാനി കമ്പനികളായിരുന്നു. ഏഴ് ശതമാനം നേട്ടവുമായി എസ്.ജെ.വി.എന്‍, 6.88 ശതമാനവുമായി എന്‍.എച്ച്.പി.സി എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയ മറ്റ് രണ്ട് കമ്പനികള്‍.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

അപ്പോളോ ഹോസ്പിറ്റല്‍ ഓഹരി ഇന്ന് മൂന്ന് ശതമാനം ഉയര്‍ന്നു. നാലാംപാദലാഭം 77 ശതമാനം ഉയര്‍ന്നതാണ് ഗുണമായത്.
ഇന്ന് പാദഫലം പുറത്തുവിട്ട പ്രാജ് ഇന്‍ഡസ്ട്രീസും ഏഴ് ശതമാനം കുതിച്ചുയര്‍ന്നു.
നഷ്ടത്തിലിവര്‍
സൊമാറ്റോ ഓഹരികള്‍ക്ക് ആഗോള ബ്രോക്കറേജായ മക്വയര്‍ അണ്ടര്‍പെര്‍ഫോം റേറ്റിംഗ് നല്‍കിയത് ഓഹരികളെ 5 ശതമാനം ഇടിച്ചു. ബാങ്ക് ഓഫ് അമേരിക്ക റേറ്റിംഗ് കൂട്ടിയതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി ആദ്യം അഞ്ച് ശതമാനം ഉയര്‍ന്നെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തിലായി. നാലാം പാദഫലങ്ങള്‍ക്ക് ശേഷം ലാഭമെടുപ്പ് തകൃതിയായതോടെ ഭാരത് ഡൈനാമിക്‌സ് ഓഹരികള്‍ നാല് ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 89 ശതമാനം ഉയര്‍ന്ന് 28.8.8 കോടി രൂപയിലെത്തി.

ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

ഇപ്ക ലബോറട്ടറീസ് (7.52 ശതമാനം), ബെര്‍ജെര്‍ പെയിന്റ്‌സ് (5.17 ശതമാനം), പേജ് ഇന്‍ഡസ്ട്രീസ് (5.31 ശതമാനം), സുപ്രീം ഇന്‍ഡസ്ട്രീസ് (4.72 ശതമാനം), പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (3.82 ശതമാനം) എന്നിവയാണ് നിഫ്റ്റി 200ലെ മുഖ്യ വീഴ്ചക്കാര്‍.
പാദഫലത്തില്‍ ഉയർന്ന്‌  ഇന്‍ഡിട്രേഡ്
ഇന്നലെ പാദഫലപ്രഖ്യാപനം നടത്തിയ ഇന്‍ഡിട്രേഡ് ഓഹരികളാണ് കേരള കമ്പനികളില്‍ മിന്നിത്തിളങ്ങിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 24.97 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 1.30 കോടി രൂപയുടെ ലാഭത്തിലെത്തി.
യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പ്രൈമ ഇന്‍സ്ട്രീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. മികച്ച പാദഫലം പുറത്തുവിട്ട മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളിന്ന്‌  അഞ്ച് ശതമാനം കയറിയെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. വ്യാപാരാന്ത്യത്തില്‍ 0.48 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 1,682 രൂപയിലാണ് ഓഹരിയുള്ളത്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് ഇന്ന് 6.81 ശതമാനം ഇടിഞ്ഞു. ഓഹരി വില 163.1 രൂപയില്‍ നിന്ന് 152 രൂപയായി. നാലാം പാദത്തില്‍ ലാഭം കുറഞ്ഞതാണ് ഓഹരിയെ ബാധിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ 2.06 കോടി രൂപയില്‍ നിന്ന് ലാഭം ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 1.81 കോടി രൂപയായി കുറഞ്ഞു.
പ്രൈമ അഗ്രോ (5.13 ശതമാനം), നിറ്റ ജെലാറ്റിന്‍ (2.19 ശതമാനം), കേരള ആയുര്‍വേദ (1.22 ശതമാനം), സെല്ല സ്‌പേസ് (2.84 ശതമാനം) എന്നിവയാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയ മറ്റ് കേരളക്കമ്പനി ഓഹരികള്‍.
Tags:    

Similar News