ഇന്നും മൂക്ക് കുത്തി സൂചികകള്‍; നേട്ടത്തിലേക്ക് ഹ്യുണ്ടായുടെ യുടേണ്‍, ആഴപ്പരപ്പിലേക്ക് ഊളിയിട്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

ജിയോജിത്ത്, ധനലക്ഷ്മി, കിറ്റെക്‌സ്, മണപ്പുറം ഓഹരികള്‍ക്കിന്ന് നല്ല ദിനം

Update:2024-10-23 17:29 IST

തുടര്‍ച്ചയായ രണ്ടാം ദിനത്തിലും വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ദിവസം മുഴുവന്‍ നീണ്ടു നിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 138 പോയിന്റ് ഇടിഞ്ഞ് 80,081ലും നിഫ്റ്റി 36 പോയിന്റ് താഴ്ന്ന് 24,435ലുമെത്തി.

ഓരോ ഉയര്‍ച്ചയിലും ലാഭമെടുക്കുക എന്ന ട്രെന്‍ഡാണ് കഴിഞ്ഞ കുറച്ചു നാളായി വിപണിയില്‍ കാണുന്നത്. ഇതുകൂടാതെ ഓഹരികളുടെ ഉയര്‍ന്ന മൂല്യം, പ്രധാന കമ്പനികളുടെ സെപ്റ്റംബര്‍ പാദത്തിലെ മോശം പ്രവര്‍ത്തനഫലങ്ങള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ തുടരുന്നത്, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഘങ്ങള്‍, യു.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവയും വിപണിയുടെ ഇടിവിന് കാരണമായി.
യു.എസിലെ 10 വര്‍ഷ കടപ്പത്രങ്ങളുടെ നേട്ടം ഉയര്‍ന്നത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുമോ എന്ന ആശങ്കയും വിപണിയ്ക്കുണ്ട്.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണികളിന്ന് നേട്ടത്തിലായി. മിഡ്ക്യാപ് സൂചിക 0.64 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.25 ശതമാനവും നേട്ടം കാഴ്ചവച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചു സെഷനുകളിലെ വലിയ നഷ്ടവുമായി നോക്കുമ്പോള്‍ ഇന്നത്തെ നേട്ടം വളരെ നേര്‍ത്തതാണ്.

വിവിധ സെക്ടറുകളെടുത്താല്‍ നിഫ്റ്റി ഐ.ടി സൂചികയാണ് ഇന്ന് 2.38 ശതമാനം നേട്ടവുമായി മുന്നേനടന്നത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി, മീഡിയ, പി.എസ്.യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകളും ഇന്ന് നേട്ടത്തിലായി. അതേസമയം ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ ഓഹരികളില്‍ ഒരു ശതമാനത്തിലധികം ഇടിവുണ്ടായി.

ഓഹരികളുടെ കുതിപ്പും കിതപ്പും

ഇന്നലെ ഓഹരി വിപണിയില്‍ കന്നിയങ്കം കുറിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തോളം ഉയര്‍ന്നു. ഐ.പി.ഒയുടെ ഇഷ്യു വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് തിളക്കമില്ലാത്ത ലിസ്റ്റിംഗ് നടത്തിയ ഓഹരികള്‍ ഇന്നലെ ഏഴ് ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.

കോഫോര്‍ജും പെര്‍സിസ്റ്റന്‌റ് സിസ്റ്റംസുമാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കൊയ്ത ഓഹരികള്‍. ഇരുകമ്പനികളുടെയും രണ്ടാം പാദഫലങ്ങള്‍ മികച്ചു നിന്നതാണ് ഓഹരികളില്‍ മുന്നേറ്റത്തിലാക്കിയത്. ഓഹരി വിലയില്‍ ഇരു കമ്പനികളും ഇന്ന് പുതിയ ഉയരം കുറിക്കുകയും ചെയ്തു.
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 8.58 ശതമാനം നേട്ടമുണ്ടാക്കി. ഓഹരി വില 1,270 രൂപയില്‍ നിന്ന് 1,170രൂപയായി. ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. കമ്പനിയുടെ പുതിയ ബിസിനസുകള്‍ കരുത്തുകാട്ടിയതാണ് ഓഹരിക്ക് ഗുണമായത്
പേയ്ടിഎമ്മിന്റെ മികച്ച പാദഫലങ്ങളും യു.പി.ഐ പ്ലാറ്റ്‌ഫോമിലേക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കാന്‍ എന്‍.പി.സി.ഐ അനുമതി നല്‍കിയതും ഇന്ന് മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരികളില്‍ 10 ശതമാനത്തിലധികം കുതിപ്പിന് ഇടയാക്കി. വ്യാപാരാന്ത്യം നേട്ടം 7.54 ശതമാനമായി കുറഞ്ഞു. മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ആണ് 6.69 ശതമാനം ഉയര്‍ച്ചയുമായി നേട്ടപട്ടികയില്‍ ഇടം പിടിച്ച മറ്റൊരു ഓഹരി.

എ.ബി.ബി ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സീമെന്‍സ്, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, ആല്‍കെം ലബോറട്ടറീസ് എന്നീ ഓഹരികള്‍ നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെ ഇടിവിലാണ്.

വില പാതിയാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

കേന്ദ്രപൊതുമേഖല കപ്പല്‍നിര്‍മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്നും അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഹരി വില താഴേക്ക് പോകുന്നത്. ലോവര്‍ സര്‍ക്യൂട്ടടിക്കുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസവും. കഴിഞ്ഞ ആറ് വ്യാപാര സെഷനുകളില്‍ അഞ്ചിലും ഓഹരി വില താഴേക്കാണ്.
ഇക്കഴിഞ്ഞ ജൂലൈയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയായ 2,979 രൂപയില്‍ നിന്ന് 53 ശതമാനത്തോളമാണ് ഓഹരി ഇടിഞ്ഞത്. അതായത് പാതിയിലധികം വില താഴ്ന്നു.

തിളങ്ങി ഇവര്‍

അവകാശ ഓഹരികളിറക്കി 300 കോടി രൂപ മൂലധനം സമാഹരിക്കാന്‍ അനുമതി ലഭിച്ചത് ധനലക്ഷ്മി ഓഹരികള്‍ക്ക് നേട്ടമായി. ഓഹരി വില 5.37 ശതമാനം ഉയര്‍ന്ന് 36 രൂപയായി. ജിയോജിത് ഓഹരികളും ഇന്ന് വലിയ മുന്നേറ്റത്തിലാണ്. ഓഹരി വില 134 രൂപ വരെ എത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരിയുടെ നേട്ടം 7 ശതമാനത്തിലധികമാണ്.

കിറ്റെക്‌സ് ഇന്ന് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ഓഹരി വില 484.80 രൂപയായി.
മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ കനത്ത വീഴ്ചയ്ക്ക് ശേഷം ഇന്ന് തിരിച്ചുകയറി. ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സിന്റെ വായ്പാ വിതരണം നിറുത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്. ഇന്ന് അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ഓഹരി വില 146 രൂപയായി.
പ്രൈമ അഗ്രോ 6.49 ശതമാനവും പ്രൈമ ഇന്‍ഡസ്ട്രീസ് 5.16 ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലാണ്.
കേരള ആയുര്‍വേദ (3.06 ശതമാനം), കിംഗ്‌സ് ഇന്‍ഫ്ര(2.41 ശതമാനം), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (2.04 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ ഇടിവ് നേരിട്ട മറ്റ് ഓഹരികള്‍.
Tags:    

Similar News