ചാഞ്ചാട്ടം കഴിഞ്ഞു വിപണി കയറ്റത്തില്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് വീഴ്ച, റിസല്‍ട്ടില്‍ ഉയര്‍ന്ന് കോഫോര്‍ജ്

മിഡ്ക്യാപ് സൂചിക ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക താഴ്ചയിലായി

Update:2024-10-23 11:25 IST

Image Courtesy: Canva

വിപണി ചാഞ്ചാട്ടത്തിലാണ്. താഴ്ന്ന് ഓപ്പണ്‍ ചെയ്ത വിപണി പിന്നീടു കൂടുതല്‍ താഴ്ന്നു. തിരിച്ചു കയറി നേട്ടത്തിലായി. വീണ്ടും താണു, കയറി.

നിഫ്റ്റി രാവിലെ 24,378.10 വരെ താഴുകയും 24,540.00 വരെ കയറുകയും ചെയ്തു. 79,891.68 വരെ താഴ്ന്ന സെന്‍സെക്‌സ് രാവിലെ 80,441.06 വരെ കയറി.
ബാങ്ക് നിഫ്റ്റിയും ചാഞ്ചാട്ടത്തിനു ശേഷം കയറ്റത്തിലായി. മിഡ്ക്യാപ് സൂചിക ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക താഴ്ചയിലായി.
റിയല്‍റ്റി, ഓയില്‍-ഗ്യാസ്, ഓട്ടോ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ താഴ്ന്നു. ഐടി മികച്ച നേട്ടത്തിലാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് രാവിലെ നാലു ശതമാനം വരെ താഴ്ന്നു. ഒരു മാസം കൊണ്ട് 21.5 ശതമാനം ഇടിഞ്ഞ ഓഹരിക്ക് ആറു മാസം കൊണ്ട് വില പകുതിയായി. ഇന്നലെ 10 ശതമാനം വീതം ഇടിഞ്ഞ മസഗോണ്‍ ഡോക്ക് ഷിപ്പ് യാര്‍ഡും ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സും ഇന്നു രാവിലെ രണ്ടു ശതമാനം വീതം താണു.
ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയും ഇരുമ്പയിരുവില ഉയര്‍ത്തിയ എന്‍എംഡിസി യുടെ ഓഹരി വില മൂന്നു ശതമാനം കയറി.
പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കാന്‍ അനുമതി ലഭിച്ചതും തരക്കേടില്ലാത്ത മൂന്നാം പാദ റിസല്‍ട്ടും പേയ്ടിഎം ഓഹരിയെ അഞ്ചു ശതമാനം ഉയര്‍ത്തി.
മികച്ച റിസല്‍ട്ടിനെ തുടര്‍ന്നു കോഫോര്‍ജ് എട്ടും ബജാജ് ഫിനാന്‍സ് മൂന്നും ആംബര്‍ എന്റര്‍പ്രൈസസ് എട്ടും മാക്‌സ് ഫിനാന്‍സ് ആറും പെര്‍സിസ്റ്റന്റ് അഞ്ചും ശതമാനം നേട്ടത്തിലായി.
മൂന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്നു സൊമാറ്റോ അഞ്ചും ഷോപ്പേഴ്‌സ് സ്റ്റാേപ്പ് ആറും ശതമാനം ഇടിഞ്ഞു.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 84.07 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഓണ്‍സിന് 2749 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 320 രൂപ കൂടി 58,720 രൂപ എന്ന റെക്കോര്‍ഡ് നിലയിലായി.
ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 75.90 ഡോളറിലെത്തി.
Tags:    

Similar News