വിലക്കയറ്റവും റിസൽട്ടുകളും നിർണായകം; ലാഭമെടുക്കൽ തുടരാം; കുറയുമെന്ന പ്രതീക്ഷയിൽ സ്വർണം

മഹീന്ദ്രയും മാരുതിയും എസ് യു വി വില കുറച്ചതും വിപണിക്കു ക്ഷീണമായി

Update:2024-07-11 07:48 IST
ജൂണിലെ ചില്ലറ വിലക്കയറ്റ കണക്കും കമ്പനികളുടെ ഒന്നാം പാദ റിസൽട്ടുമാണു നാളെ മുതൽ വിപണിയെ നയിക്കുക. ഇന്നുവരുന്ന വിലക്കയറ്റ കണക്കു ചെറിയ വർധന കാണിക്കും എന്നാണു നിഗമനം. ടിസിഎസ് പാദറിസൽട്ടിൽ ലാഭം കുറയുമെന്ന് അനാലിസ്റ്റുകൾ പറയുന്നു.
ഇത്തരം ആശങ്കകൾ മുൻനിർത്തി ലാഭമെടുത്തു മാറുന്നവരുടെ നിയന്ത്രണത്തിലായിരുന്നു വിപണി ഇന്നലെ. ഈ വിൽപന സമ്മർദത്തോടൊപ്പം മഹീന്ദ്ര ആൻഡ് മഹീന്ദ്രയും മാരുതിയും എസ് യു വി വില കുറച്ചതും വിപണിക്കു ക്ഷീണമായി. എന്നാൽ വിപണിയുടെ ബുള്ളിഷ് അന്തർധാരയിൽ മാറ്റം വന്നിട്ടില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,407.50 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,395 ആയി. ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ തുടക്കം കുറിക്കും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഒരു ശതമാനത്തോളം ഉയർന്നു. ഫ്രാൻസിലെ രാഷ്ട്രീയ അനിശ്ചിതത്വം തീർന്നില്ലെങ്കിലും അതിൻ്റെ പേരിൽ വിപണി താഴ്ത്തേണ്ട സാഹചര്യം ഇല്ലെന്നായി നിക്ഷേപകർ.
യുഎസ് വിപണികൾ ഇന്നലെ കരുത്തോടെ ഉയർന്നു. ഡൗ ജോൺസ് ഒരു ശതമാനം ഉയർന്നു. മറ്റു സൂചികകൾ തുടർച്ചയായ ഏഴാം ദിവസവും റെക്കോർഡ് തിരുത്തി.
ഇന്നലെ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തിയ പ്രസ്താവന വിപണിയുടെ പ്രതീക്ഷ ബലപ്പെടുത്തി. ഉയർന്ന പലിശ നീണ്ടുനിൽക്കുന്നത് വളർച്ചയ്ക്കു ദോഷമാകുമെന്ന് പവൽ പറഞ്ഞു. യുഎസ്എ ചില്ലറവിലക്കയറ്റ കണക്ക് ഇന്ന് അറിയാം.
ഡൗ ജോൺസ് സൂചിക 424.39 പോയിൻ്റ് (1.09%) കുതിച്ച് 39,721.40 ൽ അവസാനിച്ചു. എസ് ആൻഡ് പി 56.93 പോയിൻ്റ് (1.02%) ഉയർന്ന് 5633.91 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 218.16 പോയിൻ്റ് (1.18%) നേട്ടത്തിൽ 18,647.40 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.20 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറി. ജപ്പാനിൽ നിക്കെെ 42,000 മറികടന്നു റെക്കോർഡ് കുറിച്ചു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച ചെറിയ കയറ്റത്തിൽ വ്യാപാരം തുടങ്ങിയിട്ടു കുത്തനെ താണു. രാവിലെ റെക്കാേർഡ് കുറിച്ചിട്ട് സൂചികകൾ കുത്തനേ ഇടിഞ്ഞു. ഉച്ചയ്ക്കു ശേഷം വലിയ തിരിച്ചു കയറ്റം ഉണ്ടായെങ്കിലും പ്രധാന സൂചികകൾ അര ശതമാനത്തോളം താഴ്ന്നാണ് ക്ലാേസ് ചെയ്തത്. ഫാർമ, ഹെൽത്ത് കെയർ, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. ഓട്ടോ (2.02%),ഐടി (1.03%), മെറ്റൽ (1.61%), പി എസ് യു ബാങ്ക് (1.4%) തുടങ്ങിയവ വീഴ്ചയ്ക്കു മുന്നിൽ നിന്നു.
സെൻസെക്സ് 426.87 പോയിൻ്റ് (0.53%) താഴ്ന്ന് 79,924.77 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 108.75 പോയിൻ്റ് (0.45%) ഇടിഞ്ഞ് 24,324.45 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.72% (379.5 പോയിൻ്റ്) നഷ്ടത്തിൽ 52,189.30 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 2100 പോയിൻ്റ് കയറിയിറങ്ങിയിട്ട് 0.27 ശതമാനം നഷ്ടത്തിൽ 56,921.15 ലും സ്മോൾ ക്യാപ് സൂചിക 0.88% താഴ്ന്ന് 18,789.75 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 583.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1082.40 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി താഴ്ചയിൽ നിന്നു കയറി 24,300 നു മുകളിൽ ക്ലോസ് ചെയ്തത് ബുള്ളുകളുടെ ആവേശം നിലനിർത്തി. 24,500 കടന്നാൽ 24,800 ആകും പ്രധാന തടസമേഖല.
ഇന്നു സൂചികയ്ക്ക് 24,185 ലും 24,110 ലും പിന്തുണ ഉണ്ട്. 24,430 ലും 24,505 ലും തടസം ഉണ്ടാകാം.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും വിൽപനയുള്ള എസ് യു വി ബ്രാൻഡായ എക്സ് യു വി യുടെ വില രണ്ടു ലക്ഷം രൂപ കണ്ട് കുറച്ചു. വിൽപനമാന്ദ്യം മൂലമാണുവില കുറച്ചതെന്നു വിപണി വിലയിരുത്തി. കമ്പനിയുടെ ഓഹരി 6.6 ശതമാനം ഇടിഞ്ഞു ക്ലോസ് ചെയ്തു. ചാെവ്വാഴ്ച മഹീന്ദ്ര മികച്ച നേട്ടം ഉണ്ടാക്കിയതാണ്. ഇന്നലെ മഹീന്ദ്ര 27 പി ഇ അനുപാതത്തിലാണെന്നും അതു വളരെ കൂടുതലാണെന്നു പല ബ്രോക്കറേജുകളും വിലയിരുത്തി.
മാരുതി സുസുകിയും എസ് യു വികൾക്ക് വില കുറച്ചു. 50,000 രൂപവരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചു. ഇതെല്ലാം ഓഹരിയെ ഒരു ശതമാനം താഴ്ത്തി. യുപിയിൽ ഹെെബ്രിഡ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയതിൻ്റെ പേരിൽ ചാെവ്വാഴ്ച മാരുതി ആറു ശതമാനത്തിലധികം കയറിയതാണ്. ഇന്നലെ രാവിലെയും മാരുതി നാലു ശതമാനം ഉയർന്നു. പിന്നീടാണു താഴ്ച.
പെയിൻ്റ് വില കൂട്ടിയത് ഏഷ്യൻ പെയിൻ്റ്സിനും ബെർജർ പെയിൻ്റ്സിനും വില കയറ്റി.
ലൈഫ് ഇൻഷ്വറൻസ് കമ്പനികൾ പ്രീമിയം നിരക്ക് 10 ശതമാനം വരെ വർധിപ്പിച്ചത് ഓഹരിവില ഉയർത്തി.
സ്വർണം ഉയരുന്നു
സ്വർണം ബുധനാഴ്ച അൽപം ഉയർന്ന് ഔൺസിന് 2371.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2376 ഡോളറിലേക്കു കയറി. സെപ്റ്റംബറിൽ പലിശ കുറയുമെന്ന പ്രതീക്ഷയാണു വിപണിയെ നയിക്കുന്നത്.
കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റമില്ലാതെ പവന് 59,680 രൂപയിൽ തുടർന്നു. ഇന്നു വില കൂടാം.
വെള്ളിവില ഔൺസിന് 30.80 ഡോളറിലാണ്. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 98,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക ചാെവ്വാഴ്ച അൽപം താഴ്ന്ന് 105.05 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക104.99 ലേക്കു താണു.
രൂപ ഇന്നലെയും രാവിലെ കയറിയിട്ട് ക്ലോസിംഗിൽ ദുർബലമായി. ഡോളർ നാലു പൈസ കൂടി 83.52 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഉയർന്നു യുഎസ് സ്റ്റോക്ക് നില കുറവായതാണു കാരണം.ബ്രെൻ്റ് ഇനം ഇന്നലെ 85.08 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 85.76 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 82.75 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 85.05 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ചയും ദുർബലമായി. ചെമ്പ് 0.68 ശതമാനം താണു ടണ്ണിന് 9695.50 ഡോളറിൽ എത്തി. അലൂമിനിയം 1.72 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2483.80 ഡോളറായി.
ക്രിപ്റ്റാേ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 57,700 ഡോളറിലാണ്. ഈഥർ 3100 ഡോളറിലേക്കു കയറി.
വിപണിസൂചനകൾ
(2024 ജൂലെെ 10, ബുധൻ)
സെൻസെക്സ് 30 79,924.77 -0.53%
നിഫ്റ്റി50 24,324.45 -0.45%
ബാങ്ക് നിഫ്റ്റി 52,189.30 -0.72%
മിഡ് ക്യാപ് 100 56,921.15 -0.27%
സ്മോൾ ക്യാപ് 100 18,789.75 -0.88%
ഡൗ ജോൺസ് 30 39,721.40 +1.09%
എസ് ആൻഡ് പി 500 5633.91 +1.02%
നാസ്ഡാക് 18,647.40 +1.18%
ഡോളർ($) ₹83.52 +₹0.04
ഡോളർ സൂചിക 105.05 -0.08.
സ്വർണം (ഔൺസ്) $2371.70 +$06.70
സ്വർണം (പവൻ) ₹53,680 ₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $85.08 +$00.42
Tags:    

Similar News