ഓഹരി വിപണി: 30 ദിവസത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 15 ലക്ഷം കോടി രൂപ!

Update:2019-08-05 18:04 IST

ഓഹരി വിപണിയിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം മൂലം കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 15,00,000 കോടി രൂപ. ജൂലൈ 5 ലെ കേന്ദ്ര ബജറ്റിനു ശേഷം വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനാല്‍ 2019 ന്റെ ആദ്യ പകുതി മുതല്‍ വിപണിയില്‍ നിരാശനിലനില്‍ക്കുകയാണ്. ലാര്‍ജ് ക്യാപ് ഓഹരികള്‍ പോലും പിടിച്ചുനില്‍ക്കാനാകാതെ താഴേക്കു പോകുകയാണ്.

തിങ്കളാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 600 പോയ്‌ന്റോളം ഇടിഞ്ഞ് 36443 ല്‍ എത്തിയപ്പോള്‍ ഇതു വരെ നേടിയ നേട്ടമെല്ലാം ഇല്ലാതായി. ബിഎസ്ഇയുടെ മൊത്തം വിപണി മൂലധനം ജൂലൈ 5 ന് ശേഷം 10 ശതമാനം ഇടിഞ്ഞ് 138 ലക്ഷം കോടി രൂപയായി. 153.58 ലക്ഷം കോടിയില്‍ നിന്നാണ് ഈ ഇടിവ്. ഇതേ കാലയളവില്‍ സെന്‍സെക്‌സ് എട്ട് ശതമാനം താഴ്ന്നു.

ക്രെഡിറ്റ് സ്യുസ് റേറ്റിംഗ് 26 ശതമാനമായി കുറച്ചതിനെത്തുടര്‍ന്ന് ദലാല്‍ സ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിലയില്‍ തിങ്കളാഴ്ച മൂന്ന് ശതമാനം ഇടിവാണുണ്ടായത്.

അടുത്തിടെ ഫോറിന്‍ ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് മാരുതി സുസുക്കി ഇന്ത്യയുടെ റേറ്റിംഗ് വാങ്ങലില്‍ നിന്ന് വില്‍ക്കലിലേക്ക് മാറ്റി. സിഎല്‍എസ്എ എംആന്റ്എമ്മിന്റെ റേറ്റിംഗും വില്‍ക്കലിലേക്ക് മാറ്റിയിരിക്കുന്നു. ഇത് അവരുടെ ഓഹരികളില്‍ ഇടിവുണ്ടാക്കി.

ടാറ്റ മോട്ടോഴ്‌സ്, യുപിഎല്‍, ഐഒസിഎല്‍, ആക്്‌സിസ് ബാങ്ക്, വേദാന്ത, ടെക് മഹീന്ദ്ര എന്നീ കമ്പനികള്‍ക്കും സമാന അവസ്ഥയുണ്ടായി. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് പോലുള്ള ചില ലാര്‍ജ് ക്യാപ് കമ്പനികളുടെ റേറ്റിംഗും ഏജന്‍സികള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

അതിസമ്പന്നരുടെ ആദായനികുതി സര്‍ചാര്‍ജ് ഉയര്‍ത്താനുള്ള നിര്‍ദേശം, തിങ്കളാഴ്ച രൂപയുടെ മൂല്യം 70 ആയത്, ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ പുതിയ ഉയരത്തിലേക്ക് എത്തിയത് ഇവയൊക്കെ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്(എഫ്പിഐ)കള്‍ക്കിടയില്‍ ഇന്ത്യയുടെ ആകര്‍ഷണീയത ഇല്ലാതാക്കി. ഇതെല്ലാം ബജറ്റിനു ശേഷം എഫ്പിഐകള്‍ 15,000 കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിലേക്ക് നയിച്ചു.

ഇന്ത്യാബുള്‍സ് ഹൗസിംഗ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 36 ശതമാനം ഇടിഞ്ഞു. ടാറ്റ ഗ്രൂപ്പ് ഓഹരികള്‍, ടാറ്റ മോട്ടോഴ്സ് (22.67 ശതമാനം), ടൈറ്റന്‍ (19 ശതമാനം), ടാറ്റാ സ്റ്റീല്‍ (18 ശതമാനം) 23 ശതമാനം വരെ ഇടിഞ്ഞു. എസ്ബിഐ ഓഹരി വില 20 ശതമാനം ഇടിഞ്ഞു. കോള്‍ ഇന്ത്യ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഒ.എന്‍.ജി.സി, വേദാന്ത എന്നീ ഓഹരികള്‍ 14-18 ശതമാനത്തിനിടയില്‍ ഇടിവ് രേഖപ്പെടുത്തി.

Similar News