ആശ്വാസറാലി മുന്നോട്ട്; ബോണസ് ഇഷ്യു പ്രഖ്യാപനത്തില്‍ ഉയര്‍ന്ന് ബി.പി.സി.എല്ലും എച്ച്.പി.സി.എല്ലും, പ്രീമിയം കുതിപ്പില്‍ എല്‍.ഐ.സി

സ്വര്‍ണവിലയും ഉയരുന്നു, തിരിച്ചു കയറി മണപ്പുറം ഓഹരി

Update:2024-05-10 10:55 IST

Image by Canva

വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം നല്ല ഉയരത്തിലേക്കു കയറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 22,120 പോയിന്റും  സെന്‍സെക്‌സ് 72,930 പോയിന്റും  കടന്നു.

റിയല്‍റ്റി, ഐ.ടി, മീഡിയ മേഖലകള്‍ മാത്രമാണു രാവിലെ നഷ്ടത്തിലായത്. ബാങ്ക്, ധനകാര്യ സേവന, എഫ്.എം.സി.ജി, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത്, ഓയില്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകള്‍ ഉയര്‍ന്നു.
ആര്‍.ബി.ഐ സര്‍ക്കുലറിനെ തുടര്‍ന്ന് ഇന്നലെ വലിയ ഇടിവ് നേരിട്ട മണപ്പുറം ജനറല്‍ ഫിനാന്‍സ് ഇന്ന് മൂന്നു ശതമാനം ഉയര്‍ന്നു.
ഏപ്രിലിലെ പ്രീമിയം 113 ശതമാനം വര്‍ധിച്ച എല്‍.ഐ.സിയുടെ ഓഹരിവില മൂന്നു ശതമാനം കയറി. എസ്.ബി.ഐ ലൈഫും മാക്‌സ് ഫിനും എച്ച്.ഡി.എഫ്.സി ലൈഫും നേട്ടത്തിലാണ്.
വരുമാനം കുറയുകയും ലാഭം കുത്തനെ ഇടിയുകയും ചെയ്ത ഇന്റലക്റ്റ് ഡിസൈന്‍ അരീന ഓഹരി 13 ശതമാനം ഇടിഞ്ഞു.
നാലാം പാദത്തില്‍ റിഫൈനിംഗ് മാര്‍ജിന്‍ കുറഞ്ഞെങ്കിലും ബി.പി.സി.എല്‍ ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു. കമ്പനി 1:1 അനുപാതത്തില്‍ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. 1:2 ബോണസ് പ്രഖ്യാപിച്ച എച്ച്.പി.സി.എല്‍ ഓഹരി ആദ്യം മൂന്നു ശതമാനം ഉയര്‍ന്നിട്ട് നേട്ടം കുറച്ചു.

രൂപ,  സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നും തുടക്കത്തില്‍ നേട്ടം കാണിച്ചു. ഡോളര്‍ മൂന്നു പൈസ താഴ്ന്ന് 83.48 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,354 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 680 രൂപ ഉയര്‍ന്ന് 53,600 രൂപയായി.
ക്രൂഡ് ഓയില്‍ വില ഉയരത്തിലാണ്. ബ്രെന്റ് ക്രൂഡ് 84.42 ഡോളറില്‍ എത്തി.
Tags:    

Similar News