റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരായി ചൈന

റഷ്യ വിലയിൽ കാര്യമായ ഇളവുകളോടെയാണ് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത്

Update:2024-05-20 16:03 IST

Representative image from Canva

ഏപ്രിലിലും റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങിയ രാജ്യമായി ചൈന. പ്രതിദിനം 2.25 മില്യൺ ബാരൽ വീതമാണ് കഴിഞ്ഞമാസം ചൈന വാങ്ങിയത്. ഇതുപക്ഷേ, മാർച്ചിലെ 2.55 മില്യൺ ബാരലിനെ അപേക്ഷിച്ച് കുറവാണെങ്കിലും റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കൾ എന്ന സ്ഥാനം ചൈന നിലനിറുത്തി. 2023 ഏപ്രിലിൽ ചൈന ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയ സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ഇക്കുറി പക്ഷേ 25 ശതമാനം ഇടിഞ്ഞു. പ്രതിദിനം 1.54 മില്യൺ ബാരലാണ് ചൈന സൗദി അറേബ്യയിൽ നിന്ന് വാങ്ങിയത്.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം ഏപ്രിലിൽ, റഷ്യ ക്രൂഡ് ഓയിൽ ഉത്പാദനം പ്രതിദിനം 9.3 മില്യൺ ബാരൽ ആയി കുറച്ചു. എങ്കിലും, മറ്റ് ഉല്പാദകരുമായി പറഞ്ഞുറപ്പിച്ച പ്രതിദിന കണക്കിനേക്കാൾ ഇത് രണ്ടുലക്ഷം ബാരൽ കൂടുതൽ ആണ്. 

ഇളവോടെ എണ്ണക്കച്ചവടം

അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ യുക്രെയ്‌നുമായുള്ള യുദ്ധത്തിനെതിരെ പ്രതിഷേധിച്ച് റഷ്യയിൽ നിന്ന് ഇറക്കുമതി നിറുത്തിയതിന് ശേഷം, റഷ്യ വിലയിൽ കാര്യമായ ഇളവുകളോടെയാണ് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത്. 

ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ടുകൾ കുറഞ്ഞെങ്കിലും, വൻ തോതിൽ ലഭ്യത ഉള്ളതിനാൽ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങാൻ സന്നദ്ധരാണ്. ഏപ്രിലിൽ ഇന്ത്യയിലെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 40.3 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി മാർച്ചിൽ നിന്ന് ഏപ്രിലിൽ 20.2 ശതമാനം കുറഞ്ഞു.

Tags:    

Similar News