വിപണി കയറുന്നു; ക്ഷീണം മാറാതെ ടാറ്റാ ഓഹരികള്‍, ഐ.ടി.സിയും വീണു
റിയല്‍റ്റി ഓഹരികള്‍ക്കും തളര്‍ച്ച, രൂപ കയറ്റത്തില്‍;
വിപണി ഇന്നു ചെറിയ നേട്ടത്തില്‍ തുടങ്ങി മികച്ച നേട്ടത്തിലേക്കു കയറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പാേള്‍ നിഫ്റ്റി 22,450നും സെന്‍സെക്‌സ് 74,000 പോയിന്റിനും മുകളിലാണ്.
തുടക്കത്തില്‍ ഇടിവിലായിരുന്ന ബാങ്ക് ഓഹരികള്‍ കുറേ സമയം കഴിഞ്ഞപ്പോള്‍ കുതിപ്പിലായി. 47,196 വരെ താഴ്ന്ന ബാങ്ക് നിഫ്റ്റി വ്യാപാരം ഒരു മണിക്കൂര്‍ എത്തും മുന്‍പേ 47,750നു മുകളിലായി.
റിയല്‍റ്റി ഓഹരികളാണ് ഇന്നു വലിയ തിരിച്ചടി നേരിട്ടത്. സ്വാന്‍ എനര്‍ജി നാലര ശതമാനം ഇടിഞ്ഞു. പ്രസ്റ്റീജ്, ശോഭ, ലോധ, ഗോദ്‌റെജ്, ഡി.എല്‍.എഫ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം താഴ്ചയിലായി.
ആദിത്യ ബിര്‍ല ഫിനാന്‍സിനെ ലയിപ്പിച്ചതിനെ തുടര്‍ന്ന് ആദിത്യ ബിര്‍ല കാപ്പിറ്റല്‍ ഓഹരി രാവിലെ അഞ്ചു ശതമാനം കയറി 190 രൂപവരെ എത്തി.
ടി.സി.എസിന്റെ 2025 വളര്‍ച്ച സാധ്യത കൂടുതല്‍ മികച്ചതാണെന്ന വിലയിരുത്തലില്‍ ഓഹരി മൂന്നു ശതമാനത്തോളം ഉയര്‍ന്നു. മറ്റ് ഐ.ടി കമ്പനികളും ഇന്നു കയറ്റത്തിലാണ്.
ഐ.ടി.സിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ വിദേശ മാതൃകമ്പനിയായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ നടപടി തുടങ്ങിയത് ഐ.ടി.സി ഓഹരിയെ രണ്ടു ശതമാനത്തിലധികം താഴ്ത്തി.
ഇന്നലെ 10 ശതമാനം ഇടിഞ്ഞ ടാറ്റാ കെമിക്കല്‍സ് ഓഹരി ഇന്നു മൂന്നു ശതമാനം താഴ്ന്നു. ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഹരി ഇന്നും അഞ്ചു ശതമാനം താഴ്ചയിലാണ്.
രൂപ ഇന്ന് ചെറിയ നേട്ടത്തിലാണ്. ഡോളര്‍ നാലു പൈസ താഴ്ന്ന് 82.72 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.74 രൂപയായി. സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,178 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 48,600 രൂപയില്‍ തുടരുന്നു.