വിപണി ഇടിവില്‍; അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് തിരിച്ചടി

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കൂടുതല്‍ ഇടിഞ്ഞു

Update: 2023-01-25 05:30 GMT

വിപണി ഇടിവിലാണ്. നിഫ്റ്റി 18,000 നു താഴെയായി. സെന്‍സെക്‌സ് 60,500 നു താഴെ എത്തി. മുഖ്യ സൂചികകള്‍ ഒരു മണിക്കൂറിനകം 0.7 ശതമാനം താണു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കൂടുതല്‍ ഇടിഞ്ഞു.

ബാങ്ക്, ഐടി മേഖലകള്‍ താഴുന്നതു കണ്ടുകൊണ്ടാണ് ഇന്ന് വിപണി വ്യാപാരം തുടങ്ങിയത്. വാഹന മേഖല ഒഴികെ എല്ലാ മേഖലകളും താഴ്ചയിലായി. റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഫാര്‍മ തുടങ്ങിയവ നഷ്ടത്തില്‍ മുന്നില്‍ നിന്നു.

എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും എച്ച്ഡിഎഫ്‌സി അടക്കമുള്ള സ്വകാര്യ ബാങ്കുകളും ഇന്നു നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റി ഒന്നര ശതമാനത്തിലധികം താണു. കഴിഞ്ഞ ദിവസങ്ങളില്‍ താഴോട്ടു പോയ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ന് നാലര ശതമാനം ഉയര്‍ന്ന് 17.55 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 2.4 ശതമാനം കയറി 253.6 രൂപയിലായി. ഫെഡറല്‍, ധനലക്ഷ്മി ബാങ്കുകള്‍ ഇന്ന് താഴ്ന്നു.

യു എസ് മാര്‍ക്കറ്റിലെ ഫ്യൂച്ചേഴ്‌സില്‍ മൈക്രോസോഫ്റ്റ് ഓഹരികള്‍ നാലു ശതമാനം ഇടിഞ്ഞു. വരുന്ന പാദങ്ങളിലേക്കുള്ള വരുമാന പ്രതീക്ഷ അത്ര മെച്ചമല്ലാത്തതാണ് കാരണം. ഈ താഴ്ച ഇന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ താഴാന്‍ കാരണമായി.

അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നു താഴ്ചയിലാണ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ തുടങ്ങുന്ന അവസരത്തില്‍ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം ഇടിവാണ് ഗ്രൂപ്പിലെ ഓഹരികള്‍ക്കുണ്ടായത്.

സിമന്റ് കമ്പനികളും ഇന്ന് താഴാേട്ടു നീങ്ങി. നല്ല റിസല്‍ട്ട് ഗെയിമിംഗ് കമ്പനിയായ നസറാ ടെക്‌നോളജീസ് ഓഹരിയെ അഞ്ചു ശതമാനത്തിലധികം ഉയര്‍ത്തി. കഴിഞ്ഞ ദിവസം മികച്ച റിസല്‍ട്ട് പുറത്തിറക്കിയ സോനാ ബിഎല്‍ ഡബ്‌ള്യു പ്രിസിഷന്‍ ഓഹരി ഇന്ന് നാലു ശതമാനത്തിലധികം ഉയര്‍ന്നു. വരുമാന, ലാഭ വര്‍ധനകള്‍ മോശമായ യുനൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരി വില അഞ്ചു ശതമാനത്തിലധികം താഴ്ന്നു.

രൂപ ഇന്ന് നേട്ടത്തോടെ ആരംഭിച്ചു. രാവിലെ 11 പൈസ നഷ്ടത്തില്‍ 81.61 രൂപയിലാണു ഡോളര്‍ വ്യാപാരം തുടങ്ങിയത്. പിന്നീട് 81.66 ലേക്കു ഡോളര്‍ കയറി. പക്ഷേ താമസിയാതെ ഡോളര്‍ വീണ്ടും താഴ്ന്ന് 81.51 രൂപയിലെത്തി. സ്വര്‍ണം ലോകവിപണിയില്‍ 1930 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ പവന് 42,160 രൂപയില്‍ തുടര്‍ന്നു.

Tags:    

Similar News