ഇന്ത്യന്‍ ഓഹരി വിപണി 24x7 പ്രവര്‍ത്തിക്കണമെന്ന് ധനം സര്‍വേയില്‍ വായനക്കാര്‍

ധനം സര്‍വേയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം; വായനക്കാര്‍ മുന്നോട്ടുവച്ച അഭിപ്രായങ്ങള്‍ വായിക്കാം

Update:2024-05-04 12:06 IST

Image : Dhanam and Canva

ലോകത്തെ ഏറ്റവും വമ്പന്‍ ഓഹരി വിപണികളിലൊന്നായ അമേരിക്കയുടെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും (24x7) പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അതായത്, അവധികളില്ലാതെ വര്‍ഷം 365 ദിവസവും പ്രവര്‍ത്തിക്കും.
ഓപ്പണിംഗ് പോയിന്റില്ല, ക്ലോസിംഗ് പോയിന്റും! നിലവില്‍ പ്രവര്‍ത്തനം തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയാണ്. 24x7 പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഓഹരി വിപണിയിലെ ഇടപാടുകാരുടെ പ്രതികരണം സര്‍വേയിലൂടെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തേടിയിട്ടുണ്ട് (Click here for details).
ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്കിടയില്‍ 'ധനംഓണ്‍ലൈന്‍' സംഘടിപ്പിച്ച സര്‍വേയ്ക്കും ലഭിച്ചത് മികച്ച പ്രതികരണം.
''ഇന്ത്യന്‍ ഓഹരി വിപണിയും 24x7 പ്രവര്‍ത്തിക്കണോ?'' എന്നതായിരുന്നു ധനം ഉന്നയിച്ച ചോദ്യം. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംഘടിപ്പിച്ച സര്‍വേയില്‍ ആയിരക്കണക്കിന് വായനക്കാര്‍ പ്രതികരണം രേഖപ്പെടുത്തി.
24x7 പ്രവര്‍ത്തിക്കണം
ഇന്ത്യന്‍ ഓഹരി വിപണി 24x7 പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തിനായിരുന്നു ധനം സര്‍വേയില്‍ മുന്‍തൂക്കം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേര്‍ ഇതിനെ അനുകൂലിച്ചു. 38 ശതമാനം പേര്‍ എതിര്‍ത്തു. മറ്റുള്ളവര്‍ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
യൂട്യൂബില്‍ 59 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 35 ശതമാനം പേര്‍ വേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്. വാട്‌സ്ആപ്പില്‍ 64 ശതമാനം പേര്‍ വേണമെന്നും 33 ശതമാനം പേര്‍ വേണ്ട എന്നും വോട്ടിട്ടു.
ധനം സംഘടിപ്പിച്ച സർവേയുടെ ഫലം 

 

ടെലഗ്രാമിലെ വായനക്കാരില്‍ 50 ശതമാനം പേരും ഓഹരി വിപണി 24x7 പ്രവര്‍ത്തിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എതിര്‍ക്കുന്നവര്‍ 47 ശതമാനം പേര്‍. ഫേസ്ബുക്കില്‍ 67 ശതമാനം പേരും 24x7 പ്രവര്‍ത്തിക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 30 ശതമാനം പേരാണ്. ഇന്‍സ്റ്റാഗ്രാമില്‍ 52 ശതമാനം പേരാണ് വേണം എന്ന് രേഖപ്പെടുത്തിയത്. എതിര്‍ത്തവര്‍ 38 ശതമാനം പേര്‍.
ശനിയാഴ്ചയെങ്കിലും പ്രവര്‍ത്തിക്കണം
24x7 പ്രവര്‍ത്തിച്ചില്ലെങ്കിലും ശനിയാഴ്ചയിലെ അവധി ഒഴിവാക്കണമെന്ന ആവശ്യവും നിരവധി വായനക്കാര്‍ രേഖപ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ശനിയാഴ്ചയിലെ അവധി ഒഴിവാക്കിയാല്‍ മതിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നീക്കത്തില്‍ അമേരിക്കയിലും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓഹരി വിപണി 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോള്‍ ഏത് സമയവും ഇടപാട് സാധ്യമാകുമെന്നും ഇത് പണമൊഴുക്ക് വര്‍ധിപ്പിക്കുമെന്നും വിപണിക്ക് നേട്ടമാകുമെന്നും ചിലര്‍ വാദിക്കുന്നു.
എന്നാല്‍, വാതുവയ്പ്പും ഊഹക്കച്ചടവും കൂടുമെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. മാത്രമല്ല, നിക്ഷേപകരുടെയും പ്രൊഫഷണലുകളുടെയും ശാരീരിക, മാനസികാരോഗ്യത്തെയും വിപണിയുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം ബാധിക്കുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
Tags:    

Similar News