അദാനി കുതിക്കുന്നു ഫിലിപ്പൈന്‍സിലേക്കും; തുറമുഖം നിര്‍മ്മിക്കും, വ്യോമയാന, പ്രതിരോധ മേഖലകളിലും കണ്ണ്
അദാനി ഗ്രൂപ്പിന്റെ സംയോജിത ലാഭം കഴിഞ്ഞപാദത്തില്‍ 11% ഇടിഞ്ഞു
ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ തുറമുഖ കമ്പനിയായ അദാനി പോര്‍ട്‌സ് ദക്ഷിണേഷ്യന്‍ രാജ്യമായ ഫിലിപ്പൈന്‍സിലും വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ വിദേശത്ത് അദാനി പോര്‍ട്‌സിന് സാന്നിദ്ധ്യമുള്ള നാലാമത്തെ രാജ്യമായി ഫിലിപ്പൈന്‍സ് മാറും. നിലവില്‍ ഇസ്രായേല്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ അദാനി പോര്‍ട്‌സിന് പദ്ധതികളുണ്ട്.
ഫിലിപ്പൈന്‍സിലെ ബട്ടാനില്‍ (Bataan) 25 മീറ്റര്‍ ആഴമുള്ള തുറമുഖം നിര്‍മ്മിക്കാനുള്ള താത്പര്യം ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടറുമായ കരണ്‍ അദാനി ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്റ് ആര്‍. മാര്‍ക്കോസ് ജൂനിയറുമായി രാജ്യതലസ്ഥാനമായ മനിലയില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അദാനിയുടെ വിദേശത്തെ നാലാം തുറമുഖം
ഇസ്രായേലിലെ തന്ത്രപ്രധാനമായ ഹാഫിയ പോര്‍ട്ട് രണ്ടുവര്‍ഷം മുമ്പ് അദാനി ഏറ്റെടുത്തിരുന്നു. ശ്രീലങ്കയില്‍ കൊളംബോ തുറമുഖത്തിനടുത്ത് പുതിയ ടെര്‍മിനലാണ് അദാനി പോര്‍ട്‌സ് സജ്ജമാക്കുന്നത്. ഇതിന് അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ ഡി.എഫ്.സി വായ്പ ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ആബട്ട് പോയിന്റ് ടെര്‍മിനലും അദാനി പോര്‍ട്‌സിന്റെ നിയന്ത്രണത്തിലാണ്.
ഫിലിപ്പൈന്‍സിന് വന്‍ നേട്ടം
ഫിലിപ്പൈന്‍സില്‍ നിക്ഷേപ താത്പര്യമുണ്ടെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനത്തെ പ്രസിഡന്റ് മാര്‍ക്കോസ് ജൂനിയര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഫിലിപ്പൈന്‍സില്‍ തുറമുഖത്തിന് പുറമേ വിമാനത്താവളം, പ്രതിരോധ മേഖലകളും അദാനി ഗ്രൂപ്പ് ഉന്നംവയ്ക്കുന്നുണ്ട്.
അദാനി പോര്‍ട്‌സിന്റെ തുറമുഖ പദ്ധതി രാജ്യത്തിന്റെ ടൂറിസത്തിനും കാര്‍ഷികോത്പന്നങ്ങളുടെ വിദേശ വിപണി ലക്ഷ്യങ്ങള്‍ക്കും ഊര്‍ജമാകുമെന്ന് ഫിലിപ്പൈന്‍സ് കരുതുന്നു.
ലാഭത്തില്‍ ഇടിവ്
ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത ലാഭം 11 ശതമാനം ഇടിഞ്ഞു. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 9,093 കോടി രൂപയില്‍ നിന്ന് 8,055 കോടി രൂപയായാണ് ലാഭം ഇടിഞ്ഞത്.
മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ നേരിട്ട തളര്‍ച്ചയാണ് തിരിച്ചടിയായത്. അദാനി എന്റര്‍പ്രൈസസ് 38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അദാനി ഗ്രീന്‍ എനര്‍ജി 70 ശതമാനവും അദാനി പവര്‍ 48 ശതമാനവും ഇടിവ് കുറിച്ചിരുന്നു.
കഴിഞ്ഞപാദത്തില്‍ ലാഭത്തില്‍ വര്‍ധന രേഖപ്പെടുത്തിയ അദാനി ഗ്രൂപ്പ് കമ്പനികള്‍ സിമന്റ് കമ്പനികളായ എ.സി.സി., അംബുജ എന്നിവയാണ്.