അഞ്ചാം ദിവസവും റെക്കോര്‍ഡ് തിരുത്തി സൂചികകള്‍, ലയനത്തില്‍ കുതിച്ച് ഗുജറാത്ത് ഗ്യാസ്, വാഹന ഓഹരികള്‍ക്ക് ക്ഷീണം
നവരത്‌ന പദവിയില്‍ തിളങ്ങി റെയില്‍ടെല്ലും എസ്.ജെ.വി.എന്നും
തുടര്‍ച്ചയായ അഞ്ചാം ദിവസവും മുഖ്യ സൂചികകള്‍ റെക്കോര്‍ഡ് തിരുത്തി ഓപ്പണ്‍ ചെയ്തു. വിദേശ നിക്ഷേപകരും രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകരും രാവിലെ ആവേശത്തോടെ വിപണിയെ ഉയര്‍ത്തി. എങ്കിലും വില്‍പന സമ്മര്‍ദം ഇടയ്ക്കു വിപണിയെ അല്‍പം പിന്നോട്ടടിച്ചു.
ഓട്ടോ, മീഡിയ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പൊതുമേഖലാ ബാങ്ക് എന്നിവ രാവിലെ താഴ്ന്നു.
ഗുജറാത്തിലെ സംസ്ഥാന സര്‍ക്കാര്‍ കമ്പനികളായ ജിഎസ്പിസി, ജിഎസ്പിഎല്‍, ജിഎസ്പിസി എനര്‍ജി എന്നിവയെ ഗുജറാത്ത് ഗ്യാസ് ലിമിറ്റഡില്‍ ലയിപ്പിക്കും. ഗുജറാത്ത് ഗ്യാസിന്റെ ഗ്യാസ് ട്രാന്‍സ്മിഷന്‍ ബിസിനസ് വേര്‍തിരിച്ച് ജിഎസ്പിഎല്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ലിസ്റ്റ് ചെയ്യും. ഗുജറാത്ത് ഗ്യാസ് ഓഹരി 13 ശതമാനം കുതിച്ചു.
ഓഗസ്റ്റിലെ വാഹന വില്‍പനയുടെ കണക്കുകള്‍ വന്നതോടെ ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, മാരുതി തുടങ്ങിയവ ഉയര്‍ന്നു. ടാറ്റാ മോട്ടോഴ്‌സും മഹീന്ദ്രയും അശോക് ലെയ്‌ലന്‍ഡും താഴ്ന്നു.
നവരത്‌ന പദവി ലഭിച്ച റെയില്‍ടെല്‍ അഞ്ചു ശതമാനം നേട്ടത്തിലായി. എസ്‌ജെവിഎന്‍ മൂന്നു ശതമാനം കയറി.
രൂപ, സ്വർണം, ക്രൂഡ്
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.86 രൂപയില്‍ തന്നെ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.89 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2494 ഡോളറിലേക്ക് താണു. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 53,360 രൂപ ആയി.
ക്രൂഡ് ഓയില്‍ വീണ്ടും താഴുകയാണ്. ബ്രെന്റ് ഇനം ബാരലിന് 86.24 ഡോളര്‍ ആയി.