ചാഞ്ചാട്ടം വിടാതെ വിപണി, ഇടിഞ്ഞ് ഭെല്‍, ടയര്‍ ഓഹരികള്‍ മുന്നോട്ട്
രൂപ കയറി, ക്രൂഡും സ്വര്‍ണവും ഇടിവില്‍
നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ നഷ്ടത്തിലേക്കു മാറി. പിന്നീടു തിരിച്ചു കയറി. വീണ്ടും ചാഞ്ചാട്ടത്തിലായി. ഉയരത്തില്‍ വില്‍പന സമ്മര്‍ദം കൂടി.
റിയല്‍റ്റിയും എഫ്.സി.ജിയും ഐ.ടിയും ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലായിരുന്നു. ബാങ്ക്, ധനകാര്യ ഓഹരികള്‍ ദുര്‍ബലമായി.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നേട്ടം ഉണ്ടാക്കിയ മെറ്റല്‍ ഓഹരികള്‍ ഇന്നു വലിയ താഴ്ചയിലായി.
നാലാം പാദ ലാഭത്തില്‍ 25 ശതമാനം കുറവു വന്ന ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഓഹരി രാവിലെ ഏഴു ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറഞ്ഞു. ചില ബ്രോക്കറേജുകള്‍ വില്‍പന ശിപാര്‍ശ ചെയ്തു. എന്നാല്‍ 1.34 ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍ ബുക്ക് ചൂണ്ടിക്കാട്ടി വാങ്ങാന്‍ നിര്‍ദേശിച്ചവരും ഉണ്ട്.
വിദേശ പ്രൈവറ്റ് ഇക്വിറ്റി വാര്‍ബര്‍ഗ് പിങ്കസ് 3.5 ശതമാനം ഓഹരി വിറ്റതിനെ തുടര്‍ന്ന് അപ്പോളോ ടയേഴ്‌സ് ഓഹരി നാലു ശതമാനം ഉയര്‍ന്നു.
മികച്ച നാലാം പാദ റിസല്‍ട്ട് ജെ.കെ ടയേഴ്‌സ് ഓഹരിയെ എട്ടു ശതമാനം ഉയര്‍ത്തി. ലാഭമാര്‍ജിനില്‍ 28 ശതമാനം വര്‍ധന ഉണ്ട്.
4,142 കോടി രൂപയുടെ ഒരു പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിച്ചത് എച്ച്.ജി ഇന്‍ഫ്രാ ഓഹരിയെ എട്ടു ശതമാനം നേട്ടത്തിലാക്കി.
രൂപ ഇന്നു തുടക്കത്തില്‍ കയറി. ഡോളര്‍ ഒരു പൈസ താണ് 83.29 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.22 രൂപയിലേക്കു താണു.
സ്വര്‍ണം ലോക വിപണിയില്‍ 2412 ഡോളറിലേക്കു താണു. ലാഭമെടുക്കലിനു ഫണ്ടുകളും മറ്റും വില്‍ക്കുന്നതാണു കാരണം. കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ 54,640 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ വീണ്ടും താണു. ബ്രെന്റ് ഇനം 82.23 ഡോളര്‍ ആയി.