നിഫ്റ്റി 23,800നു താഴെ; എല്ലാ മേഖലകളും നഷ്ടത്തില്‍, പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സിന് വന്‍ ഇടിവ്

രണ്ടാം പാദ അറ്റാദായം ഗണ്യമായി കുറഞ്ഞതു മൂലം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു

Update:2024-11-13 10:24 IST
ഇന്ന് ഇന്ത്യന്‍ വിപണി മിതമായ താഴ്ചയിലാണ് വ്യാപാരം തുടങ്ങിയത്. ആദ്യം നഷ്ടം കുറച്ചു. എന്നാല്‍ പിന്നീടു കൂടുതല്‍ താഴേക്കു നീങ്ങി. നിഫ്റ്റി രാവിലെ തന്നെ 23,800ലെ പിന്തുണയ്ക്കു താഴെയായി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 23,708 വരെയും സെന്‍സെക്‌സ് 78,253 വരെയും താഴ്ന്നിരുന്നു. തുടക്കത്തില്‍ കയറിയ ബാങ്ക് നിഫ്റ്റി താഴ്ന്നിട്ടു വീണ്ടും കയറി.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനത്തോളം താഴ്ന്നിട്ടു നഷ്ടം കുറച്ചു.
എല്ലാ വ്യവസായ മേഖലകളും രാവിലെ നഷ്ടത്തിലായി. വിദേശ നിക്ഷേപകരായ കാര്‍ലൈല്‍ 9.4 ശതമാനം ഓഹരി 4.25 ശതമാനം ഡിസ്‌കൗണ്ടില്‍ വില്‍ക്കും എന്ന അറിയിപ്പിനെ തുടര്‍ന്നു പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരി ആറര ശതമാനം ഇടിഞ്ഞു.
മെഡ്പ്ലസ് പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസല്‍ട്ട് പുറത്തുവിട്ടത് ഓഹരിയെ ആറു ശതമാനം ഉയര്‍ത്തി. സുല വിന്യാഡ്‌സ് രണ്ടാം പാദം പ്രതീക്ഷയിലും മോശമായതോടെ ഓഹരി ഏഴു ശതമാനം താഴ്ന്നു.
രണ്ടാം പാദത്തില്‍ വരുമാനവും ലാഭവും പ്രതീക്ഷയിലധികം വര്‍ധിച്ചതിനെ തുടര്‍ന്ന് നൈകാ ഓഹരി നാലു ശതമാനം ഉയര്‍ന്നു.
രണ്ടാം പാദത്തില്‍ പ്രതി ഓഹരി വരുമാനം (ഇപിഎസ്) ഇരട്ടിപ്പിച്ച കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് ഓഹരി രാവിലെ 13 ശതമാനം വരെ കയറി. മികച്ച റിസല്‍ട്ടില്‍ അശോക ബില്‍ഡ് കോണ്‍ ഏഴര ശതമാനം ഉയര്‍ന്നു.
രണ്ടാം പാദ വളര്‍ച്ച നാമമാത്രമായതു സെല്ലോ വേള്‍ഡ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി. രണ്ടാം പാദ അറ്റാദായം ഗണ്യമായി കുറഞ്ഞതു മൂലം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. 390 രൂപയ്ക്ക് ഇഷ്യു നടത്തിയ സ്വിഗ്ഗി 408 രൂപയില്‍ ലിസ്റ്റ് ചെയ്തു. പിന്നീടു 391 രൂപ വരെ താഴ്ന്നു.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 84.39 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.40 രൂപയായി. സ്വര്‍ണം ലോക വിപണിയില്‍ 2610 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം ഒരു പവന് 320 രൂപ കുറഞ്ഞ് 56,360 രൂപയായി. ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം 72.08 ഡോളറിലേക്കു കയറി.
Tags:    

Similar News